22 Wednesday
September 2021
2021 September 22
1443 Safar 14

ആദര്‍ശത്തിലും സത്യത്തിലും ഉറച്ചുനില്‍ക്കുന്നവര്‍

അബ്ദുല്‍അലി മദനി


അഹ്്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നാല്‍ പ്രവാചകന്റെ ചര്യ പിന്തുടരുന്നവര്‍ എന്നാണ് അര്‍ഥമാക്കുന്നത്. ഞങ്ങള്‍ അഹ്‌ലുസ്സന്നത്തി വല്‍ ജമാഅത്തിന്റെയാളുകളാണെന്ന് പലരും മേനി നടിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ആരാണ് അഹ്‌ലുസ്സുന്നത്തിന്റെ വക്താക്കള്‍? ഇങ്ങനെയൊരന്വേഷണം മുസ്‌ലിം സമുദായം വേണ്ടവിധം നടത്തേണ്ടതുണ്ട്.
അസത്യത്തില്‍ ഒരുമിച്ചു കൂടിയ ഭൂരിപക്ഷത്തെയോ കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാത്ത സാധാരണക്കാരെയോ അല്ല അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച്, മുഹമ്മദ് നബിയും സ്വഹാബികളും അറിഞ്ഞു വിശ്വസിച്ച് പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടുവന്ന നടപടി ക്രമങ്ങള്‍ അംഗീകരിക്കുന്നവരെയും മതത്തില്‍ കടന്നുകൂടിയ നൂതന പ്രവണതകളെ (ബിദ്അത്തുകളെ) എതിര്‍ക്കുന്നവരെയും വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യകളുടെയും അടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി ഒന്നിച്ചു നില്‍ക്കുന്നവരെയും ഉള്‍ക്കൊള്ളുന്ന ഒരാശയമാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നത്.
നബി(സ) സൂചിപ്പിച്ച വിജയികളായ വിഭാഗം അവര്‍ മാത്രമാണ്. അവിടുന്ന് പറഞ്ഞു: ”യഹൂദികളും ക്രിസ്ത്യാനികളും എഴുപത്തി രണ്ട് വിഭാഗമായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗവും. അവയില്‍ നിന്ന് ഒന്നൊഴികെ ബാക്കിയെല്ലാം അസത്യത്തിന്റെയാളുകളും നരകാവകാശികളുമായിരിക്കും. രക്ഷപ്പെടുന്ന വിഭാഗമാണ് അല്‍ജമാഅ.”
ഒട്ടേറെ വിഭാഗങ്ങളായി വേര്‍പിരിഞ്ഞ ശീഅകളും ഖവാരിജുകളും മുഅ്തസിലികളും സൂഫികളും ത്വരീഖത്തുകാരും മഹ്ഹബീ പക്ഷവാദികളും ദ്വാഹിരീങ്ങള്‍, ബാത്വിനികള്‍, ഖദരിയ്യാക്കള്‍ എന്നിവരുമെല്ലാം നബി(സ)യുടെ മേല്‍ സൂചിപ്പിച്ച പ്രഖ്യാപന പ്രകാരം ഏതു വിഭാഗത്തിലാണ് പരിഗണിക്കപ്പെടുകയെന്നത് ആലോചിക്കേണ്ടതുണ്ട്. ഏത് അസത്യവാദിക്കും അവകാശവാദിയാകാമല്ലോ.
പ്രവാചകന്‍ വിശദമാക്കിയതിനുസരിച്ച് സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ സലഫുസ്സാലിഹുകള്‍, അഹ്‌ലുല്‍ ഹദീസ്, ഫിര്‍ഖത്തുന്നാജിയ, ഗുറബാ, ത്വാഇഫത്തുല്‍ മന്‍സൂറ, അഹ്‌ലുല്‍ ഇത്തിബാഅ് എന്നീ നാമങ്ങളില്‍ ലോകത്ത് അറിയപ്പെട്ടവരാണ്. നബി(സ) വിശേഷിപ്പിച്ച ലക്ഷണങ്ങള്‍ അവര്‍ക്കാണ് ചേരുന്നത്.
