3 Wednesday
December 2025
2025 December 3
1447 Joumada II 12

സമാധാനമാണ് അന്തിമലക്ഷ്യം യുദ്ധം പ്രതിരോധ ഘട്ടത്തില്‍ ഗുലാം ഗൗസ് സിദ്ദീഖി

എന്റെ നിരന്തരമായ പഠനത്തിന്റെയും, ഖുര്‍ആന്‍ ഹദീസ് എന്നിവയുടെ ഉദ്‌ബോധനങ്ങളുടെയും, നിരായുധരും ശാന്തരുമായ അമുസ്‌ലിംകള്‍ക്കെതിരെ പോരോടുന്നത് അനുവദനീയമല്ല എന്ന് ചിന്തിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പണ്ഡിതന്മാരുടെയും വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ മനസ്സിലാക്കിയതാണിത്. അതുകൊണ്ടുതന്നെ യുദ്ധസംബന്ധമായ ഖുര്‍ആന്‍ വചനങ്ങള്‍ സമാധാനസംബന്ധമായ വചനങ്ങളെയും സമാധാനപരമായ വചനങ്ങള്‍ യുദ്ധസംബന്ധമായ വചനങ്ങളെയും റദ്ദുചെയ്തു എന്ന നിഗമനത്തിലെത്തുന്നത് തെറ്റായിരിക്കും. യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങളില്‍ പരസ്പര വൈരുധ്യമുണ്ടെന്ന് നിഗമനത്തിലെത്തേണ്ട ആവശ്യവുമില്ല. സമാധാന സംബന്ധമായ വചനങ്ങള്‍ യുദ്ധസംബന്ധമായ വചനങ്ങളെ റദ്ദുചെയ്തുവെന്ന തീര്‍പ്പിലുമെത്തേണ്ടതില്ല. യുദ്ധസംബന്ധമായ വചനങ്ങള്‍ സമാധനസംബന്ധമായ വചനങ്ങളെ റദ്ദുചെയ്തു എന്ന തീര്‍പ്പിലുമെത്തേണ്ടതില്ല. ഖുര്‍ആനിന്റെയും ഹദീസിന്റെയും പഠനങ്ങളില്‍നിന് എല്ലാ മുസ്‌ലിംകള്‍ക്കും സ്വകാര്യമായ ഏത് നിഗമനത്തിലാണ് നാമെത്തേണ്ടത്? മദനീ വചനങ്ങള്‍ മക്കീ വചനങ്ങളെ റദ്ദു ചെയ്തു എന്നതുകൊണ്ട് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ആത്മപ്രതിരോധം വിലക്കിയിരുന്ന ആദ്യകാല മുസ്‌ലിംകള്‍ക്ക് ആ വിലക്ക് നീക്കിയെന്നാണ്. ഇത് ഒരുവിധേനയും ഭീകരരുടെ ദുഷ്ടലക്ഷ്യത്തിന് പിന്തുണ നല്‍കുന്നില്ല.
ഇക്കാലത്ത്ഏതൊരു വ്യക്തിക്കും ഗ്രൂപ്പിനും ആത്മപ്രതിരോധത്തിനുള്ള അവകാശവാദമുന്നയിക്കാം. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ നടത്തുന്ന ആത്മപ്രതിരോധം അഥവാ ജിഹാദ് വ്യക്തിതലത്തിലോ ഗ്രൂപ്പുതലത്തിലോ നടത്താനാവില്ല. രാഷ്ട്രതലത്തിലേ നടത്താനാവൂ. അതും ദൈവപ്രീതിക്കുവേണ്ടി. പീഡനത്തിനെതിരെ ‘നിങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കെതിരെ’ അതിരുവിടാതെ മാത്രം.
