നീതിയും കോടതികളും – മുഹമ്മദ് സി, ആര്‍പൊയില്‍
രാജ്യനിവാസിള്‍ക്ക് അല്പമെങ്കിലും പ്രതീക്ഷിക്കാവുന്നതും ആശ്വാസം നല്കുന്നതുമായ കേന്ദ്രങ്ങളാണ് കോടതികള്‍. എന്നാല്‍ ഈ അടുത്ത കാലത്തുണ്ടായ ചില കോടതിവിധികളില്‍ നാമെല്ലാം അങ്കലാപ്പിലും ഗവേഷണങ്ങളിലുമാണ്. എന്നിരുന്നാലും ചില വിധികള്‍ നമുക്ക് പ്രതീക്ഷ തരുന്നുണ്ട്. ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നമ്പി നാരായണന് വൈകിയാണെങ്കിലും നീതി കിട്ടി. കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് പ്രതി ബഹിരാകാശ ശാസ്ത്രജ്ഞന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞു. 24 കൊല്ലം നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ശേഷമാണ് നീതി കിട്ടുന്നത്. 24 വര്‍ഷം നമ്പി നാരായണന്‍ അനുഭവിച്ച മാനസിക പ്രയാസം എത്രയോ വലുതായിരിക്കും. അതുപോലെ തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചാണക്യനായ കെ കരുണാകരന്‍ അനുഭവിച്ചതും. കരുണാകരനെപ്പോലുള്ള നേതാവിന്റെ ഒരു കുറവ് കോണ്‍ഗ്രസ് ഇന്നും അനുഭവിക്കുന്നത് നാം കാണുന്നു. മാലി വനിതകളായ മറിയം റഷീദ യും ഫൗസിയ ഹസ്സനും ചാരക്കേസില്‍ കഷ്ടപ്പെട്ടു. എത്ര വലിയ സംഖ്യ കൊടുത്താലും ഇവര്‍ അനുഭവിച്ച മാനസിക വിഷമങ്ങള്‍ക്ക് പരിഹാരമാവില്ല. എത്രയോ നിരപരാധികളാണ് നമ്മുടെ രാജ്യത്ത് കേസുമായി കോടതികളിലും ജയിലുകളിലുമായി കഷ്ടപ്പെടുന്നത്.
കോടതികളിലേക്ക് നിയമപരമായി പോവണമെങ്കില്‍ സാധാരണക്കാരെക്കൊണ്ട് കഴിയില്ല. അതുകൊണ്ടുതന്നെ നിയമ പരിരക്ഷ അവര്‍ക്ക് അപ്രാപ്യമാണ്. പാവപ്പെട്ടവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ഉണ്ടല്ലോ എന്നാണ് പറയാറുള്ളത്. കോടതിക്ക് രേഖാമൂലം ബോധ്യമായാല്‍ ലീഗല്‍ സര്‍വീസില്‍ നിന്ന് ഒരു എല്‍ എല്‍ ബി പാസായ വക്കീലിനെ വെച്ചുതരും. മറുഭാഗം (കഴിവുള്ളവര്‍) പ്രമുഖ വക്കീലന്മാരെ വെച്ച് കേസ് വാദിക്കും. കേസ് അവര്‍ ജയിക്കുകയും ചെയ്യും. നിയമത്തിലൂടെ പോവാനാണല്ലോ നമ്മുടെ നാട്ടില്‍ മാര്‍ഗമുള്ളത്. നാം വളരെ നല്ല പ്രതീക്ഷയിലാണ് വക്കീലന്മാരെ കേസ് ഏല്‍പിക്കുന്നത്. എന്നാല്‍ മുമ്പുണ്ടായിരുന്ന അഡ്വക്കേറ്റുമാരെപ്പോലുള്ള(ആത് മാര്‍ഥതയുള്ള)വര്‍ ഇപ്പോള്‍ കുറവാണ്. കൃത്യമായി കോടതികളില്‍ ഹാജരാവാത്ത സീനിയര്‍ വക്കീലന്മാരാണ് കൂടുതല്‍ ഉള്ളത്. ജഡ്ജിയുടെ മുമ്പില്‍ ഫയല്‍ ചെല്ലും. അത് വെച്ച് ഒരു വിധിയും ഉണ്ടാവും. അതിനു തന്നെ പത്തും ഇരുപതും അതില്‍ കൂടുതലും കൊല്ലക്കാലം കക്ഷി ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാത്തുനില്‍ക്കണം. കഷ്ടം