മൗലികവാദങ്ങളും ഇസ്‌ലാമിന്റെ സൈദ്ധാന്തിക സമീപനങ്ങളും – എം എസ് ഷൈജു
ചരിത്രപരമല്ലാത്ത മത വീക്ഷണമാണ് മൗലികവാദികളെ സൃഷ്ടിക്കുന്ന ഒരു പ്രധാന ഘടകമെന്നാണ് ഫരീദ് ഇസാക്ക് വിലയിരുത്തുന്നത്. ഇസ്‌ലാമിക മൗലികവാദത്തിലേക്കുള്ള പ്രവേശന കവാടത്തെ സ്ഥാപിക്കുന്ന ഒരു നിലപാട് കൂടിയാണിത്. നിലനില്‍ക്കുന്ന ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങളും തങ്ങളുടെ കൈയ്യിലുള്ള മതവും മതഗ്രന്ഥങ്ങളും പരിഹരിക്കുമെന്ന അതിവിശ്വാസങ്ങളാണ് ചരിത്രപരമല്ലാത്ത മത വീക്ഷണങ്ങളെ സൃഷ്ടിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. മനുഷ്യര്‍ കഴിച്ച് കൂട്ടുന്ന കാലത്തിനോ ആ കാലത്തിന്റെ സവിശേഷതകള്‍ക്കോ രാഷ്ട്രീയത്തിനോ വിജ്ഞാനങ്ങള്‍ക്കോ മതങ്ങളുടെ വ്യാഖ്യാനങ്ങളില്‍ ഒരു പങ്കുമില്ലെന്ന തീര്‍പ്പുകളാണ് ഇത്തരക്കാര്‍ക്ക് ഉയര്‍ത്താനുണ്ടാകുക. മതത്തെ ചരിത്രത്തില്‍ മാത്രം തിരയുകയും ചരിത്രം കൊണ്ട് തൃപ്തിയടയുകയും ചെയ്യുന്ന ഇത്തരക്കാര്‍ യഥാര്‍ഥത്തില്‍ മതത്തിന്റെ ചരിത്രത്തോട് തന്നെയാണ് വെല്ലുവിളി നടത്തുന്നത്. ചരിത്രത്തിന്റെ തുടര്‍ച്ചകളാണ് വര്‍ത്തമാനങ്ങളെ സൃഷ്ടിക്കുന്നത്. വര്‍ത്തമാന വ്യാഖാന സാധ്യതകളെ തിരസ്‌കരിക്കുക വഴി മതത്തിന്റെ ചരിത്രപരമായ തുടര്‍ച്ചകളെ നിഷേധിക്കുകയും, മതത്തെ ഒരു സമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മനസിലാക്കാന്‍ ഇവര്‍ കൂട്ടാക്കില്ല. വര്‍ത്തമാന കാലത്തിന്റെ സമസ്യകളെ അഭിസംബോധന ചെയ്യാന്‍ കെല്പുള്ളതാണ് മതമെന്ന് അവകാശപ്പെടുമ്പോള്‍ വര്‍ത്തമാനത്തിന്റെ സവിശേഷതകളും വിജ്ഞാനങ്ങളും കൊണ്ട് മതപ്രമാണങ്ങളെ വ്യാഖാനിക്കേണ്ടതുണ്ട്. അത് വഴി ചരിത്രപരമായ തിരുത്തലുകള്‍ക്കും തയാറാകാണം. എന്നാല്‍ ഈ വീക്ഷണക്കാര്‍ക്ക് മതത്തിന്റെ പേരിലുള്ള തിരുത്തലുകളും തെറ്റ് സമ്മതിക്കലും ഒരിക്കലും അനുവദിക്കാന്‍ കഴിയാത്ത അസഹനീയതകളായിരിക്കും. നിലപാടുകളിലെ തിരുത്തല്‍ മതത്തിന്റെ പരാജയമാണെന്ന ഉള്‍ഭയം കൊണ്ടാണ് മൗലികവാദം ശക്തിയാര്‍ജിക്കുന്നത്.
