26 Thursday
June 2025
2025 June 26
1447 Mouharrem 0

ഖുര്‍ആനില്‍ സര്‍വമത സത്യവാദമോ?

പി കെ മൊയ്തീന്‍ സുല്ലമി


കാഫിര്‍, മുശ്രിക്ക്, മുനാഫിഖ് എന്നീ പദങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും തിരുവചനങ്ങളിലും ധാരാളമായി കാണാം. ഇത്തരം പ്രയോഗങ്ങള്‍ ഒരു പ്രത്യേക ജാതിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല. പേര് മുഹമ്മദായിരുന്നാലും നാരായണനായിരുന്നാലും ഔസേപ്പായിരുന്നാലും അവര്‍ ദൈവത്തെ നിഷേധിക്കുന്നുവെങ്കില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്നുവെങ്കില്‍, കപടത കാണിക്കുന്നുവെങ്കില്‍ അവരെല്ലാം മേല്‍ പറഞ്ഞ ഗണത്തില്‍ പെട്ടവരാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും ഒരു പ്രത്യേക സമുദാത്തിലേക്ക് മാത്രം ഇറക്കപ്പെട്ടതല്ല. മാനവരാശിയുടെ നന്മ ഉദ്ദേശിച്ച് ഇറക്കപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ‘ലോകരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി താങ്കള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്’ (ഇബ്റാഹീം 2). ‘ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.’ (അന്‍ബിയാഅ് 107)
ആര് നന്മ ചെയ്താലും അതിന്റെ പ്രതിഫലം അവന് ലഭിക്കുന്നു. സത്യവിശ്വാസിയാണെങ്കില്‍ പരലോകത്ത് വെച്ചും നിഷേധിയാണെങ്കില്‍ ഇഹലോകത്ത് വെച്ചും പ്രതിഫലം ലഭിക്കുന്നതാണ്. ‘ആര് ഒരണുത്തൂക്കം നന്മ ചെയ്തുവോ അവനത് കാണും’ (ആദിയാത്ത് 7). അനസ്(റ) പറയുന്നു: ‘നബി(സ) പറഞ്ഞു: ഒരു സത്യനിഷേധി ഒരു നന്മ ചെയ്യുന്ന പക്ഷം ഇഹലോകത്ത് അവന് പ്രതിഫലം നല്‍കപ്പെടും. എന്നാല്‍ സത്യവിശ്വാസി നന്മ ചെയ്യുന്ന പക്ഷം പരലോകത്തുവെച്ച് അതിന്റെ പ്രതിഫലം നല്‍കപ്പെടും. ദുനിയാവില്‍ അവന് ഭക്ഷണം നല്‍കപ്പെടുന്നത് അവന്റെ അനുസരണത്തിന്റെ തോത് അനുസരിച്ചായിരിക്കും’ (മുസ്്ലിം). ദുനിയാവില്‍ അല്ലാഹു നന്മ ചെയ്യുന്നത് സത്യവിശ്വാസിയാണോ എന്ന് നോക്കിയല്ല. കാരണം അവന്‍ റഹ്്മാനാണ്. അല്ലാഹുവിന് വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും ഒരേ അളവില്‍ നന്മചെയ്യുന്നവന്‍. ‘അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്’ (ഹശ്‌റ് 22).
എല്ലാവരുടെ സല്‍കര്‍മങ്ങളെയും അല്ലാഹു അംഗീകരിക്കുന്നുണ്ട്. സത്യവും നീതിയും പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ സ്ഥാനമുണ്ട്. ‘നിശ്ചയം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്മാരെ വധിക്കുകയും നീതികൊണ്ട് കല്‍പിക്കുന്ന ആളുകളെ വധിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക’ (ആലുഇംറാന്‍ 21).
മേല്‍ സൂക്തത്തില്‍, നീതികൊണ്ട് കല്‍പിക്കുന്ന വ്യക്തികളെ വധിക്കുന്നത് പ്രവാചകന്മാരെ വധിക്കുന്നതിന് തുല്യമാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ പ്രവാചക ചര്യയും ആര് അംഗീകരിച്ചു ജീവിച്ചാലും അവര്‍ക്കെല്ലാം രക്ഷയുണ്ട് എന്നാണ് അല്ലാഹു അരുളിയത്. ‘മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ, യഹൂദ മതം സ്വീകരിച്ചവരോ, ക്രിസ്ത്യാനികളോ സാബികളോ ആരാകട്ടെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പേടേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ (അല്‍ബഖറ 62).
