അചഞ്ചല വിശ്വാസത്തിന്റെ ധീര മാതൃകകള്‍ – ഡോ. ഇബ്‌റാഹിം മുറാദ്
അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഖുറൈശികളുടെ പ്രവാചകനായതു പോലെ ബനൂഹനീഫ ഗോത്രക്കാര്‍ക്ക് ദൈവം നിയോഗിച്ച പ്രവാചകനാണ് താനെന്ന് മുസൈലിമത്ബ്‌നു ഹബീബ് വാദിച്ചു. മുസൈലിമയുടെ പ്രവാചകത്വവാദം നിരവധി പേരെ സത്യമാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിച്ചു. പ്രവാചകനാണെന്ന അവകാശവാദത്തില്‍ ഉറച്ചുനിന്ന അദ്ദേഹത്തെ നേരിടാന്‍ നബി(സ) നിയോഗിച്ചത് ഹബീബ്ബ്‌നു സൈദ്(റ) നെയായിരുന്നു. വിശ്വാസദൃഢത കൊണ്ട് ധീര മാതൃകകള്‍ കാഴ്ചവെച്ച ഊര്‍ജസ്വലനായ യുവാവായിരുന്നു ഹബീബ് ബിന്‍ സൈദ്(റ)
നബി(സ) നല്‍കിയ കത്തുമായി ഹബീബ് ബനൂഹനീഫക്കാരുടെ വാസകേന്ദ്രത്തില്‍ മുസൈലിമയെ കാണാനായി ചെന്നു. കോപാന്ധനായിത്തീര്‍ന്ന മുസൈലിമ നബി(സ)യുടെ ദൂതനെ ചങ്ങലയില്‍ ബന്ധിച്ചു. മുസൈലിമ ദൈവദൂതനാണെന്ന വാദത്തെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു. ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടാന്‍ അശക്തനാവുമ്പോള്‍ ആയുധമെടുത്ത് ആദര്‍ശവൈരികളെ ഇല്ലായ്മ ചെയ്യുക എന്ന എക്കാലത്തെയും കുടിലതന്ത്രമാണ് മുസൈലിമയും ഇവിടെ പ്രയോഗിച്ചത്. തന്റെ പ്രവാചകത്വവാദത്തിന് ഭീഷണിയായി വന്ന ഹബീബ് ബിന്‍ സൈദിന്റെ ശരീരത്തില്‍ നിന്ന് പച്ചമാംസം വെട്ടിയെടുക്കാന്‍ ആരാച്ചാരോട് കല്പിച്ചു. ശരീരത്തിന്റെ പകുതിയോളം ഭാഗം അയാള്‍ അരിഞ്ഞെടുത്തു. വേദനകൊണ്ട് പുളയുമ്പോഴും ദൃഢവിശ്വാസിയായ ഹബീബ് ‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. മുസൈലിമ എന്ന കള്ളപ്രവാചകന്റെ കൈകളാല്‍ ഹിജ്‌റ 11-ല്‍ അദ്ദേഹം രക്തസാക്ഷിയായി.
മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങളില്‍ പോലും ആദര്‍ശത്തെ ഉറക്കെ പറയാനുള്ള ധീരത പ്രകടിപ്പിച്ച ഹബീബ് ബിന്‍ സൈദിനെ(റ) പോലെയുള്ള നിരവധി ത്യാഗികളെ ചരിത്രത്തില്‍ നിന്ന് നമുക്ക് വായിക്കാം. ജീവന് ഭീഷണിയാവുന്ന പ്രതിസന്ധി ഘട്ടത്തില്‍ പോലും അചഞ്ചലമായ വിശ്വാസം അവര്‍ക്ക് ധൈര്യവും സ്ഥൈര്യവും പകര്‍ന്നുനല്‍കി. കടുത്ത പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ഭീരുക്കളായി പിന്മാറാനോ ഹതാശരായി ഉള്‍വലിയാനോ ഒരുക്കമില്ലാത്ത വിധം മനോധൈര്യത്തോടെ അവര്‍ ദൗത്യം നിര്‍വഹിച്ചു.
