9 Friday
May 2025
2025 May 9
1446 Dhoul-Qida 11

എ വി അബ്ദുറഹ്മാന്‍ ഹാജി സാത്വികനായ രാഷ്ട്രീയ നേതാവ്‌

ഹാറൂന്‍ കക്കാട്‌


കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ സംഗീത് ലോഡ്ജില്‍ നിന്നാണ് എ വി അബ്ദുറഹ്മാന്‍ ഹാജി എന്ന സാത്വികനെ കൂടുതലായും എനിക്ക് കാണാന്‍ കഴിഞ്ഞത്. നിലാവുദിച്ച പോലെയായിരുന്നു എ വിയുടെ സാന്നിധ്യം. സ്‌നേഹത്തിന്റെയും സൗമ്യഭാവങ്ങളുടെയും മൃദുവായ നൂലുകൊണ്ട് പൊതുജീവിതത്തിലെ ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നതില്‍ നിരന്തരം വ്യാപൃതനായിരുന്ന മഹാമനുഷ്യനായിരുന്നു എ വി. അസാമാന്യ നേതൃപാടവവും ദീര്‍ഘദര്‍ശിത്വവും കൊണ്ടാണ് അദ്ദേഹം ജീവിതം അടയാളപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയില്‍ മേപ്പയൂരിലെ എടവത്തേരി അബ്ദുല്ല ഹാജിയുടെയും വാഴോത്ത് ആമിനയുമ്മയുടെയും മകനായി 1930 ആഗസ്ത് ഒന്നിനാണ് എ വി അബ്ദുറഹ്മാന്‍ ഹാജിയുടെ ജനനം. എടവത്തേരി വാഴോത്ത് എന്നതിന്റെ ചുരുക്കപ്പേരാണ് എ വി എന്ന രണ്ടക്ഷരം. ആറാം ക്ലാസ് വരെയുള്ള പ്രാഥമിക പഠനം മാത്രമാണ് ഔപചാരികമായി അദ്ദേഹം വിദ്യാലയത്തില്‍ പോയി അഭ്യസിച്ചത്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബമായതിനാല്‍, തുടര്‍ പഠനം കഴിവുറ്റ അധ്യാപകരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് എ വിക്ക് നല്‍കിയത്. കാര്യാട്ട് ഗോവിന്ദന്‍ നായര്‍ ഇംഗ്ലീഷിനും കണക്കിനും കെ എം നാരായണന്‍ നമ്പ്യാര്‍ മറ്റു വിഷയങ്ങള്‍ക്കും എ വിക്ക് ഗുരുനാഥന്മാരായി. എം മൊയ്തീന്‍കുട്ടി മൗലവിയായിരുന്നു മതവിഷയങ്ങള്‍ അഭ്യസിപ്പിച്ചത്.
എ വിയുടെ പിതാവ് അബ്ദുല്ല ഹാജി കേരള മുസ്ലിം ഐക്യസംഘത്തിന്റെയും മുസ്ലിംലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തെ കാണാന്‍ കെ എം മൗലവി, ഇ കെ മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി, കെ കെ എം ജമാലുദ്ദീന്‍ മൗലവി തുടങ്ങിയ പണ്ഡിതര്‍ ഈ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇത് എ വി അബ്ദുറഹ്മാന്‍ ഹാജിയിലെ നവോത്ഥാന ചിന്തകളെയും മൂല്യാധിഷ്ഠിത ആദര്‍ശ രാഷ്ട്രീയത്തെയും സ്വാധീനിച്ച പ്രധാന ഘടകമാണ്. അഴിമതിയുടെ അരികു ചേരാതെ മതേതര പാതയിലൂടെ സഞ്ചരിച്ച ഈ ജനപ്രതിനിധിയുടെ പൊതുജീവിതം കേരള രാഷ്ട്രീയത്തിലെ അത്യപൂര്‍വ പാഠപുസ്തകമാണ്. മുജാഹിദ് പ്രസ്ഥാനത്തിലും മുസ്ലിംലീഗ് രാഷ്ട്രീയത്തിലും അനിതര സാധാരണമായ പൊന്‍തൂവലുകള്‍ സമ്മാനിച്ച മഹനീയ വ്യക്തിയായിരുന്നു എ വി. ഖാഇദെ മില്ലത്ത് ഇസ്മായീല്‍ സാഹിബിനേയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെയും കെ എം മൗലവിയെയും മാതൃകയാക്കി കേരള രാഷ്ട്രീയത്തിനും നവോത്ഥാന പ്രസ്ഥാനത്തിനും എ വി സമര്‍പ്പിച്ചത് ഉജ്വലമായ നവോത്ഥാന ചരിത്രമാണ്. മേപ്പയൂരില്‍ പടര്‍ന്നു പന്തലിച്ച സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എ വി ഹാജി നട്ടുവളര്‍ത്തിയ നന്മ വൃക്ഷങ്ങളാണ്.
