18 Monday
November 2024
2024 November 18
1446 Joumada I 16

‘പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടാല്‍ അതാണെന്റെ മദ്ഹബ്’

അനസ് എടവനക്കാട്‌


നാല് ഘടകങ്ങള്‍ ഉള്‍ചേര്‍ന്നതാണ് ഫിഖ്ഹിന്റെ രീതിശാസ്ത്രം അഥവാ ഉസൂലുല്‍ ഫിഖ്ഹ്. അതില്‍ ആദ്യത്തേത് വിശുദ്ധ ഖുര്‍ആന്‍, പ്രവാചകന്റെ സുന്നത്ത്, ഖിയാസ്, ഇജ്മാഅ്, ഇസ്തിഹ്‌സാന്‍, മുതലായവ ഉള്‍ക്കൊള്ളുന്ന അല്‍ അദില്ലത്തുല്‍ ഇജ്മാലിയ്യ:യാണ്. മറ്റുള്ളത് മതവിധികളും അവയുടെ രീതിശാസ്ത്രവും പഠിപ്പിക്കുന്ന ഹുകുമു ശരീഅ. സൂചനകളേയും പദപ്രയോഗങ്ങളേയും പൊതുനിയമങ്ങളേയും പ്രത്യേക നിയമങ്ങളേയുമെല്ലാം പറ്റി പ്രതിപാദിക്കുന്ന ദലാലാത്ത് അല്‍ഫാസ്. ഗവേഷണത്തേയും അനുകരണത്തേയും പറ്റി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ (ഇജ്തിഹാദ്, തഖ്‌ലീദ്) എന്നിവയാണ്. മറ്റ് മദ്ഹബുകളെ പോലെ തന്നെ ഹനഫീ മദ്ഹബിന്റെ അദില്ലല്‍ ഇജ്മാലിയ്യ:യില്‍ (അദില്ലത്തുല്‍ മുഅ്തബിര്‍) ഒന്നാമത്തെ അടിസ്ഥാന പ്രമാണം വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. എന്നിരുന്നാലും ഖുര്‍ആനില്‍ വന്ന ഒരു സംഗതിയെ സ്വഹീഹ് നിലവാരമുള്ള ഖബറുല്‍ വാഹിദായ ഹദീസുകള്‍ കൊണ്ട് മറികടക്കാവതല്ല എന്നതില്‍ ഹനഫീ മദ്ഹബ് പ്രത്യേകം ഊന്നല്‍ നല്‍കുന്നത് കാണാം.
വിശുദ്ധ ഖുര്‍ആനില്‍ നിന്നും വിധി പിടിച്ചെടുക്കുവാന്‍ സാധ്യമല്ലെങ്കില്‍ മാത്രം ഹദീസുകളെ അവലംബിക്കുകയാണ് പൊതുവില്‍ ചെയ്തുവരുന്നത്. ഉദാഹരണമായി, ‘നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്‌കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക”(1). എന്ന ആയത്തിന്റെ അടിസ്ഥാനത്തില്‍ ഹനഫീ മദ്ഹബിലെ നമസ്‌കാരത്തില്‍ ഖുര്‍ആനില്‍ നിന്നും ഏതാനും ഭാഗം മാത്രം പാരായണം ചെയ്താല്‍ മതിയാകുന്നതാണ്. അതായത് ഹനഫി ഫിഖ്ഹില്‍ ഫാതിഹ ഓതല്‍ വാജിബ് മാത്രമാണ്, ഫര്‍ദ് അല്ല എന്നര്‍ഥം.
സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്; ”ഉമ്മുല്‍ ഖുര്‍ആന്‍ പാരായണം ചെയ്തിട്ടല്ലാതെ ആരെങ്കിലും വല്ല നമസ്‌കാരവും നിര്‍വഹിച്ചാല്‍ അത് അപൂര്‍ണമാണ്, അത് അപൂര്‍ണമാണ്, അത് അപൂര്‍ണമാണ്”(2). ”ഫാതിഹത്തുല്‍ കിതാബ് ഓതാത്തവന് നമസ്‌കാരമില്ല”(3). ഇത് കൂടാതെ മേല്‍പ്പറയപ്പെട്ട ആയത്ത് അവതരിച്ചത് രാത്രിനമസ്‌കാരത്തിലെ പാരായണത്തിന്റെ കാര്യത്തിലാണെന്ന് ആഇശ(റ) വില്‍ നിന്നുള്ള റിപ്പോര്‍ട്ടും ഉണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എല്ലാ റകഅത്തുകളിലും ഫാത്തിഹ ഓതല്‍ നിര്‍ബന്ധമാണെന്ന് ഇമാം മാലിക്, ശാഫിഈ, അഹ്‌മദ് ബിന്‍ ഹന്‍ബല്‍ (റ) മുതലായവര്‍ തറപ്പിച്ചു പറയുന്നു. ഇവിടെ മറ്റ് മദ്ഹബുകളോട് എതിരാകാന്‍ ഹനഫീ ഫിഖ്ഹിനെ പ്രേരിപ്പിച്ച ഘടകം അവരുടെ ഉസൂലുല്‍ ഫിഖ്ഹിലെ ഈ നിബന്ധനയായിരുന്നു.