ഈ വചനത്തെ ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ അതിന്റെ ആശയം ഇപ്രകാരമായിരിക്കും. മുഹമ്മദ് നബി(സ) മാതൃക കാണിച്ച ചര്യ ആര്‍ സമ്പൂര്‍ണമായി അംഗീകരിക്കുന്നുവോ അവര്‍ക്കെല്ലാം രക്ഷയുണ്ട്, സ്വര്‍ഗമുണ്ട്. അഥവാ മുസ്്ലിം നാമധാരിയാകട്ടെ യഹൂദ, ക്രിസ്തു, സാബി പേരുകളില്‍ ഉള്ളവരാകട്ടെ ആര് നബി(സ) വിശുദ്ധഖുര്‍ആനിലൂടെയും തന്റെ ചര്യയിലൂടെയും പഠിപ്പിച്ച അല്ലാഹുവേയും പരലോകത്തെയും സല്‍കര്‍മങ്ങളേയും അംഗീകരിക്കുകയും വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവര്‍ക്കെല്ലാം രക്ഷയും മോക്ഷവും ഉണ്ട് എന്നാണ്. എന്നാല്‍ മേല്‍ പറയപ്പെടുന്ന യഹൂദര്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുന്നവരല്ല. മാത്രവുമല്ല അവര്‍ ഇസ്്ലാമിനോടും മുസ്‌ലിംകളോടും ഏറ്റവുമധികം ശത്രുത വെച്ചു പുലര്‍ത്തുന്നവരുമാണ്.
അല്ലാഹു പറയുന്നു: ‘ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും താങ്കള്‍ക്ക് കാണാം’ (മാഇദ 82). അവര്‍ വിശുദ്ധ ഖുര്‍ആനിനെ അംഗീകരിക്കുന്നില്ല. അവര്‍ അംഗീകരിക്കുന്നത് അവര്‍ നിര്‍മിച്ചുണ്ടാക്കിയ അവരുടെ കൈവശമുള്ള ‘തോറ’ എന്ന ഗ്രന്ഥത്തെയാണ്. അല്ലാഹു പറയുന്നു: ‘അവരുടെ പക്കലുള്ള വേദത്തെ (തൗറാത്തിനെ) ശരിവെച്ചുകൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവും ഇല്ലാത്തവരെപ്പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്’ (അല്‍ബഖറ 101).
നബി(സ) ഖുര്‍ആനിലൂടെ പഠിപ്പിച്ച അല്ലാഹുവിലല്ല യഹൂദികള്‍ വിശ്വസിക്കുന്നത്. യഹൂദികളും ക്രിസ്ത്യാനികളെപ്പോലെ അല്ലാഹുവിന് സന്താനമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അല്ലാഹു പറയുന്നു: ‘അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. അവന്‍ ആരുടേയും സന്തതിയായി ജനിച്ചിട്ടുമില്ല’ (ഇഖ്ലാസ് 3).
യഹൂദികളുടെ വാദം അവര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പ്രത്യേക പരിഗണനയുണ്ട് എന്നതായിരുന്നു. അല്ലാഹു പറയുന്നു: ‘യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന് പ്രിയപ്പെട്ടവരുമാകുന്നു. നബിയേ പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല അവന്റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍’ (മാഇദ 18).
ഇതുപോലെ ക്രിസ്ത്യാനികളും നബി(സ)യുടെ പ്രവാചകത്വം അംഗീകരിച്ചിരുന്നില്ല. അവര്‍ക്ക് അത് അറിയാത്തതുകൊണ്ടല്ല. മറിച്ച് പകയും വാശിയുമായിരുന്നു. അല്ലാഹു പറയുന്നു: ‘നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്ക് (ക്രിസ്ത്യാനികള്‍ക്ക്) സ്വന്തം മക്കളെ അറിയുന്നതു പോലെ അദ്ദേഹത്തെ (മുഹമ്മദ് നബിയെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ടു തന്നെ സത്യം മറച്ചുവെക്കുകയാകുന്നു’ (അല്‍ബഖറ 146).
ഈസാ നബിയുടെ അനുയായികള്‍ക്ക് ഇറങ്ങിയ വേദഗ്രന്ഥം ഇന്‍ജീല്‍ ആകുന്നു. അത് ഇന്ന് നിലവിലില്ല. ക്രിസ്ത്യാനികള്‍ ദൈവിക ഗ്രന്ഥത്തെ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം മാറ്റിമയെഴുതി. മത്തായി, യോഹന്നാന്‍, മാര്‍ക്കോസ്, ലൂക്കോസ് എന്നീ പേരുകള്‍ വെച്ചുകൊണ്ട് അവര്‍ക്കിഷ്ടമുള്ളത് നിലനിര്‍ത്തിയും അവര്‍ക്കിഷ്ടമില്ലാത്തത് ഒഴിവാക്കിയും കൊണ്ടാണ് അവരുടെ ഗ്രന്ഥരചന.
