2 Monday
December 2024
2024 December 2
1446 Joumada II 0

മതേതരത്വത്തെ കുറ്റം പറയുകയല്ല, പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യേണ്ടത്

എ റശീദുദ്ദീന്‍

ബീഹാര്‍ തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തുടനീളം ഉയര്‍ന്നു വരുന്ന വിശകലനങ്ങളില്‍ സുപ്രധാനമായി ഇടം നേടിയിട്ടുള്ള രണ്ട് വ്യത്യസ്ത രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നാണ് അസദുദ്ദീന്‍ ഉവൈസി അധ്യക്ഷനായ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദേ മുസ്‌ലിമീന്‍ എന്ന സംഘടന പരീക്ഷിച്ച മുസ്‌ലിം രാഷ്ട്രീയം. പഴയ ശൗര്യം നഷ്ടപ്പെട്ടു തുടങ്ങിയ ചിരാഗ് പാസ്വാന്റെ ലോക് ജന്‍ ശക്തി പാര്‍ട്ടിയും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയും മുകേഷ് സാഹ്‌നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഉപേന്ദ്ര കുശവാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും മറ്റേതാനും സംഘടനകളും മുന്നോട്ടു വെച്ച ജാതി രാഷ്ട്രീയമാണ് രണ്ടാമത്തേത്.
ജനതാദള്‍ യുണൈറ്റഡ് നേതാവ് കെ സി ത്യാഗിയുടെ യുക്തിയനുസരിച്ച് ചിരാഗ് പാസ്വാന്‍ അധ്യക്ഷനായ ലോക്ജന്‍ ശക്തി പാര്‍ട്ടി (എല്‍ ജെ പി) വിമതരായി മല്‍സരിച്ചില്ലായിരുന്നുവെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍ ഡി എ ജയിച്ചു കയറുമായിരുന്നുവത്രെ. മറുഭാഗത്ത് മഹാസഖ്യത്തിന്റെ തോല്‍വിക്കു കാരണമായി രാഹുല്‍ ഗാന്ധി വിലയിരുത്തിയത് സീമാഞ്ചല്‍, കോസി, മിഥിലാഞ്ചല്‍ മേഖലകളില്‍ മഹാ ജനാധിപത്യ മതേതര സഖ്യം നടത്തിയ പോരാട്ടമാണ്. ഹൈദരാബാദിനു പുറത്തേക്ക് ചുവടുറപ്പിക്കാനുള്ള ഉവൈസിയുടെ ശ്രമങ്ങള്‍ മഹാരാഷ്ട്രക്കു ശേഷം ബീഹാറില്‍ നിര്‍ണായകമായ വിജയം കണ്ടെത്തി എന്നത് വസ്തുതയാണെങ്കിലും ആര്‍ ജെ ഡിയും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ പതനത്തിന് വഴിയൊരുക്കിയത് ഉവൈസിയാണെന്ന ആരോപണം ഭാഗികമായി മാത്രമാണ് ശരിയാവുന്നുണ്ടായിരുന്നത്. ഉവൈസി പിടിച്ച വോട്ടുകളായിരുന്നില്ല കോണ്‍ഗ്രസിന്റെ പതനത്തിന് വഴിയൊരുക്കിയത്, മറിച്ച് പ്രചരിപ്പിച്ച ആശയമായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങളെ കുറിച്ചാണ് ബീഹാര്‍ ഓര്‍മപ്പെടുത്തുന്നത്. ജാതിസംഘടനകളുടെ രാഷ്ട്രീയവും മതേതര രാഷ്ട്രീയവും ഒരുപോലെയാണ് ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്. അന്നന്നത്തെ യുക്തികള്‍ക്കനുസരിച്ച് ഉവൈസിയുടെ വിജയത്തെയും കോണ്‍ഗ്രസിന്റെയും നിധീഷിന്റെയുമൊക്കെ തളര്‍ച്ചയെയും പലവിധത്തിലും വ്യാഖ്യാനിക്കാന്‍ കഴിയുമായിരിക്കാം. ഹിന്ദുക്കളും മുസ്‌ലിംകളും സിദ്ധാന്തങ്ങള്‍ക്കതീതമായി വോട്ടുബാങ്കുകളായി മാറുന്നു എന്നതാണ് പക്ഷെ അടിസ്ഥാനപമായ വസ്തുത. എല്‍ ജെ പി എന്ന ജാതിസംഘടന പിടിച്ച വോട്ടുകളാണ് ജനതാദള്‍ യുനൈറ്റഡ് എന്ന മതേതര സംഘടനയെ തകര്‍ത്തതെന്ന ആരോപണം ഭാഗികമായി മാത്രമാണ് ശരിയാവുന്നത്. എല്‍ ജെ പി ഏതോ പ്രകാരത്തില്‍ എന്‍ ഡി എയെ സഹായിക്കുകയാണ് ചെയ്തത് എന്നും ജെ ഡി യു യഥാര്‍ഥത്തില്‍ നേരിടേണ്ടിയിരുന്ന തിരിച്ചടിയില്‍ നിന്നും രക്ഷപ്പെടുകയുമാണ് ചെയ്തതെന്നും വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് പണ്ഡിറ്റുകളുമുണ്ട്.
