19 Tuesday
November 2024
2024 November 19
1446 Joumada I 17

ശിര്‍ക്കും വസീലത്തുശ്ശിര്‍ക്കും

പി കെ മൊയ്തീന്‍ സുല്ലമി


അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനെയാണ് ശിര്‍ക്ക് എന്ന് പറയുന്നത്. ‘വസീലത്’ എന്നാല്‍ മധ്യവര്‍ത്തി, മാര്‍ഗം, ഇടയാളന്‍ എന്നൊക്കെയാണ് അര്‍ഥം. ‘വസീലത്തുശ്ശിര്‍ക്ക്’ എന്നാല്‍ ‘ശിര്‍ക്കിലേക്ക് നയിക്കുന്ന മാര്‍ഗം’ എന്നാണ്. ഈ അടുത്ത കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്ന ചില വാദങ്ങളുണ്ട്: വിജനമായ സ്ഥലത്തുവെച്ച് ജിന്നിനോട് സഹായം തേടലും അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ മരണപ്പെട്ട പ്രവാചകനോട് അപേക്ഷിക്കലും ശിര്‍ക്കല്ല, മറിച്ച് വസീലത്തുശ്ശിര്‍ക്ക് (അഥവാ ഹറാം) മാത്രമേ ആകൂ എന്നാണ് അവരുടെ വാദം.
ഇത് തൗഹീദിന് വിരുദ്ധമാണ്. കാരണം വസീലത്തുശ്ശിര്‍ക്ക് (ശിര്‍ക്കിലേക്കുള്ള മാര്‍ഗം) ശിര്‍ക്കാകുന്നതും ഹറാമാകുന്നതും അത് ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ്. നബി(സ) പറയുന്നു: ‘പ്രവര്‍ത്തനങ്ങള്‍ (അല്ലാഹു പരിഗണിക്കുന്നത്) ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് മാത്രമാണ്’ (ബുഖാരി). ഖബറിന് മുകളില്‍ ജാറമുണ്ടാക്കല്‍ ‘വസീലത്തുശ്ശിര്‍ക്കും’ ഹറാമുമാണ്. എന്നാല്‍ ജാറമുണ്ടാക്കുന്ന വ്യക്തിയുടെ ഉദ്ദേശ്യം അവിടെ മറവു ചെയ്യപ്പെട്ട വ്യക്തിയോട് ഇസ്തിഗാസ (സഹായ പ്രാര്‍ഥന) നടത്തലാണെങ്കില്‍ ജാറനിര്‍മാണം ശിര്‍ക്കായിത്തീരും. വ്യഭിചാരം ഇസ്്ലാമില്‍ ഹറാമാണ്. വ്യഭിചാരത്തിലേക്കുള്ള വസീലയാണ് നോട്ടം. അതു ഹറാമായിട്ടാണ് ഇസ്്ലാം കണക്കാക്കുന്നത്. നബി(സ) പറയുന്നു: ‘രണ്ടു കണ്ണുകള്‍ കൊണ്ടുള്ള നോട്ടവും കണ്ണിന്റെ വ്യഭിചാരമാണ്’ (മുസ്്ലിം). നബി(സ) ഇപ്രകാരം പറയാന്‍ കാരണം നോട്ടത്തിന്റെ ഉദ്ദേശ്യം വ്യഭിചാരമായതുകൊണ്ടാണ്.
ജിന്നുകളെ വിളിച്ചു തേടല്‍ ജാഹിലിയ്യാ ശിര്‍ക്കന്‍ സമ്പ്രദായമായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ‘മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) അഹങ്കാരം വര്‍ധിപ്പിച്ചു’ (ജിന്ന് 6). ഇബ്നു കസീര്‍(റ) മേല്‍ വചനം വ്യാഖ്യാനിച്ചത് ശ്രദ്ധിക്കുക: ‘ആ സ്ഥലത്തുള്ള ജിന്നുകളുടെ നേതാവിനോട് ശരണം തേടുകയെന്നത് ജാഹിലിയ്യാ കാലത്തെ അറബികളുടെ സമ്പ്രദായത്തില്‍ പെട്ടതായിരുന്നു’ (ഇബ്നുകസീര്‍, അല്‍ജിന്ന് 6). ഇമാം ഖുര്‍ത്വുബിയും പ്രസ്തുത വചനം വ്യാഖ്യാനിക്കുന്നുണ്ട്. ‘മുഖാതില്‍(റ) പറഞ്ഞു: ജിന്നുകളോട് രക്ഷ തേടാന്‍ ആദ്യം തുടങ്ങിയത് യമനില്‍ പെട്ട ചില സമുദായങ്ങളായിരുന്നു. പിന്നീടത് (ശിര്‍ക്കന്‍ ആചാരം) അറബികളില്‍ മൊത്തം വ്യാപിച്ചു. എന്നാല്‍ ഇസ്‌ലാം വന്നപ്പോള്‍ അല്ലാഹുവോട് മാത്രം ശരണം തേടുകയും ജിന്നുകളോട് തേടല്‍ ഉപേക്ഷിക്കുകയും ചെയ്തു.” (അല്‍ജാമിഉ ലി അഹ്്കാമില്‍ ഖുര്‍ആന്‍; അല്‍ജിന്ന് 6).
