എ അലവി മൗലവി; ഭീഷണികളെ അതിജീവിച്ച പണ്ഡിതന്‍
ഹാറൂന്‍ കക്കാട്
എല്ലാ പ്രസ്ഥാനങ്ങള്‍ക്കും അപൂര്‍വം ചില ഉജ്വല പ്രതിഭകളുണ്ടാകും. അവര്‍ സഞ്ചരിക്കുന്ന വേറിട്ട വഴികളാകും ആ പ്രസ്ഥാനത്തെ പുതിയ വാതായനങ്ങളിലേക്കും വഴികളിലേക്കും നയിക്കുക. കേരളത്തിലെ നവോത്ഥാന സംരംഭങ്ങളിലും ദേശീയ രാഷ്ട്രീയ വേദികളിലും ഒരേ സമയം തിളക്കമാര്‍ന്ന അധ്യായങ്ങള്‍ അത്തരത്തില്‍ അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു എ അലവി മൗലവി. രണ്ടു വെള്ളക്കുപ്പായങ്ങളുമായി ജീവിച്ച അദ്ദേഹം ലാളിത്യത്തിന്റെയും വിനയത്തിന്റെയും ചിറകിലേറിയാണ് സമൂഹത്തില്‍ അത്ഭുതകരമായ പരിഷ്‌കരണങ്ങള്‍ സൃഷ്ടിച്ചത്.
1911-ല്‍ ഏറനാട് താലൂക്കിലെ മേലാറ്റൂര്‍ എടപ്പറ്റയില്‍ ആല്‍പ്പെറ്റ അബൂബക്കര്‍ മുസ്ലിയാര്‍ എന്ന മൊല്ലയുടെയും ഫാത്വിമയുടെയും മകനായാണ് അലവി മൗലവിയുടെ ജനനം. ബാല്യത്തിലേ മനസ്സില്‍ ഉയര്‍ന്നു വരുന്ന സംശയങ്ങള്‍ അദ്ദേഹം പിതാവുമായി ചര്‍ച്ച ചെയ്യുക പതിവായിരുന്നു. എല്ലാ കാര്യങ്ങളുടെയും നിജസ്ഥിതിയും പൊരുളും പിതാവില്‍ നിന്ന് കൃത്യമായി ചോദിച്ചറിയുന്ന പ്രകൃതം അദ്ദേഹത്തിലെ സത്യാന്വേഷിയെ ഊര്‍ജസ്വലനാക്കി.
ആദ്യമായി ചേര്‍ന്ന പള്ളിദര്‍സിലെ അധ്യയന രീതികളോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ അലവി മൗലവി പഠനമവസാനിപ്പിച്ച് തിരിച്ചുപോന്നെങ്കിലും പിതാവ് വീണ്ടും അദ്ദേഹത്തെ അവിടെ തന്നെ ചേര്‍ത്തു. കുറച്ചു കാലത്തിന് ശേഷം വീണ്ടും മൗലവി തിരിച്ചു പോന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റെയില്‍പാത നിര്‍മാണത്തില്‍ സാദാ മസ്ദൂറായി ജോലി ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് മേലുദ്യോഗസ്ഥന്റെ ചാട്ടവാര്‍ പ്രഹരത്തെ തുടര്‍ന്ന് ആ ജോലി ഉപേക്ഷിച്ചു.
സാമൂഹിക പരിഷ്‌കരണത്തിന് ഊര്‍ജം നല്‍കാന്‍ വേണ്ടിയുള്ള വിവിധ പരിശീലനക്കളരികള്‍ അദ്ദേഹത്തെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹം വാഴക്കാട് ദാറുല്‍ഉലൂമില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. പിന്നീട് തൊടികപ്പുലം മമ്മു മൗലവിയുടെ ദര്‍സിലെത്തി. ഇസ്ലാഹി ആദര്‍ശ പഠനത്തിന് ഇക്കാലം അദ്ദേഹത്തിന് ഏറെ സഹായകമായി. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത്, ഉമറാബാദ് ദാറുസ്സലാം, ദാറുല്‍ ഉലൂം ദയൂബന്ദ് തുടങ്ങിയ മതപാഠശാലകളിലും വിദ്യാര്‍ഥിയായി.