അല്ലാഹു പറയുന്നു: ‘എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ടത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അതുമുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ കൊണ്ട് എഴുതിയതിനാലും അതുകൊണ്ട് (അന്യായമായി) അവര്‍ സമ്പാദിക്കുന്നതിനാലും അവര്‍ക്ക് നാശം’ (അല്‍ബഖറ 79).
ദൈവത്തിന് പുത്രനുണ്ടെന്ന വ്യാജം പ്രചരിപ്പിച്ചതിന് യഹൂദികളെക്കാള്‍ വിമര്‍ശിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. അല്ലാഹു പറയുന്നു: ‘അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു’ (മാഇദ 73).
അല്ലാഹുവിന് മക്കളുണ്ടെന്ന വാദം തിരുത്തുക എന്നതും ഖുര്‍ആനിന്റെ അവതരണ ലക്ഷ്യമായിരുന്നു. ‘അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞവരെ താക്കീത് നല്‍കാന്‍ വേണ്ടിയുമാകുന്നു. അവര്‍ക്കാകട്ടെ അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്തുവരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ നുണയല്ലാതെ പറയുന്നില്ല’ (അല്‍കഹ്ഫ് 4,5).
നബി(സ) കൊണ്ടുവന്ന ഏകദൈവ വിശ്വാസത്തിന് യഹൂദികളെപ്പോലെ ക്രിസ്ത്യാനികളും എതിരായിരുന്നു. ‘അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷകരായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്’ (തൗബ 31). ഇതിനു പുറമെ അവര്‍ക്ക് പുതിയൊരു വാദവും കൂടിയുണ്ടായിരുന്നു: ‘സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്’ (അല്‍ബഖറ 111).
ചുരുക്കത്തില്‍ നബി(സ) ഖുര്‍ആനിലൂടെ പഠിപ്പിച്ച തൗഹീദിലോ നബി(സ)യുടെ പ്രവാചകത്വത്തിലോ ചര്യയിലോ പരലോകത്തിലോ യഹൂദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സാബികള്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. അത് അംഗീകരിച്ചുകൊണ്ടും വിശ്വസിച്ചുകൊണ്ടും ഇസ്്ലാമിന്റെ പാത പിന്തുടര്‍ന്നാല്‍ അവര്‍ക്കെല്ലാം രക്ഷയും മോക്ഷവുമുണ്ട് എന്നതാണ് അല്‍ബഖറ 62-ാം വചനത്തിന്റെ താല്‍പര്യം. അതില്‍ ഒരു സര്‍വമത സത്യവാദവുമില്ല.
‘തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നത് ഇസ്‌ലാമാകുന്നു’ (ആലുഇംറാന്‍ 19). ശരിയായ തൗഹീദിലും പരലോക വിശ്വാസത്തിലും നബിചര്യയിലും പ്രവേശിച്ചവര്‍ക്കെല്ലാം സ്വര്‍ഗമുണ്ടാകും. അത് ഏതു മതസമുദായ പേരുള്ളവനായിരുന്നാലും ശരി.
ഇമാം ഇബ്നു കസീര്‍ അടക്കമുള്ളവര്‍ ഈ വചനത്തെ വ്യാഖ്യാനിച്ചത് ശ്രദ്ധിക്കുക: ‘നിരക്ഷരനായ പ്രവാചകനെ അനുസരിക്കുകയും പിന്തുടരുകയും ചെയ്തവര്‍ക്കെല്ലാം ശാശ്വതമായ സൗഭാഗ്യം ഉണ്ടായിരിക്കും. മുഹമ്മദ് നബി(സ)യെ പിന്തുടരാതിരിക്കുകയും ഈസാ നബിയുടേയും ഇന്‍ജീല്‍ എന്ന ഗ്രന്ഥത്തിന്റേയും ചര്യകള്‍ പിന്തുടരുകയും ചെയ്യുന്നവരാണെങ്കില്‍ അവര്‍ നശിച്ചതു തന്നെ’ (മുഖ്തസ്വറു ഇബ്നുകസീര്‍ 1:71)

Back to Top