അസ്വ്ഹാബുല്‍ കഹ്ഫ് ആദര്‍ശ യൗവനത്തിന്റെ ഉദാത്ത മാതൃക – എ ജമീല ടീച്ചര്‍
മനുഷ്യ ജീവിതത്തിനുമുണ്ട് ഒരു നട്ടുച്ച. എന്തിനും ഏതിനും പോ ന്ന കടിച്ചാല്‍ പൊട്ടാത്ത പ്രായം. അഥവാ യൗവനം. മനസ്സിന്റെ ഏത് നന്മകളും പലപ്പോഴും വാടിക്കരിഞ്ഞ് പോകാറുള്ളത് യൗവനത്തിന്റെ കുതിപ്പിനിടയിലായിരിക്കും. അതുകൊണ്ടാണല്ലോ യൗവനത്തിന്റെ ചുട്ടുപൊള്ളലിലും ദൈവാരാധന കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് മഹ്ശറയില്‍ പ്രത്യേകം തണല്‍ വിരിച്ചിടും എന്ന് നബി (സ) പറഞ്ഞുവെച്ചത്.
ജീവിതത്തിന്റെ നട്ടുച്ചയിലും പ്രതികൂലതകളുടെ കത്തിയെരിയലിലുംപെട്ട് സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ വാടിക്കരിഞ്ഞ് പോകാതിരിക്കേണ്ടതിനായി തണലും തേടി ചില ചെറുപ്പക്കാര്‍ നാടുവിട്ടോടിപ്പോയി. സാത്വികരായ ഒരുപറ്റം യുവാക്കള്‍ ജീവിച്ചിരുന്നത് വളരെ പുരാതനമായ കാലത്താണ്. ഉണര്‍വിലും ഉറക്കിലുമായി നീണ്ട മൂന്നു പതിറ്റാണ്ടുകളിലായി. വിശുദ്ധ ഖുര്‍ആനിന്റെ 18ാം അധ്യായത്തില്‍ അസ്വ്ഹാബുല്‍കഹ്ഫ് എന്ന പേരില്‍ വിവരിക്കുന്നത് ഈ ഏഴ് യുവാക്കളുടെ കഥയാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു കഥാപുസ്തകമല്ല. വായനക്കാരെ കഥപറഞ്ഞ് രസിപ്പിക്കുക എന്നത് ഖുര്‍ആനിന്റെ ശൈലിയുമല്ല. എന്നുവെച്ച് പൂര്‍വികരുടെ കഥപറച്ചില്‍ ഖുര്‍ആന്‍ അവഗണിക്കുന്നുമില്ല. വിശുദ്ധ ഖുര്‍ആനിലെ കഥകളിലുമുണ്ട് കാര്യങ്ങള്‍. ഇവിടെയും പാരമ്പര്യകഥകളിലെ നെല്ലും പതിരും വേര്‍തിരിച്ച് അനുവാചക മനസ്സുകളെ നേരുകളുടെ വേരുകളിലേക്ക് കൊണ്ടുവരിക എന്നതാണ് ഖുര്‍ആന്‍ ഖിസ്സകളുടെ വിവരണശൈലി.
സൂറതുല്‍കഹ്ഫ് 9ാം വചനം മുതല്‍ 26ാം വചനം വരെയാണ് അസ്വ്ഹാബുല്‍കഹ്ഫിന്റെ കഥാവതരണം. ഇങ്ങനെയൊരു കഥ പറയാനും ചില കാരണങ്ങള്‍ വേണമല്ലോ. ചരിത്രകാരനായ മുഹമ്മദുബ്‌നു ഇസ്ഹാഖ് അതിപ്രകാരമാണ് രേഖപ്പെടുത്തന്നത്. തങ്ങളുടെ രൂക്ഷമായ പ്രതിരോധങ്ങള്ക്കിടയിലുമുണ്ടാ കുന്ന ഇസ്‌ലാമിന്റെ വളര്‍ച്ച ഖുറൈശികളെ വല്ലാതെ ചൊടിപ്പിച്ചു. ഇനിയെന്ത് എന്ന ആലോചന അവരെ യഹൂദരുടെ പാളയത്തില്‍ ഉപദേശം തേടിയെത്തിക്കുകയും ചെയ്തു. യഹൂദര്‍ വേദപരിജ്ഞാനമുള്ളവരാണല്ലോ.
