11 Sunday
January 2026
2026 January 11
1447 Rajab 22

സൗദി ജയിലുകള്‍ക്കെതിരെ ആംനസ്റ്റി

സൗദി അറേബ്യയിലെ ജയിലുകള്‍ക്കെതിരെ പരസ്യമായ വിമര്‍ശങ്ങളുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. സൗദി അറസ്റ്റ്  ചെയ്ത് ജയിലിലടച്ച പ്രതികളോട് അധികൃതര്‍ പെരുമാറുന്നത് വിമര്‍ശനം ക്ഷണിച്ച് വരുത്തുന്ന വിധത്തിലുള്ളതാണെന്നും സ്ത്രീകളടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നതായും ആംനസ്റ്റി ആരോപിക്കുന്നു. അതീവ ഗുരുതരമായ ആരോപണമാണ് ആംനസ്റ്റി തങ്ങളുടെ റിപ്പോര്‍ട്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വിചാരണ കാലയളവില്‍ തടവില്‍ കഴിയുന്നതിനിടെയാണ് തടവുകാര്‍ പീഡനങ്ങള്‍ക്കിരയാവുന്നതെന്നാണ് റിപ്പോര്‍ട്ട്. കുറ്റം തെളിയിക്കുന്നതിനായി എന്ത് പീഡനങ്ങളും ആകാം എന്നാണ് ഉത്തരവാദിത്വപ്പെട്ടവര്‍ മനസിലാക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നു എന്ന കുറ്റം ചാര്‍ത്തി പതിനേഴോളം മനുഷ്യാവകാശ പ്രവര്‍ത്തകരെ സൗദി അറസ്റ്റു ചെയ്തിട്ടുണ്ടായിരുന്നു. ഇതില്‍ 10 തടവുകാര്‍ വനിതകളാണ്. ഇവര്‍ക്ക് ഗുരുതരമായ പീഡനങ്ങളേല്‍ക്കേണ്ടി വരുന്നെന്നാണ് ആംനസ്റ്റിയുടെ ആരോപണം. സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരും സൗദിയില്‍ വനിതാ ഡ്രൈവിങ്ങിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തിയ വനിതകളുമൊക്കെ ജയിലില്‍ ഉണ്ട്. ജിദ്ദക്കടുത്തുള്ള ദഹ്ബാന്‍ കോസ്റ്റല്‍ ജയിലിലാണ് ഇവരെ അടച്ചിരിക്കുന്നത്. ഇവരില്‍ പെട്ട ഒരു വനിതക്ക് ലൈംഗിക പീഡനത്തെ നേരിടേണ്ടി വന്നെന്നും ആംനസ്റ്റി ആരോപിച്ചു.

Back to Top