ഭയാശങ്കകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തിലും സത്യദീനിന്റെ പ്രചാരകരാവാന്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചത് വിശ്വാസദൃഢത കൊണ്ട് മാത്രമായിരുന്നു. അചഞ്ചല വിശ്വാസം കൊണ്ട് ഉണ്ടാവേണ്ട ആത്മധൈര്യം വിശ്വാസികള്‍ക്കുപോലും ചില സന്നിഗ്ധ ഘട്ടത്തില്‍ ചോര്‍ന്നുപോവുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. സത്യവിശ്വാസം സ്വീകരിച്ചത് കൊണ്ട് ഉണ്ടായിത്തീരേണ്ട സദ്ഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദൈവികസഹായത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മനസ്സ.് അല്ലാഹു കൂടെയുണ്ടെന്ന ദൃഢബോധ്യം പരീക്ഷണങ്ങളെ പുഞ്ചിരിയോടെ സമീപിക്കാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നു. പരീക്ഷണങ്ങളിലൂടെയാണ് അചഞ്ചല വിശ്വാസത്തിന്റെ ഉള്‍ക്കരുത്തായ ക്ഷമയും ധീരതയും പ്രതിഫലിപ്പിക്കാന്‍ ഒരു വിശ്വാസി പാകപ്പെട്ടുവരുന്നത്.
വിശ്വാസമെന്നത് അനുപേക്ഷണീയമായ ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ ഈ മഹാപ്രപഞ്ചത്തിന്റെ ശക്തിസൗന്ദര്യങ്ങളില്‍ നിന്ന് മനുഷ്യന് സിദ്ധമായ ഒരു ചോദനയെന്ന് വിശ്വാസത്തെ നിര്‍വചിക്കുന്നതാവും കൂടുതല്‍ ശരി. ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസസംഹിത കേവലം അനുമാനങ്ങളോ പരികല്‍പനകളോ അല്ല. ദൃഢബോധ്യത്തോടെ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാന്‍ കെല്പുള്ള ശക്തിസ്രോതസ്സാണ്. സര്‍വ രംഗങ്ങളിലും മനുഷ്യന് ആവശ്യമായ നന്മകള്‍ അത് വാഗ്ദാനം ചെയ്യുന്നു.
വിശ്വാസത്തിന്റെ മാധുര്യം നുകര്‍ന്നവര്‍ക്ക് ജീവിതത്തിന് കുളിര്‍മയും ശാദ്വലതയും അത് പ്രദാനം ചെയ്യുന്നു. ക്ഷമയും വിശ്വാസ ദാര്‍ഢ്യവും ഇഴുകിച്ചേരുമ്പോള്‍ ധീരതയുടെ ശക്തി അവന്‍ ആര്‍ജിക്കുന്നു. ശുഭപ്രതീക്ഷയുടെ ഊര്‍ജം അവനെ കര്‍മോത്സുകനാക്കുന്നു. അചഞ്ചല വിശ്വാസത്തിന്റെ ഉള്‍ക്കരുത്തുകൊണ്ട് അസാമാന്യ ധീരതയും ശുഭപ്രതീക്ഷയും കൈമുതലായിരുന്ന സച്ചരിതരുടെ ജീവിതം അവിസ്മരണീയ പാഠങ്ങള്‍ നമുക്ക് പകര്‍ന്നുതരുന്നു. വിശ്വാസികളുടെ എണ്ണം കൂടുകയും വിശ്വാസം കൊണ്ടുണ്ടാവേണ്ട സദ്ഗുണങ്ങള്‍ അന്യമാവുകയും ചെയ്തപ്പോള്‍ ഭീരുത്വം വേട്ടയാടിയതിന്റെ ഉദാഹരണങ്ങളും ചരിത്രത്തില്‍ കാണാം. അചഞ്ചല വിശ്വാസത്തിന്റെ ധീരമാതൃക കാഴ്ചവെച്ചവരുടെ ചരിതങ്ങള്‍ പുനര്‍വായിക്കുമ്പോള്‍ അവരെ നയിച്ച ഔന്നത്യ ബോധവും ശുഭപ്രതീക്ഷയും ഇന്നിന്റെ സാഹചര്യത്തില്‍ നമുക്ക് ഒരു പാഠമായിത്തീരേണ്ടതുണ്ട്.