ദയൂബന്ദില്‍ നിന്ന് ദേശീയ രാഷ്ട്രീയ സംരംഭങ്ങളില്‍ ബന്ധപ്പെടാന്‍ അലവി മൗലവിക്ക് വിവിധ അവസരങ്ങള്‍ ലഭിച്ചു. ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് എന്ന സംഘടനയുടെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനായി അദ്ദേഹം രംഗത്തെത്തി. സ്വദേശത്ത് തിരിച്ചെത്തിയ അലവി മൗലവി കേരള മുസ്ലിം നവോത്ഥാന രംഗത്തും ദേശീയ രാഷ്ട്രീയ മേഖലകളിലും ധിഷണാപാടവത്തോടെ ഇടപെട്ടു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ മൊയ്തു മൗലവി, കെ മാധവന്‍ നായര്‍, കെ കുട്ടിമാളു അമ്മ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ വളരെ അടുത്ത സതീര്‍ഥ്യരായിരുന്നു.
തൊടികപ്പുലം മമ്മു മൗലവിയാണ് അലവി മൗലവി എടവണ്ണക്കാരനായി മാറാന്‍ നിമിത്തമായത്. കല്ലുവെട്ടിപ്പള്ളിയില്‍ ഇമാമും ഖത്വീബുമായി നിയമിതനായത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. ഇവിടെ നിലവിലുണ്ടായിരുന്ന നിരവധി അനാചാരങ്ങളെയും തിന്മകളെയും അദ്ദേഹം യുക്തിപൂര്‍വം പിഴുതെറിഞ്ഞതിന് കാലം സാക്ഷിയായി. എറണാകുളത്ത് സ്ഥാപിക്കാന്‍ ആലോചിച്ചിരുന്ന ജാമിഅ നദ്വിയ്യ, എടവണ്ണയില്‍ സ്ഥാപിതമായത് മൗലവിയുടെ താല്പര്യ പ്രകാരമാണ്. ജാമിഅയുടെ നിര്‍മാണത്തില്‍ ജീവനാഡിയായിരുന്ന അദ്ദേഹം പിന്നീട് അധ്യാപകനായും പ്രിന്‍സിപ്പലായും മാനേജിംഗ് ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചു. കടുത്ത ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദുരിതക്കയത്തില്‍നിന്ന് ഈ സ്ഥാപനത്തെ പുരോഗതിയിലേക്ക് വളര്‍ത്താന്‍ അഹോരാത്രം കഠിനാധ്വാനം ചെയ്ത അലവി മൗലവിയുടെ ത്യാഗങ്ങള്‍ സമാനതകളില്ലാത്തതാണ്.
1959 ല്‍ മുഹമ്മദ് അമാനി മൗലവി തിരൂരങ്ങാടി യതീംഖാനയുടെ മാനേജരായി ജോലിചെയ്യുന്ന കാലത്താണ് വിശുദ്ധ ഖുര്‍ആന് വ്യാഖ്യാനം എഴുതാനുള്ള ആഗ്രഹം കെ എം മൗലവി അദ്ദേഹവുമായി പങ്കുവെച്ചത്. തുടര്‍ന്നാണ് അലവി മൗലവി, അമാനി മൗലവി, പി കെ മൂസാ മൗലവി എന്നിവരടങ്ങിയ പരിഭാഷാ സമിതിക്ക് രൂപംനല്‍കിയത്. അല്‍കഹ്ഫ് അധ്യായം മുതല്‍ അന്നാസ് വരെയുള്ള ഭാഗമാണ് ഈ മൂന്നംഗ വ്യാഖ്യാതാക്കള്‍ തുടങ്ങിവെച്ചത്. സര്‍വരാലും പ്രശംസിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ വിവരണ ഗ്രന്ഥപരമ്പരയിലെ സൂറത്തുന്നംല് വരെ ഈ പണ്ഡിത പ്രതിഭകള്‍ ഒന്നിച്ചാണ് പൂര്‍ത്തീകരിച്ചത്.