മൗലികവാദത്തിന്റെ രണ്ടാമത്തെ ലക്ഷണമായി എണ്ണപ്പെടുന്നത് കാര്‍ക്കശ്യമാര്‍ന്ന മതാചാര പ്രതിബദ്ധതയാണ്. മതത്തിന്റെ അധികാരങ്ങളുടെയും മതത്തിനുള്ളിലെ അംഗീകാരങ്ങളുടെയും ചിഹ്നങ്ങളായി മതാചാരങ്ങള്‍ പരിണമിക്കാന്‍ തുടങ്ങുന്നതോടെ ഈ വാദം പ്രതിലോമമാകാന്‍ തുടങ്ങും. മതത്തിന്റെ ജീവവായുവായി ആചാരങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയും അതിനാവശ്യമായ പിന്തുണകളെ മതത്തിനുള്ളില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യും. മുസ്‌ലിം ലോകത്തെ ആചാരങ്ങളുടെ വൈജാത്യങ്ങള്‍ക്കിടയില്‍ നിന്ന് തങ്ങളുടേതായ ഒരു റിച്ച്വല്‍ ഐഡന്റിറ്റി (ആചാര സ്വത്വം) ഇത്തരക്കാര്‍ സൃഷ്ടിക്കും. തങ്ങളും മറ്റുള്ളവരും തമ്മില്‍ നിലനില്‍ക്കേണ്ട, കാഴ്ചയിലും ശൈലിയിലുമുള്ള വേറിടലുകളിലായിരിക്കും ഇത്തരക്കാര്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുക. ഈ വേറിടലുകള്‍ മതത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങളാണെന്ന് ഇവര്‍ വിശ്വസിക്കുകയും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സംഭവിക്കുന്ന ന്യൂനതകള്‍ മതത്തിന്റെ ഗുരുതരമായ വീഴ്ചയായി എണ്ണുകയും ചെയ്യും. പ്രവാചക ചര്യകളായി ലോകത്ത് നില നില്‍ക്കുന്ന അനേകക്കണക്കിന് ആചാരങ്ങളില്‍, തങ്ങള്‍ക്ക് പല കാരണങ്ങളും കൊണ്ട് സ്വീകാര്യമായവയില്‍ മാത്രമായി ഇസ്‌ലാമിന്റെ തനിമയെ അവര്‍ തളച്ചിടും. ഇതരന്‍, അവന്റെ നിലപാടുകള്‍ക്കും തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള അവകാശം ഇത്യാദി മാനവിക ബോധങ്ങളൊന്നും ഇവര്‍ വെച്ച് പൊറുപ്പിക്കുകയേയില്ല.
പ്രമാണ പ്രതിബദ്ധതയിലെ മിഥ്യാബോധങ്ങളാണ് മൗലികവാദത്തെ സൃഷ്ടിക്കുന്ന ഏറ്റവും പ്രധാനമായ ഒരു ഘടകമെന്ന് ഇസാക്ക് നിരീക്ഷിക്കുന്നു. വിശൂദ്ധ ഖുര്‍ആനെയും അംഗീകൃതവും സ്വീകാര്യവുമായ ഹദീസുകളെ (പ്രവാചക വചനങ്ങള്‍)യുമാണ് പ്രമാണങ്ങള്‍ കൊണ്ട് ഇസ്‌ലാമിക ലോകത്ത് വിവക്ഷിക്കപ്പെടുന്നത്. ഈ പ്രമാണങ്ങളോടുള്ള കൂറും പ്രതിബദ്ധതയും മുസ്‌ലിം ലോകത്ത് വിമര്‍ശനമില്ലാതെ അംഗീകരിക്കപ്പെടുന്നവയാണ്. പ്രമാണങ്ങളെന്നാല്‍ ഒരു കാലത്ത് മതം സ്വീകരിച്ച ജീവിത മൂല്യങ്ങളുടെയും ദര്‍ശനങ്ങളുടെയും രേഖിത രൂപങ്ങളാണ്. വലിയ ലക്ഷ്യങ്ങളെയും ജീവിതാദര്‍ശത്തെയും അടക്കം ചെയ്തിരിക്കുന്ന പ്രമാണങ്ങളിലെ മൂല്യങ്ങള്‍ ചോര്‍ന്ന് പോയാല്‍ അവയുടെ അക്ഷരങ്ങള്‍ക്ക് വിശുദ്ധി നഷ്ടപ്പെടും. ഹൃദയം കൊണ്ട് മാത്രം ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്ന പ്രമാണങ്ങളെ കൈകളില്‍ ഭദ്രമാക്കി, സ്വന്തമാക്കി നില്‍ക്കുന്നവരാണ് മൗലികവാദത്തിന്റെ മറ്റൊരു പ്രായോജകര്‍. മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ തുറകളെയും അക്ഷരങ്ങളും പ്രമാണങ്ങളും കൊണ്ട് നിര്‍ധാരണം നടത്താനും അത് വഴി നല്ലവരെയും ചീത്തയാളുകളെയും കണ്ടെത്തുവാനും തുനിഞ്ഞിറങ്ങുന്നവര്‍ പ്രമാണങ്ങളിലെ ജീവിത ഗന്ധിയായ മൂല്യങ്ങളെയും അവ ഉന്നം വെക്കുന്ന ലക്ഷ്യങ്ങളെയും കാര്യമായി പരിഗണിക്കാറില്ല. മത മൂല്യങ്ങളാണ് മതത്തിന്റെ ശരിയായ പ്രമാണങ്ങളെന്നും അക്ഷരങ്ങള്‍ക്കല്ല; അവയില്‍ അടക്കം ചെയ്തിരിക്കുന്ന ആശയങ്ങള്‍ക്കും അവയുടെ പ്രായോഗങ്ങള്‍ക്കുമാണ് വിശുദ്ധിയെന്നുമുള്ള വീക്ഷണങ്ങളോട് ഒട്ടും സഹിഷ്ണുത പുലര്‍ത്താന്‍ പ്രമാണ പ്രതിബദ്ധതാ വാദികള്‍ക്ക് കഴിയാറില്ല.
പതിനാല് നൂറ്റാണ്ട് മുമ്പ് മദീനയില്‍ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്ത് ആവിഷ്‌കരിച്ച സാമൂഹിക ക്രമീകരണങ്ങളും അതിന്റെയടിസ്ഥാനത്തില്‍ അന്ന് ആവിഷ്‌കരിക്കപ്പെട്ട നിയമങ്ങളും അതുപോലെ തന്നെ ഇന്നത്തെ സാമൂഹിക പശ്ചാത്തലങ്ങളിലേക്ക് പുനര്‍വിന്യാസം നടത്തുന്നത് വഴി പൂര്‍ത്തിയാകുന്നതാണ് ഇസ്‌ലാമിന്റെ ശരീഅത്ത് സങ്കല്പങ്ങളെന്ന വിശ്വാസവും അതിന്റെയടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ശരീഅത്ത് സംരക്ഷണ പദ്ധതികളുമാണ് മൗലികവാദങ്ങളെ വളര്‍ത്തുന്ന മറ്റൊരു സുപ്രധാന ഘടകം. മതജീവിതം നയിക്കുന്ന ആളുകളെ വേഗം ആകര്‍ഷിക്കാന്‍ സാധിക്കുന്ന ഇത്തരം ശരീഅത്ത് സംരക്ഷകര്‍ പ്രതിനിധാനം ചെയ്യുന്നതും മതത്തിന്റെ പേരിലുള്ള പ്രതിലോമ നിലപാടുകളെയാണ്. വിദൂരമായ ഒരു ഭൂതകാലത്തിലെ ഇസ്‌ലാമിന്റെ സാമൂഹിക കാഴ്ചപ്പാടുകളെയും അതിനെ ആധാരമാക്കി രൂപപ്പെടുത്തിയ നിയമങ്ങളെയും പുനരാവിഷ്‌കരിച്ച് പൂര്‍ത്തിയാക്കലിലേക്ക് ഇസ്‌ലാമിന്റെ എല്ലാ ദൗത്യങ്ങളേയും ചുരുക്കുന്ന ഈ വീക്ഷണങ്ങള്‍ പശ്ചാത്തലപരതക്ക് ഒട്ടും പ്രാധാന്യം കൊടുക്കുന്നില്ല. ശരീഅത്ത് എന്ന ആശയത്തിന്റെ ഉല്പാദനപരതയേയും അതിന്റെ വികാസക്ഷമതയേയും തെല്ലും പരിഗണിക്കാതെ ഇക്കൂട്ടര്‍ മതത്തെ പൂര്‍ണമായും ചില നിയമങ്ങളുടെ തടവറകളില്‍ തളച്ചിടുകയും ശരീഅത്തുമായി ബന്ധപ്പെട്ട് പൊതു സമൂഹം നടത്തുന്ന ചര്‍ച്ചകളില്‍ എപ്പോഴും അവിശ്വാസം പ്രകടിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും. മതത്തിനുള്ളിലും അതിന് പുറത്തും കരുത്താര്‍ജിക്കുന്ന ഈ അവിശ്വാസങ്ങള്‍ സഹിഷ്ണുതയുടെ അതിര്‍ വരമ്പുകളെ ലംഘിക്കുകയും മൗലികവാദത്തെ നിര്‍മിക്കാന്‍ ആരംഭിക്കുകയും ചെയ്യും. തങ്ങളുടെ നിലപാടുകളെ അംഗീകരിക്കാത്തവരെ മതത്തിനുള്ളില്‍ നിന്ന് ബഹിഷ്‌കരിക്കുവാന്‍ മാത്രമായ അസഹിഷ്ണുത ഇത്തരക്കാര്‍ വെച്ച് പുലര്‍ത്തുന്നുണ്ടാകും.
