23 Monday
December 2024
2024 December 23
1446 Joumada II 21

എന്നെ ഞാനാക്കിയ ശബാബ്‌

എ ആര്‍ കൊടിയത്തൂര്‍


വളരെ ചെറുപ്പത്തിലേ ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ ഭാഗ്യം കിട്ടിയതിനാല്‍, നേരത്തെ പരിചയമുള്ള ഒരു പ്രസിദ്ധീകരണം ആയിരുന്നു ശബാബ്. പണ്ടുകാലം മുതലേ ഒരു കോപ്പി ശബാബ് വീട്ടിലുണ്ടാകും. അടുത്ത ലക്കം വരുന്നതിനു മുമ്പായി ഏകദേശമൊക്കെ വായിച്ചു തീര്‍ത്തിട്ടുണ്ടാകും. പത്രത്തിന്റെ മോഡലിലായിരുന്നു അന്നത്തെ ശബാബ്. ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയും ഇ കെ എം പന്നൂരുമൊക്കെയായിരുന്നു ശബാബിനെ മുന്നോട്ടു നയിച്ചിരുന്നത്. കുറച്ചുകാലം എന്റെ നാട്ടുകാരന്‍ മുഹമ്മദ് കൊടിയത്തൂരും ശബാബില്‍ ഉണ്ടായിരുന്നു.
ഞാന്‍ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി ശബാബില്‍ ലേഖനമെഴുതിയത്. ചില പുസ്തകങ്ങള്‍ റഫര്‍ ചെയ്തുകൊണ്ട് ‘ഹദീസ് സമാഹരണത്തിന്റെ പിതാവ്’ എന്ന പേരില്‍ ഇമാം ബുഖാരിയെ പറ്റി ഒരു ലേഖനം എഴുതി. ലേഖനം പ്രസിദ്ധീകരിച്ചതിന്ന് ശേഷം എനിക്കൊരു കത്ത് കിട്ടി. അരീക്കോട് എന്‍ വി സകരിയയുടേതായിരുന്നു ആ എഴുത്ത്. ഇമാം ബുഖാരിയെ പുകഴ്ത്തി പറഞ്ഞത് കുറച്ച് അധികമായി എന്നുള്ള തരത്തിലായിരുന്നു കത്ത്. ആ കത്ത് എന്റെ എഴുത്ത് ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും എഴുതാനുള്ള പ്രേരണ എന്നില്‍ ഉണ്ടായി.
പിന്നീട് രണ്ടു മൂന്നു ലക്കത്തില്‍ ഖുര്‍ആന്‍ സമൂഹത്തില്‍ വരുത്തിയ സ്വാധീനത്തെ പറ്റി എഴുതി. അന്നൊക്കെ പുകവലിയെ അങ്ങേയറ്റം എതിര്‍ത്തിരുന്ന ഒരാളായിരുന്നു ഞാന്‍. നാട്ടിലും മറ്റും പുകവലിക്കുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. പുകവലിക്കെതിരെ രണ്ട് കുറിപ്പുകള്‍ ശബാബില്‍ പ്രസിദ്ധീകരിച്ചു. ഖുര്‍ആനും ഹദീസും വെച്ച് പുകവലി ഹറാമാണെന്ന് സമര്‍ഥിക്കുകയായിരുന്നു ചെയ്തത്. അത് സമൂഹത്തില്‍ കുറച്ച് പ്രതികരണങ്ങള്‍ ഉണ്ടാക്കി. ഞങ്ങളുടെ നാട്ടിലും മറ്റുമുള്ള കുറെ ആള്‍ക്കാര്‍ പുകവലിക്കുന്നത് നിര്‍ത്തി എന്നത് വലിയ ആശ്വാസമായിരുന്നു.
എന്റെ എഴുത്തു ജീവിതത്തെ ശബാബ് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്റേതായി നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി ഭാഷ കേരളത്തില്‍, നല്ല മാഷും നല്ല മിസ്സും, ചിന്തിക്കുന്നവര്‍ക്ക് ദുഷ്ടാന്തങ്ങള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്ക് എന്നിവയാണവ. ശബാബിന്റെ പ്രചാരണം മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. ഇനിയും മുന്നേറാന്‍ കഴിയട്ടെ.

Back to Top