അല്ലാഹുവിലേക്കടുക്കുവാന്‍ ഇടയാളന്മാരെയും ഏജന്‍സികളെയും പുണ്യവാളന്മാരെയും സങ്കല്പിക്കുന്നവരൊന്നും യഥാര്‍ഥ മുവഹ്ഹിദുകളല്ല. അവര്‍ അല്‍ജമാഅയില്‍ നിന്നു പുറത്താണ്. ഈ മഹാപ്രപഞ്ചത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയവരാണെന്ന് അവകാശപ്പെടുന്ന വ്യാജ സിദ്ധന്മാരും സ്വപ്‌നകഥകള്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന പുരോഹിതന്മാരും, വ്യാജ പ്രചാരണങ്ങളിലൂടെ അസാധാരണ സംഭവങ്ങളായ കറാമത്തുകളെ പൊടിപ്പും തൊങ്ങലം വെച്ച് നിര്‍ലജ്ജം കൊട്ടിഘോഷിക്കുന്നവരും ഇസ്‌ലാം മതത്തെ വികൃതമാക്കുന്നവരാണ്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്നത് അവര്‍ക്ക് ഒരു മറ മാത്രമായിരിക്കും.
അവര്‍ ഈ ആശയത്തെ സുന്നത്തു ജമാഅത്തെന്നാണിപ്പോള്‍ പറയുന്നത്. അഥവാ ഒരാള്‍ക്കൂട്ടത്തിന്റെ നടപടിക്രമങ്ങള്‍ എന്ന്. ഇസ്‌ലാം വിരുദ്ധരെ കൂട്ടുപിടിച്ച് സ്വയം മുഫ്തി വേഷമണിയുന്ന പുരോഹിതരാണവരുടെ നായകര്‍. മുസ്‌ലിം ഉമ്മത്ത് അവരുടെ വിശ്വാസാചാരങ്ങള്‍ ക്രമപ്പെടുത്താനുള്ള മതപ്രമാണങ്ങളെപ്പോലും വിസ്മരിക്കുകയാണിവിടെ സംഭവിക്കുന്നത്. ആയതിനാല്‍ ഇസ്‌ലാമിലേക്കുള്ള ക്ഷണം ഊന്നല്‍ കൊടുക്കേണ്ട രംഗം ഇതായിരിക്കുമെന്ന് ഉറപ്പാക്കാം.
പ്രമാണങ്ങള്‍ മൗലികമായി രണ്ടാണ്. ഒന്ന്: അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍. രണ്ട്: പ്രവാചകനില്‍ നിന്ന് അന്യൂനമായി രേഖപ്പെടുത്തിയ ചര്യകള്‍. പ്രവാചകന്‍ അല്ലാഹുവില്‍ നിന്ന് ദിവ്യബോധനം ലഭിക്കുന്ന ആളായതിനാല്‍ കലര്‍പ്പില്ലാതെ ഉദ്ധരിക്കപ്പെട്ട പ്രവാചകാധ്യാപനങ്ങള്‍ മാതൃകയാക്കുകയാണെങ്കില്‍ മാത്രമേ വിശുദ്ധ ഖുര്‍ആനിന്റെ വഴിയില്‍ എത്തിപ്പെടുകയുള്ളൂ. അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ മാതൃകകളും നിങ്ങളെ എല്പിച്ചു കൊണ്ടാണ് ഞാന്‍ വിടവാങ്ങുന്നതെന്ന് തിരുദൂതര്‍ പ്രഖ്യാപനം നടത്തിയതുമാണ്.