തങ്ങള്‍ വിശ്വസിക്കുന്ന, തങ്ങളുടേത് മാത്രമായ നിലപാടുകളിലും തങ്ങള്‍ മുന്നോട്ട് വെക്കുന്ന ധര്‍മാധര്‍മ സങ്കല്പങ്ങളിലും പൂര്‍ണമായും പങ്ക് ചേരാത്ത മുഴുവന്‍ മനുഷ്യരോടും ശത്രുതാപരമായ അസഹിഷ്ണുതകള്‍ നിലനിര്‍ത്തലാണ് മതത്തിലെ മൗലികവാദത്തിന്റെ മറ്റൊരു ലക്ഷണം. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘ/സംഘടനാ താത്പര്യങ്ങള്‍ക്ക് മറ്റെല്ലാത്തിനെക്കാളും പ്രാധാന്യം നല്‍കല്‍ ഈ വീക്ഷണക്കാരുടെ ഒരു ലക്ഷണമാണ്. സ്വന്തം നിലപാടുകളെ വിമര്‍ശിക്കുന്നവരെല്ലാം മതത്തിനെ തന്നെ എതിര്‍ക്കുകയാണെന്നും ഇവര്‍ വിശ്വസിക്കുന്നു. സാമുദായികതയുടെ എല്ലാ കുടുസുകളെയും മതത്തിന്റെ മേല്‍വിലാസങ്ങളിലൂടെ ഇവര്‍ സംരക്ഷിച്ച് നിര്‍ത്തുകയും സ്വത്വപരമായ ശാക്തീകരണങ്ങളില്‍ മത ദര്‍ശനങ്ങളെ ന്യൂനീകരിക്കുകയും ചെയ്യും. ശത്രുക്കള്‍ മിത്രങ്ങള്‍ എന്നീ ബൈനറികളിലാണ് മതത്തിന്റെ സാമൂഹിക ബന്ധങ്ങളെ ഇവര്‍ വിലയിരുത്തുന്നത്. എതിര്‍ പക്ഷത്ത് ഒരു വലിയ ശത്രുവുണ്ടെന്ന ഭീതി പരത്തി സ്വന്തം അടിത്തറകളെ ശാക്തീകരിച്ച് കൊണ്ടേയിരിക്കും, ഈ നിലപാടുകാര്‍.