ആ നിലയ്ക്കാണ് ഖുറൈശി പ്രമാണികളായ നള്‌റുബ്‌നു ഹാരിസും ഉത്ബതുബ്‌നു അബീമുഐതും യഹൂദരെത്തേടി മദീനയിലെത്തുന്നത്. യഹൂദരുടെ ഉപദേശം ഇങ്ങനെയായിരുന്നു. നിങ്ങളയാളോട് മൂന്ന് കാര്യങ്ങളെക്കുറിച്ച് ചോദിക്കുക. 1. പൂര്‍വകാലത്ത് നാടുവിട്ടുപോയ ചെറുപ്പക്കാരെക്കുറിച്ച്. 2. പശ്ചിമ ചക്രവാളംവരെയും പൂര്‍വ ചക്രവാളം വരെയും പടനയിച്ച ഒരു രാജാവിെക്കുറിച്ച്. 3. റൂഹിനെക്കുറിച്ച്, അതെന്താണെന്ന്? ഇതൊക്കെ നേരാംവണ്ണം അദ്ദേഹം നിങ്ങള്‍ക്ക് പറഞ്ഞുതരുന്നുവെങ്കില്‍ അദ്ദേഹം പ്രവാചകന്‍ തന്നെയാണെന്ന് മനസ്സിലാക്കുക. ഇല്ലെങ്കില്‍ വ്യാജനാണെന്നും ഉറപ്പിക്കുക. ഈ മൂന്ന് ചോദ്യങ്ങളും മനസ്സില്‍ കെട്ടിപ്പൂട്ടിവെച്ച് ദൗത്യസംഘം മക്കയില്‍ തിരിച്ചെത്തി.
നിങ്ങള്‍ ചോദിച്ച കാര്യങ്ങള്‍ക്ക് നാളെ മറുപടി പറയാമെന്നതായിരുന്നു പ്രവാചകന്‍(സ)യുടെ പ്രതികരണം. വഹ്‌യ് മുഖേന അല്ലാഹു വിവരം തരുമെന്ന് നബി(സ) പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയുണ്ടായില്ല. ദിവസങ്ങള്‍ പലതും കടന്നുപോയി. തിരുമേനി(സ)ക്ക് വല്ലാത്ത മന:ക്ലേശം. പ്രവാചകന്റെ മറുപടിക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഖുറൈശിക്കൂട്ടം. അവസാനം ‘നീ ഒരു കാര്യത്തെക്കുറിച്ചും നാളെ ഞാനത് ചെയ്യും എന്ന് പറഞ്ഞുകൂടാ. അല്ലാഹു ഇച്ഛിക്കുന്നുവെങ്കിലല്ലാതെ നിനക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരുത്തല്‍കൂടി 23ാം വചനത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 9ാം വചനം മുതല്‍ പ്രസ്തുത കഥാകഥനം ഖുര്‍ആന്‍ തുടങ്ങിവെച്ചത്. അസ്ഹാബുല്‍ കഹ്ഫിന്റെ കഥ പറയുന്നതിനിടയില്‍ പ്രവാചകനെ അല്ലാഹു ഒരു മര്യാദ പഠിപ്പിക്കുക കൂടി ചെയ്യുകയാണിവിടെ. വഹ്‌യ് മുഖേനയല്ലാതെ വേദപരിചയമില്ലാത്ത തിരുനബിക്ക് കഥ അറിയില്ലായിരുന്നു. വേദക്കാര്‍ക്കാകട്ടെ കഥ സുപരിചിതവുമാണ്.