ഹനഫീ ഫിഖ്ഹിലും അദില്ലത്തുല്‍ ഇജ്മാലിയ്യ:യിലെ രണ്ടാമത്തെ തെളിവായി എടുക്കുന്നത് പ്രവാചകന്റെ സുന്നത്തിനെ തന്നെയാണ്. എന്നാല്‍ മറ്റ് മദ്ഹബുകളുടെ ഇമാമുമാര്‍ക്ക് ലഭിച്ചതുപോലെ ഇമാം അബൂഹനീഫയ്ക്ക് സ്വീകാര്യയോഗ്യമായ പല ഹദീസുകളും ലഭിക്കുകയുണ്ടായില്ല.
ആയതിനാല്‍ പലവിഷയങ്ങളിലും അദ്ദേഹത്തിന് ഇജ്തിഹാദ് ചെയ്യേണ്ടതായി വന്നു. തന്‍മൂലം മദ്ഹബിലെ പല വിധികളും സുന്നത്തില്‍ നിന്നും അകന്നുപോകുന്നതായി നമുക്ക് കാണാന്‍ കഴിയും. എത്രത്തോളമെന്നാല്‍, ”നമസ്‌കാരത്തില്‍ മഅ്മൂം ഫാത്തിഹയോ സൂറത്തോ ഒന്നും തന്നെ പാരായണം ചെയ്യരുത്” എന്നതാണ് മദ്ഹബിന്റെ വിധി. എന്നാല്‍ ഇമാം അബൂഹനീഫ പറഞ്ഞതാകട്ടെ ”ഒരു ഹദീസ് സ്വഹീഹാണെന്ന് കണ്ടെത്തിയാല്‍, അതാണ് എന്റെ നിലപാട്”(4) എന്നത്രേ. ഹദീസുകള്‍ ധാരാളമായി ശേഖരിക്കാന്‍ കഴിഞ്ഞതിനാല്‍ ഹമ്പലീ മദ്ഹബിലെ വിധികള്‍ സുന്നത്തുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നതായും ഇവയ്ക്ക് രണ്ടിനും ഇടയിലായി മാലികീ, ശാഫിഈ മദ്ഹബുകള്‍ വരുന്നതായും നമുക്ക് കാണാം.
ദുര്‍ബല ഹദീസുകളെ അവലംബമാക്കി വിധി രൂപ്പെട്ടതിനുള്ള ഉദാഹരണങ്ങളും ഹനഫീ മദ്ഹബില്‍ ധാരാളമുണ്ട്. ഉദാഹരണമായി റുകൂഇലേക്ക് പോകുമ്പോഴും തിരികെ ഉയരുമ്പോഴും മറ്റും കൈകള്‍ ഉയര്‍ത്താതിരിക്കുവാനുള്ള കാരണം പ്രവാചകന്‍(സ) നമസ്‌കാരത്തിന്റെ തുടക്കത്തില്‍ മാത്രമേ കൈകള്‍ ഉയര്‍ത്തിയിരുന്നുള്ളൂ എന്ന അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സുഫ്യാനു സൗരി, ബര്‍റാഅ് ബിന്‍ ആസിബ് (റ) മുതലായവരില്‍ നിന്നെല്ലാം ഉദ്ധരിക്കപ്പെടുന്ന ദഈഫായ ഹദീസുകളുടെ അടിസ്ഥാനത്തിലാണ്.(5)
ഇജ്മാഇന്റെ വിശദീകരണത്തില്‍ ഇമാം അബൂഹനീഫ(റ)യ്ക്കുള്ള വ്യത്യസ്ത നിലപാട് ഹനഫീ ഫിഖ്ഹിന്റെ ഉസൂലിലും പ്രതിഫലിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ”ഒരു വിഷയത്തിന്മേല്‍ സ്വഹാബിമാര്‍ക്ക് ഇജ്മാഉണ്ടെങ്കില്‍ നാം അത് അംഗീകരിക്കും. എന്നാല്‍ താബിഈങ്ങള്‍ ഒരു ഇജ്മാഇല്‍ മുറുകെ പിടിച്ചാല്‍ നാം അതിനെ പറ്റി അവര്‍ക്കെതിരെ വാദിക്കും.” തന്മൂലം സ്വഹാബിമാരുടെ ഇജ്മാആണ് ഹനഫീ ഫിഖ്ഹില്‍ പരിഗണനീയമായി വരുന്നത്.(6) ഇജ്മാഇന്റെ കാര്യത്തില്‍ ഇമാം മാലിക്കിനും (റ) വ്യത്യസ്ത വീക്ഷണമാണ് ഉള്ളത്.