അരികുവത്കരിക്കപ്പെട്ടവരുടേയും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയും തളരാത്ത ശബ്ദവും പ്രായോഗിക രൂപവുമായി അദ്ദേഹം വിസ്മയങ്ങള്‍ സൃഷ്ടിച്ചു. വിഭാഗീയതകളില്ലാതെ മനുഷ്യരെ സ്‌നേഹിച്ച നേതാവായിരുന്നു എ വി. ആദര്‍ശത്തില്‍ ഒരു നിലക്കും വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹം മനുഷ്യര്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാന്‍ വിട്ടുവീഴ്ചയുടെ അങ്ങേയറ്റം വരെ പോവുകയും ചെയ്തിരുന്നു. നാദാപുരം മേഖലയിലെ സംഘര്‍ഷം, പരിസര പ്രദേശങ്ങളിലെ പള്ളി തകര്‍ക്കല്‍, തിരുവനന്തപുരം ചാലക്കമ്പോളത്തിലെയും വള്ളക്കടവിലെയും കലാപങ്ങള്‍, കുടുംബ കലഹങ്ങള്‍ തുടങ്ങിയവ പരിഹരിക്കാന്‍ എ വിയുടെ നേതൃത്വം എന്നും വലിയ ശക്തി തന്നെയായിരുന്നു.
രാഷ്ട്രീയ നേതാക്കള്‍ക്കും മതപണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം എ വി സ്വന്തക്കാരനായും ഉറ്റവനായും അനുഭവപ്പെട്ടു. നിമ്‌നോന്നതികള്‍ക്ക് അതീതമായി എല്ലാ തലങ്ങളിലുള്ളവരോടും വളരെയധികം വിനയത്തോടെ പെരുമാറാന്‍ ഒട്ടും വൈമനസ്യം തോന്നാതിരുന്നതാണ് എ വിയുടെ ഉത്കര്‍ഷത്തിന് നിമിത്തമായത്. ബാഫഖി തങ്ങളും കെ എം മൗലവിയും മതപരമായ കാര്യങ്ങളില്‍ വീക്ഷണ വ്യത്യാസങ്ങള്‍ പുലര്‍ത്തിക്കൊണ്ടു തന്നെ സമുദായത്തിന്റെയും സമൂഹത്തിന്റെയും പൊതു രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ച പോലെ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം മുസ്ലിം ലീഗിന്റെ മുഖ്യനേതാക്കളിലൊരാളായി തീരാന്‍ എ വിക്കും സാധിച്ചു.
സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എ വി എന്നും പ്രയാസപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി. കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ പല കുടുംബങ്ങളുടെയും സ്ഥലം മിച്ചഭൂമിയായി മാറി. കുടിക്കിടപ്പുകാര്‍ക്ക് 10 സെന്റ് സ്ഥലം നല്‍കാന്‍ പലരും വിമുഖത കാണിച്ചു. എന്നാല്‍ തന്റെ സ്ഥലത്ത് ആരെല്ലാം കുടില്‍ കെട്ടി താമസിച്ചിരുന്നുവോ അവര്‍ക്കെല്ലാം സൗമനസ്യത്തോടെ 10 സെന്റ് വീതം നല്‍കി എ വി എന്ന ഉദാരമനസ്‌കന്‍ വലിയ മാതൃകകള്‍ സൃഷ്ടിച്ചു.