സി ഇ 249-259 കാലയളവിലാണ് കഥാനായകന്മാരായ യുവാക്കള്‍ ജീവിച്ചിരുന്നത്. ഏഷ്യാ മൈനറിന്റെ പടിഞ്ഞാറന്‍ തീരമായ ത്വര്‍സൂസ്(ഏഹസ്യൂസ്) എന്ന റോമന്‍ നഗരമായിരുന്നു അവരുടെ ജന്മസ്ഥലം. അക്കാലത്ത് നാട് ഭരിച്ചിരുന്ന ദഖ്‌യാനൂസ് എന്ന രാജാവാകട്ടെ തികഞ്ഞ വിഗ്രഹാരാധകനും മര്‍ദകനുമായിരുന്നു. വിഗ്രഹാരാധനയ്ക്ക് മടിക്കുന്നവരെ അയാള്‍ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരുന്നു. നാട്ടിലെ തുച്ഛം മാത്രമായിരുന്ന ഏകദൈവവിശ്വാസികള്‍ക്ക് അതുമൂലം പൊറുതിമുട്ടി. ഈസാ(അ) പ്രബോധനം ചെയ്തിരുന്ന ഏകദൈവവിശ്വാസം അക്കാലത്ത് ആ നാട്ടിലും അല്പാല്പം വെളിച്ചം കണ്ടുതുടങ്ങിയിരുന്നു. പ്രസ്തുത കാലയളവിലാണ് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന ഏഴ് യുവാക്കള്‍ തങ്ങളുടെ വിശ്വാസസംരക്ഷണത്തിനായി നാടും വീടും വിട്ട് ഒളിച്ചോടേണ്ടിവന്നത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ രാജാവിന്റെ ശിക്ഷാവിധിപ്രകാരം അവര്‍ കൊല ചെയ്യപ്പെടുമായിരുന്നു.
ഒന്നുകില്‍ വിഗ്രഹാരാധനയിലേക്കുള്ള മടക്കം. അല്ലെങ്കില്‍ മരണം. രണ്ടിലൊന്നേ ഏകദൈവവിശ്വാസികളും നിര്‍ദോഷികളുമായ ആ യുവാക്കളുടെ മുമ്പിലുണ്ടായരുന്നുള്ളൂ. അവരുടെ ഇളം പ്രായം പരിഗണിച്ച് ദൂരെ പര്യടനത്തിന് പോയ സന്ദര്‍ഭം രാജാവ് അവരുടെ മുമ്പില്‍ വെച്ചുകൊടുത്ത ഉപാധി അങ്ങനെയായിരുന്നു. വിശ്വാസദൃഢത അവരെ നാട്ടില്‍നിന്ന് ഒളിച്ചോടാനാണ് തീരുമാനമെടുപ്പിച്ചത്. എന്തുവിലകൊടുക്കേണ്ടിവന്നാലും തങ്ങള്‍ വിശ്വസിക്കുന്ന സത്യംവിട്ട് പഴയ മിഥ്യയിലേക്ക് ഒരു മടക്കമില്ലെന്ന് അവരുറപ്പിച്ചു. അങ്ങനെയാണ് എല്ലാം പരിത്യജിച്ച് അകലെയുള്ള മലമുകളിലെ ഒരു ഗുഹയില്‍ ഈ യുവാക്കള്‍ എത്തിച്ചേരുന്നത്. കൂടെ തുണയായി ഒരു നായയും അവരോടൊപ്പമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവരുടെ ആദര്‍ശനിഷ്ഠയെ പരിചയപ്പടുത്തുന്നത് കാണുക. ‘ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ചതോര്‍ക്കുക. അപ്പോഴവര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. നിന്നില്‍ നിന്നുള്ള കാരുണ്യം ഞങ്ങളിലരുളേണമേ. ഞങ്ങളുടെ പ്രശ്‌നം വിവേകപൂര്‍വം കൈകാര്യം ചെയ്യാന്‍ സൗകര്യമൊരുക്കേണമേ’ (വി.ഖു 18:10)
