ഇറാനില്‍ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നു
പല നിലക്കും അതിജീവനത്തിന്റെ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുന്ന ഇറാനില്‍ നിന്ന് പ്രതിസന്ധിയുടെ പുതിയൊരു വാര്‍ത്ത കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ഇറാനിലെ അനേകം ഫാക്ടറികള്‍ ഓരോ ദിവസവും അടച്ച് പൂട്ടിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇര്‍ന ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത ആദ്യം പുറത്തെത്തിച്ചത്. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അസംസ്‌ക്യത വസ്തുക്കള്‍ ലഭ്യമല്ലാത്തതിനാലാണ് ഇവ അടച്ച് പൂട്ടേണ്ടി വരുന്നത്. ഖനിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാകടറികളാണ് അടച്ച് പൂട്ടുന്നവയില്‍ കൂടുതലും. ഇറാനിലെ ഏറ്റവും വലിയ വ്യവസായമാണ് ഖനിയും അനുബന്ധ വ്യവസായങ്ങളും. അമേരിക്കന്‍ ഉപരോധം ഏടുത്ത് മാറ്റിയതിന് ശേഷം മികച്ച വളര്‍ച്ചാ നിരക്ക് പ്രകടിപ്പിച്ചിരുന്ന ഇറാന്റെ വ്യവസായ രംഗം ഇതോടെ തകര്‍ന്ന് തരിപ്പണമാകുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ വളര്‍ച്ചയില്‍ അസ്വസ്ഥതയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഇപ്പോഴത്തെ പുതിയ ഉപരോധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഇറാന്‍ ജനതയില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. വിലക്കയറ്റവും പണപ്പെരുപ്പവും സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായ നിലയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.