ഭരണ വിരുദ്ധ വികാരത്തെ ബി ജെ പിക്കെതിരെ തിരിച്ചു വിടാതെ ജെ ഡി യുവിലേക്കു മാത്രമായി ചുരുക്കിയത് നിധീഷിനെ വീണ്ടും ഭരണത്തിലേറാന്‍ സഹായിച്ചുവെന്നര്‍ഥം. മറിച്ചായിരുന്നുവെങ്കില്‍ എന്‍ ഡി എ ഒലിച്ചു പോയേനെയെന്ന്. പാസ്വാന്റെ ദലിത് രാഷ്ട്രീയത്തിന് ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയം ബീഹാറില്‍ നല്‍കിയ ചുമതലയായിരുന്നു അത്. ബി ജെ പിയുടെ തിണ്ണയില്‍ നാളെ ഒരു മുട്ടിപ്പലകയെങ്കിലും കിട്ടണമെങ്കില്‍ എല്‍ ജെ പിക്ക് ഈ ചൂടുചോറ് അവര്‍ മാന്തിയേ മതിയായിരുന്നുള്ളൂ. ബി ജെ പിയെ ശക്തിപ്പെടുത്തുകയാണ് എല്‍ ജെ പിയുടെ ലക്ഷ്യമെന്ന് മറയില്ലാതെ അവര്‍ സമ്മതിക്കുന്നുണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ ദുരിതങ്ങള്‍ക്ക് നിധീഷ്‌കുമാറിനെയല്ലാതെ ഒരിടത്തും കേന്ദ്രസര്‍ക്കാറിനെ എല്‍ ജെ പി കുറ്റപ്പെടുത്തിയിരുന്നില്ല. മോദിജിയുടെ ഹനുമാനായാണ് ചിരാഗ് സ്വയം വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ഒടുവില്‍ ഉണ്ടായതോ? ബീഹാറിലെ കുര്‍മി-ദലിത വോട്ടുകളിലേക്ക് ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയം കടന്നു കയറുകയാണെന്ന് നിധീഷിനും ചിരാഗിനും അറിയാമായിരുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഇരു സംഘടനകള്‍ക്കും ബി ജെ പിയോടൊപ്പം നിന്ന് ആസന്നമായ ദയാവധത്തിന്റെ കാലാവധി നീട്ടി വാങ്ങുക മാത്രമായിരുന്നു ചെയ്യാന്‍ കഴിയുമായിരുന്നത്.
മതേതര രാഷ്ട്രീയമെന്നത് മുസ്ലിംകള്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത ആശയമായി മാറിയെന്നാണ് ഒവൈസിയുടെ വിജയം ചൂണ്ടിക്കാട്ടിയത്. ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുബാങ്കില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ ആശയത്തിന് സ്വീകാര്യത കുറഞ്ഞു വരികയായിരുന്നു. ഒടുവിലത് മുസ്‌ലിംകള്‍ക്കും വേണ്ടാതായി തുടങ്ങി.
