14 Friday
March 2025
2025 March 14
1446 Ramadân 14

വിജയികളുടെ പഞ്ചഗുണങ്ങള്‍

ഡോ. മന്‍സൂര്‍ ഒതായി


ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ് മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റെ ‘ദ ഹണ്ട്രഡ്’. ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിച്ച നൂറ് മഹത് വ്യക്തികളുടെ ജീവിതവും സന്ദേശവുമാണ് ഇതിലെ ഉള്ളടക്കം. മാനവ ചരിത്രത്തെ മാറ്റിമറിച്ച് വിജയികളായ ഈ നൂറ് പേരുടെ പൊതു ഗുണങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആളുകളെ സ്വാധീനിക്കാനും ലക്ഷ്യപൂര്‍ണമായ ജീവിതം നയിക്കാനും അവര്‍ക്ക് സാധിച്ചത് താഴെ പറയുന്ന പഞ്ച ഗുണങ്ങള്‍ കൊണ്ടായിരുന്നു.
(1). കൃത്യമായ ലക്ഷ്യബോധം: ജീവിതം കൊണ്ട് എന്തു നേടണമെന്ന് കൃത്യമായി തീരുമാനിക്കാന്‍ സാധിക്കണം. വ്യക്തമായ ലക്ഷ്യമുള്ളപ്പോള്‍ പഠനവും ജോലിയും പ്രവര്‍ത്തനങ്ങളുമെല്ലാം ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടികളായി മാറും. ചെയ്യുന്ന കാര്യം ഭംഗിയായി നിര്‍വഹിക്കാനും സംതൃപ്തി നേടാനും സാധിക്കുകയും ചെയ്യും. ലക്ഷ്യബോധമില്ലാത്തവന് ഏത് ജോലിയും ഭാരമുള്ളതും മടുപ്പുള്ളതുമായി അനുഭവപ്പെടും. മുന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെങ്കില്‍ അവിടെ എത്തിച്ചേരാന്‍ മനസ്സും ശരീരവും ഉന്മേഷത്തോടെ പ്രയത്‌നിക്കും.
(2). ആസൂത്രണം: ശരിയായ ആസൂത്രണമുണ്ടെങ്കില്‍ ഏത് കടുത്ത ജോലിയും അനായാസം ചെയ്തുതീര്‍ക്കാം. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗതടസ്സങ്ങളെ മുന്നില്‍ കണ്ട് വെല്ലുവിളികള്‍ നേരിടാന്‍ നല്ല ആസൂത്രണം സഹായകമാകും. ജോലിയിലെ സംഘര്‍ഷങ്ങള്‍ കുറക്കാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും പ്ലാനിങ് പ്രയോജനപ്പെടും.
(3). നിരന്തര പരിശ്രമം: വ്യക്തിപരവും സാമൂഹികപരവുമായ നേട്ടങ്ങള്‍ക്ക് നിരന്തര പരിശ്രമം ആവശ്യമാണ്. തടസ്സങ്ങളും വെല്ലുവിളികളും പരാജയങ്ങളുമില്ലാതെ വിജയത്തിലെത്താന്‍ സാധ്യമല്ലല്ലോ. ചരിത്രത്തിലെ വിജയികള്‍ തുടര്‍ച്ചയായ പരാജയങ്ങളെ ചവിട്ടുപടികളാക്കി മാറ്റി മുന്നേറിയവരാണ്. മനസ്സിനുള്ളിലെ ജ്വലിക്കുന്ന ലക്ഷ്യം മുന്നോട്ടു പോകാനും വെല്ലുവിളികളെ നേരിടാനും അവര്‍ക്ക് ഊര്‍ജം നല്‍കി. വിജയം വരെ പരിശ്രമിക്കുക എന്നതായിരുന്നു അവരുടെ പോളിസി. സ്വയം മതിപ്പ് വളര്‍ത്താനും ആത്മവിശ്വാസം വര്‍ധിക്കാനും നിരന്തര പരിശ്രമം നമ്മെ പ്രചോദിപ്പിക്കും.
(4). അഭിനിവേശം: ചെയ്യുന്ന ജോലിയും കര്‍മവും ഇഷ്ടപ്പെട്ടതാണെങ്കില്‍ എന്ത് കഠിനാധ്വാനവും ചെയ്യാന്‍ നമ്മള്‍ തയ്യാറാണ്. യാതൊരു വിരസതയുമില്ലാതെ നിരന്തര പരിശ്രമത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന ഘടകവും അഭിനിവേശം തന്നെ. ഒരു കാര്യത്തോടുള്ള അടങ്ങാത്ത അഭിലാഷം നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന ജോലിയും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുന്നതും തമ്മില്‍ ഗുണത്തിലും ഫലത്തിലും വലിയ വ്യത്യാസമുണ്ടാവും. ധീരമായ തീരുമാനമെടുത്ത് നിരന്തര പരിശ്രമത്തോടെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ചാലക ശക്തിയാണ് അഭിനിവേശം.
(5). ദൈവവിശ്വാസവും ഭക്തിയും: വിജയത്തിന് ആദ്യം വേണ്ടത് കാരുണ്യവാനായ ദൈവവുമായുള്ള ബന്ധമാണ്. ജീവിത വിജയം നേടാന്‍ മനുഷ്യബുദ്ധിയും അധ്വാനവും മാത്രം പോരാ. ദൈവത്തിന്റെ അനുഗ്രഹവും കൃപയും കൂടിയേ തീരൂ. കരുത്തനായ ദൈവം കൂടെയുള്ളപ്പോള്‍ ഏത് പ്രയാസവും പ്രതിസന്ധിയും മറികടക്കാനാവുമെന്ന് വിശ്വാസിക്ക് ശുഭപ്രതീക്ഷയുണ്ട്. ഓരോ കൊച്ചു വിജയത്തിലും ഈശ്വരനെ സ്തുതിച്ച് കൂടുതല്‍ നേട്ടത്തിനായി പ്രാര്‍ഥിച്ച് മുന്നേറുന്ന വ്യക്തിയുടെ മുമ്പില്‍ വിജയകവാടങ്ങള്‍ ഓരോന്നായി തുറക്കപ്പെടും; തീര്‍ച്ച. ”ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍ അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്.” (വി.ഖു 65:2,3)

Back to Top