22 Sunday
December 2024
2024 December 22
1446 Joumada II 20

പുസ്തകസെന്‍സര്‍ഷിപ്പിനെതിരെ കുവൈത്തില്‍ പ്രക്ഷോഭം

പുസ്തകങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് എര്‍പ്പെടുത്തിയ നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം നടത്താന്‍ കുവൈത്തിലെ പുരോഗമനാശയക്കാരായ സംഘടനകള്‍ തയ്യാറെടുക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞയാഴ്ചയിലെ പ്രധാനപ്പെട്ട ഒരു മിഡില്‍ ഈസ്റ്റ് വിശേഷം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 4400 പുസ്തകങ്ങള്‍ക്കാണ് കുവൈത്ത് സര്‍ക്കാര്‍ വിലക്ക് നല്‍കിയിരിക്കുന്നത്. ഇവയില്‍ പലതും ലോക ശ്രദ്ധയാകര്‍ഷിച്ച സാഹിത്യ കൃതികളാണ്. മുമ്പ് വില്‍ക്കാന്‍ അനുവാദമുണ്ടായിരുന്ന പല പുസ്തകങ്ങള്‍ക്കും ഇപ്പോള്‍ രാജ്യത്ത് വില്പനാനുമതി ഇല്ല. ലോക പ്രശസ്ത സാഹിത്യകാരന്മാരായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ്, റദ്‌വ അശോര്‍, ഫലസ്തീന്‍ സാഹിത്യകാരന്‍ മൗരിദ് അല്‍ ബര്‍ഗോട്ടി തുടങ്ങി അനേകം എഴുത്തുകാരുടെ കൃതികളും നിരോധിച്ച പട്ടികയില്‍ ഉള്‍പ്പെടും. സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ഹാഷ് ടാഗ് കാമ്പയ്‌നുകളാണ് ഇപ്പോള്‍ പ്രക്ഷോഭങ്ങളായി മാറിയിരിക്കുന്നത്. പുസ്തക വില്പന കേന്ദ്രങ്ങള്‍, ബുക്ക് സ്റ്റാളുകള്‍, കലാലയങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രദര്‍ശനവും വില്പനയും തടയുകയും കുവൈത്തിലെ അച്ചടി ശാലകളില്‍ ഇവ അച്ചടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയുമാണ്. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനാണ് കുവൈത്ത് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇന്നത്തെ കാലത്ത് ഇത്തരം വിലക്കുമായി രംഗത്ത് വരുന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ട് പോകുമെന്നും പ്രക്ഷോഭകര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നേരത്തെ നില നിന്ന അഭിപ്രായ സ്വാതന്ത്ര്യം തിരിച്ച് കൊണ്ടുവരലാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.

Back to Top