മതേതരത്വത്തിന്റെ മറുപക്ഷത്ത് കോണ്‍ഗ്രസ് ഉള്‍ക്കൊണ്ട മൃദുഹിന്ദുത്വം പാര്‍ട്ടിയുടെ ശവപ്പെട്ടിയില്‍ കുറെക്കൂടി ആണികള്‍ അടിച്ചു കയറ്റി. ഒരേസമയം പാര്‍ട്ടിയെ ഹിന്ദുക്കളും മുസ്ലിംകളും കയ്യൊഴിഞ്ഞു. മതേതരത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ പിടിച്ചു നിന്നതു മാത്രമല്ല ഇത്തവണ ആര്‍ ജെ ഡിയെ ജയിപ്പിച്ച ഘടകമെന്ന് അടിവരയിട്ടു കൊണ്ടു തന്നെ പറയട്ടെ. ബി ജെ പിയുടെ ദുര്‍ഭരണത്തിന് ബീഹാറില്‍ ആകെയുണ്ടായിരുന്ന ബദല്‍ തേജസ്വി യാദവ് മാത്രമായിരുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
മറുഭാഗത്ത് എന്‍ ഡി എക്കകത്ത് നിലയുറപ്പിച്ച മതേതര സംഘടനകള്‍ അനിവാര്യമായ നാശത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുകയാണ് ചെയ്തത്. ജാതി സംഘടനകള്‍ സ്വന്തം ശവക്കുഴി തോണ്ടുന്നത് പൂര്‍ത്തിയാക്കുകയും ചെയ്തു. ബി ജെ പിയോടൊപ്പം നിന്ന് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും മാഞ്ചിയും മറ്റും ചില അപ്പത്തുണ്ടുകള്‍ കൈപ്പിടിയിലൊതുക്കിയിട്ടുണ്ടാവാം. ജാതി രാഷ്ട്രീയത്തില്‍ മുതല്‍ മുടക്കിയിട്ട് കാര്യമില്ലെന്ന ബോധ്യത്തിലേക്ക് ഈ സംഘടനകളില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ എത്തിച്ചേരാന്‍ ഏറെയൊന്നും കാലം വേണ്ടി വരില്ല.
നാളെ ബി ജെ പി ഈ സംഘടനകളെ ഒപ്പം നിര്‍ത്തുന്നില്ലെങ്കില്‍ ജാതി നേതാക്കള്‍ ബി ജെ പിയില്‍ എത്തിപ്പെടുകയാണുണ്ടാവുക. അവരുടെ കുര്‍മി, കൊയേരി, സഹാനി, മല്ല, പാസ്വാന്‍, കുശവാഹ, നിഷാദ്, ധനുക്, ബിണ്ട്, കേവാട് എന്നു തുടങ്ങിയ സകലമാന ജാതി വോട്ടുകളൊക്കെയും ഹിന്ദുത്വ വോട്ടുകളായി പരിണമിച്ച് ബി ജെ പിയുടെ കൊട്ടയിലെത്തും. ബി ജെ പിയോടൊപ്പമല്ലെങ്കില്‍ ചിത്രത്തിലെവിടെയുമില്ലാത്ത വിധം ഈ സംഘടനകള്‍ തകര്‍ന്നടിയുമെന്ന് ചിരാഗ് പാസ്വാന്റെ അനുഭവം അടിവരയിട്ടു കഴിഞ്ഞല്ലോ.

മുസ്ലിം രാഷ്ട്രീയവും ബി ജെ പിയും
മുസ്ലിംകളെ രാഷ്ട്രീയമായി പരിഗണിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി ജെ പി മുന്നോട്ടു പോകുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളില്‍ മതേതരത്വം എന്ന വാക്ക് ഉപയോഗിക്കാറില്ലെന്ന് ശ്രദ്ധിക്കുക. വാജ്പേയി കാലത്തിനു ശേഷം ദേശീയതലത്തില്‍ ഒറ്റ മുസ്ലിം നേതാവും ബി ജെ പിയില്‍ ഉയര്‍ന്നു വരാത്തതിന്റെ കാരണവും ഇതാണ്.
മുസ്‌ലിംകള്‍ക്ക് ബീഹാറില്‍ ബി ജെ പി സീറ്റ് കൊടുത്തോയെന്ന ചോദ്യം പോലും ഇത്തവണ ഉയര്‍ന്നില്ല. ജാതി സംഘടനകളെ ഹിന്ദുത്വ ബ്രാന്‍ഡിനു കീഴെ കൊണ്ടുവന്നതിലും മുസ്ലിം സംഘടനകളെ അപരവല്‍ക്കരിക്കുന്നതിലും വലിയൊരളവില്‍ ഇന്ന് ബി ജെ പി മുന്നോട്ടു പോയി കഴിഞ്ഞു. മുസ്ലിംകളെ രണ്ടാംതരം പൗരന്‍മാരാക്കി പരിവര്‍ത്തിപ്പിക്കാനുള്ള നീക്കം പോലും മോദി സര്‍ക്കാറിന് ബഹുദൂരം മുന്നോട്ടു കൊണ്ടുപോകാനായി. സി എ എ നടപ്പില്‍ വന്നാലുമില്ലെങ്കിലും പൗരത്വ പട്ടികയുടെ മറവില്‍ മുസ്ലിംകളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്നും ബി ജെ പിയുടെ ഗവണ്‍മെന്റുകള്‍ പിന്തിരിയില്ലെന്ന അവബോധവും പാര്‍ട്ടി സജീവമായി നിലനിര്‍ത്തുന്നുണ്ട്. ഇതൊക്കെ മറുഭാഗത്ത് ഹിന്ദുത്വ വോട്ടുബാങ്കിന് തിടം വെപ്പിക്കുന്നുമുണ്ട്.
