21 Saturday
December 2024
2024 December 21
1446 Joumada II 19

സുഗന്ധം പരത്തുന്ന ഹൃദയം – ഡോ. അബ്ദുറഹ്മാന്‍ അല്‍ അശരി

ഒരു വ്യക്തി കാണുന്നതും കേള്‍ക്കുന്നതും തുടങ്ങി വാസനിക്കുന്നതും തിന്നുന്നതുമായ സൂക്ഷ്മപ്രവൃത്തികള്‍പോലും അയാളില്‍ അങ്ങേയറ്റം സ്വാധീനം ചെലുത്തുന്നുണ്ട്. ഹലാലായ ഭക്ഷണം അയാളുടെ ഹൃദയത്തിന് ആരോഗ്യം നല്‍കുന്നു. ഹറാമായ ഭക്ഷണം ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നു. സംസാരിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ പോലും ഹൃദയത്തെ സ്വാധീനിക്കുന്നു.
ദീന്‍ വിലക്കിയ സംഗതികളിലേക്ക് എല്ലാ അര്‍ഥത്തിലും തിരിയുന്ന വ്യക്തിയുടെ അവസ്ഥയൊന്ന് ആലോചിച്ചുനോക്കുക! നിഷിദ്ധകാര്യങ്ങളിലേക്ക് നോക്കുകയും കേള്‍ക്കുകയും, നിഷിദ്ധമായത് തിന്നുകയും കുടിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ഹൃദയവിശുദ്ധി എങ്ങനെ സാധ്യമാകാനാണ്?
ബുദ്ധി എന്നത് ഹൃദയത്തിന്റെ പ്രകാശമാണെങ്കില്‍ കാഴ്ച എന്നത് കണ്ണിന്റെ പ്രകാശമാണെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിഷിദ്ധകാര്യങ്ങളില്‍ മുഴുകുന്ന വ്യക്തിയുടെ ഹൃദയത്തിലെ പ്രകാശം അണഞ്ഞുപോകുന്നതോടെ യാതൊരു വിധ നന്‍മയും പ്രസരിക്കാതാവുന്നു. നബിതിരുമേനി(സ) പറഞ്ഞു: ”ഒരു മനുഷ്യന്‍ ഒരു പാപകൃത്യം ചെയ്താല്‍ അത് അയാളുടെ ഹൃദയത്തില്‍ ഒരു കറുത്ത പൊട്ട് പതിപ്പിക്കുന്നു. അയാള്‍ ആ പാപകൃത്യം ഉപേക്ഷിക്കുകയും പാപമോചനം ആഗ്രഹിച്ച് ഖേദിച്ച് മടങ്ങുകയും ചെയ്താല്‍ ആ കറുത്ത പാട് മാഞ്ഞുപോകുന്നു. അങ്ങനെ ഹൃദയം വിളങ്ങുന്നു. എന്നാല്‍ അയാള്‍ വീണ്ടും തെറ്റില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ഹൃദയം മൂടിക്കളയുമാറ് കറുപ്പ് വ്യാപിക്കുന്നു. അതാണ് ഖുര്‍ആനിലൂടെ അല്ലാഹു പറഞ്ഞ ഹൃദയത്തെ മൂടിക്കളയല്‍.” ഖുര്‍ആന്‍ പറയുന്നു: ”അല്ല, അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്‍മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്.” (അല്‍ മുത്വഫ്ഫിഫീന്‍ 14).
”തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അതത്രെ ഹൃദയം.”
അതായത്, ഹൃദയത്തില്‍ ദൈവഭയവും വിധേയത്വവും അനുസരണവും ഉണ്ടായാല്‍ നമ്മുടെ ശരീരത്തിന്റെ ഓരോ അവയവങ്ങളുടെയും ചലനത്തില്‍ ആ വിധേയത്വം പ്രകടമാകും. അവര്‍ കേള്‍ക്കുന്നത് ദൈവഭയം ഉളവാക്കുന്ന കാര്യങ്ങളായിരിക്കും. കാണുന്നത് തഖ്‌വയെ പരിപോഷിപ്പിക്കുന്ന സംഗതികളായിരിക്കും. നേരെമറിച്ച്, ഹൃദയത്തില്‍ ഭക്തി ഉറവയെടുക്കുന്നില്ലെങ്കില്‍ മറ്റുള്ളവരെ ഇടിച്ചുതാഴ്ത്താനും അവരോട് അനീതിപ്രവര്‍ത്തിക്കാനും ഇടയാക്കുന്ന വിദ്വേഷം, അസൂയ, കുത്തുവാക്ക് പറയല്‍, ഭൗതികപ്രമത്തത തുടങ്ങി പ്രതിലോമ സ്വഭാവങ്ങളാണ് ഉണ്ടാവുക.