ആള്‍പെരുപ്പമോ ആയുധബലമോ വേണ്ടത്രയില്ലാതിരുന്നിട്ടും ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയ കിരീടമണിഞ്ഞു. എന്നാല്‍ അനുസരണം, ക്ഷമ, തവക്കുല്‍ എന്നീ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നേരിയ വീഴ്ച സംഭവിച്ചപ്പോള്‍ ഉഹ്ദില്‍ പരാജയം സമ്മതിക്കേണ്ടിവരികയും ചെയ്തു. അല്ലാഹുവിന്റെ സഹായത്തിലുള്ള ശുഭ പ്രതീക്ഷയാണ് ബദ്‌രീങ്ങളെ രണാങ്കണത്തില്‍ ധീരരായി നിലയുറപ്പിച്ചുനിര്‍ത്തിയത്.
എന്നാല്‍ അചഞ്ചല വിശ്വാസത്തിന്റെ ഉള്‍ക്കരുത്തില്‍ ഉണ്ടാവേണ്ട മനോവീര്യം തകര്‍ന്നതായിരുന്നു ഉഹ്ദിലെ പരാജയഹേതു. യുദ്ധത്തില്‍ ജയപരാജയങ്ങള്‍ മാറി മറിയുകയും കഷ്ടനഷ്ടങ്ങളൊക്കെ അനുഭവിക്കേണ്ടതായി വരികയും ചെയ്യും. പക്ഷേ, അതൊന്നും അക്ഷമയോ ദൗര്‍ബല്യമോ പ്രകടിപ്പിക്കാനുള്ള നിമിത്തങ്ങളായിക്കൂടെന്ന് ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. പരാജയവും പിഴവുകളും സംഭവിച്ചാലും സത്യവിശ്വാസത്തില്‍ ഉറച്ചുനിന്ന് നിരാശയോ ഭീരുത്വമോ കൂടാതെ ജീവിക്കുന്നവര്‍ക്ക് ഔന്നത്യബോധം വീണ്ടെടുക്കാമെന്ന് അല്ലാഹു അറിയിക്കുന്നു. ”നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍.” (വി.ഖു 3:139)
ഉഹ്ദിലെ യുദ്ധരംഗം മൂര്‍ധന്യത്തിലെത്തിയ സന്ദര്‍ഭത്തില്‍ ‘നബി(സ) കൊല്ലപ്പെട്ടിരിക്കുന്നു’ എന്നൊരു കിംവദന്തി പരന്നപ്പോള്‍ അത് ചിലരെയെങ്കിലും ഭീരുക്കളാക്കി. പലരും യുദ്ധക്കളം വിട്ടുപോയി. എന്നാല്‍ സത്യദീന്‍ വിട്ട്, നന്ദികെട്ടവരായി മാറുന്നതിനെ എതിര്‍ക്കുകയും സത്യമാര്‍ഗത്തില്‍ ഉറച്ചുനിന്ന് ധീരമായ നിലപാട് സ്വീകരിക്കുകയും ചെയ്തവരായിരുന്നു ദൃഢവിശ്വാസംകൊണ്ട് പ്രശംസാര്‍ഹരായിത്തീര്‍ന്നവര്‍. ഓരോ വ്യക്തിയുടെയും മരണമെന്ന നിശ്ചിതാവധി അല്ലാഹു നേരത്തെ നിശ്ചയിച്ചു വെച്ചതാണെന്നും (3:145) പ്രവാചകന്മാരും അല്ലാത്തവരും ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നുമുള്ള അല്ലാഹുവിന്റെ ബോധനം നബി(സ)യുടെ വിയോഗാനന്തരവും ഭീതിയേതുമില്ലാതെ സത്യദീനില്‍ ഉറച്ചുനില്‍ക്കാനുള്ള പ്രേരണയായി.
