ആചാരങ്ങളുടെ മറ പിടിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ അനുവദിക്കില്ല എം ജി എം വനിതാ സംഗമത്തിന് പ്രൗഢമായ സമാപനം
എം ജി എം സംസ്ഥാന സമിതി രണ്ടത്താണിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ മഹാസംഗമം വനിതാ ആക്ടിവിസ്റ്റും അമേരിക്ക കേന്ദ്രമായുള്ള യുനൈറ്റഡ് റിലീജ്യന്‍ ഇനീഷ്യേറ്റീവ് ഏഷ്യന്‍ മേഖലാ കോര്‍ഡിനേറ്ററുമായ ഖുതുബ് ജഹാന്‍ കിദ്വായ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കല്‍: മതങ്ങളും മതപ്രമാണങ്ങളും സ്ത്രീകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി മുജാഹിദ് വനിതാ മഹാസംഗമം സമാപിച്ചു. ആചാരങ്ങളുടെ പേരുപറഞ്ഞ് അവകാശങ്ങള്‍ കവര്‍ന്നെടുത്താല്‍ ശക്തമായി ചെറുക്കുമെന്ന് മുജാഹിദ് വനിതാ വിഭാഗമായ എം ജി എം സംസ്ഥാന സമിതി രണ്ടത്താണിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ മഹാസംഗമം പ്രഖ്യാപിച്ചു. ആരാധനാലയങ്ങളില്‍ ആരാധന നിര്‍വഹിക്കുന്നത് മത പ്രമാണങ്ങളൊന്നും തന്നെ സ്ത്രീകളെ വിലക്കുന്നില്ലെന്നിരിക്കെ ആചാരങ്ങളുടെ മറപിടിച്ച് സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന പൗരോഹിത്യ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാനാവില്ല. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും മുസ്്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലിം പള്ളികളിലും സ്ത്രീകള്‍ക്ക് ആരാധനക്ക് അവസരം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ആരാധനാലയങ്ങളുടെ നടത്തിപ്പിലും സംരക്ഷണത്തിലും സ്ത്രീസമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് സമ്മേളം ആവശ്യപ്പെട്ടു. മുസ്്‌ലിം മഹല്ലുകളുടെ ഭരണത്തിലും സ്ത്രീകള്‍ക്ക് അവരുടേതായ പങ്ക് നിര്‍വഹിക്കാന്‍ അവസരമൊരുക്കണം. ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേരുപറഞ്ഞ് സ്ത്രീകളെ അരികുവല്‍ക്കരിക്കാതെ സമുദായത്തിന്റെ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തില്‍ സ്ത്രീകളുടെ പങ്ക് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മദ്യ ഉല്പാദന കേന്ദ്രങ്ങളും മദ്യശാലകളും വ്യാപിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് സ്ത്രീ സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. കുടുംബ ഭദ്രതയും സാമൂഹ്യ ബന്ധങ്ങളും തകര്‍ക്കുന്ന മദ്യവ്യാപനത്തിനെതിരെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
പ്രമുഖ വനിതാ ആക്ടിവിസ്റ്റും അമേരിക്ക കേന്ദ്രമായുള്ള യുനൈറ്റഡ് റിലീജ്യന്‍ ഇനീഷ്യേറ്റീവ് ഏഷ്യന്‍ മേഖലാ കോ-ഓര്‍ഡിനേറ്ററുമായ ഖുതുബ് ജഹാന്‍ കിദ്വായ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജാ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി അബ്ദുല്‍അലി മദനി, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് പ്രസിഡന്റ് തഹ്‌ലിയ്യ മുഹമ്മദലി പ്രസംഗിച്ചു. അഹ്മദ്കുട്ടി മദനി, മുഹ്‌സിന പത്തനാപുരം, ബുഷ്‌റ നജാത്തിയ, റുഖിയ പൂനൂര്‍, റുഖ്‌സാന വാഴക്കാട് വിഷയമവതരിപ്പിച്ചു. ആദര്‍ശസമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന സെക്രട്ടറി ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സല്‍മ അന്‍വാരിയ്യ, അബ്ദുസ്സലാം മുട്ടില്‍, ഫര്‍ഹ കൊച്ചിന്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, നൗഷാദ് കാക്കവയല്‍, എന്‍.എം അബ്ദുല്‍ജലീല്‍ പ്രസംഗിച്ചു.