ആയത്തില്‍ സൂചിപ്പിച്ച ‘അംറ്’ അഥവാ കാര്യം എന്നതില്‍ ആ യുവാക്കളുടെ അപ്പോഴത്തെ നിസ്സഹായാവസ്ഥയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണെന്നാണ് പണ്ഡിതാഭിപ്രായം. ആമുഖമായി പറയുന്ന അക്കാര്യം കഥയുടെ മര്‍മത്തില്‍ നിന്ന് വായനക്കാരന്റെ മനസ്സ് തെന്നിപ്പോകാതിരിക്കേണ്ടതിനുമാ കാം. ദൈവകാരുണ്യം മാത്രം മുന്നില്‍വെച്ചുകൊണ്ടാണല്ലോ എല്ലാം ത്യജിച്ച് തങ്ങളുടെ യൗവനം ദൈവപ്രീതിക്ക് വേണ്ടി മാറ്റിവെക്കാന്‍ ആ യുവാക്കളുടെ മനസ്സ് വഴങ്ങിയത്. അതുകൊണ്ടുതന്നെ സകല ഭയാശങ്കകളില്‍ നിന്നും മുക്തരാക്കി ഒരു താരാട്ട് പാട്ടിന്റെ ഈണത്തിലെന്നവണ്ണം സര്‍വശക്തനായ നാഥന്‍ അവരെ ഉറക്കിക്കിടത്തി. ദീര്‍ഘമായ കാലയളവ് നീണ്ടുനിന്ന ഒരു സുഖനിദ്ര. മൂന്ന് നൂറ്റാണ്ടുകള്‍ എന്നതാണ് പണ്ഡിതനിഗമനം. തിട്ടമായ എണ്ണം എത്രയെന്ന് ഖുര്‍ആന്‍ പറയുന്നില്ല.
”നാം അവരെ ആ ഗുഹയില്‍ തന്നെ നീണ്ട സംവത്സരങ്ങള്‍ ഗാഢനിദ്രയിലാഴ്ത്തി. പിന്നീട് അവരെ നാം നിദ്രയില്‍ നിന്ന് ഉണര്‍ത്തി. രണ്ട് കക്ഷികളില്‍ തങ്ങളുടെ ഗുഹാവാസകാലം കൃത്യമായി തിട്ടപ്പെടുത്തുന്നത് ആരാണെന്ന് കണ്ടറിയാന്‍” (വി.ഖു 18:11,12)
ഇനി അവര്‍ ഉണര്‍ന്നേ മതിയാകൂ. തന്റെ കാലികള്‍ക്ക് താവളമൊരുക്കുന്ന ഒരു ഇടയന്‍ മുഖേന അതുണ്ടാവുകയാണ്. ഇടയന്‍ ഗുഹാമുഖത്തുള്ള കല്ല് നീക്കുന്ന ശബ്ദമായിരുന്നു അവരുടെ ഉണര്‍ത്തുപാട്ടായി മാറിയത്. ‘നമ്മള്‍ എത്രനേരം ഉറങ്ങിക്കാണും”. അവര്‍ തമ്മതമ്മില്‍ ചോദിച്ചു. ഒരു ദിവസം മുഴുവന്‍. അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്പംഭാഗം. അവര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ തര്‍ക്കമായി. അവസാനം അവരുടെ ഉറക്കസമയത്തെക്കുറിച്ച് അല്ലാഹുവിന് കൃത്യമായി അറിയാമെന്ന് അവര്‍ സമാധാനിക്കുന്നു. മൂന്ന് നൂറ്റാണ്ടുകാലം ഭക്ഷണവും വെള്ളവും ആവശ്യമില്ലാതിരുന്ന അവര്‍ ഉണര്‍ന്നതോടെ വിശപ്പും ദാഹവുമറിഞ്ഞു.