അല്ലാഹു പറയുന്നു: ”അവര്‍ ജിന്നുകളെ അല്ലാഹുവിന് പങ്കുകാരാക്കിയിരിക്കുന്നു” (അന്‍ആം 100). സൂറത്ത് ഇസ്രാഈലിലെ 56-ാം വചനത്തിന്റെ തഫ്സീറില്‍ ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ‘അബ്ദുല്ല(റ) പ്രസ്താവിച്ചു: മനുഷ്യരില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ ജിന്നുകളില്‍ പെട്ട ഒരു വിഭാഗം ആളുകളോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവര്‍ (പ്രാര്‍ഥിക്കപ്പെടുന്നവര്‍) മുസ്‌ലിംകളായി. എന്നിട്ടും പ്രാര്‍ഥിച്ചിരുന്നവര്‍ പ്രാര്‍ഥന തുടരുകയും ചെയ്തു” (ബുഖാരി, ഫത്ഹുല്‍ ബാരി 10:371). അപ്പോഴാണ് ഈ വചനം ഇറങ്ങിയത്.
ജിന്നുകളോടായാലും മലക്കുകളോടായാലും അദൃശ്യ ശക്തികളോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ് എന്ന വിഷയത്തില്‍ മുസ്്ലിം ലോകത്ത് തര്‍ക്കമില്ല, അല്ലാഹു അല്ലാത്ത ഏതു ശക്തികളോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്കു തന്നെയാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്ത ശക്തികളോട്) പ്രാര്‍ഥിച്ചാല്‍ അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. അന്ത്യദിനത്തില്‍ നിങ്ങള്‍ ചെയ്ത ശിര്‍ക്കിനെ അവര്‍ നിഷേധിക്കുന്നതുമാണ്” (ഫാത്വിര്‍ 14).
ഈ വചനത്തെ ഇമാം ഖുര്‍ത്വുബി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”മലക്കുകള്‍, ജിന്ന്, പ്രവാചകന്മാര്‍, പിശാചുക്കള്‍ പോലെയുള്ളവരെല്ലാം (ശിര്‍ക്കായ പ്രാര്‍ഥനയില്‍) ഉള്‍പ്പെടുന്നതാണ്” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍; ഫാത്വിര്‍ 14). സൂറത്ത് അഹ്ഖാഫിലെ 5-ാം വചനത്തിന്റെ തഫ്സീറില്‍ ഇമാം റാസി രേഖപ്പെടുത്തുന്നു: ”മലക്കുകള്‍, ഈസാ നബി(അ), ഉസൈര്‍(അ) വിഗ്രഹങ്ങള്‍ തുടങ്ങിയവ ആയത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്” (തഫ്സീറുല്‍ കബീര്‍, അഹ്ഖാഫ് 5).
ആധുനിക പണ്ഡിതന്മാര്‍ക്കും ജിന്നിനേയും മലക്കിനേയും വിളിച്ചുതേടല്‍ നിരുപാധികം ശിര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇബ്‌നു ബാസ്(റ) പറയുന്നു: ”മരണപ്പെട്ടവരോടും മലക്കുകളോടും ജിന്നിനോടും മറ്റു (അദൃശ്യ) ശക്തികളോടും ബന്ധപ്പെട്ടുകൊണ്ടുള്ള പ്രാര്‍ഥനയും ശരണം തേടലും അതുപോലുള്ള പ്രവര്‍ത്തനങ്ങളും ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന മുശ്രിക്കുകളുടെ സമ്പ്രദായത്തില്‍ പെട്ടതാണ്. ഏറ്റവും മോശപ്പെട്ട ശിര്‍ക്കില്‍ പെട്ടതുമാണ്” (മജ്മൂഉ ഫതാവാ ഇബ്നിബാസ്: 2/544).