പ്രതിരോധ യുദ്ധവേളയില്‍പോലും താഴെപ്പറയുന്ന നിയമങ്ങള്‍ ആദ്യകാല മുസ്‌ലിംകള്‍ പാലിച്ചിരുന്നതായി ഇസ്‌ലാമിന്റെ ക്ലാസിക്കല്‍ പഠനങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
1. ഏതെങ്കിലും കുട്ടിയെയോ സ്ത്രീയെയോ വൃദ്ധയെയോ വൃദ്ധനെയോ രോഗിയെയോ കൊല്ലാന്‍ പാടില്ല. (സുനനു അബീദാവൂദ്)
2. വിശ്വാസവഞ്ചനയോ അംഗഭംഗം വരുത്തലോ പാടില്ല (മുവത്വ-മാലിക്)
3. ഗ്രാമങ്ങളോ നഗരങ്ങളോ നശിപ്പിക്കരുത്. കൃഷിയിടങ്ങളോ പൂന്തോട്ടങ്ങളോ നശിപ്പിക്കരുത്. മൃഗങ്ങളെ കൊല്ലരുത്. (സ്വഹീഹ് ബുഖാരി, സുനന്‍ അബൂദാവൂദ്)
4. മഠങ്ങളിലെ പുരോഹിതന്മാരെ വധിക്കരുത്. ആരാധനാലയങ്ങളിലിരിക്കുന്നവരെയും വധിക്കരുത് (മുസ്‌നദ് അഹ്മദ്, ഇബ്‌നുഹിബ്ബാന്‍)
5. ഈത്തപ്പനകളോ ഫലവൃക്ഷങ്ങളോ മുറിച്ചിടാനോ കത്തിക്കാനോ പാടില്ല (അല്‍മുവത്വ)
6. ശത്രുവുമായി ഏറ്റുമുട്ടലാഗ്രഹിക്കരുത്. നിങ്ങള്‍ക്ക് സുരക്ഷിതത്വം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. എന്നാല്‍ ശത്രുവിനോട് ഏറ്റുമുട്ടാന്‍ നിര്‍ബന്ധിതനായാല്‍ ക്ഷമ പാലിക്കുക (സ്വഹീഹ് മുസ്‌ലിം)
7. അഗ്നിയുടെ അധിപനല്ലാതെ മറ്റാരും തീകൊണ്ട് ശിക്ഷിക്കരുത് (സുനന്‍ അബൂദാവൂദ്)
മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ മുസ്‌ലിം രാഷ്ട്രങ്ങള്‍ നടത്തുന്ന ആത്മപ്രതിരോധ യുദ്ധങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് മുകൡ പറഞ്ഞത്. സമാധാനവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്ന വ്യവസ്ഥാപിത ഭരണഘടനയ്ക്കു കീഴില്‍ ന്യൂനപക്ഷമായോ ഭൂരിപക്ഷമായോ കഴിയുന്നവര്‍ക്ക് ഭരണഘടനയെ ലംഘിക്കല്‍ അനുവദനീയമല്ല. നബി(സ) പറഞ്ഞു: ‘സൂക്ഷിക്കുക, സമാധാനപൂര്‍വം കഴിയുന്ന ഏതെങ്കിലും അമുസ്‌ലിമിനെ ആരെങ്കിലും പീഡിപ്പിക്കുകയോ അവന്/അവള്‍ക്ക് അവകാശം നല്‍കാതിരിക്കുകയോ അവന്റെ കഴിവിനപ്പുറമുള്ളത് ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ അനുമതി കൂടാതെ അവന്റെ എന്തെങ്കിലും എടുക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവനുവേണ്ടി(സമാധാനപൂര്‍വം കഴിയുന്ന അമുസ്‌ലിമിനുവേണ്ടി) വാദിക്കും’ (സുനന്‍ അബീദാവീദ്)
ഈ ഹദീസ് കേവലം ഒരു മുന്നറിയിപ്പല്ല. മക്കാ വിജയത്തിനുശേഷം പ്രവാചകന്‍(സ) പ്രഖ്യാപിച്ച ഒരു നിയമമാണ്. ഈ നിയമം ഇപ്പോഴും ഇസ്‌ലാമിന്റെ ഭാഗമാണ്. ഈ നിയമം റദ്ദുചെയ്യപ്പെട്ടതിന്റെ ഒരു സൂചനയുമില്ല. ഈ നിയമത്തിന്റെ ഉള്ളടക്കവും പ്രയോഗവും എല്ലാകാലത്തും എല്ലാ പ്രദേശത്തും നിയമസാധുതയുള്ളതാണ് എന്നാണ് മഹാന്‍മാരായ ഉലമാക്കളുടെയും ഫുഖഹാക്കളുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ ഹദീസിനെ അംഗീകരിക്കുന്നവരും മഹാന്‍മാരായ ഉലമാക്കളുടെയും ഫുഖഹാക്കളുടെയും വ്യാഖ്യാനം അംഗീകരിക്കുന്നവരും ഈ ഹദീസിന്റെ സന്ദേശം നിരാകരിക്കാന്‍ പാടില്ല. സമാധാനപൂര്‍വം ന്യൂനപക്ഷമായോ മുസ്‌ലിം ഭരണത്തിനുകീഴിലോ കഴിയുന്ന ഒരമുസ്‌ലിമിനെ അന്യായമായി ആരെങ്കിലും വധിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗം വിലക്കും’ (സുനന്‍ നസാഈ)
‘ന്യൂനപക്ഷമായോ മുസ്‌ലിം സംരക്ഷണത്തിലോ സമാധാനപൂര്‍വം കഴിയുന്ന ഒരമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അല്ലാഹു അവന് (കൊലയാളിക്ക്) സ്വര്‍ഗപ്രവേശം വിലക്കും’ (സുനനു അബീദാവൂദ്)
അല്ലാഹുവും അവന്റെ പ്രവാചകനുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ മുസ്‌ലിം സംരക്ഷണത്തിലോ ന്യൂനപക്ഷമായോ സമാധാനപൂര്‍വം കഴിയുന്ന ഒരമുസ്‌ലിമിനെ വധിച്ചാല്‍ അല്ലാഹുവും അവന്റെ ദൂതനുമായുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സ്വര്‍ഗത്തിന്റെ സുഗന്ധം അവന് ലഭിക്കുകയില്ല. (ജാമിഉത്തിര്‍മിദി)
മുസ്‌ലിം രാഷ്ട്രത്തിന്റെ സംരക്ഷണത്തില്‍ സമാധാനപൂര്‍വം കഴിയുന്ന ഒരമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്റെ സുഗന്ധം ലഭിക്കില്ല. നാല്പതുവര്‍ഷം ദൂരത്തുനിന്ന് കണ്ടുപിടിക്കാവുന്ന സുഗന്ധമാണെങ്കിലും’ (സുനനു ഇബ്‌നുമാജ)
അല്ലാഹുവും അവന്റെ പ്രവാചകനുമായി കരാറിലേര്‍പ്പെട്ട ഒരു മുസ്‌ലിം രാഷ്ട്രത്തിനുകീഴില്‍ സമാധാനപൂര്‍വം കഴിയുന്ന ഒരമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്റെ സുഗന്ധം ലഭിക്കില്ല. എഴുപത് വര്‍ഷം ദൂരെനിന്ന് കണ്ടുപിടിക്കാന്‍കഴിയുന്ന സുഗന്ധമാണെങ്കിലും (സുനനു ഇബ്‌നുമാജ, പുസ്തകം 21, ഹദീസ് 2788)
മുകളില്‍ പ്രസ്താവിച്ചതിന്റെയെല്ലാം വിവക്ഷ യുദ്ധസംബന്ധമായ വചനങ്ങള്‍ (ഉദാ 9:5) സമാധാനത്തിന്റെയും ക്ഷമയുടെയും വചനങ്ങളെ റദ്ദു ചെയ്യുന്നില്ല എന്നാണ്. യുദ്ധസംബന്ധമായ ചില മദനീ വചനങ്ങള്‍ മുസ്‌ലിംകളെ പോരാട്ടത്തില്‍ നിന്ന് വിലക്കുന്ന മക്കീ വചനങ്ങളെ റദ്ദു ചെയ്തു എന്നഭിപ്രായമുള്ള മുഫസ്സിറുകള്‍ക്കും അമുസ്‌ലിംകളുമായി സമാധാനപരമായ സഹവര്‍ത്തിത്വം പോഷിപ്പിക്കുന്ന എല്ലാ മക്കീ വചനങ്ങളെയും  മദനീ വചനങ്ങള്‍ റദ്ദുചെയ്തു എന്നേ അവരും അര്‍ഥമാക്കുന്നുള്ളൂ. അങ്ങനെ അല്ലായിരുന്നെങ്കില്‍ ന്യൂനപക്ഷമായോ ഭൂരിപക്ഷമായോ സമാധാനപൂര്‍വം നിരായുധരായി കഴിയുന്ന അമുസ്‌ലിംകളുടെ ജീവന് സുരക്ഷിതത്വം ഉറപ്പുനല്‍കുകയും അവരുടെ അവകാശങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഹദീസുകള്‍ ക്ലാസിക്കല്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഉദ്ധരിക്കുമായിരുന്നില്ല.
