സത്കര്‍മങ്ങളും പ്രകടപരതയും – പി കെ മൊയ്തീന്‍ സുല്ലമി
ജനപ്രീതിയും പ്രശംസയും ലക്ഷ്യംവെച്ചുകൊണ്ട് എന്തെങ്കിലും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്. അഥവാ മറ്റുള്ളവരുടെ ആദരവും അംഗീകാരവും പ്രശംസയും ലഭിക്കാന്‍ വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക എന്നര്‍ഥം. ഇത്തരം കാര്യങ്ങള്‍ മതകാര്യങ്ങളിലും ഭൗതിക വിഷയങ്ങളിലും കണ്ടെത്താന്‍ കഴിയും. ചിലര്‍ നമസ്‌കാരത്തില്‍ ഭക്തി അഭിനയിക്കും. ഇത് മതകാര്യത്തിലെ പ്രകടനപരതയാണ്. ഒരാള്‍ ഗര്‍വോടെ ഒരു പ്രത്യേകതരം നടത്തം ചര്യയാക്കുന്നുവെങ്കില്‍ അത് ഭൗതിക കാര്യത്തിലുള്ള പ്രകടനമാണ്. എന്നാല്‍ നമസ്‌കാരമടക്കമുള്ള പുണ്യകര്‍മങ്ങളിലേക്ക് വിനയത്തോടെ നടന്നുപോകല്‍ ആരാധനയുടെ ഒരു ഭാഗവും പുണ്യകര്‍മവുമാണ്. അല്ലാഹു പറയുന്നു: ”വല്ലവനും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമാകുന്നു.” (ഇസ്‌റാഅ് 19). ഇന്ന് മതപ്രബോധന രംഗത്തും രിയാഅ് കടന്നുവന്നിട്ടുണ്ട്.
അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് സത്കര്‍മകാരികളായി ആരാധനകളില്‍ ശിര്‍ക്കുകള്‍ വരാതെ ജീവിച്ചെങ്കില്‍ മാത്രമേ സ്വര്‍ഗം ലഭിക്കൂ. അല്ലാഹു പറയുന്നു: ”വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണം എന്നാഗ്രഹിക്കുന്ന പക്ഷം അവന്‍ സത്കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.” (അല്‍കഹ്ഫ് 110)
ആരാധനയില്‍ പങ്കുചേര്‍ക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു അല്ലാത്തവരുടെ പ്രീതി കാംക്ഷിച്ച് ചെയ്യുന്ന ശിര്‍ക്കാണ്. ആരാധനാകര്‍മങ്ങള്‍ മറ്റുള്ളവര്‍ കാണാന്‍ വേണ്ടിയും അവരുടെ പ്രശംസകള്‍ ആഗ്രഹിച്ചും നിര്‍വഹിക്കുകയെന്നത് രിയാഅ് എന്ന ഇനത്തില്‍ പെടുന്നു. ഇത് ചെറിയ ശിര്‍ക്ക് എന്നാണ് നബി(സ) വിശേഷിപ്പിച്ചത്. അല്ലാഹു പറയുന്നു: ”എന്നാല്‍ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം. അവര്‍ അവരുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരാകുന്നു. അവര്‍ ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരാകുന്നു.” (മാഊന്‍ 4-6). ഇമാം ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നു: ”ശഹറുബ്‌നു ഹുശബ്(റ) പറയുന്നു: ഒരാള്‍ ഉബാദതുബ്‌നുസ്സ്വാമിത്തിന്റെ(റ) അടുക്കല്‍ ചെന്ന് പറഞ്ഞു: ഒരാള്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ദാനധര്‍മം ചെയ്യുകയും ഹജ്ജ് കര്‍മം അനുഷ്ഠിക്കുകയും ചെയ്യുന്നു. അതോടൊപ്പം അയാള്‍ ജനങ്ങളുടെ പ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും. അപ്പോള്‍ ഉബാദത്ത്(റ) പറഞ്ഞു: അത്തരക്കാര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ യാതൊരു പ്രതിഫലവുമില്ല.”
അല്ലാഹു പറയുന്നു: നിന്റെ ഉത്തമനായ കൂട്ടുകാരന്‍ ഞാനാണ്. എന്നോടൊപ്പം നിനക്ക് മറ്റൊരു കൂട്ടുകാരനുണ്ടെങ്കില്‍ നിന്റെ ആരാധനകള്‍ മുഴുവന്‍ അവന്നുള്ളതാണ്. എനിക്ക് നിന്റെ ആരാധനയുടെ ആവശ്യമില്ല.” (ഇബ്‌നുകസീര്‍ 3:108). മറ്റൊരു സംഭവം ശ്രദ്ധിക്കുക. ”ശദ്ദാദുബ്‌നു ഔസ്(റ) ഒരിക്കല്‍ കരയുകയുണ്ടായി. താങ്കള്‍ കരയുന്നതെന്തിനാണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നബി(സ)യില്‍ നിന്ന് കേട്ട ചില കാര്യങ്ങളാണ് എന്നെ കരയിച്ചത്. നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: എന്റെ സമുദായത്തില്‍ ഞാന്‍ ഭയപ്പെടുന്നത് ശിര്‍ക്കും ദേഹേച്ഛയുമാണ്. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്കുശേഷം താങ്കളുടെ സമൂഹം ശിര്‍ക്കില്‍ അകപ്പെടുമോ? അവിടുന്ന് പറഞ്ഞു: അതേ, എന്നാലവര്‍ സൂര്യചന്ദ്രന്മാരെയോ കല്ലിനെയോ വിഗ്രഹത്തെയോ ആരാധിക്കുകയില്ല. പക്ഷേ, അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ആരാധനകള്‍ ചെയ്യും. ഗോപ്യമായ ദേഹേച്ഛ എന്ന് പറയുന്നത് ഒരാള്‍ നോമ്പനുഷ്ഠിക്കുകയും ഏതെങ്കിലും ഒരു ദേഹേച്ഛയ്ക്കുവേണ്ടി അവന്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും എന്നതാണ്” (അഹ്മദ്)
നബി(സ) പറഞ്ഞതായി അബൂബകറത്ത്(റ) പറയുന്നു: ”വല്ലവനും പ്രശസ്തി കേള്‍പ്പിക്കണം എന്ന് ആഗ്രഹിക്കുന്ന പക്ഷം അല്ലാഹു അത് കേള്‍പ്പിക്കും. വല്ലവനും ജനങ്ങളെ കാണിക്കണം എന്ന് ആഗ്രഹിക്കുന്നപക്ഷം അല്ലാഹു അത് കാണിക്കുകതന്നെ ചെയ്യും.” (അഹ്മദ്)
മറ്റൊരു നബിവചനം ഇപ്രകാരമാണ്: ”നബി(സ) പറയുന്നതായി ഇബ്‌നു ഉമര്‍(റ) പ്രസ്താവിക്കുകയുണ്ടായി: വല്ലവനും തന്റെ കര്‍മംകൊണ്ട് പ്രശസ്തി ആഗ്രഹിക്കുന്ന പക്ഷം അതുകൊണ്ട് അല്ലാഹു അവന് പ്രശസ്തി നല്‍കുന്നതാണ്. അവനെ (പരലോകത്ത്) ചെറുതാക്കി കാണിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യും” (അഹ്മദ്). പേരും പ്രശസ്തിയും ആഗ്രഹിച്ചു പ്രവര്‍ത്തിക്കുന്ന പക്ഷം പരലോകത്ത് നിസ്സാരമാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നതാണ് മേല്‍ ഹദീസുകളുടെ താല്പര്യം.