ജിന്നുകളോട് സഹായം തേടണമെങ്കില്‍ അവര്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമാകണം. അവരെ നമുക്ക് ദര്‍ശിക്കാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അവനും അവന്റെ മാര്‍ഗവും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍” (അഅ്‌റാഫ് 27). മുഅ്ജിസത്തുള്ള പ്രവാചകന്മാര്‍ക്ക് അവരുടെ മുഅ്ജിസത്ത് എന്ന നിലയില്‍ അല്ലാഹു അനുവാദം കൊടുക്കുമ്പോള്‍ മാത്രമേ ജിന്നുകളെ കാണാന്‍ കഴിയൂ. സ്വഹീഹുല്‍ ബുഖാരിയിലെ 4808-ാം നമ്പര്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ”തീര്‍ച്ചയായും അത് (ജിന്നുമായി സമ്പര്‍ക്കം പുലര്‍ത്തിയത്) അല്ലാഹുവിന്റെ അനുവാദപ്രകാരമായിരുന്നു. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ മുഅ്ജിസത്തില്‍ പെട്ടതാണ്. അത് പ്രവാചകന്മാര്‍ക്ക് മാത്രം പ്രത്യേകമാക്കപ്പെട്ടതാണ്. മറ്റുള്ളവര്‍ക്ക് അത് ബാധകമല്ല” (ഫത്ഹുല്‍ബാരി 10:599).
സുലൈമാന്‍ നബി(അ)യുടെ ജിന്നുകളുമായിട്ടുള്ള സമ്പര്‍ക്കം ‘മുഅ്ജിസത്ത്’ എന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജിന്നു സമ്പര്‍ക്കം ചില യാഥാസ്ഥിതികര്‍ ജല്‍പിക്കുന്നതു പോലെ സാധാരണവത്കരിക്കാവുന്ന കാര്യമല്ല.
മനുഷ്യര്‍ക്ക് ജിന്നിനെ കാണാന്‍ കഴിയുമോ? ഇമാം ശാഫിഈ(റ) പറഞ്ഞതായി ഇമാം ബൈഹഖി(റ) റബീഅ്(റ)വില്‍ നിന്നു ഉദ്ധരിക്കുന്നു: ”നബിയല്ലാത്ത ഒരു വ്യക്തി ജിന്നിനെ കണ്ടുവെന്ന് വാദിക്കുന്ന പക്ഷം അത് അസത്യമായിരിക്കും” (ഫത്ഹുല്‍ബാരി 10:97). സൂറത്ത് അ്അറാഫ് 27-ാം വചനത്തിന്റെ വ്യഖ്യാനമായി ഇമാം ഖുര്‍തുബി രേഖപ്പെടുത്തി: ”അവനും അവന്റെ മാര്‍ഗവും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍”. ഈ ആയത്തിനെ ഇമാം നുഹാസ് വിശദീകരിക്കുന്നു: ‘ഒരു പ്രവാചകന്റെ മുഅ്ജിസത്ത് എന്ന നിലയില്ലാതെ ജിന്നിനെ ഒരാള്‍ക്കും കാണാന്‍ സാധ്യമല്ല. അത്തരം മുഅ്ജിസത്തുകള്‍ പ്രവാചകന്മാരുടെ കാലഘട്ടത്തിലല്ലാതെ ഉണ്ടാകുന്നതുമല്ല.” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 7:187)
ഇബ്നു ഹസം(റ) പറയുന്നു: ”അവര്‍ നമ്മെ കാണും, നാം അവരെ കാണുകയില്ല. നബിയല്ലാത്ത വല്ലവനും ജിന്നുകളെ കണ്ടുെവന്ന് വാദിക്കുന്ന പക്ഷം അവന്‍ കളവ് പറയുന്നവനാണ്” (അല്‍ഫസ്വ്ല്‍ 5:12). ഇബ്നുബാസ്(റ) പറയുന്നു: ”ജിന്നു ലോകവും അവരുടെ അവസ്ഥയും മനുഷ്യരെ സംബന്ധിച്ച് അഭൗതികമാണ്. വിശുദ്ധ ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ വന്നതല്ലാതെ അവരെക്കുറിച്ച് യാതൊന്നും തന്നെ മനുഷ്യര്‍ക്ക് അറിയുകയില്ല” (ഫത്വാല്ലജ്ത്തിദ്ദാഇമ 5:186).