മുന്നാക്ക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിശ്ശബ്ദമായതിന്റെ കാരണം ബി ജെ പിയോടുള്ള ഭയം മാത്രമായിരുന്നു. മതേതരത്വം എന്ന ആശയത്തെ ഒരു മുസ്ലിം അനുകൂല മുദ്രാവാക്യമായി മുദ്രകുത്തുന്നതിലും മുസ്ലിം വിരുദ്ധ ധ്രുവീകരണ ആശയങ്ങളിലൂടെ പാര്‍ട്ടിയുടെ ജനാടിത്തറ ശക്തിപ്പെടുത്തുന്നതിലുമൊക്കെ ബി ജെ പി വിജയിക്കുന്നതാണ് കാണാനുണ്ടായിരുന്നത്.
മുസ്ലിം രാഷ്ട്രീയം സ്വന്തം വഴിയിലൂടെ ഒറ്റക്ക് സഞ്ചരിക്കണമെന്ന അവരുടെ ആഗ്രഹവും നടപ്പിലാവുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ കാലക്രമത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറുചേരിയില്‍ മുസ്ലിംകള്‍ ഒറ്റപ്പെടുകയാണ് സംഭവിക്കുക.
കോണ്‍ഗ്രസോ മറ്റു പ്രധാന സംഘടനകളോ മുസ്ലിം രാഷ്ട്രീയത്തെ ഒപ്പം നിര്‍ത്താന്‍ മടിക്കുന്ന കാലമെത്തും. ഈ അജണ്ടകളെയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തുറന്നു കാട്ടുകയാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ചെയ്തത്. മഹാസഖ്യത്തിനകത്ത് നില്‍ക്കുമ്പോള്‍ തന്നെ ഒറ്റക്ക് ജയിക്കാവുന്നിടത്തൊക്കെ മുസ്ലിംകള്‍ ഒവൈസിയെ ജയിപ്പിച്ചതിന്റെ കാരണം കോണ്‍ഗ്രസുമായും ആര്‍ ജെ ഡിയുമായും രൂപപ്പെട്ട വിശ്വാസരാഹിത്യം തന്നെയാണ്. മുസ്ലിം നേതൃത്വത്തെ ആര്‍ ജെ ഡി തമ്മിലടിപ്പിച്ച് ഇല്ലാതാക്കുന്നുവെന്നത് കഴിഞ്ഞ കുറെക്കാലമായി ബീഹാറില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണമാണ്. അബ്ദുല്‍ ബാരി സിദ്ദീഖി, അഷ്‌റഫ് അലി ഫാത്തിമി മുതലായ നേതാക്കളെ ആര്‍ ജെ ഡി കൈകാര്യം ചെയ്യുന്നത് ഉദാഹരണം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അത് കുറെക്കൂടി വ്യക്തമായി കാണാനുണ്ടായിരുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് ഒവൈസിയുടെ വിജയത്തെ നോക്കി കാണേണ്ടത്. പാര്‍ലമെന്റോ നിയമസഭകളോ തങ്ങള്‍ക്കു വേണ്ടി ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയാണ് മുസ്ലിം വോട്ടുബാങ്കിന് നഷ്ടപ്പെടുന്നത്. മറുഭാഗത്ത് വോട്ടു കൊടുത്ത് ജയിപ്പിക്കുന്നവര്‍ നന്നെ ചുരുങ്ങിയത് നിത്യ ജീവിത പ്രശ്‌നങ്ങള്‍ക്കെങ്കിലും പോംവഴിയുണ്ടാക്കി തരുമെങ്കില്‍ അതിന് ഒവൈസി തന്നെയാണ് അവരുടെ മുമ്പില്‍ ഇനി ബാക്കിയുള്ള പരീക്ഷണം. സീമാഞ്ചല്‍ മേഖലയിലൂടെ ഒരു തവണ സഞ്ചരിച്ചാലറിയാം എഴുപതു വര്‍ഷത്തെ ഇന്ത്യന്‍ ജനാധിപത്യം ആ പ്രദേശത്തുള്ളവര്‍ക്ക് എന്തു നല്‍കിയെന്ന്.