ഹനഫീ മദ്ഹബില്‍ ഖിയാസിന്റെ സ്ഥാനം ഖബറുല്‍ വാഹിദായ ഹദീസുകള്‍ക്ക് താഴെ തന്നെയാണ്. ഇമാം അബൂഹനീഫയില്‍ നിന്നും വ്യത്യസ്തമായ ഒരഭിപ്രായം ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാല്‍ ഈസ ബിന്‍ അബാന്‍, ജസ്സാസ്, അബുല്‍ ഹസന്‍ അല്‍ ബദവി, അബൂ സൈദ് അല്‍ദബൂസി, മുഹമ്മദ് ബിന്‍ അഹമ്മദ് സരഖ്‌സി മുതലായ ഹനഫീ പണ്ഡിതന്മാരില്‍ ചിലര്‍ ആഹാദായ ഹദീസുകളേക്കാള്‍ ഖിയാസിന് പ്രാമാണികത കല്‍പ്പിട്ടുണ്ട്.

ഹദീസിന്റെ നിവേദകന്‍മാര്‍ കര്‍മശാസ്ത്ര വിശാരദന്മാരല്ലാതെ വരിക, അല്ലെങ്കില്‍ ഒരു വിഷയത്തില്‍ വന്ന ഒന്നിലധികം ഖിയാസുകളിലൂടെ എത്തുന്ന നിഗമനത്തിന് എതിരായിട്ട് ഹദീസ് ഉദ്ധരിക്കപ്പെടുക മുതലായ സന്ദര്‍ഭങ്ങളിലാണ് ഹനഫീ മദ്ഹബ് ഖിയാസിന് പ്രാമുഖ്യം കല്‍പ്പിക്കുന്നത്. ഇത്തരം ചില നിലപാടുകളാണ് അഹ്ലുല്‍ ഹദീസുകാരുടെ പാതയില്‍ നിന്ന് ഈ മദ്ഹബിനെ വ്യത്യസ്തമാക്കുന്നതിന് പ്രധാന കാരണമായത്.
ഇമാം ശാഫിഈ(റ), ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങളായി ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിങ്ങനെ വ്യവഛേദിച്ച് പഠിപ്പിച്ചപ്പോള്‍ അതിനോടൊപ്പം ഇമാം അബൂഹനീഫയുടെ മദ്ഹബിലെ പണ്ഡിതന്മാര്‍ ഇസ്തിഹ്‌സാന്‍, ഉര്‍ഫ് എന്നിവ കൂടി ചേര്‍ത്ത് അദില്ലത്തുല്‍ ഇജ്മാലിയ്യ:യെ വ്യത്യസ്തമാക്കി.
ഒരു കാര്യം നല്ലതായി കാണുക എന്നതാണ് ഇസ്തിഹ്‌സാന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇമാം ശാഫിഈ ഇസ്തിഹ്‌സാനിനെ ശക്തമായി എതിര്‍ക്കുന്നത് കാണാം. അദ്ദേഹം പറയുന്നു: ”ആരെങ്കിലും ഇസ്തിഹ്‌സാന്‍ ഉപയോഗിച്ചാല്‍ അവന്‍ സ്വന്തമായി (ദീനില്‍) നിയമനിര്‍മാണം നടത്തി.” മറ്റൊരിക്കല്‍ പറഞ്ഞത് ”ഇസ്തിഹ്‌സാന്‍ എന്നത് ആത്മസംതൃപ്തിയും സ്വന്തം ആഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങളുമാണ്”(7) എന്നാണ്.