ജനാഭിലാഷങ്ങള്‍ക്കും അഭിപ്രായ ഏകീകരണങ്ങള്‍ക്കും ഇസ്‌ലാമില്‍ യാതൊരു സ്ഥാനവും കല്പിച്ച് കൊടുക്കാതിരിക്കല്‍ മൗലികവാദത്തിന്റെ ഒരു ലക്ഷണമാണ്. ഭരണം എന്ന ഒരു ലക്ഷ്യത്തിലാകും സദാ ഇത്തരക്കാര്‍ കണ്ണ് വെയ്ക്കുക. ഇസ്‌ലാമിന്റെ ഭരണം എന്ന ലക്ഷ്യത്തിനായി ചെയ്ത് കൂട്ടുന്ന എല്ലാ അമാനവികതകളെയും ഖുര്‍ആന്‍, പ്രവാചക ചര്യ എന്നിവ കൊണ്ട് നീതികരിക്കാന്‍ ഇവര്‍ സാമര്‍ഥ്യം കാണിക്കും. തങ്ങള്‍ മനസിലാക്കുകയും വ്യാഖാനിക്കുകയും ചെയ്ത ഒരു ദൈവിക ദര്‍ശനത്തിന്റെ ഭരണം ഭൂമിയിലെ തങ്ങളുടെ ഉത്തരവാദിത്വമായി ഇവര്‍ മനസിലാക്കുന്നു. മൗലികവാദത്തിന്റെ ഏറ്റവും അപകടകരവും ആക്രമണോത്സുകമായതുമായ ഒരു ഭാവമാണിത്. മനുഷ്യത്വത്തേയും മാനവികതേയയും ആദ്യം തന്നെ കശാപ്പ് ചെയ്യുന്ന ഈ വാദങ്ങള്‍ മതത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നതോടെ മതം ഉയര്‍ത്തുന്ന നന്മയും നീതിബോധങ്ങളും തകര്‍ന്നടിയും. മതത്തിന്റെ യഥാര്‍ഥ ശത്രുക്കള്‍ ഇവരാണെന്ന് മത സമൂഹങ്ങള്‍ തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും മതത്തിന്റെ പിന്തുടര്‍ച്ചകളെല്ലാം ഇവര്‍ അപഹരിച്ചെടുത്തിരിക്കും.
മതത്തിന് പുറത്ത് മറ്റൊരു നന്മയുമില്ല എന്ന വീക്ഷണം മൗലികവാദത്തിന്റെ ലക്ഷണമാണ്. ബാഹ്യമായ നന്മകളെയെല്ലാം ഈ വീക്ഷണക്കാര്‍ റദ്ദ് ചെയ്ത് കളയുകയും എല്ലാത്തരം നന്മകളെയും മതം സ്വയമേ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുകയും ചെയ്യും. തങ്ങളുടെ മത വീക്ഷണം പുലര്‍ത്താത്തത് കൊണ്ട് മറ്റുള്ളവരുടെ നന്മകള്‍ അപ്രസക്തമാണെന്നും ഇവര്‍ കരുതും. ഉദാഹരണത്തിന്, ഒരു ഓട്ട മത്സരത്തില്‍ ട്രാക്ക് തെറ്റി ഓടിയവനെപ്പോലെയാണ് നന്മകള്‍ ചെയ്യുന്ന ഇതരരെ ഇവര്‍ കാണുക. സ്വന്തം ട്രാക്കില്‍ ഓടിയവന്‍ പിറകിലായിപ്പോകുമ്പോഴും അവന്റെ വിജയത്തിന് മാത്രമേ നിയമ സാധുതയുള്ളൂ എന്നും ഇവര്‍ കരുതുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണെന്ന് ഭാവിക്കുന്നെങ്കിലും തങ്ങളല്ലാത്ത മുഴുവന്‍ മനുഷ്യരേയും നഷ്ടകാരികളില്‍ എണ്ണുന്ന മത നയമാകും ഇവര്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്.
മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന സമീപനങ്ങളെ എണ്ണപ്പെടേണ്ടത് വികാസപരമായോ ശ്രേണീപരമായോ അല്ല. ഒന്ന് മുതല്‍ ഏഴ് വരെ ക്രമമായി വളര്‍ന്ന് വരുന്ന നിലപാടുകളല്ല ഇവയൊന്നും എന്നര്‍ഥം. ഏത് നിലപാടുകള്‍ കൊണ്ടും ആരംഭിക്കാവുന്നതും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പടര്‍ന്ന് കയറാവുന്നതുമായ അടിസ്ഥാന പ്രത്യയ ശാസ്ത്രമാണിവയ്‌ക്കൊക്കെ ഉള്ളത്. സൗകര്യത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് ഈ നിലപാടുകള്‍ കൈക്കൊള്ളുന്നവരാകും ഇസ്‌ലാമിന്റെ പേരിലുള്ള എല്ലാ മൗലിക വാദങ്ങളെ പുല്‍കുന്നത്. തങ്ങള്‍ മാത്രമാണ് ശരിയെന്ന തീര്‍പ്പുകള്‍ ഇവര്‍ ശക്തമായി ഉയര്‍ത്തുകയും മതത്തിന്റെ മുഖ്യധാരയ്ക്ക് വെളിയില്‍ നടക്കുന്ന ആത്മാന്വേഷണങ്ങളെയും വൈജ്ഞാനിക വായനകളേയും അതിശക്തമായി തിരസ്‌കരിക്കുകയും ചെയ്യും. ഖൗം (നമ്മുടെ ആളുകള്‍) ഉമ്മത്ത് (മുസ്‌ലിം സമുദായം) എന്നീ വികാരങ്ങളുയര്‍ത്തി തങ്ങളുടെ അനിവാര്യതകളെ മതത്തിനുള്ളില്‍ ഊട്ടിയുറപ്പിക്കാന്‍ ഇവരൊക്കെ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഇതരരുടെ ജീവിതത്തിന്റെ അനേകം തുറകളില്‍ നേരിട്ടിടപെടുകയും സ്വന്തം കാര്‍ക്കശ്യങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സ്വഭാവം ലോകത്തെ എല്ലാ മൗലിക വാദികളും വെച്ച് പുലര്‍ത്തുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന ഈ സ്വഭാവം മതത്തിന്റെ പേരില്‍ രൂപം കൊള്ളുന്ന മൗലികവാദങ്ങളും അത് പോലെ തന്നെ സ്വീകരിക്കുകയാണ്. അത് തങ്ങളുടെ സിദ്ധാന്തപരമായ ബാധ്യതയാണെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടര്‍ എല്ലാത്തരം പരിഷ്‌കരണങ്ങളോടും പുനര്‍വായനകളൊടും ശത്രുത വെച്ച് പുലര്‍ത്തുന്നവരായിരിക്കും. വര്‍ത്തമാന സാഹചര്യങ്ങളില്‍ ഇസ്‌ലാം നേരിട്ട് കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളില്‍ പ്രത്യുല്പാദന പരതയോടെയും യുക്തിയോടെയും ഇടപെടുന്നതിനും മതവും ബാഹ്യ സമൂഹവും തമ്മില്‍ ഉടലെടുക്കേണ്ട ഗുണപരമായ സംവാദങ്ങളുടെ സൃഷ്ടിപ്പുകള്‍ക്കുമായി മതത്തിന്റെ സാമൂഹ്യശാസ്ത്രപരമായ വിശകലനങ്ങള്‍ കൂടുതല്‍ വേണ്ടതുണ്ട്. മതവും അതിന്റെ ദര്‍ശനങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന തെറ്റായ നിലപാട് തറകളില്‍ നിന്നും അവയെ അതിന്റെ യോജ്യമായ ഇടങ്ങളെ കണ്ടെത്തി മാറ്റി പ്രതിഷ്ഠിക്കുകയും പുനരാനയിക്കുകയും ചെയ്യുക വഴി മതം വിശുദ്ധമാക്കപ്പെടുകയേയുള്ളൂവെ ന്ന തിരിച്ചറിവുകള്‍ ശക്തമാകുന്ന ഒരു കാലത്ത് ഈ സംവാദങ്ങള്‍ നടന്നിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
References
1) Holy Qur’an Malayalayam Translation by
Dr. Bahavudeen Nadvi Kooriyaad
2)’Muhammad’ by Martin Lings
Qur’an Liberation and Pluralism by Farid
Esack
3)Islam Globalization and Post Modernity
by Akbar S Ahamad
4)Desperately Seeking Paradise by
Smiyavuddeen Sardar
5) Radical Reform by Tariq Ramadan
6) Islamic Encyclopaedia by IPH
1) Holy Qur’an Malayalayam Translation by
Dr. Bahavudeen Nadvi Kooriyaad
2)’Muhammad’ by Martin Lings
Qur’an Liberation and Pluralism by Farid
Esack
3)Islam Globalization and Post Modernity
by Akbar S Ahamad
4)Desperately Seeking Paradise by
Smiyavuddeen Sardar
5) Radical Reform by Tariq Ramadan
6) Islamic Encyclopaedia by IPH