ഈ പിന്നാക്കാവസ്ഥയാണ് മേഖലയില്‍ അദ്ദേഹത്തെ ജയിപ്പിച്ചത്. അതേസമയം ബീഹാറിലുടനീളം അദ്ദേഹവും ഒപ്പമുള്ളവരും ചേര്‍ന്ന് നടത്തിയ പ്രചാരണത്തിന് രാഷ്ട്രീയ പ്രക്രിയയെ തകിടം മറിക്കാനുള്ള നിര്‍ണായകമായ പ്രഹരശേഷി ഉണ്ടായിരുന്നു. മഹാസഖ്യത്തെ നേര്‍ക്കു നേരെ ഒവൈസി എവിടെയും പരാജയപ്പെടുത്തിയിട്ടില്ലെങ്കിലും മതേതരത്വത്തിന്റെ അര്‍ഥശൂന്യതയെ കുറിച്ച് അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ മുസ്ലിം സമൂഹം ശരിവെക്കുകയാണ് ചെയ്തത്. മതേതര രാഷ്ട്രീയം തങ്ങള്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കിത്തന്നില്ലെന്ന് ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ പരസ്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്നു. മതേതര സംഘടനകളെ വിലയിരുത്തുന്നതില്‍ ഉവൈസിക്ക് തെറ്റ് സംഭവിച്ചു എന്ന് പറയാനാവില്ല.
അതേസമയം മതേതരത്വം എന്ന ആശയത്തിന് എഴുപത് കൊല്ലം കൊണ്ടുണ്ടായ തകര്‍ച്ചയെ വിശാലമായ അര്‍ഥത്തില്‍ മതം എന്നു വിശേഷിപ്പിക്കാനാവുന്ന സ്വത്വവാദം കൊണ്ടു പരിഹരിക്കാനാവുമെന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനാണ് തെറ്റ് സംഭവിക്കാന്‍ പോകുന്നത്.
ഒവൈസി തന്നെ കുറിച്ചും മതേതര സംഘടനകളെ കുറിച്ചും സൃഷ്ടിക്കുന്ന മൊത്തത്തിലുള്ള പ്രതിഛായയാണ് പ്രശ്നം. അകാലിദള്‍ മുതല്‍ അപ്നാദള്‍ വരെയുള്ള സംഘടനകള്‍ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല അറിയപ്പെടുന്നത്. അതാത് ജാതികളുടെയും മതത്തിന്റെയും ഉന്നമനമാണ് അവരുടെ ലക്ഷ്യമെന്ന് പരസ്യമായി ഇക്കൂട്ടര്‍ പറയുമ്പോഴും അവര്‍ വര്‍ഗീയ സംഘടനകളായി ചിത്രീകരിക്കപ്പെടുന്നില്ല.
ലക്ഷണമൊത്ത മതരാഷ്ട്രീയ സംഘടനയായിട്ടും ബി ജെ പിക്ക് ലഭിക്കുന്ന മാന്യതയും അതല്ല. കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലിം ലീഗിന് മാന്യതയുണ്ടാവുകയും ഉത്തരേന്ത്യയില്‍ ഇന്നോളം രൂപീകരിക്കപ്പെട്ട ഒരു സംഘടനക്കും അത് നേടിയെടുക്കാന്‍ കഴിയാതെ പോകുകയും ചെയ്യുന്നത് എന്തു കൊണ്ടാവാം? മുസ്ലിംകളും കോണ്‍ഗ്രസ് അടക്കമുള്ള ഇതര രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധം തികച്ചും മണ്ഡലങ്ങളുടെയും സംസ്ഥാനങ്ങളുടെയുമൊക്കെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലല്ലേ രൂപപ്പെടുന്നത്? ഏടുകളില്‍ എഴുതി വെച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലല്ലോ. വോട്ടു രാഷ്ട്രീയത്തില്‍ കാര്യമായ ഒരു നേട്ടവും ഇല്ലാത്തതു കൊണ്ടാണ് സി പി എം കേരളത്തിലെ മുസ്ലിംകളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തുടങ്ങിയതെന്നും എന്നാല്‍ ബംഗാളില്‍ വെല്‍ഫയര്‍ പാര്‍ട്ടി, എസ് ഡി പി ഐ എന്നിവരുമായി പോലും ചര്‍ച്ച നടത്തുന്നുവെന്നതും ശ്രദ്ധിക്കുക.