ഇവ രണ്ടിനോടും ബന്ധപ്പെട്ട് അവലംബമാക്കി അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ മാത്രമേ മതമായി അംഗീകരിക്കപ്പെടുകയുള്ളൂ. എന്നാലിപ്പോള്‍ ഇസ്‌ലാം മതത്തിന്റെ തെളിഞ്ഞ വെള്ളത്തെ കലക്കി മറിക്കുന്നവര്‍ സത്യത്തിന്റെയാളുകള്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്നു. ജനം കബളിപ്പിക്കപ്പെടുന്നു. ഖുര്‍ആനിന്റെയും നബിചര്യകളുടെയും താല്പര്യവും തേട്ടവും മനസ്സിലാക്കി ഭക്തരും വിനയാന്വിതരുമായിരുന്ന ഉത്തമനൂറ്റാണ്ടുകളിലെ മഹാരഥന്മാര്‍ നിരാക്ഷേപം ഒന്നിച്ചു കൈക്കൊണ്ട നടപടികള്‍ക്കാണ് ‘ഇജ്മാഅ്’ എന്ന് പറയുക. ഖുര്‍ആനിലും നബിചര്യയിലും വന്നിട്ടുള്ള വിധിയോട് തുലനം ചെയ്യുന്ന സമീപനമാണ് ‘ഖിയാസ്.’ അന്തിമ വിശകലനത്തില്‍ ഇവ രണ്ടും ഖുര്‍ആനിലും സുന്നത്തിലും എത്തിച്ചേരുന്നതുമായിരിക്കും. ഈ രീതികളെല്ലാം മാറ്റിവെച്ച് വളയമില്ലാതെ ചാടുകയാണ് ഞങ്ങളാണ് ജമാഅത്തെന്ന് വാദിക്കുന്ന ആള്‍ക്കൂട്ടം.
നേരെ ചൊവ്വെ സദുദ്ദേശ്യ പൂര്‍വം ചിന്തിക്കുന്ന ആര്‍ക്കും മതാധ്യാപനങ്ങളില്‍ അവ്യക്തമായി ഒന്നും തന്നെ കാണാനാവില്ല. ഇസ്‌ലാമിക പ്രമാണങ്ങളൊന്നും മനുഷ്യ നിര്‍മിത ചിന്തകളല്ലാത്തതിനാല്‍ അവ രണ്ടും മുസ്‌ലിംകള്‍ അവരുടെ വിശ്വാസകര്‍മങ്ങളുടെ ഉരകല്ലായി സ്വീകരിക്കുന്നു. അതില്‍ അടിയുറച്ച് നിലകൊള്ളുന്നവരാണ് സത്യത്തില്‍ ഉറച്ചുനില്ക്കുന്നവര്‍. ആദര്‍ശവാദികള്‍!
വിശ്വാസകര്‍മങ്ങളുടെ ബലാബലം നോക്കാന്‍ ഒരു നിശ്ചിത അളവുകോലുമില്ലാത്തവര്‍ക്കും, മനുഷ്യനിര്‍മിത ചിന്തകളുടെയടിസ്ഥാനത്തില്‍ ജീവിക്കുന്നവര്‍ക്കും, നിരവധി കൈകടത്തലുകള്‍ക്ക് വിധേയമായ തത്വസംഹിതകള്‍ പിന്‍പറ്റുന്നവര്‍ക്കും എങ്ങനെയാണ് പിടിച്ചുനില്‍ക്കാനാവുക?