യുദ്ധസംബന്ധമായ ചില മദനീവചനങ്ങള്‍ മുസ്‌ലിംകളെ പോരാട്ടത്തില്‍ നിന്ന് വിലക്കിയിരുന്ന മക്കീ വചനങ്ങളെ റദ്ദുചെയ്തു എന്ന ചില ക്ലാസിക്കല്‍ നിയമജ്ഞര്‍ക്ക് വീക്ഷണമുണ്ടായിരുന്നതായി നമുക്കറിയാം. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ആത്മപ്രതിരോധത്തിനുവേണ്ടി പോരാടുന്നതില്‍ നിന്നും വിലക്കുന്ന കല്പനയെ ആത്മപ്രതിരോധത്തിനുവേണ്ടി പോരാടാനുള്ള കല്പന റദ്ദുചെയ്തു എന്നേ ഈ വീക്ഷണം അര്‍ഥമാക്കുന്നുള്ളൂ. ക്ലാസിക്കല്‍ നിയമജ്ഞര്‍  താഴെപ്പറയുന്ന ഹദീസ് ഉദ്ധരിക്കുന്നതില്‍നിന്ന് അക്കാര്യം വ്യക്തമാവുന്നു. ”അല്ലാഹുവിനോടും അവന്റെ ദൂതനോടും കരാര്‍ ചെയ്തിട്ടുള്ള ആരെങ്കിലും (മുസ്‌ലിം രാഷ്ട്രത്തില്‍) സമാധാനപൂര്‍വം ജീവിക്കുന്ന ഏതെങ്കിലും അമുസ്‌ലിനെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്റെ സുഗന്ധം ലഭിക്കുകയില്ല’. പരസ്പരവിരുദ്ധമെന്ന് തോന്നിക്കുന്ന ഈ രണ്ട് വീക്ഷണങ്ങളെയും വെവ്വേറെ വായിക്കുമ്പോഴാണ് പ്രശ്‌നം.
(1) ‘മുസ്‌ലിംകളെ പോരാട്ടത്തില്‍ നിന്ന് വിലക്കുന്ന മക്കീ വചനങ്ങളെ യുദ്ധസംബന്ധമായ ഏതാനും മദനീ വചനങ്ങള്‍ റദ്ദു ചെയ്തു’. (2) അല്ലാഹുവുമായും അവന്റെ ദൂതനുമായും കരാര്‍ ചെയ്തിട്ടുള്ള ആരെങ്കിലും (മുസ്‌ലിം രാഷ്ട്രത്തില്‍) സമാധാനപൂര്‍വം വസിക്കുന്ന ഏതെങ്കിലും അമുസ്‌ലിമിനെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്റെ സുഗന്ധം ലഭിക്കുകയില്ല’. എന്റെ ഈ ലേഖനം പരസ്പരവിരുദ്ധമെന്നു തോന്നിക്കുന്ന ഈ രണ്ട് വീക്ഷണങ്ങളുടെയും പൊരുത്തം പരിചയപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്.
ഹീനമായ പ്രവൃത്തികള്‍ക്ക് ഇസ്‌ലാമിനെ ദുരുപയോഗം ചെയ്യുന്നവരുടെ വായടക്കാന്‍ ഇത് പ്രയോജനപ്പെട്ടേക്കും. ഭീകരവാദ ആശയങ്ങളെ തോല്പിക്കാനും യുവാക്കള്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെടുന്നതില്‍നിന്ന് രക്ഷിക്കാനും ഭൂരിഭാഗം വരുന്ന മുഖ്യധാരാ മുസ്‌ലിംകളും സാത്വികരായ ഉലമാക്കളും ഈ വിഷയം ഈ വിധം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
വിവ: സിദ്ദീഖ് സി സൈനുദ്ദീന്‍
Back to Top