ഉച്ചഭാഷിണിക്കെതിരെ പരാതി ഉന്നയിച്ചതിന് ഇന്തോനേഷ്യയില്‍ അറസ്റ്റ്
തന്റെ വീടിന്റെ തൊട്ടടുത്തുള്ള ആരാധനാലയത്തില്‍ നിന്ന് ലൗഡ് സ്പീക്കറിലൂടെ ഉച്ചത്തില്‍ ശല്യമുണ്ടാകുന്നു എന്ന് പരാതി പറഞ്ഞ സ്ത്രീയെ ജയിലിലിട്ട വാര്‍ത്തയാണ് ഇന്തോനേഷ്യയില്‍ നിന്നുള്ളത്. മെലിയാന എന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്. 18 മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഈ നടപടിക്കെതിരെ ഇന്തോനേഷ്യയിലും പുറത്തുമുള്ള അനേകം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ റാഡിക്കലായ സമീപനം സ്വീകരിക്കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒട്ടേറെ മുസ്‌ലിം സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്തോനേഷ്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉസ്മാന്‍ ഹമീദ് കോടതി വിധിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അസംബന്ധമായ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും വിധി പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവനിന്ദ ആരോപിച്ചാണ് നടപടി. എന്നാല്‍ ഈ വിഷയത്തില്‍ ഒരു തരി പോലും ദൈവനിന്ദയുടെ അംശമില്ലെന്നാണ് മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ അടക്കം പറയുന്നത്. ദൈവനിന്ദ വകുപ്പുകള്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം ശക്തമാണ് രാജ്യത്ത്.