ഇമാം ഇബ്‌നു റജബ് അല്‍ഹന്‍ബലി ഈ ഹദീസിനെ മുന്‍നിര്‍ത്തി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ”ഈമാനിനെ യാഥാര്‍ഥ്യമാക്കുന്നത് ഹൃദയമാണ്. അങ്ങനെ വന്നാല്‍ അവയവങ്ങള്‍ വിനീതദാസ്യ (ഇസ്‌ലാം) ത്തിന്റെ അടയാളങ്ങളാണ് പ്രകടിപ്പിക്കുക. നന്‍മേഛുവായ മനുഷ്യന്‍ പാപങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നത് അയാളുടെ ഹൃദയത്തിലെ ഈമാന്റെ തോതനുസരിച്ചാണ്. ആ ഹൃദയത്തില്‍ അല്ലാഹുവിനോടുള്ള ഇഷ്ടവും അല്ലാഹുവിന്റെ പ്രീതി, കോപം എന്തിലെല്ലാമാണെന്നതിനെക്കുറിച്ച അറിവും, അല്ലാഹുവിനെക്കുറിച്ച ഭയവും ഉണ്ടെങ്കില്‍ സ്വാഭാവികമായും അയാളുടെ കര്‍മങ്ങളില്‍ അതെല്ലാം പ്രതിഫലിക്കും.”
ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും അല്ലാഹുവിന് ഇഷ്ടമില്ലാത്തതിനെയെല്ലാം സ്‌നേഹിക്കുകയും കൊതിക്കുകയും ചെയ്യുന്നയാളുടെ ഹൃദയം. ഭൗതിക കാമനകളുടെ പിറകെയോടുന്ന അയാളുടെ ഹൃദയം കാരണമായി ശരീരം പാപങ്ങളോടൊപ്പം നിലകൊള്ളും. മാത്രമല്ല, ക്രമേണ ആ പാപങ്ങളെ ദൈവവും ആഗ്രഹസാഫല്യവും ആയി ഗണിക്കുകയും ചെയ്യും.
ഇമാം ഈ രണ്ട് സംഗതികളെയും താരതമ്യം ചെയ്തുകൊണ്ട് ഇപ്രകാരം എഴുതുന്നു: ”ഹൃദയമാണ് എല്ലാ അവയവങ്ങളുടെയും രാജാവ് എന്ന് പറയുന്നത് അതുകൊണ്ടാണ്. അവയവങ്ങളെല്ലാം അതിന്റെ കല്‍പന ശിരസ്സാവഹിക്കുന്ന പട്ടാളക്കാര്‍ മാത്രം. പട്ടാളക്കാരായ അവയവങ്ങള്‍ രാജാവിന്റെ കല്‍പനകളേ അനുസരിക്കുകയുള്ളൂ. അതിന് എതിരായി ഒന്നും പ്രവര്‍ത്തിക്കില്ല. അതിനാല്‍ രാജാവ് നല്ലവനാണെങ്കില്‍ പട്ടാളക്കാരും നല്ലതു മാത്രമേ ചെയ്യുകയുള്ളൂ. എന്നാല്‍ രാജാവ് മ്ലേഛനാണെങ്കില്‍ പട്ടാളക്കാരായ അവയവങ്ങള്‍ ചെയ്യുന്നതും മ്ലേഛവൃത്തികളായിരിക്കും.”
സ്വഹാബിയായ സല്‍മാനുല്‍ ഫാരിസി പറയുന്നു: ”എല്ലാ മനുഷ്യരിലും ഹൃദയവിചാരങ്ങളും പ്രകടവിചാരങ്ങളും ഉണ്ട്. ആരെങ്കിലും ഹൃദയവിചാരങ്ങളെ സംസ്‌കരിക്കുകയും നന്നാക്കുകയും ചെയ്താല്‍ അല്ലാഹു അയാളുടെ പ്രകടവിചാരങ്ങളും പ്രവൃത്തികളും നന്നാക്കും. ഇനി ആരെങ്കിലും ഹൃദയവിചാരങ്ങളെ ദുഷിപ്പിച്ചാല്‍ അല്ലാഹു അവന്റെ ബാഹ്യകര്‍മങ്ങളെയും മോശമാക്കും.”