ധീരനായ ഉമറി(റ)നു പോലും നബി(സ)യുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വന്നപ്പോള്‍ അബൂബക്‌റിന്(റ) ധീരമായി ഇങ്ങനെ പറയാന്‍ കഴിഞ്ഞതും അചഞ്ചല വിശ്വാസത്തിന്റെ ഉള്‍ക്കരുത്തുകൊണ്ടായിരുന്നു: ”മുഹമ്മദിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കില്‍ മുഹമ്മദ് മരണമടഞ്ഞിരിക്കുന്നു. അല്ലാഹുവിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കില്‍ അവന്‍ ശേഷിച്ചിരിക്കുന്നു.” തുടര്‍ന്ന് അദ്ദേഹം സൂറത്ത് ആലുഇംറാനിലെ 144-ാം സൂക്തം ഓതിക്കേള്‍പ്പിച്ചപ്പോഴാണ് ഉമറിനും (റ) മറ്റും ഭയം നീങ്ങി സുബോധം വീണ്ടെടുക്കാനായത്.
പൂര്‍വിക പ്രവാചകന്മാര്‍ക്കൊക്കെ യുദ്ധങ്ങളിലും മറ്റുമായി ഒരുപാട് കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും അവരുടെ ധീരതയെ ചോര്‍ത്തിക്കളയുകയോ ദുര്‍ബലരായി പിന്മാറുകയോ ചെയ്യാന്‍ കാരണമായിട്ടില്ല. അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അവനോട് പ്രാര്‍ഥിക്കുകയും അന്തിമവിജയം തങ്ങള്‍ക്കനുകൂലമാവുമെന്ന ഉറച്ചബോധ്യത്തോടെ അവര്‍ നിലയുറപ്പിക്കുകയും ചെയ്തു. സത്യവിശ്വാസത്താല്‍ പ്രചോദിതരായി അവര്‍ സ്വീകരിച്ച ഈ ധീരനിലപാടായിരുന്നു ഇരുലോകത്തും വിജയവും മനസ്സമാധാനവും അവര്‍ക്ക് നേടിക്കൊടുക്കുന്നതെന്ന് ഖുര്‍ആന്‍ (4:147) വ്യക്തമാക്കുന്നു.
പ്രതിസന്ധിയില്‍ ആടിയുലയാത്ത വിശ്വാസം കൊണ്ട് നിര്‍ഭയത്വം അനുഭവിക്കാവുന്നത് പ്രാര്‍ഥന എന്ന ആയുധം പ്രയോഗിക്കുമ്പോഴാണ്. പ്രാര്‍ഥന പ്രതീക്ഷയുടെ തുരുത്താണ്. അത് നല്‍കുന്ന ആത്മധൈര്യമാകട്ടെ അനിര്‍വചനീയവുമാണ്. ഭയാശങ്കകളുടെ മുള്‍മുനയില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യത്തിലും ഭയമുക്തമായി മനസ്സിനെ കാത്തുവെക്കാന്‍ കഴിഞ്ഞുവെന്നത് അചഞ്ചല വിശ്വാസികളായ പ്രവാചകന്മാരുടെ ചരിത്രത്തില്‍ സംഭവിച്ച അത്ഭുതമാണ്. ഫിര്‍ഔനും കൂട്ടരും തങ്ങളെ പിന്തുടരുന്നതിനാല്‍ ചെങ്കടലില്‍ മുങ്ങിനശിക്കുകയല്ലാതെ രക്ഷയുടെ വഴിയേതുമില്ലെന്ന് ഇസ്‌റാഈല്യര്‍ ഉറപ്പിച്ചു. ഭീതിപൂണ്ട അവര്‍ മൂസാനബി(അ)യോട് മുറവിളികൂട്ടി. നിശ്ചയമായും നാം പിടിയിലകപ്പെടുന്നവരാണല്ലോ എന്ന് പറഞ്ഞ് വിലപിച്ചു. പക്ഷേ ദൃഢവിശ്വാസംകൊണ്ട് മൂസാ(അ) പറഞ്ഞ ഒരു വാക്ക് ഭീരുക്കളായ അവരെ ധൈര്യപ്പെടുത്താന്‍ മതിയായതായിരുന്നു. മൂസാ(അ) പറഞ്ഞു: ”ഒരിക്കലുമില്ല, എന്റെ കൂടെ എന്റെ റബ്ബുണ്ട്. അവന്‍ എനിക്ക് വേണ്ട മാര്‍ഗദര്‍ശനം നല്‍കും.” (വി.ഖു 26:63)
