യു എസ് കോണ്‍ഗ്രസിലെ ആദ്യഫലസ്തീന്‍ വനിതയായി റാഷിദ ത്‌ലൈബ്
റാഷിദ ത്‌ലൈബിന്റെ നേട്ടത്തി ല്‍ വെസ്റ്റ് ബാങ്കി ല്‍ ആഹ്ലാദം അലയടിക്കുകയാണ്. യു എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഫലസ്തീന്‍ വനിതയാണ് റാഷിദ ത്‌ലൈബ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മിഷിഗണില്‍നിന്നാണ് റാഷിദ ജയിച്ചു കയറിയത്. ഫലസ്തീനിന്റെയും മുഴുവന്‍ അറബികളുടെയും മുസ്‌ലിംകളുടെയും അഭിമാന കേന്ദ്രമായി മാറിയിരിക്കുകയാണ് റാഷിദയെന്ന് അമ്മാവന്‍ ബസ്സാം ത്‌ലൈബ് പറഞ്ഞു.
യു എസിലെ ഡെട്രോയ്റ്റില്‍ ഫലസ്തീന്‍ അഭയാര്‍ഥികളുടെ മകളായാണ് റാഷിദയുടെ ജനനം. യു എസില്‍ അറബ് അമേരിക്കന്‍ ജനസംഖ്യ അധികമുള്ള പ്രദേശമാണ് ഡെട്രോയ്റ്റ്. റിപ്പബ്ലിക് പാര്‍ട്ടിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന്റെ ഫലസ്തീന്‍ നയത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന ചിന്തകളാണ് ഇവിടെയുള്ള ഫലസ്തീന്‍ കുടിയേറ്റക്കാരെ സ്വാധീനിച്ചത് എന്നതിന്റെ തെളിവാണ് റാഷിദയുടെ വിജയം. അധികാരകേന്ദ്രങ്ങളോട് സത്യം പറയാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് റാഷിദ പറയുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്‍ഗണന നല്‍കുന്ന അജണ്ടയല്ല തന്റേതെന്നും എന്നാല്‍ താന്‍ പിന്തിരിപ്പനാണെന്ന് ഇതിന് അര്‍ഥമില്ലെന്നും ഈ 44 കാരി വ്യക്തമാക്കി.
റാഷിദക്കൊപ്പം മിന്നസോട്ടയില്‍ നിന്ന് ജയിച്ച സോമാലിയന്‍ മുസ് ലിം വനിത ഇല്‍ഹാന്‍ ഉമറും യു എസ് കോണ്‍ഗ്രസില്‍ ഇടം പിടിച്ചിട്ടുണ്ട്. സോമാലിയയിലെ ആഭ്യന്തര യുദ്ധത്തെ ത്തുടര്‍ന്ന് 14ാം വയസില്‍ യു എസില്‍ കുടിയേറിയവരാണ് ഇല്‍ഹാനും കുടുംബവും.