സ്ഫുടമായ മലയാള ഭാഷയിലുള്ള അലവി മൗലവിയുടെ പ്രഭാഷണത്തിന് വല്ലാത്ത ചാതുരിയായിരുന്നു. അത്യാകര്‍ഷകമായ ശബ്ദമാധുര്യമായിരുന്നു അതിന്റെ വശ്യത. അക്കാലത്തെ മത രാഷ്ട്രീയ പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ക്കിടയില്‍ നല്ല മലയാളത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വജ്രവെളിച്ചം പോലെ ശോഭിച്ചു. ഉര്‍ദു ഭാഷയില്‍ അനിതര സാധാരണമായ പ്രാവീണ്യം അദ്ദേഹം ആര്‍ജിച്ചത് ദയൂബന്ദില്‍ നിന്നാണ്. മജ്ലിസുശ്ശൂറയുടെ നേതാക്കള്‍ കേരളത്തില്‍ വരുമ്പോള്‍ അലവി മൗലവിയാണ് അവരുടെ പ്രസംഗങ്ങളും മറ്റും മൊഴിമാറ്റം നടത്തിയിരുന്നത്. 1960 കളില്‍ കോഴിക്കോട്ട് നടന്ന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ പ്രസിദ്ധമായ പ്രഭാഷണം പരിഭാഷപ്പെടുത്തിയത് അലവി മൗലവിയായിരുന്നു. പരന്ന വായന അദ്ദേഹത്തിന്റെ ജീവിതചര്യയുടെ പ്രധാന ഭാഗമായിരുന്നു. വായനയുടെ ഗരിമ വ്യാപിപ്പിക്കുന്നതിന് എടവണ്ണയില്‍ ഒരു വായനശാല അദ്ദേഹം സ്ഥാപിച്ചു.
ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പറും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അലവി മൗലവി ഇരു സംഘടനകളെയും ജനകീയമാക്കുന്നതില്‍ നിരവധി കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത പണ്ഡിതനാണ്. പ്രസിദ്ധമായ മുത്തനൂര്‍ പള്ളികേസിന്റെ നടത്തിപ്പിനായി 1954 ആഗസ്തില്‍ രൂപീകരിച്ച ഇംദാദുല്‍ ജിഹാദ് കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു അദ്ദേഹം. പൂനൂര്‍, കൊടിയത്തൂര്‍, കുറ്റിച്ചിറ വാദപ്രതിവാദങ്ങളിലെല്ലാം അലവി മൗലവിയുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു.
1956ല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്ക് അടുത്തുള്ള ഓട്ടുപാറയില്‍ യാഥാസ്ഥിതിക വിഭാഗവുമായി വാദപ്രതിവാദം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങും വഴി അലവി മൗലവി, തൃപ്പനച്ചി സി പി കുഞ്ഞിമൊയ്തീ ന്‍ മൗലവി, ഒറ്റപ്പാലം ടി പി മുഹമ്മദ് മൗലവി എന്നിവര്‍ വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെത് കേരള നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ്. വധശ്രമങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ ഭീഷണികളും പ്രതിസന്ധികളും അതിജീവിച്ചായിരുന്നു ആര്‍ക്കും നിര്‍വീര്യമാക്കാനാവാത്ത അലവി മൗലവിയുടെ പരിഷ്‌കരണ യാത്രകള്‍! സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ നിരന്തരമായി വേട്ടയാടിയപ്പോഴും ഒട്ടും പതറാതെ അഭിമാനപൂര്‍വം അദ്ദേഹം ആ ജൈത്രയാത്രയില്‍ ആത്മാര്‍ഥതയോടെ മുമ്പില്‍ നിന്നു.
1976 മെയ് 19ന് 65-ാം വയസ്സില്‍, കേരളീയ സമൂഹത്തിന്റെ പരിഷ്‌കരണയജ്ഞത്തില്‍ ധീരതയുടെ പ്രതീകമായി ജീവിച്ച എ അലവി മൗലവി നിര്യാതനായി. ഭൗതിക ശരീരം എടവണ്ണ വലിയപള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.