കൂടോത്ര ബാധയേറ്റ പ്രവാചകനെയാണ് ഞങ്ങള്‍ പിന്‍പറ്റുന്നതെന്ന് പറയുന്നവരും, മാല, മൗലിദ്, കുത്തുറാത്തീബ്, ഖുത്തുബിയത്, ഉറുക്ക്, ഏലസ്സ്, മന്ത്രം, ജപം, ഹോമം, മുട്ടറുക്കല്‍, കവടി നിരത്തല്‍, അക്കക്കളം, ജ്യോത്സ്യം എന്നിവയില്‍ വിശ്വാസമര്‍പ്പിക്കുന്നവരും എങ്ങനെയാണ് ആദര്‍ശവാദികളാവുക? മാനസികഭ്രമം ബാധിച്ച് പലതും വിളിച്ചുപറയുന്നവരെ അദൃശ്യമറിയുന്ന ഔലിയാക്കളായി പാടിപ്പുകഴ്ത്തി നടക്കുന്നവര്‍ക്കെങ്ങനെയാണ് രക്ഷ പ്രാപിക്കാനാവുക? ‘പറയുക, നിങ്ങള്‍ നിങ്ങളുടെ പ്രമാണങ്ങള്‍ കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളാണെങ്കില്‍.’ (വി.ഖു 2:111)
ഈ വിധം ഇസ്‌ലാമിനെ അതിന്റെ പ്രമാണങ്ങളിലൂടെ മനസ്സിലാക്കി അതുള്‍ക്കൊണ്ടവരില്‍ ബഹുദൈവ സങ്കല്പങ്ങളോ, വന്‍ കുറ്റകൃത്യങ്ങളോ, മതത്തില്‍ കടന്നുകൂടിയ ബിദ്അത്തുകളോ കാണാനാവില്ല. കാരണം ദീനില്‍ അവ്യക്തതയോ പരസ്പര വൈരുധ്യമോ ഇല്ല തന്നെ. അല്ലാഹുവിന്റെ വാക്കുകളില്‍ എങ്ങനെയാണ് നിലനില്‍ക്കാത്തതും നിഗൂഢമായതും ഉണ്ടാവുക.
എന്നാല്‍ ഇസ്‌ലാമിന്റെ പരിശുദ്ധമായ വെള്ളം കലക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവര്‍ സ്വയം ദുരൂഹതകള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവരാണ്. അവര്‍ അവരുടെ സ്വന്തം വകയായുള്ള ന്യായങ്ങള്‍ ജനമധ്യേ പ്രചരിപ്പിക്കുന്നു. മതാധ്യാപനങ്ങളെപ്പറ്റി അജ്ഞരായ ജനത ഇത്തരക്കാരുടെ ജല്പനങ്ങളിലെ കല്ലും നെല്ലും വേര്‍തിരിച്ചറിയാന്‍ കഴിയാതെ അതില്‍ ആകൃഷ്ടരാവുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ലേബലൊട്ടിച്ച് കമ്പോളത്തില്‍ അവരുടെ ദുഷിച്ച ആശയങ്ങള്‍ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണവര്‍. എന്നാല്‍ ‘എന്റെ സമുദായത്തില്‍ സത്യത്തിന്റെ വക്താക്കളായി നിലകൊള്ളുന്ന ഒരു വിഭാഗം എന്നും നിലനില്‍ക്കും. അവരെ അവഗണിക്കുന്നവര്‍ അവര്‍ക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല. അല്ലാഹുവിന്റെ തീര്‍പ്പ് (ലോകാവസാനം) വരും വരെ’ (മുസ്‌ലിം, തിര്‍മുദി) എന്ന നബിവചനം അന്വര്‍ഥമാവുക തന്നെ ചെയ്യും, തീര്‍ച്ച.
ഇന്ന് ലോകത്ത് അറിയപ്പെട്ട മുഴുവന്‍ ത്വരീഖത്തുകളും വ്യാജമാണ്. പ്രവാചകന്‍(സ)യിലേക്ക് എത്തിപ്പെടുന്ന ശരിയായ ഒരു പരമ്പരയും അവര്‍ക്കൊന്നുമില്ല. നബി(സ)യുടെ ആണ്‍മക്കള്‍ നേരത്തെ മരണപ്പെട്ടവരാണ്. എന്നിട്ടും പില്‍ക്കാലത്ത് ഉടലെടുത്ത ശാദുലി, തീജാനി, നഖ്ശബാസി, മാതുരീദി, ഖാദിരി, ഫാത്തിമി, അലവി, ഹസനി, ഹുസൈനി, ജീലാനി തുടങ്ങിയവയെല്ലാം നബി(സ)യിലേക്ക് വ്യാജപരമ്പര കെട്ടിച്ചമച്ച് പ്രചാരണം നടത്തുന്നവരാണ്. മുറബ്ബിയായ ശൈഖ്, മുരീദ് എന്ന ആശയമോ, സൂഫിസമെന്ന പദപ്രയോഗം പോലുമോ നബി(സ) പഠിപ്പിച്ചിട്ടില്ല. തന്നെയുമല്ല, ഉത്തമ നൂറ്റാണ്ടുകളിലെ മഹാരഥന്മാര്‍ക്കൊന്നും ഉണ്ടായിട്ടില്ലാത്ത വിചിത്ര വാദങ്ങളുമായിട്ടാണവര്‍ മൂടിപ്പുതച്ച് നടക്കുന്നത്.
