ഇസ്‌റായേലിലെ എംബസി വിഷയത്തില്‍ ബ്രസീല്‍ പുനര്‍വിചിന്തനത്തിന്
അമേരിക്ക ഇസ്‌റാ യേ ല്‍ ബാന്ധവത്തില്‍ അമേരിക്കയാണ് ഇസ്‌റായേലിന്റെ തലസ്ഥാനമായി ജറുസലെമിനെ അംഗീകരിച്ച് മുന്നോട്ട് വന്നിരുന്നത്. അതിന്റെ ഭാഗമായി എംബസി ടെല്‍അവീവില്‍ നിന്ന് ജറുസലെമിലേക്ക് മാറ്റുകയുമുണ്ടായി. അതിന്റെ ചുവടുപിടിച്ച് മറ്റു ചില രാഷ്ട്രങ്ങളും എംബസി മാറ്റം നടത്തുകയുമുണ്ടായി. ഏറ്റവുമൊടുവില്‍ രണ്ടാഴ്ച മുന്‍പാണ് ബ്രസീല്‍ ഈ എംബസി മാറ്റ നീക്കവുമായി മുന്നോട്ട് വന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് യാര്‍ ബൊല്‍സൊനാരോയുടെ ഈ നീക്കം പക്ഷേ കടുത്ത എതിര്‍പ്പുകളാണ് ക്ഷണിച്ചുവരുത്തിയത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഈ നടപടിക്കെതിരെ ഉയരുകയുമുണ്ടായി.
ഈയൊരു സാഹചര്യത്തില്‍ തങ്ങള്‍ ആ തീരുമാനത്തില്‍നിന്നും പിറകോട്ടു പോകുന്നതായാണ് ഇപ്പോള്‍ ബ്രസീല്‍ അറിയിച്ചിട്ടുള്ളത്. ധൃതിപിടിച്ച് ഒരു തീരുമാനം കൈക്കൊള്ളാന്‍ തങ്ങളില്ലെന്നും കൂടുതല്‍ ആലോചനകള്‍ ഈ വിഷയത്തില്‍ വേണ്ടതുണ്ടെന്നുമാണ് ബോല്‍സനാരോ പറഞ്ഞിരിക്കുന്നത്. തങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളുടെ അപ്രീതി സമ്പാദിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നത് ഗുണകരമാകില്ല എന്ന തിരിച്ചറിവാണ് ഈ നീക്കത്തിനു പിന്നില്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 63കാരനും തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനുമായ ബോല്‍സൊനാരോ പ്രസിഡന്റായ ശേഷം അമേരിക്കന്‍ അനുകൂലനിലപാടാണ് ബ്രസീല്‍ കൈകൊള്ളുന്നതെന്ന വിമര്‍ശനം രാജ്യത്തിനകത്തും പുറത്തും ഉയരുന്നുണ്ട്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകരിക്കുന്ന ബോല്‍സൊനാരോയെ ബ്രസീലിലെ ട്രംപ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എംബസി മാറ്റകമ്മറ്റിയില്‍ പ്രമുഖ അഭിഭാഷകയും ബോല്‍സൊനാരോയുടെ മന്ത്രിസഭയിലെ ആദ്യ വനിതാ അംഗവുമായ 64കാരി തരേസ ക്രിസ്റ്റിനയുമുണ്ട്.
മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡസില്‍വക്കെതിരെയുള്ള അഴിമതി അന്വേഷണത്തില്‍ മുഖ്യ പങ്ക് വഹിച്ച ജഡ്ജിയും ഡസില്‍വയെ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്ത സെര്‍ജിയോ മാരോയും ഏഴ് സൈനിക മേധാവികളുമടങ്ങുന്നതാണ് ബോല്‍സെനാരോയുടെ മന്ത്രിസഭ.