ഖലീഫമാരിലൊരാളായ അലിയ്യുബ്‌നു അബീത്വാലിബ്(റ) അതേ കാര്യം മുമ്പ് പറഞ്ഞിട്ടുണ്ട്: ”ഒരാള്‍ ഒരു ദുര്‍വൃത്തി ചെയ്താല്‍ അയാളെത്ര തന്നെ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അല്ലാഹു അത് അയാളുടെ മുഖഭാവത്തിലൂടെയും നാവിലൂടെയും വെളിപ്പെടുത്തുക തന്നെ ചെയ്യും.” അതായത്, അങ്ങേയറ്റം ദുര്‍മാര്‍ഗത്തിലും അധാര്‍മികതയിലും എത്തിപ്പെട്ട വ്യക്തി എത്ര തന്നെ ഭക്തിയും പ്രകടനാത്മകതയും പ്രസരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചാലും ശരി, അവരുടെ ഹൃദയാന്തരാളങ്ങളിലെ കറ ലോകര്‍ക്കുമുമ്പാകെ തുറന്നുകാട്ടും. അതാണ് നന്മയും തിന്‍മയും തമ്മിലുള്ള വ്യത്യാസം. ഇക്കാരണം കൊണ്ടാണ് ഹൃദയങ്ങളെ വിറകൊള്ളിക്കുന്ന മുന്നറിയിപ്പുകളോ ഖുര്‍ആന്‍ സൂക്തങ്ങളോ കേള്‍ക്കുന്ന മാത്രയില്‍ ധര്‍മിഷ്ഠരായ ആളുകള്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടുന്നത്. അതേസമയം ധിക്കാരികളില്‍ അത് ലവലേശം പോലും മാറ്റം സൃഷ്ടിക്കുന്നില്ല. ചെറുമഴ പെയ്യുന്നതിന്റെ തൊട്ടുപിന്നാലെ കായ്കനികള്‍ നല്‍കുന്ന ചെടികളെ മുളപ്പിക്കും വിധം ഫലഭൂയിഷ്ടമായ ഭൂമിയും ഒരു പുല്‍ക്കൊടി പോലും മുളക്കാത്ത മരുഭൂമിയും നമ്മുടെ കണ്‍മുന്നിലുള്ള കാഴ്ചയാണല്ലോ. മനുഷ്യമനസ്സുകളും അത്തരത്തില്‍ ഭിന്ന പ്രകൃതിയുള്ളവയാണ് എന്ന് അതിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയാണ്. ഹൃദയത്തിന്റെ അവസ്ഥയും അവ്വിധം തന്നെ. വിശ്വാസിയായ മനുഷ്യന്റെ ഹൃദയത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ എല്ലാ സദ്ഗുണങ്ങളെയും പ്രതിഫലിപ്പിക്കാന്‍ തുടങ്ങുന്നു. എല്ലാ അര്‍ഥത്തിലുമുള്ള ഉദ്‌ബോധനങ്ങളും ഭക്തിമാര്‍ഗങ്ങളും അവലംബിക്കുന്ന ഹൃദയാലുക്കള്‍ അവരുടെ പ്രവൃത്തികളിലൂടെ കൂടുതല്‍ കീഴ്‌വണക്കത്തിന്റെയും അനുസരണത്തിന്റെയും മാതൃക കാഴ്ചവെക്കുന്നു.
ഇസ്‌ലാമിക സമൂഹത്തെപ്പോലെ സദ്ഗുണ സമ്പന്നരായ സ്ത്രീ പുരുഷ ജനതകളെ മറ്റൊരു ദേശരാഷ്ട്രവും ഉണ്ടാക്കിയെടുത്തിട്ടില്ല. ഒറ്റ ഖുര്‍ആനിക സൂക്തം കൊണ്ടു മാത്രം മനപ്പരിവര്‍ത്തനം സംഭവിച്ച എത്രയെത്ര സംഭവങ്ങളാണ് ചരിത്രത്തില്‍ നമുക്ക് കാണാനാകുന്നത്. അല്ലാഹുവിന്റെ ഭാഷണങ്ങള്‍ അവരുടെ ഹൃദയകങ്ങളിലേക്ക് തുളച്ചുകയറുകയായിരുന്നു.