അസമിലെ ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയായ എ യു ഡി എഫ് രണ്ടു ഡസനോളം സീറ്റുകളില്‍ വിജയിച്ചിട്ടും ഇതുവരെയും അവരെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്താന്‍ തയാറാവാത്തത് ഇതിന്റെ മറുവശമാണ്. എന്നാല്‍ മുസ്ലിംകളെ പോലെ ഹിന്ദുക്കളും എ യു ഡി എഫ് ടിക്കറ്റില്‍ പലതവണ അസമില്‍ ജയിച്ചു കയറിയിട്ടുമുണ്ട്. എന്നിട്ടും ഈ അയിത്തം എന്തുകൊണ്ട്? ബി ജെ പി ഉണ്ടാക്കിവെച്ച നുഴഞ്ഞു കയറ്റത്തെ കുറിച്ച ഒരു ഓളമാണ് തടസ്സമാകുന്നത്. കോണ്‍ഗ്രസിനകത്തു നിന്നല്ല മറിച്ച് വിഭജനം മുതല്‍ക്കിങ്ങോട്ടുള്ള മുസ്ലിം സംഘടനകളുടെ, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ ആദ്യരൂപമായ എം ഐ എമ്മിന്റേതടക്കമുള്ള ചരിത്രത്തില്‍ നിന്നും അതിനെ കുറിച്ച് ഉത്തരേന്ത്യയില്‍ രൂപീകരിക്കപ്പെട്ട പൊതുബോധങ്ങളില്‍ നിന്നുമാണ് ഇന്ത്യന്‍ മതേതതരത്വം പരാജയപ്പെടുന്നതിനെ കുറിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തേണ്ടത്. ഈ പൊതുബോധത്തെ രാഷ്ട്രീയമായി തിരുത്താന്‍ മുസ്ലിംകള്‍ക്കു വേണ്ടി മുസ്ലിംകള്‍ നയിക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ സാധ്യമാവുമോ അതോ മരണാസന്നമായ ഇന്ത്യന്‍ ജനാധിപത്യത്തെ അത് കൂടുതല്‍ പ്രതിലോമകരമായി ബാധിക്കുമോ എന്നതാണ് ചോദ്യം.

മതേതരത്വം ആയിരുന്നോ പ്രശ്നം?
ജനസംഘം മുതല്‍ ബി ജെ പി വരെ എത്തി നില്‍ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനു മുമ്പില്‍ ഇന്ത്യ പരാജയപ്പെട്ടതില്‍ മറുപക്ഷത്തുണ്ടായിരുന്ന എല്ലാവര്‍ക്കുമുണ്ട് ഉത്തരവാദിത്തം. ആ പരാജയത്തിന്റെ മുഖ്യ കുറ്റവാളി കോണ്‍ഗ്രസാണെങ്കിലും. 1947 നു ശേഷം രാജ്യത്ത് ശക്തിയാര്‍ജ്ജിച്ച ഹിന്ദു-മുസ്ലിം വേര്‍തിരിവിനെ കൂട്ടി യോജിപ്പിക്കാന്‍ മഹാത്മാ ഗാന്ധിക്കു ശേഷം ഒരാള്‍ പോലും ഈ രാജ്യത്ത് ഉണ്ടായിരുന്നില്ല. നെഹ്റുവിനോ ഇന്ദിരക്കോ രാജീവിനോ എന്തിനേറെ സിഖുസമുദായക്കാരനായിരുന്ന മന്‍മോഹന്‍ സിംഗിനു പോലുമോ അതിന് കഴിഞ്ഞിട്ടില്ല. രണ്ട് രാജ്യങ്ങളായല്ല രണ്ട് മതമായാണ് ഇന്ത്യയും പാകിസ്ഥാനും വേര്‍പെട്ടതെന്ന സിദ്ധാന്തമാണ് ഇപ്പോഴും ഇന്ത്യയില്‍ പഠിപ്പിക്കപ്പെടുന്നത്.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലടിച്ച എല്ലാ വര്‍ഗീയ പ്രശ്നങ്ങളുടെയും ഫാക്ടറി 1990 കള്‍ വരെയും എ ഐ സി സി ആസ്ഥാനമായിരുന്നു. കശ്മീരും ബാബരി മസ്ജിദും ഏകസിവില്‍ കോഡുമൊക്കെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് അജണ്ടകളായത് കോണ്‍ഗ്രസിന്റെ അന്തക്കേടുകളുടെ കൂടി ബാക്കിപത്രമായാണ്. ഈ യാഥാര്‍ഥ്യങ്ങളോടൊക്കെയും പാര്‍ലമെന്റിനകത്തും പുറത്തും എക്കാലത്തും പുറം തിരിഞ്ഞു നിന്ന കോണ്‍ഗ്രസ് പക്ഷേ ബി ജെ പിയെ എതിരിടുന്നതില്‍ അവരാണ് ഏറ്റവും യോഗ്യതയുള്ള പോരാളി എന്ന നിലപാടില്‍ നിന്ന് തരിമ്പു പോലും താഴേക്കു വന്നിട്ടുമില്ല. ഗുജറാത്ത് കലാപത്തെ കുറിച്ച എത്രയെത്ര അന്വേഷണങ്ങള്‍ രാജ്യത്തു നടന്നു?