പതിവുപോലെ കൂട്ടത്തിലൊരാള്‍ പാത്തും പതുങ്ങിയും അങ്ങാടിയില്‍ പോയി ഭക്ഷണം വാങ്ങാനെത്തി. പട്ടണത്തിലെത്തിയപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത അമ്പരപ്പ്. താന്‍ മുമ്പ് കണ്ടുപരിചയിച്ച പട്ടണത്തില്‍ എന്തൊക്കെയോ മാറ്റങ്ങളുണ്ട്. പഴയ വിഗ്രഹാരാധനയുടെ അടയാളങ്ങളായ കേന്ദ്രങ്ങളൊന്നും എവിടെയും കാണാനില്ല. എവിടെ നോക്കിയാലും ഈസാ മസീഹിനെക്കുറിച്ച് പുകഴ്ത്തിപ്പറയുന്ന സംസാരങ്ങള്‍. ഏകദൈവവിശ്വാസത്തിന്റെ പ്രകടനങ്ങള്‍. എന്തായാലും തന്റെ കൈയിലുള്ള നാണയം അയാള്‍ ഭക്ഷണത്തിനായി നീട്ടിക്കൊടുത്തു. കച്ചവടക്കാരന്‍ നാണയം കണ്ട് അതിശയം കൂറി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നാട് ഭരിച്ചിരുന്ന ദഖ്‌യാനൂസ് രാജാവിന്റെ ചിത്രമുള്ള നാണയം. ആഗതന് നിധി കിട്ടിയിരിക്കാമെന്ന് കച്ചവടക്കാരന്‍. അവസാനം ജനങ്ങളുടെ നിരന്തരമായ വിചാരണക്കൊടുവില്‍ യുവാവ് കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് അധികാരികള്‍ വിവരമറിഞ്ഞു. അപ്പോഴേക്കും ദഖ്‌യാനൂസിന്റെ മരണത്തോടെ നാട്ടിലെ വിശ്വാസ സംസ്‌കാരങ്ങളും മാറിക്കഴിഞ്ഞിരുന്നു.
സി ഇ അഞ്ചാം നൂറ്റാണ്ടായിരുന്നു അന്ന്. രാജ്യം ഭരിക്കുന്ന തിയോഡഷ്യസ് തികഞ്ഞ ക്രിസ്തുമത വിശ്വാസിയും ഏകദൈവവിശ്വാസ പ്രചാരകനുമായിരുന്നു. രാജാവും പരിവാരങ്ങളും യുവാക്കള്‍ ഉറങ്ങിക്കിടന്നിരുന്ന ഗുഹ സന്ദര്‍ശിച്ചു. ഗുഹാവാസികളെ ആലിംഗനം ചെയ്തു. അതിനുശേഷം ഗുഹയില്‍തന്നെ തിരിച്ചെത്തി. പ്രാര്‍ഥനയിലേര്‍പ്പെട്ട യുവാക്കള്‍ ആ നിലയില്‍ ഒന്നിച്ച് ഒരേ സന്ദര്‍ഭത്തില്‍ അവിടെവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. രാജകല്പനപ്രകാരം അവര്‍ അവിടെത്തന്നെ മറമാടപ്പെട്ടു. തുടര്‍ന്ന് അവിടെ ഒരു ആരാധനാലയം നിര്‍മിതമായി. ജനങ്ങളുടെ ഒരു പൊതുസ്വഭാവമാണല്ലോ അത്. ദൈവികദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക എന്നതിലുപരി വീരാരാധനക്കുള്ള പ്രാധാന്യമാണ് എവിടെയും മുന്നിട്ട് നില്ക്കുക.