അഞ്ചുതവണ എം എല്‍ എയായ എ വി 1970ല്‍ മേപ്പയൂരില്‍ നിന്നാണ് ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി കേരള നിയമസഭയിലെത്തിയത്. 1976 ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍ സംഭവിച്ച പിളര്‍പ്പ് കേരള രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിച്ചു. താനൂര്‍ എം എല്‍ എ ആയിരുന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ക്കൊപ്പം ഇടതുപക്ഷം ചേര്‍ന്ന് നിയമസഭ ബഹിഷ്‌കരിച്ച ആറ് മുസ്ലിം ലീഗ് എം എല്‍ എമാരില്‍ അന്ന് മേപ്പയ്യൂര്‍ മണ്ഡലം പ്രതിനിധീകരിച്ച എ വി അബ്ദുറഹിമാന്‍ ഹാജിയുമുണ്ടായിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള അഞ്ച് മുസ്ലിം ലീഗ് എം എല്‍ എമാര്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുത്തില്ല. 1977ല്‍ ഇടതുമുന്നണിയില്‍ നിന്ന് മേപ്പയ്യൂരില്‍ ജനവിധി തേടിയ എ വി മുസ്ലിം ലീഗിലെ പണാറത്ത് കുഞ്ഞിമുഹമ്മദിനോട് പരാജയപ്പെട്ടു. എന്നാല്‍ 1980ലും 82ലും സ്വന്തം തട്ടകമായ മേപ്പയ്യൂരില്‍ എ വി വിജയക്കൊടി നാട്ടി.
കേരള രാഷ്ട്രീയം വീണ്ടും പുതിയ സമവാക്യങ്ങള്‍ക്ക് സാക്ഷിയായി. 1985 ആഗസ്റ്റില്‍ അഖിലേന്ത്യ മുസ്ലിം ലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍ ലയിച്ചു. 1987ല്‍ മേപ്പയ്യൂരില്‍ മത്സരിച്ച എ വി ഹാജി സി പി എമ്മിലെ എ കണാരനോട് പരാജയപ്പെട്ടു. പിന്നീട് മലയോര കുടിയേറ്റ പ്രദേശമായ തിരുവമ്പാടിയിലാണ് അദ്ദേഹം അങ്കത്തിനിറങ്ങിയത്. 1991ലും 96ലും തിരുവമ്പാടിയെ പ്രതിനിധീകരിച്ച് എ വി നിയമസഭയിലെത്തി. വികസന പദ്ധതികള്‍ മണ്ഡലങ്ങളില്‍ കൊണ്ടുവരുന്നതിലും സാമൂഹിക ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതിലും എന്നും മാതൃകാ ജനപ്രതിനിധിയായിരുന്നു എ വി.
ബാല്യം മുതലേ വായന ശീലമാക്കിയ എ വി നിരവധി അറബി, മലയാളം, സംസ്‌കൃതം ശ്ലോകങ്ങളും കവിതകളും മനപ്പാഠമാക്കിയിരുന്നു. നിയമസഭാ സാമാജികരില്‍ അക്ഷരശ്ലോക മത്സരത്തില്‍ എ വിയായിരുന്നു വിജയി. ഹൃദ്യമായി പഠനാര്‍ഹമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന പ്രഭാഷകന്‍ കൂടിയായിരുന്നു എ വി. സയ്യിദ് റശീദ് രിദയുടെ തഫ്‌സീറുല്‍ മനാറിലെ ഉദ്ധരണികളും അറബിക്കവിതകളും സന്ദര്‍ഭോചിതമായി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഒഴുകിയെത്താറുണ്ടായിരുന്നു. നിയമസഭക്ക് അകത്തും പുറത്തും എ വി നടത്തിയ പ്രസംഗങ്ങള്‍ മധുരാര്‍ദ്രമായിരുന്നു.
അഖിലേന്ത്യാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി, കേരള ഹജ്ജ് കമ്മിറ്റി, വഖ്ഫ് ബോര്‍ഡ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയില്‍ അംഗം തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ആവേശപൂര്‍വം നെഞ്ചിലേറ്റിയ മത, രാഷ്ട്രീയ, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജീവിതാന്ത്യം വരെ തുടര്‍ന്ന എ വി അബ്ദുറഹ്മാന്‍ ഹാജി 2005 ഒക്ടോബര്‍ നാലിന് 75-ാമത്തെ വയസ്സില്‍ നിര്യാതനായി. മേപ്പയ്യൂര്‍ എളമ്പിലാട് പള്ളി ഖബര്‍സ്ഥാനില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു.

Back to Top