അധികാരം, സമ്പത്ത്, ആള്‍ബലം, ആയുധശേഖരം, മറ്റ് ഭൗതിക വിഭവങ്ങള്‍ എന്നിവയൊക്കെയാണ് എല്ലാ കാലങ്ങളിലും മനുഷ്യനെ അഹങ്കാരിയും ദൈവനിഷേധിയുമാക്കുന്നത്. എന്നാല്‍ ഇതൊന്നുമില്ലാത്തതിന്റെ പേരില്‍ ദുര്‍ബലര്‍ എന്ന് പറഞ്ഞ് അവഗണിക്കപ്പെട്ടവര്‍ സമൂഹത്തിന്റെ ജേതാക്കളും നേതാക്കളുമായ ചരിത്രമാണ് നാം പഠനവിധേയമാക്കേണ്ടത്. അചഞ്ചലവിശ്വാസം മാത്രം കൈമുതലായിട്ടുള്ള അവര്‍ ആത്മവീര്യത്തോടെ ആദര്‍ശം ഉറക്കെ പറഞ്ഞു. അധികാരവും ആള്‍ബലവും ഒക്കെ ആധിപത്യം ചെലുത്തിയിടത്ത് ആദര്‍ശം വിജയിച്ച് മുന്നേറിയതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. വിഗ്രഹാരാധനയ്ക്ക് നിര്‍ബന്ധിച്ച ദഖ്‌യാനൂസ് രാജാവിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കാത്ത യുവാക്കള്‍ ആദര്‍ശദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു. ഗുഹാവാസത്തിലൂടെ ആ ആദര്‍ശ ധീരരുടെ ചരിത്രം എന്നും അനുധാവനം ചെയ്യപ്പെടേണ്ട മികച്ച പാഠങ്ങളായി ഖുര്‍ആന്‍ (18:9) നമുക്ക് വരച്ചുകാണിച്ചുതന്നു.
അധികാരത്തിന്റെ ഹുങ്കില്‍ ദൈവത്തെ നിഷേധിച്ച നംറൂദ് രാജാവിനോട് ബൗദ്ധികമായി ആദര്‍ശ സംവാദം നടത്താന്‍ ധീരത കാണിച്ച ഇബ്‌റാഹീംനബി(അ). അഗ്നിപരീക്ഷണങ്ങളെ അക്ഷരാര്‍ഥത്തില്‍ നേടിടേണ്ടിവന്ന ഇബ്‌റാഹീം നബി(അ)യുടെ ധീരമായ ചോദ്യത്തിന് മുന്നില്‍ നംറൂദ് രാജാവ് ഉത്തരം മുട്ടിപ്പോയി. യജമാന ഗൃഹത്തില്‍ വെച്ച് തിന്മകളിലേക്ക് വഴുതിവീഴാനുള്ള കടുത്ത സമ്മര്‍ദങ്ങളും ഭീഷണിയും ഒരുങ്ങിയപ്പോഴും അതില്‍ വശംവദനാകാതെ പാരതന്ത്ര്യത്തിന്റെ കാരാഗൃഹവാസമാണ് തനിക്ക് അതിനേക്കാള്‍ പ്രിയങ്കരമെന്ന് ധീരമായി പ്രഖ്യാപിക്കുകയായിരുന്നു യൂസുഫ് നബി(അ). പ്രതികൂലതയുടെ സമ്മര്‍ദവലയത്തിലും പതറാതെ ആദര്‍ശധീരരായി നിവര്‍ന്നുനില്ക്കാന്‍ ഇവര്‍ക്കെല്ലാം കരുത്തായത് അല്ലാഹു കൂടെയുണ്ടെന്ന ശുഭപ്രതീക്ഷയാണ്. അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ഈ ആദര്‍ശധീരതയുടെ ചരിത്രം നമുക്ക് പ്രചോദനമാവട്ടെ.
വിവ. സി കെ റജീഷ്