ദിക്‌റ് ഹല്‍ഖകളുടെ മറവില്‍ ആത്മീയതയുടെ പരിവേഷമുണ്ടാക്കി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വിറ്റ് കാശാക്കുകയാണിവന്‍ ചെയ്യുന്നത്. ആരാധനാലയങ്ങള്‍ക്കടുത്ത് ചെകുത്താനെയും ജിന്നിനെയും ‘ബാധ’യുടെ പേരില്‍ അടിച്ചിറക്കുന്ന മനുഷ്യ പിശാചുക്കള്‍ ഏഴാം ബഹറിന്റെയും ബാബിലോണിയയുടെയും ഇഫ്‌രീത്ത് ജിന്ന് കോട്ടയുടെയും കഥകള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കുകയാണ്. രിസാലത്ത്, നുബുവ്വത്ത്, ആഖിറത്ത് എന്നിവക്കു പകരം ബിദ്അത്ത്, ഖുറാഫാത്ത്, സിഹ്‌റ്, അസ്മാഉ് ത്വലിസ്സമാത്ത്, മുട്ടറുക്കല്‍, ഉഴിഞ്ഞുവാങ്ങല്‍ എന്നിവയാണവര്‍ കലക്കിക്കുടിക്കുന്നത്. മൈലാഞ്ചി താടിയും തൊപ്പിയും ധരിച്ച് സാധാരണക്കാരെ വഴികേടിലാക്കുകയാണിവരുടെ തൊഴില്‍.
ആയതിനാല്‍ ലോകത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക ചലനങ്ങള്‍ മുസ്‌ലിംകളില്‍ പുത്തനുണര്‍വും ഐക്യവും ഉണ്ടാവാന്‍ വേണ്ടിയുള്ളതാവണം. അവരുടെ മതപരവും ഭൗതികവുമായ കാര്യങ്ങള്‍ നന്നാക്കിയെടുക്കാനും ഉതകുന്നതാകണം.
നന്മ കല്പിക്കലും തിന്മ വിരോധിക്കലും ശീലമാകണം. തെളിവില്ലാതെ തന്നിഷ്ട പ്രകാരം ആരും ആരെയും സ്വര്‍ഗാവകാശികളോ നരകാവകാശികളോ ആക്കരുത്. സ്വയം മുത്തഖിയും വലിയ്യും ആകാന്‍ ശ്രമിക്കുന്നതിനു പകരം ഔലിയാക്കന്മാരെ സ്വര്‍ഗത്തിലാക്കാന്‍ പാടുപെടുന്നതൊഴിവാക്കണം. അവിവേകികള്‍ വെച്ചു പുലര്‍ത്തുന്ന തെറ്റിദ്ധാരണകളും അതിന്റെ മറവില്‍ സ്വാര്‍ഥികള്‍ നടത്തുന്ന വെടിവെപ്പുകളും തിരിച്ചറിയാനാകണം. ഈയടുത്ത കാലത്ത് ഞാന്‍ തന്നെയാണ് മഹ്ദിയെന്നും പറഞ്ഞ് ഒരാള്‍ പ്രത്യക്ഷപ്പെട്ടത് നാം കാണുകയുണ്ടായല്ലോ.
