8 Tuesday
July 2025
2025 July 8
1447 Mouharrem 12

ഇറാനിലും സ്ത്രീ മുന്നേറ്റം

സൗദി തുടരുന്ന സ്ത്രീ വിമോചന പദ്ധതികള്‍ക്ക് ശേഷം പശ്ചിമേഷ്യയിലെ മറ്റൊരു യാഥാസ്തിക രാഷ്ട്രമായ ഇറാനും സൗദിയുടെ വഴിയേ നീങ്ങുന്നതായി വാര്‍ത്തകള്‍. ഇസ്‌ലാമിലെ രണ്ട് കക്ഷികളെ പ്രതിനിധീകരിക്കുന്ന രണ്ട് രാഷ്ട്രങ്ങളാണെങ്കിലും സ്ത്രീകളും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കടുത്ത പിന്തിരിപ്പന്‍ നിലപാടുകള്‍ പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. ഈയടുത്ത് സൗദി യില്‍ നടപ്പിലാക്കിയ വിപ്ലവകരമായ ചില തീരുമാനങ്ങളെത്തുടര്‍ന്ന് ആ രാജ്യം ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്തിരുന്നു. അതിന്റെ ചുവട് പിടിച്ചെന്നോണം ഇറാനിലും സ്ത്രീ മുന്നേറ്റത്തിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനിലെ സ്ത്രീകള്‍ക്ക് ഒരു ഫുട്‌ബോള്‍ മത്സരം കാണാന്‍ ഭരണകൂടം അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ വാര്‍ത്ത. ആരവങ്ങളും ആര്‍പ്പുവിളികളുമായാണ് സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയത്. സ്ത്രീകളുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ നിബന്ധനകളോടെ ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നെങ്കിലും പുരുഷ മത്സരങ്ങള്‍ നിഷിദ്ധമായിരുന്നു. ഈ വിലക്കാണ് ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നത്. ഇറാനിയന്‍ ക്ലബ്ബായ പെര്‍സിപോളിസും ജപ്പാന്റെ കാഷിമ അന്‍തലേര്‍സും തമ്മിലായിരുന്നു മത്സരം. ഇറാനിലെ സ്ത്രീകളെ സംബന്ധിച്ചേടത്തോളം ഇത് വലിയൊരു മുന്നേറ്റമാണെന്നും ഇതൊരു തുടക്കം മാത്രമായി കണ്ടാല്‍ മതിയെന്നും ഇറാന്‍ വനിതകള്‍ക്ക് പുതിയൊരു സാമൂഹിക ജീവിതം ലഭിക്കുകയാണെന്നും വിവിധ സ്ത്രീ സംഘടനകള്‍ അഭിപ്രായപ്പെട്ടു.
Back to Top