183 മീറ്റര്‍ നീളമുള്ള പ്രതിമ നിര്‍മാണത്തിലൂടെ ഇന്ത്യാരാജ്യം മാനവസമൂഹത്തിനു മുമ്പിലിട്ടുകൊടുത്തതും മറ്റൊന്നുമല്ലല്ലോ. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. മൂന്നൂറുകൊല്ലം ഉറങ്ങിക്കിടന്നിട്ടും ഗുഹാവാസികള്‍ക്ക് അതിന്റെ കൃത്യമായ കാലം മനസ്സിലാക്കാന്‍ പെട്ടെന്ന് സാധിക്കാതെ പോയി. പിന്നീടുള്ള സംഭവങ്ങള്‍ അതവരെ ബോധ്യപ്പെടുത്തി. കാലം അവരില്‍ നിന്ന് ഒരുപാട് നീക്കം ചെയ്യപ്പെട്ടിരുന്നു എന്ന്. മരണത്തിനും ഉയിര്ത്തെഴുന്നേല്പിനുമിടയിലു ള്ള അവസ്ഥയുടെ ഒരു അനുഭവജ്ഞാനം കൂടിയായിരുന്നു അവര്‍ക്കത്. പരലോകത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്ന ഓരോ മനുഷ്യനും അതുതന്നെയാണ് തോന്നുക. താനിതാ അല്പനേരം മുമ്പ് ഉറങ്ങി. ഇപ്പോഴിതാ എഴുന്നേറ്റിരിക്കുന്നു എന്ന്. ”അവര്‍ പറയും. നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്പിച്ചത് ആരാണ്?” (വി.ഖു 36:52)
കഹ്ഫ് കഥയിലെ കഥാപാത്രങ്ങള്‍ ഏതെങ്കിലും വയോധികരായ സന്യാസിമാരല്ല. മുഹമ്മദ് നബി(സ)യുടെ ആദ്യാനുഗാമികളായ സ്വഹാബത്തിനെപ്പോലുള്ള യുവാക്കളായിരുന്നു അവരും. സത്യാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും അതിലുറച്ച് നില്ക്കുന്നതിലും കാലിടറാതിരിക്കുക കൂടുതലും യുവാക്കള്‍ക്കായിരിക്കും. പ്രായം ചെന്ന ഖുറൈശിപരമ്പര അവരുടെ പാരമ്പര്യ മതത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നുവല്ലോ. അക്കൂട്ടത്തില്‍ വളറെ തുച്ഛം പേരേ സത്യവിശ്വാസികളുണ്ടായിരുന്നുള് ളൂ. ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചതായി ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്നു. ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ‘പ്രവാചകന്മാരെയെല്ലാം അവര്‍ യുവാവായിരിക്കുമ്പോഴാണ് അല്ലാഹു നിയോഗിച്ചത്. തങ്ങളുടെ ഉടഞ്ഞുകിടക്കുന്ന വിഗ്രഹങ്ങളെ നോക്കി ഇബ്‌റാഹീം നബി(അ)യുടെ ജനം പ്രഖ്യാപിച്ചല്ലോ. ‘ഇബ്‌റാഹീം എന്ന ഒരു ചെറുപ്പക്കാരന്‍ ഇവയെ വിമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിരുന്നു’ (വി.ഖു 21:60). നൈമിഷികമായ ആസക്തികള്‍ക്കും ചുറ്റുപാടിന്റെ പ്രലോഭനങ്ങള്‍ക്കും കീഴൊതുങ്ങാതെ അസ്വ്ഹാബുല്‍കഹ്ഫ് ആയ യുവാക്കള്‍ അവരുടെ യൗവനത്തെ ആദര്‍ശധീരതയിലേക്കും കര്‍മോത്സാഹത്തിലേക്കും അടുപ്പിച്ച് നിര്‍ത്തിയവരായിരുന്നു.