ഒരു വിശ്വാസി ഏറ്റവും കൂടുതല്‍ പരിഗണിക്കേണ്ടതും പരിരക്ഷിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതുമായ അവയവം ഹൃദയമാണ്. ആത്മീയപോഷണങ്ങളുടെയും ധാര്‍മികവിഭവങ്ങളുടെയും കുറവാണ് മനുഷ്യരിലെ വിപരീതധ്രുവസ്വഭാവങ്ങള്‍ക്ക് കാരണം.
ഇമാം ഹസന്‍ബസ്വരി തന്റെ വസതിയില്‍ ആത്മീയ ദര്‍സുകള്‍ നടത്തിയിരുന്നത് ഹൃദയത്തെ നിര്‍മലപ്പെടുത്താനായിരുന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്. പണ്ഡിതോചിതമായ സദസ്സുകളില്‍ ഏതെങ്കിലും വിഷയത്തില്‍ ശ്രോതാക്കള്‍ പരിധി കവിയും വിധം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു.”ഹൃദയത്തെ ചികിത്സിക്കൂ. എന്തെന്നാല്‍ ഹൃദയവിശുദ്ധിയാണ് അല്ലാഹു തന്റെ അടിമയില്‍നിന്ന് ആഗ്രഹിക്കുന്നത്” എന്നദ്ദേഹം അവരെ ഉണര്‍ത്തുകയാണ് ചെയ്യുക. അതിലൂടെ നബിതിരുമേനി (സ) ഉപദേശിച്ച കാര്യം അദ്ദേഹം ഊട്ടിയുറപ്പിച്ചു. ”അല്ലാഹു നിങ്ങളുടെ വേഷഭൂഷാദികളിലേക്കോ സമ്പത്തിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയാന്തരാളങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ്” എന്നാണല്ലോ നബിതിരുമേനി പഠിപ്പിച്ചത്.
അതിനാല്‍ ജീവിതത്തിലെ ദൈനംദിനകൃത്യങ്ങളുടെയും കൃത്യാന്തരബാഹുല്യങ്ങളുടെയും പേരുപറഞ്ഞ് ആത്മീയവിശുദ്ധി നേടുന്നതില്‍ അശ്രദ്ധരാകരുത്. വിജ്ഞാനസമ്പാദനത്തിനും പ്രബോധനദൗത്യത്തിനുമുള്ള തിരക്കുകള്‍ പോലും ഹൃദയത്തെ അവഗണിക്കുന്നതിന് കാരണമാകാന്‍ ഇസ്‌ലാം സമ്മതിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ ഈമാനിനും അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനും വെളിച്ചമായി വര്‍ത്തിക്കുന്നത് ഹൃദയവിശുദ്ധിയാണ്.
അബ്ദുല്ലാ അസ്സാം പറയുന്നു: ”എല്ലാ ആരാധനാ കര്‍മങ്ങളെയും ചലിപ്പിക്കുന്നത് ഹൃദയമെന്ന യന്ത്രമാണ്. അതുമുഖേനയാണ് ശരീരമാസകലം ചൈതന്യവത്താകുന്നത്. ഹൃദയം സജീവമായിരിക്കുന്നിടത്തോളം കാലം അവയവങ്ങളും സജീവമായിരിക്കും. അതുവഴി, ആത്മാവ് ഭക്തിമാര്‍ഗത്തിലേക്ക് സദാ കണ്ണുനട്ടിരിക്കും. ഹൃദയത്തിന് അസുഖം ബാധിച്ചാല്‍ ഓരോ ഇബാദത്തുകളും ആത്മാവിന് ഭാരമായിത്തീരും. അങ്ങനെ കര്‍മങ്ങളോട് വിമുഖതയും വെറുപ്പും പ്രകടിപ്പിക്കും. അതിനാല്‍ നാം അല്ലാഹുവിനോട് അത്തരം അസുഖങ്ങളില്‍നിന്ന് അഭയംതേടേണ്ടതുണ്ട്.” ഖുര്‍ആന്‍ പറയുന്നു: ”കാതും കണ്ണും ഹൃദയവുമെല്ലാം ചോദ്യംചെയ്യപ്പെടുന്നതുതന്നെ.” (അല്‍ഇസ്‌റാഅ് 36)
Back to Top