22 Wednesday
October 2025
2025 October 22
1447 Joumada I 0

സ്‌കൂളുകള്‍ക്ക് ജനറല്‍ കലണ്ടര്‍ മതി – കെ പി അബൂബക്കര്‍ മുത്തനൂര്‍

സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം അവയുടെ വാരാന്ത അവധി ദിനങ്ങളായി സ്വീകരിക്കുന്നത് ശനിയാഴ്ചയും ഞായറാഴ്ചയുമാണ്. ഏപ്രില്‍, മെയ് മാസങ്ങള്‍ മധ്യവേനലവധിയുമായും സ്വീകരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതി സ്വീകരിക്കുന്ന ഒരു പിടി സ്‌കൂളുകള്‍ സംസ്ഥാനത്ത് അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്നുണ്ട്. വാരാന്ത അവധി ദിനങ്ങളായി സ്വീകരിക്കുന്നത് വെള്ളിയാഴ്ചയും ഞായാറാഴ്ചയുമാണ്. പുറമെ റമദാനില്‍ ഒരു മാസം അത്തരം സ്‌കൂളുകള്‍ക് അവധിയാണ്. പകരമായി ഏപ്രില്‍ മാസം അവ പ്രവര്‍ത്തിക്കുകയും ചെയ്യും. വെള്ളിയാഴ്ചയും റമദാനില്‍ ഒരു മാസവും അവധിയെടുക്കുന്നതിനാല്‍ അത്തരം സ്‌കൂളുകള്‍ ‘മുസ്‌ലിം സ്‌കൂളുകള്‍’ എന്നാണ് അറിയപ്പെടുന്നത്. കേട്ടാല്‍ തോന്നും ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ് അവയെന്ന്. ഈ പേര് എങ്ങനെ വന്നു എന്ന കാര്യം അജ്ഞാതമാണ്. ഒരുപാട് തെറ്റിദ്ധാരണകള്‍ക്ക് ആ പേര് അവസരമൊരുക്കുന്നുണ്ട്.

കേരളത്തില്‍ ഇന്നത്തെ പ്പോലെ അടുത്തടുത്തായി ജുമാമസ്ജിദുകള്‍ പണ്ടുണ്ടായിരുന്നില്ല. സ്‌കൂളുകളില്‍ പോയാല്‍ അതുകൊണ്ടുതന്നെ മുസ്‌ലിം കുട്ടികള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല. അവരെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാനായിട്ടാണ് അന്ന് വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി ദിനമാക്കിയത്. അന്നത് ആവശ്യമായിരുന്നിരിക്കാം. ഇന്ന് അങ്ങനെയല്ല. ഒരേ മഹല്ലില്‍ തന്നെ ഒന്നിലധികം ജുമാമസ്ജിദുകള്‍ എന്നും കാണാവുന്നതാണ്. ജുമുഅക്ക് പങ്കെടുക്കാന്‍ ഉതകുന്ന രീതിയില്‍ വെള്ളിയാഴ്ച സമയക്രമീകരണവും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അഞ്ച് സാധ്യായ ദിനങ്ങള്‍ തുടര്‍ച്ചയായി ലഭിക്കാനായി വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി കൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് പകരം ശനിയും ഞായറും അവധി ആക്കാവുന്നതാണ്. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടാനും അതാണ് നല്ലതെന്ന് ഇതിനകം തെളിഞ്ഞ കാര്യമാണ്. ചെറിയ കുട്ടികള്‍ക്ക് റമദാന്‍ വ്രതം നിര്‍ബന്ധമില്ലാത്തതിനാലും വിദ്യാഭ്യാസ വര്‍ഷത്തിന്റെ ഇടയ്ക്കുവെച്ച് വലിയൊരു വിടവ് വരുന്നതിനാലും റമദാന്‍ അവധിയും എടുത്തുകളയേണ്ടതുണ്ട്. റമദാനിലെ അവധിക്ക് പകരമായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് പിന്നെ ഏപ്രില്‍ മാസത്തിലാണ്. അസഹ്യമായ ചൂട് അനുഭവപ്പെടുന്ന, ജലക്ഷാമം രൂക്ഷമാകുന്ന മാസമാണ് ഏപ്രില്‍. ആ മാസത്തിലെ സ്‌കൂള്‍ പ്രവര്‍ത്തനം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഒരുപോലെ വിഷമമാണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതുകൊണ്ട് റമദാനിലെ അവധി എടുത്തുകളഞ്ഞ് എല്ലാ സ്‌കൂളുകളും ഏപ്രില്‍ മാസം അവധി അനുവദിക്കേണ്ടതുണ്ട്. റമദാനില്‍ പ്രവര്‍ത്തിക്കുന്ന അറബികോളെജുകളും മദ്‌റസകളും ഉണ്ടെന്നിരിക്കെ സ്‌കൂളുകള്‍ക്ക് മാത്രം എന്തിനാണ് റമദാന്‍ അവധി? ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധ ഈ വിഷയത്തില്‍ പതിഞ്ഞുകാണുവാന്‍ ആഗ്രഹിക്കുന്നു.

Back to Top