അപ്പോള്‍ ആരാണ് ആദര്‍ശത്തിന്റെയും സത്യത്തിന്റെയും വക്താക്കള്‍? ആരാണ് യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ? ഉത്തരം വളരെ ലളിതമാണ്. വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും നിഷ്‌കളങ്കമായി പ്രവാചകന്റെ ചര്യയവലംബിക്കുന്നവര്‍. ഉത്തമ നൂറ്റാണ്ടുകളിലെ സഹാബത്തിന്റെയും താബിഉകളുടെയും മഹാന്മാരായ ഇമാമുകളുടെയും മാര്‍ഗം പിന്‍തുടരുന്നവര്‍. ഇവര്‍ ആരും മുഹമ്മദ് നബി(സ) കൂടോത്ര ബാധയേറ്റവനാണെന്ന് വിശ്വസിക്കുകയോ ന്യായീകരിക്കുയോ ഖുര്‍ആന്‍ ഓതി മാട്ടിന്റെയും മാരണത്തിന്റെയും ‘ഹക്കീകത്തും’ , ‘തഅ്‌സീറും’ സ്ഥാപിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുമില്ല. തുപ്പല്‍ തെറിപ്പിച്ച് ഊതിയ വെള്ളം കുടിപ്പിച്ച് ചികിത്സ നടത്തിയിരുന്നുമില്ല.
സൂഫികള്‍ ചെയ്യും പോല ഖബ്‌റാരാധനയോ ബിദ്അത്തുകളോ പ്രവര്‍ത്തിച്ചിരുന്നില്ല. കല്ലുകള്‍, പാറകള്‍, ഖബ്‌റുകള്‍, ഖുബ്ബകള്‍ എന്നിവയെ ഭക്തിയോടെ ആഗ്രഹ സഫലീകരണത്തിനായി സമീപിച്ചിരുന്നില്ല. ജനന മരണ ദിവസങ്ങള്‍ ആഘോഷിക്കാത്തവരാണവര്‍. സത്യം തുറന്ന് പറയാനും സത്യത്തില്‍ ഉറച്ചുനില്‍ക്കാനും മടിയില്ലാത്തവരാണവര്‍. കാര്യലാഭത്തിനു വേണ്ടി ആദര്‍ശം ബലി കഴിക്കുന്നവരല്ല അവര്‍. ഭൗതിക നേട്ടങ്ങള്‍ക്കായി, സാമ്പത്തിക പുരോഗതിക്കായി ഏതു മാര്‍ഗവും സ്വീകരിക്കുന്നത് അവരുടെ ശൈലിയല്ല. പാണ്ഡിത്യവും വിനയവും ധര്‍മവും സഹനവും വിട്ടുവീഴ്ചയും പ്രാവര്‍ത്തികമാക്കുന്നവരാണവര്‍. വകമാറി ചെലവഴിക്കുകയെന്നത് അവര്‍ക്കുണ്ടാവില്ല. എതിരാളിയെ നേരിടുന്നതില്‍ ഖുര്‍ആനിക നിര്‍ദേശം പാലിക്കുന്നവരാണവര്‍.
എന്റെ സമുദായത്തില്‍ നിന്ന് ഒരു ചെറുസംഘം സത്യത്തിന്റെ പ്രയോക്താക്കളായി ലോകാവസാനം വരെയുണ്ടാകുമെന്ന പ്രവാചക വചനം അവരിലാണ് അര്‍ഥവത്താവുക. അവര്‍ വളരെ ചെറിയ ദുര്‍ബലരായ ന്യൂനപക്ഷം മാത്രമായിരിക്കുമെങ്കിലും പ്രവാചകന്റെ മംഗളാശീര്‍വാദങ്ങള്‍ അവര്‍ക്കുള്ളതായിരിക്കും. അനിസ്‌ലാമികതയും പൈശാചികതയും വെച്ചുപുലര്‍ത്തുന്നവര്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ: എന്ന ആശയത്തെത്തന്നെ അറിഞ്ഞോ അറിയാതെയോ അട്ടിമറിക്കുകയാണ്. സത്യം കണ്ടെത്തി അത് പിന്‍പറ്റി ജീവിച്ച് മരിക്കാനും ദുരൂഹത ഒഴിവാക്കി വിട്ടുവീഴ്ചയോടെ ഇസ്‌ലാമിന്റെ തനതായ മുഖം അനാവരണം ചെയ്യാനും അല്ലാഹു തുണയ്ക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x