സൗദിവനിതകള്‍ക്ക് ഇനി ആകാശത്തും ജോലി ചെയ്യാം
രാഷ്ട്രീയമായ നിലപാടുകളില്‍ സൗദി ഒട്ടേറേ വിമര്‍ശിക്കപ്പെടുമ്പോഴും സാമൂഹികമായ രംഗത്ത് അവര്‍ തുടരുന്ന വികസന നയങ്ങളെ ലോകം താത്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. സൗദി നിരത്തുകളില്‍ സ്ത്രീകള്‍ക്ക് കൂടി വാഹനമോടിക്കാന്‍ അവസരമൊരുക്കിയ വിപ്ലവകരമായ തീരുമാനത്തിന് ശേഷം സൗദി അവരുടെ ചരിത്രത്തിലാദ്യമായി വിമാനങ്ങളിലെ എയര്‍ഹോസ്റ്റസുമാരായി വനിതകളെ നിയമിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ബജറ്റ് എയര്‍ലൈന്‍സായ ഫ്‌ളൈ ഡീലിലാണ് ആദ്യമായി വനിതാ കാബിന്‍ ക്രൂ അംഗങ്ങളെ നിയമിക്കുന്നത്. രാജ്യത്തെ സാമൂഹിക നിയമങ്ങള്‍ കടുത്ത സ്ത്രീ വിരുദ്ധമാണെന്നും വനിതകള്‍ക്ക് സാമൂഹിക പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറ്റങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും മത പുരോഹിതന്മാരുടെ എതിര്‍പ്പുകള്‍ കൊണ്ട് പല ഭരണാധികാരികളും പുരോഗമനപരമായ പല തീരുമാനങ്ങളും ഉപേക്ഷിക്കുകയായിരുന്നു. പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക താത്പര്യങ്ങള്‍ കൊണ്ടാണ് ഇപ്പോഴത്തെ വിപ്ലവകരയ പല തീരുമാനങ്ങളും സൗദി കൈക്കൊള്ളുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരില്‍ മിക്കവരും കരുതുന്നത്. കഴിഞ്ഞയാഴ്ച ഫ്‌ളൈ ഡീല്‍ എയര്‍വേസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ് പുതിയ വാര്‍ത്ത പുറത്ത് വന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളായി ജോലി ചെയ്യാന്‍ യോഗ്യരായ സൗദി വനിതകളെ തേടിയാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ആഭ്യന്തര സര്‍വീസുകളിലായിരിക്കും ആദ്യം വനിതകളെ നിയമിക്കുന്നത്. തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളിലും രാജ്യത്തെ മറ്റ് വിമാന കമ്പനികളിലും യോഗ്യരായ വനിതകളെ നിയമിക്കും