മുജാഹിദ് പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചത് ജിന്നുകള്‍ അഭൗതിക ജീവികളാണ് എന്നാണ്. വെളിയങ്കോട് ഉമര്‍ മൗലവിയുടെ തര്‍ജുമാനില്‍ ഖുര്‍ആനിലും (പേജ് 907) അമാനി മൗലവിയുടെ സൂറത്ത് സ്വാഫ്ഫാത്ത് 158-ാം വചനത്തിന്റെ പരിഭാഷയും വിശദീകരണവും നോക്കിയാലും അക്കാര്യം ബോധ്യപ്പെടും.
അഭൗതികമായ നിലയില്‍ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. ഇതാണ് മുജാഹിദുകള്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്നേവരെ വിശ്വസിച്ചു പോന്നിട്ടുള്ളത്. മഴ ലഭിക്കാന്‍ വേണ്ടി അല്ലാഹുവോട് ശുപാര്‍ശ ചെയ്യാന്‍ മരണപ്പെട്ട നബി(സ)യോട് തേടല്‍ വസീലത്തുശ്ശിര്‍ക്കല്ല. ശുദ്ധമായ ശിര്‍ക്കു തന്നെയാണ്. അല്ലാഹു പറയുന്നു: ”അല്ലാഹുവിനു പുറമെ അവര്‍ (മുശ്രിക്കുകള്‍) വിളിച്ചു പ്രാര്‍ഥിക്കുന്നത് ചില പെണ്‍ ദൈവങ്ങളെ മാത്രമാകുന്നു. യഥാര്‍ഥത്തില്‍ ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നത്” (നിസാഅ് 117). ഈ വചനത്തെ ഇബ്നുകസീര്‍(റ) വിശദീകരിക്കുന്നു: ”ഇബ്നു അബ്ബാസ്(റ) പറയുന്നു: അതുകൊണ്ടുദ്ദേശിക്കുന്നത് മരണപ്പെട്ടവരാകുന്നു. ഹസന്‍(റ) പറയുന്നു: ജീവനില്ലാത്ത എല്ലാ വസ്തുക്കള്‍ക്കും ‘ഇനാസ്’ എന്നു പറയും” (മുഖ്തസ്വര്‍ ഇബ്നി കബീര്‍ 1:438).
”അല്ലാഹുവിന് പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ഥിക്കപ്പെടുന്നവര്‍) മരണപ്പെട്ടവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല” (നഹ്്ല്‍ 20,21). ‘അവര്‍ മരണപ്പെട്ടവരാണ്. ജീവനുള്ളവരല്ല’ എന്ന വചനം ഇമാം ഇബ്നു കസീര്‍ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ”അവ ചിന്തിക്കാനോ കാണാനോ കേള്‍ക്കാനോ കഴിവില്ലാത്ത ജീവനില്ലാത്ത ഖരവസ്തുക്കളാണ്” (ഇബ്നു കസീര്‍ 2/265). ”ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നില്ല” എന്ന വചനം അദ്ദേഹം വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”എപ്പോഴാണ് ലോകാവസാനം എന്ന് അവര്‍ അറിയുകയുമില്ല” (ഇബ്നു കസീര്‍ 2/565).
ശുപാര്‍ശകരെന്ന നിലയില്‍ മരണപ്പെട്ടവരോടോ വിഗ്രഹങ്ങളോടോ മറ്റു വസ്തുക്കളോടോ തേടല്‍ ശിര്‍ക്കു തന്നെയാണ്. അല്ലാഹു അരുളി: ”അല്ലാഹുവിനു പുറമെ അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്നു പറയുകയും ചെയ്യുന്നു”(യൂനുസ് 18). ഒരാള്‍ മരണപ്പെട്ട നബി(സ)യോട് ”താങ്കള്‍ അല്ലാഹുവോട് താങ്കളുടെ സമുദായത്തിന് മഴക്കു വേണ്ടി ആവശ്യപ്പെടണം” എന്ന നിലയില്‍ ശുപാര്‍ശ പറയണം എന്നു പറയുന്നതും ശിര്‍ക്കു തന്നെയാണ്. ശിര്‍ക്കു മാത്രമല്ല അത് ബിദ്അത്തും കൂടിയാണ്.
