ആ ‘പ്രകാശം’ എവിടെ? കണിയാപുരം നാസറുദ്ദീന്‍
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പ്രകാശത്തെ അല്ലാഹു ആദ്യം സൃഷ്ടിച്ചു എന്നും അതില്‍നിന്ന് ലോകം മുഴുവനും സൃഷ്ടിച്ചു എന്നുമാണ് പ്രവാചക കീര്‍ത്തനം എന്ന പേരില്‍ പ്രചരിക്കുന്ന മൗലൂദുകളുടെ ആകെത്തുക. നബി(സ)യൂടെ ജന്മദിനം ആചരിക്കുന്നതിന്റെ ഭാഗമായി വളരെ പുണ്യം എന്ന നിലയില്‍ ആളുകള്‍ പാരായണം ചെയ്തു വരുന്ന ഗ്രന്ഥങ്ങളാണ് മൗലൂദുകള്‍. മന്‍ഖൂസ് മൗലൂദ് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് ‘റബീഉല്‍ അവ്വല്‍ മാസത്തില്‍ നേര്‍മാര്‍ഗ്ഗ പ്രവാചക ചന്ദ്രനെ ഉദിപ്പിക്കുകയും ലോകം സൃഷ്ടിക്കുന്നതിനും മുന്‍പേ നബിയുടെ പ്രകാശത്തെ സൃഷ്ടിക്കുകയും അതിനെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തവന്‍ എത്രയോ പരിശുദ്ധന്‍.’ വിശുദ്ധ ഖുര്‍ ആനും തിരുനബിചര്യയുമാണ് ഇസ്ലാമിക പ്രമാണങ്ങള്‍. ആപ്രമാണങ്ങളുടെ ആശയങ്ങളുടെ കടക്ക് കത്തി വയ്ക്കുന്നതും ഇസ്ലാമിക വിരുദ്ധവും ആയ കാര്യമാണ് തുടക്കത്തില്‍ തന്നെ പറയുന്നത് എങ്കില്‍ തുടര്‍ന്നു പറയുന്നത് എത്ര മാത്രം ഭയാനകമായിരിക്കും എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.
മുഹമ്മദ് നബി(സ) പറഞ്ഞു. ഞാന്‍ രണ്ടു കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിട്ടേച്ചു പോകുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുവോളം കാലം നിങ്ങള്‍ വഴിപിഴക്കുകയില്ല അല്ലാഹുവിന്റെ കിതാബായ ഖുര്‍ആനും അവന്റെ ദൂതന്റെ ചര്യയുമാകുന്നു (ഹദീസ്). മുറുകെ പിടിക്കുകയാണെന്കില്‍ വഴിപിഴച്ചുപോകാത്ത കാര്യങ്ങളെ നമ്മുടെ സമൂഹം മാറ്റി വയ്ക്കുന്‌പോള്‍ വഴിപിഴച്ചു പോകും ഏന്നത് വസ്തുതയാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ നബി(സ)യെ ലോകര്‍ക്ക് കാരുണ്യം ആയിട്ടാണ് നിയോഗിച്ചത് എന്ന് പറയുന്നു. മൗലൂദില്‍ നബി(സ)യെ സൃഷ്ടിച്ചതിന് ശേഷം ലോകം സൃഷ്ടിച്ചു എന്നും പറയുന്നു. പ്രവാചകരുടെ പ്രകാശം ഒരു ഭാവനാ ലോകത്ത് നിലകൊള്ളുകയും മഹാന്മാരുടെ മുതുകെല്ലുകളിലൂടെയും മഹതികളുടെ ഗര്‍ഭപാത്രങ്ങളിലൂടെയും സഞ്ചരിച്ചു എന്നും പറയുന്നു. ഖുര്‍ആനിലോ ഹദീസുകളിലോ ഒരു സൂചന പോലും ഇതു സംബന്ധമായി പരാമര്‍ശിക്കുന്നേയില്ല.
നൂഹ് നബി (അ) കപ്പല്‍ നിര്‍മ്മിച്ചപ്പോഴും ഇബ്രാഹിം നബി(അ)യെ തീയിലെറിഞ്ഞപ്പോഴും പ്രവാചകരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന ശുദ്ധ അസംബന്ധവും മൗലൂദ് കിതാബുകളില്‍ നിറഞ്ഞു കിടക്കുന്നു. എന്നാല്‍ ‘നബീ മൂസാ നബി(അ) അല്ലാഹുവിന്റെ സന്ദേശം ഏറ്റു വാങ്ങുവാന്‍ പടിഞ്ഞാറേഭാഗത്ത് വരുമ്പോള്‍ നീ അവിടെ ഉണ്ടായിരുന്നില്ല'(വി:ഖു: 28:44) ‘യൂസുഫിനെ അവര്‍ (സഹോദരങ്ങള്‍) ഗൂഢാലോചന നടത്തിയപ്പോള്‍ നീ അവിടെ ഉണ്ടായിരുന്നില്ല’ (വി:ഖു.12:102)
ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്. എന്നാല്‍ മൗലൂദുകളില്‍ നബി(സ)യുടെ പ്രകാശം എല്ലാ കാലഘട്ടത്തിലും ഉണ്ടായിരുന്നു എന്നും പറയുന്നു. ആദം നബി(അ)യുടെ സൃഷ്ടിപ്പിന് മുന്‍പേ സൃഷ്ടിക്കപ്പെട്ട ആ പ്രകാശം എല്ലാ പ്രവാചകന്മാരുടെ ജനനത്തിലൂടെ പ്രത്യക്ഷപ്പെടുകയും അവരുടെ (പ്രവാചകന്മാരുടെ)ജീവിതകാലത്ത് അവര്‍ നേരിട്ട പ്രശ്‌നങ്ങളില്‍ ഇടപെട്ടു സഹായിച്ചു എന്നുമുള്ള അന്ധവിശ്വാസാധിഷ്ഠിതമായ അബദ്ധങ്ങളാണ് പറയുന്നത്. ഇങ്ങനെ എല്ലാ കാലഘട്ടത്തിലും പ്രതിസന്ധികളില്‍ സഹായിച്ച പ്രവാചകര്‍ (പ്രകാശം) നമ്മെ സഹായിക്കും എന്നും അതുകൊണ്ട് പുകഴ്ത്തി പുകഴ്ത്തി പ്രാര്‍ത്ഥന നടത്തുന്ന വരികളാണ് മൗലൂദുകളിലുള്ളത്. നബിദിനം എന്നത് കേവലം അനാചാരം മാത്രമല്ല. അത് അങ്ങേയറ്റത്തെ അപരാധമാകുന്നു. സ്വര്‍ഗം നിഷിദ്ധമാക്കുന്ന പാപമാകുന്നു.