ഗുജറാത്തിനു പുറത്തെ സംസ്ഥാനങ്ങളില്‍ മുസ്ലിംകളെ ഒപ്പം നിര്‍ത്താനുള്ള ഒരു പൈശാചിക പ്രതീകമായി നരേന്ദ്ര മോദിയെ കൊണ്ടു നടന്നു എന്നതിലപ്പുറം ഏതെങ്കിലുമൊരു കേസില്‍ അദ്ദേഹത്തെ തളച്ചിടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞോ? അങ്ങനെ ചെയ്താല്‍ ഹിന്ദു വര്‍ഗീയത ശക്തിപ്പെടുമെന്ന് പാര്‍ട്ടി ഭയക്കുന്നതായി ഗുജറാത്തിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഈ ലേഖകനോട് നേരിട്ടു പറഞ്ഞതാണ്. ബി ജെ പിയെ പരാജയപ്പെടുത്തുന്നതിന് ശേഷിച്ച എല്ലാവരും കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന നിലപാടാണ് ഇപ്പോഴും പാര്‍ട്ടിയുടേത്.
ഈ അഹങ്കാരമാണ് ബീഹാറില്‍ 70 സീറ്റുകള്‍ ബലം പിടിച്ചു വാങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതും. അത്രയും സീറ്റുകളില്‍ ഇലക്ഷന്‍ നേരിടാനുള്ള എന്ത് സംഘടനാ സംവിധാനമാണ് ബീഹാറില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്? ബി ജെ പിയോടുള്ള എതിര്‍പ്പിനെ ചുളുവില്‍ മുതലെടുക്കുന്നു എന്നല്ലാതെ കോണ്‍ഗ്രസ് ഒരര്‍ഥത്തിലും അവരെ പ്രായോഗികമായോ ആശയപരമായോ നേരിടുന്നുണ്ടായിരുന്നില്ല. ഇത് കോണ്‍ഗ്രസിന് മാത്രം സംഭവിച്ച ദുരന്തമല്ല. മുലായം സിംഗിന്റെയും മായാവതിയുടെയുമൊക്കെ പാര്‍ട്ടികള്‍ ഹിന്ദുത്വ വോട്ടുബാങ്കിനു മുമ്പില്‍ പത്തിമടക്കുന്നതാണ് നിലവിലുള്ള ചിത്രം. പ്രായോഗികമായി രാഹുല്‍ ഗാന്ധിയും കൂട്ടരും ഒന്നും പഠിക്കുന്നില്ല. ഇനി വരാനുള്ള ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഒവൈസിയും അസം തെരഞ്ഞെടുപ്പില്‍ ബദറുദ്ദീന്‍ അജ്മലും ‘മതേതര മഹാസഖ്യങ്ങ’ളുടെ ഭാഗമാകുമോ? അവരെ കോണ്‍ഗ്രസും മറ്റും ക്ഷണിക്കുമോ? കാത്തിരുന്നു കാണണം.
കോണ്‍ഗ്രസിനും മുലായം സിംഗിനും ലാലുപ്രസാദിനും നിധീഷ് കുമാറിനും ഇടതിനും ഒവൈസിക്കും എന്തിനേറെ ബി ജെ പിക്കു പോലും മുസ്ലിം വോട്ടുകള്‍ കിട്ടുന്നുണ്ട് എന്നതാണ് ജനാധിപത്യ ഇന്ത്യയെ അല്‍പ്പമെങ്കിലും ബാക്കി നിര്‍ത്തുന്ന ഘടകം. ബി ജെ പി ആഗ്രഹിക്കുന്നതു പോലെ ഏകപക്ഷീയമായ ഒറ്റ വോട്ടു ബാങ്കായി മുസ്ലിം സമുദായം ഇതുവരെയും മാറിയിട്ടില്ല. മതേതര രാഷ്ട്രീയത്തോട് സുദീര്‍ഘമായ കാലം കൂറു കാണിച്ചിട്ടും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലോ ന്യായമായ പൗരാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിലോ അന്യായമായി വേട്ടയാടപ്പെടുന്നതിലോ ഒന്നും ഒരു നേട്ടവും മുസ്ലിം സമുദായത്തിന് ഉണ്ടായിട്ടില്ല എന്ന വസ്തുത അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഇപ്പറയുന്നത്.
എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തിന് കരുത്തു ലഭിച്ച ഇന്നത്തെ ഇന്ത്യയില്‍ നിന്നു കൊണ്ട് ഒരു തിരിഞ്ഞു നോട്ടവും ആകാവുന്നതാണല്ലോ. വിഭജനത്തിനു പിന്നാലെ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് രാജ്യത്തുടനീളം ഒറ്റ വോട്ടുബാങ്കായി ഏതെങ്കിലുമൊരു മുസ്ലിം നേതാവിന്റെ കീഴില്‍ അവര്‍ സംഘടിച്ചിരുന്നു എന്നു വെക്കുക. ഒവൈസി ഇന്ന് കുറ്റം പറയുന്ന ഈ മതേതര മറുപക്ഷം രൂപപ്പെടുമായിരുന്നോ? സ്വാതന്ത്ര്യത്തിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ പതിറ്റാണ്ടില്‍ തന്നെ ആര്‍ എസ് എസ് പണി തുടങ്ങിയിട്ടുണ്ടാവില്ലേ? മതേതരത്വത്തെ കുറ്റം പറയാന്‍ എളുപ്പമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഈ വാക്കിനെ മടക്കി കൊണ്ടുവരുന്നതാണ് മുസ്ലിം രാഷ്ട്രീയത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണംചെയ്യുക.
രാഷ്ട്രീയത്തില്‍ നിന്നും ആ വാക്ക് കാലഹരണപ്പെട്ടു കഴിഞ്ഞാല്‍ പിന്നെയുള്ളത് മൂടുപടങ്ങളില്ലാത്ത ഹിന്ദുത്വം മാത്രമാവുമെന്നും അതിനെ നേരിടാന്‍ ഹൈദരാബാദിലും സീമാഞ്ചലിലും മാലേഗാവിലും മലപ്പുറത്തും ഇനിയൊരു പക്ഷേ 24 പര്‍ഗാനയിലും മുര്‍ശിദാബാദിലും മാല്‍ദയിലും നാളെ രാംപൂരിലോ മുസഫര്‍ നഗറിലോ ശ്രീനഗറിലോ മൊറാബാദിലോ ഒക്കെ ചിലരെ ജയിപ്പിക്കാനായതു കൊണ്ട് കാര്യമുണ്ടാവില്ലെന്നും തിരിച്ചറിയുക.
കോടികള്‍ മുതല്‍ മുടക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എ ഐ എം ഐ എമ്മിനും ഒരു പങ്ക്, വോട്ടര്‍മാര്‍ക്ക് കുറച്ചു കൂടി വെള്ളവും വെളിച്ചവും. അതിലൊരുങ്ങുന്നതാണ് ഏറിയാല്‍ ഒവൈസിയുടെ ഇപ്പോഴത്തെ രാഷ്ട്രീയം. ഭരണഘടനയുടെ അടിസ്ഥാനത്തെ കുറിച്ച് നിയമ നിര്‍മാണ സഭകളില്‍ കരഞ്ഞു വിളിക്കാനും കഴിഞ്ഞേക്കും. പക്ഷേ മൃഗീയമായ ഭൂരിപക്ഷം അപ്പുറത്തിരുന്ന് ഈ കരച്ചിലുകളെ കൂവിത്തോല്‍പ്പിക്കുന്നത് സമുദായം കാണേണ്ടി വരും. ഭൂരിപക്ഷ സമുദായത്തെ മതേതരത്വം ശരിയായി പഠിപ്പിക്കാത്തിടത്തോളം മറ്റൊരു രാഷ്ട്രീയ പരീക്ഷണങ്ങളും ഇപ്പോഴത്തെ ഇന്ത്യയില്‍ ഗുണം ചെയ്യാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ നിലവില്‍ ഇന്ത്യയിലുള്ള ഏറ്റവും വലിയ മുസ്ലിം നേതാവ് എന്ന നിലയില്‍ ഒവൈസിക്കു തന്നെയാണ് മുന്‍കൈയെടുക്കാനാവുക. മതേരത്വത്തെ കുറിച്ച വിശ്വാസം തച്ചു തകര്‍ക്കുമ്പോള്‍ ഒവൈസി ശക്തിപ്പെടുന്നുണ്ടാവാം. ഒപ്പം ഭൂരിപക്ഷ വര്‍ഗീയതയുടെ കരുത്തും പലമടങ്ങ് വര്‍ധിക്കുന്നുണ്ടെന്ന് മറക്കരുത്.

Back to Top