ഹനഫീ മദ്ഹബുകാരനായ ഇമാം ആലൂസി സൂറത്തുല്‍ മാഇദയിലെ 35-ാം വചനം വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”നിങ്ങള്‍ അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം സ്വീകരിക്കുക” എന്നതിന്റെ താല്‍പര്യം അല്ലാഹുവിനെ അനുസരിച്ചു കൊണ്ടും അവന്‍ നിരോധിച്ചത് ത്യജിച്ചുകൊണ്ടും നിങ്ങള്‍ അവനിലേക്ക് അടുക്കുകയെന്നതാണ്. ഈ വചനം സ്വാലിഹായ മഹത്തുക്കളെക്കൊണ്ട് ഇട തേട്ടം നടത്താന്‍ തെളിവാണെന്ന് ചിലര്‍ പറയാറുണ്ട്. അവര്‍ അവരെ അവരുടേയും അല്ലാഹുവിന്റേയും ഇടയില്‍ മധ്യവര്‍ത്തികളാക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം തേട്ടങ്ങള്‍ മരിച്ചവരോടാണെങ്കില്‍ അത് അനുവദനീയമല്ല തന്നെ. അത് സലഫുസ്വാലിഹുകളില്‍ ആരും ചെയ്യാത്ത അനാചാരവുമാണ്” (റൂഹുല്‍ മആനി 2/358).
വസീലത്തു ശിര്‍ക്കോ വസീലത്തുല്‍ കുഫ്റോ വസീലത്തുന്നിഫാഖോ വസീലത്തുല്‍ ഹറാമോ വസീലത്തുല്‍ കറാഹത്തോ ഇസ്്ലാം വിധിവിലക്കുകളായി അംഗീകരിക്കുന്നില്ല. അതൊക്കെ ഒറ്റപ്പെട്ട ചില പണ്ഡിതന്മാരുടെ അഭിപ്രായമാത്രമാണ്. ഇസ്്ലാം കര്‍മങ്ങള്‍ അംഗീകരിക്കുന്നത് മുമ്പ് നാം വിശദീകരിച്ചതു പോലെ നിയ്യത്തുകള്‍ അനുസരിച്ചു മാത്രമാണ്.
ഒരാള്‍ ഖബ്റുകള്‍ കെട്ടിപ്പൊക്കുന്നത് ആളുകള്‍ അവിടെ വന്ന് ഇസ്തിഗാസ(പ്രാര്‍ഥന) നടത്തണം എന്ന ഉദ്ദേശത്തോടെയാണെങ്കില്‍ ഖബറുകള്‍ കെട്ടിപ്പൊക്കല്‍ ശിര്‍ക്കു തന്നെയാണ്. ഒരു വ്യക്തി ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നത് കവര്‍ച്ച ഭയന്നിട്ടാണെങ്കില്‍ അത് അനുവദനീയവും മാസം മാസം പലിശ വാങ്ങി ജീവിക്കാനാണെങ്കില്‍ പ്രസ്തുത നിക്ഷേപം ഹറാമുമാണ്.
ചുരുക്കത്തില്‍ ഏത് അവസ്ഥയിലായിരുന്നാലും ജിന്നുകളോടും മലക്കുകളോടും സഹായം തേടലും മഴക്കുവേണ്ടി ശുപാര്‍ശ ചെയ്യാന്‍ മരണപ്പെട്ടു പോയ നബി(സ)യോട് പ്രാര്‍ഥിക്കലും വസീലത്തുശിര്‍ക്കില്‍ പെട്ട കാര്യമല്ല. മറിച്ച് അഹ്്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ വ്യക്തമാക്കിയതുപോലെ ഏറ്റവും വലിയ ശിര്‍ക്കില്‍ പെട്ടതാണ്. വസീലത്തുശ്ശിര്‍ക്കാണെന്ന വാദം ശിര്‍ക്കിനെ ലഘൂകരിച്ച് കാണുന്നവരുടെ വാദമാണ്. വ്യഭിചാരം ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടവും വ്യഭിചാരമാണെന്നാണ് നബി(സ) പഠിപ്പിച്ചത് ”അപ്പോള്‍ രണ്ടു കണ്ണുകളുടെ നോട്ടവും വ്യഭിചാരത്തില്‍ പെട്ടതാണ്”(മുസ്്ലിം).

Back to Top