1 Tuesday
July 2025
2025 July 1
1447 Mouharrem 5

സിവില്‍ സര്‍വീസ് പോര്‌


കേരളത്തിലെ സിവില്‍ സര്‍വീസ് തലപ്പത്ത് മുമ്പെങ്ങുമില്ലാത്ത വിധം ചേരിപ്പോര് തുടരുകയാണ്. ഡോ. ജയതിലക് ഐ എ എസിനെ, കലക്ടര്‍ ബ്രോ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശാന്ത് ഐ എ എസാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചത്. ജോലി സ്ഥലത്ത് ഉണ്ടാവാറുള്ള ഈഗോ സംഘട്ടനങ്ങള്‍ പരസ്യപ്പോരിലേക്ക് രൂപംമാറി എന്നത് കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലക്ക് അപമാനമാണ്.
അതേസമയം തന്നെ, മറ്റൊരു ഐ എ എസ് ഓഫീസര്‍ കൂടി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. അത് അത്യന്തം ഗുരുതരമായ കൃത്യവിലോപം നടത്തിയതിന്റെ പേരിലാണ്. ഗോപാലകൃഷ്ണന്‍ ഐ എ എസ് മല്ലു ഹിന്ദു ഓഫീസര്‍ എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. വിവാദമായപ്പോള്‍, മല്ലു മുസ്‌ലിം ഓഫീസര്‍ ഗ്രൂപ്പ് ഉള്‍പ്പെടെ പത്തോ പന്ത്രണ്ടോ ഗ്രൂപ്പുകള്‍ കൂടി രൂപീകരിക്കുകയും ചെയ്തു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, സംസ്ഥാന പൊലീസ് മേധാവിയും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് ബോധ്യമായി. സാങ്കേതികമായി അക്കാര്യം വാട്‌സ്ആപ്പ് അധികൃതര്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
സീനിയര്‍ ഓഫീസറെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കാരണത്താല്‍ എന്‍ പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് സാധാരണ സംഭവമാണ്. ഏതൊരു ഓഫീസിലും അതുണ്ടാവാറുണ്ട്. എന്നാല്‍, യാതൊരു മാന്യതയും ഇല്ലാതെ നാല്‍ക്കവലകളിലേക്ക് ആ വഴക്കിനെ വലിച്ചിഴച്ച് കൊണ്ടുവരിക എന്നത് അപൂര്‍വമാണ്. കേരളത്തില്‍ ആദ്യത്തെ സംഭവമാണെന്നും പറയാം. സിവില്‍ സര്‍വീസ് ഉദ്യോഗം എന്നത് സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന സ്ഥാനമാണ്. അവര്‍ക്ക് ലഭിക്കുന്ന അംഗീകാരവും ബഹുമാനവും മൂല്യം കണക്കാക്കാന്‍ കഴിയാത്ത വിധം വിപുലമാണ്. അതവരുടെ സമര്‍പ്പണ മനോഭാവത്തിനും അധികാര സ്ഥാനത്തിരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരമാണ്. എന്നാല്‍, ഈ സാമൂഹിക മൂലധനത്തെ നിര്‍ലജ്ജം ചോര്‍ത്തിക്കളയുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഈ രണ്ട് സംഭവങ്ങള്‍ ചില നിരീക്ഷണങ്ങള്‍ക്കുള്ള റഫറന്‍സ് കൂടിയാണ്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ ഒരു ഐ എ എസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നേരം ഇരുട്ടിവെളുക്കുന്ന സമയമേ വേണ്ടതുള്ളൂ. എന്നാല്‍, അനധികൃത പണമിടപാടിന്റെ കൃത്യമായ തെളിവുകള്‍ മുമ്പിലുണ്ടായിട്ടും അജിത് കുമാര്‍ ഐ പി എസിനെതിരെ നടപടി എടുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന മറ്റു ആരോപണങ്ങള്‍ തെളിയിക്കപ്പെടാന്‍ സമയം വേണ്ടിവന്നേക്കാം. അതുകൊണ്ട് ആരോപണമുയരുമ്പോഴേക്ക് ഉദ്യോഗസ്ഥരെ മാറ്റുന്ന സമീപനം ശരിയല്ല എന്ന സര്‍ക്കാര്‍ നിലപാടിന് ഒരു പരിധി വരെ സാധുതയുണ്ട്. പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങളില്‍ തന്നെ സര്‍ക്കാര്‍ ഇരട്ട നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. എന്നിരുന്നാലും, അദ്ദേഹം ഫ്‌ളാറ്റ് വില്‍പ്പനയില്‍ നടത്തിയ പണമിടപാട് സംബന്ധിച്ച രേഖകള്‍ സസ്‌പെന്‍ഷന്‍ നേടിക്കൊടുക്കാന്‍ മാത്രം പര്യാപ്തമാണ്. പക്ഷെ, ഇതുവരെ അതുണ്ടായില്ല.
മറ്റൊന്ന്, ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായി ചേരിപ്പോര് നടത്താന്‍ സാധിക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും അവരുടെ മേല്‍ നിയന്ത്രണമില്ല എന്ന സ്ഥിതിയുള്ളതുകൊണ്ടാണ്. ജനപ്രതിനിധികളോട് പുച്ഛമനോഭാവം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍, അവരെ നിലക്ക് നിര്‍ത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും അധികാരവും ഭരിക്കുന്ന സര്‍ക്കാറിനും മന്ത്രിമാര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. കുത്തഴിഞ്ഞ ഭരണസംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത് എന്നതിന്റെ തെളിവാണ് സിവില്‍ സര്‍വീസിലെ പരസ്യപ്പോര്. സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും പരസ്പരം ഈഗോ മത്സരങ്ങളില്‍ ആവുമ്പോള്‍ പിന്നെങ്ങനെയാണ് സംസ്ഥാനത്ത് കാര്യക്ഷമമായ ഭരണനിര്‍വഹണം സാധ്യമാവുക? എങ്ങനെയാണ് സംസ്ഥാനത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സാധിക്കുക?

Back to Top