ആറാമത്തെ ദലീലായിക്കൊണ്ട് ഹനഫീ ഫിഖ്ഹ് പഠിപ്പിക്കുന്നത് ഉര്‍ഫിനെയാണ്. സംസാരവും പ്രവൃത്തിയുമായി ഒരു ജനത ആഴത്തില്‍ ശീലമാക്കിയതും അതുവഴി പൊതുസമ്മതി നേടിയതുമായ സ്വഭാവമാണ് ഉര്‍ഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദീനിന്റെ അടിസ്ഥാന പ്രമാണങ്ങ ളോട് എതിരാകാത്തിടത്തോളം ആചാരങ്ങളും സമ്പ്രദായങ്ങളും തല്‍സ്ഥിതി തുടരാന്‍ ഈ തെളിവ് സഹായിക്കുന്നു. ഇത് ഹനഫീ മദ്ഹബിനെ പൊതു സമ്മതമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഇമാം മാലിക്(റ) മദീനയിലെ ജനങ്ങളെ അടിസ്ഥാനമാക്കി ഉര്‍ഫ് കൊണ്ടുവന്നപ്പോഴും ഇമാം അബൂഹനീഫ(റ) ഉര്‍ഫിനെ നിയമമാക്കുമ്പോഴും ജനങ്ങള്‍ ഇസ്ലാമിക സംസ്‌കാരത്തില്‍ തന്നെയായിരുന്നു. എന്നാല്‍ അനിസ്ലാമിക സംസ്‌കാരത്തില്‍ ഉര്‍ഫിന്റെ പ്രയോഗവത്കരണം എല്ലാ വിധ കുഴപ്പങ്ങളും വിളിച്ചു വരുത്തുമെന്നതില്‍ പക്ഷാന്തരമില്ല. അതുകൊണ്ടാണ് ഇമാം ശാത്വിബി ഉര്‍ഫിനെ പറ്റി ഇപ്രകാരം പറഞ്ഞത്: ”സാമൂഹിക ആചാരങ്ങള്‍ മാറുമ്പോള്‍ ഓരോ ആചാരവും അതിന്റെ ശരീഅത്തിലെ അടിസ്ഥാനത്തിനോട് ഒത്തുനോക്കി പരിശോധിക്കേണ്ടതുണ്ട്. അതായിരിക്കണം അതിനുമേലുള്ള വിധി”.
രീതിശാസ്ത്രത്തിന്റെ വളര്‍ച്ച
ഏത് മദ്ഹബിന്റെയും രീതിശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാലും അത് പൊടുന്നനെ രൂപപ്പെട്ട് വന്നതല്ലെന്നും മദ്ഹബിന്റെ ഇമാമീങ്ങളുടേയും അവരുടെ ശിഷ്യന്മാരുടെയും തുടര്‍ന്ന് ആ മദ്ഹബില്‍ വന്ന മഹാരഥന്‍മാരുടേയും പരിശ്രമമാണ് അതിന്റെ പിന്നിലുള്ളതെന്നും കാണുവാന്‍ കഴിയും. ഹനഫി മദ്ഹബിന്റെ ഉസൂലിന്റെ അടിസ്ഥാന നിയമങ്ങള്‍ ആദ്യമായി ചര്‍ച്ചചെയ്യുന്നത് ഇമാം അബൂഹനീഫയുടെ ശിഷ്യനായ ഇമാം അബൂ യൂസുഫിന്റെ ഒരു ഗ്രന്ഥത്തിലാണെന്ന് ഇബ്‌നു നദീം അല്‍ ഫിഹ്‌റിസില്‍ ഉദ്ധരിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ അബൂ യൂസുഫിന്റെ പ്രസ്തുത ഗ്രന്ഥം ഇന്ന് ലഭ്യമല്ല. അതിനാല്‍ ഇന്ന് ലഭ്യമായതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ഉസൂലുല്‍ ഫിഖ്ഹിന്റെ ഗ്രന്ഥം ഇമാം ശാഫിഈ യുടെ അര്‍-രിസാല തന്നെയാണ്.
ഹനഫീ മദ്ഹബിലെ അബുല്‍ഹസന്‍ അല്‍ ഖര്‍ക്കി (മ.ഹി. 340) എഴുതിയ രിസാലയും, ജസ്സാസ് (മ.ഹി.370) എഴുതിയ ഉസൂലുമാണ് ശാഫിഈ മദ്ഹബില്‍ നിന്നും ഹനഫീ മദ്ഹബിന്റെ ഉസൂലുല്‍ ഫിഖ്ഹിനെ വേര്‍തിരിച്ച് കൊണ്ട് പഠിപ്പിക്കപ്പെട്ട ആദ്യ ഗ്രന്ഥങ്ങള്‍. മറ്റ് മദ്ഹബുകളുടെ കര്‍മശാസ്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാനമായും മൂന്ന് സവിശേഷതകളാണ് ഹനഫി ഫിഖ്ഹിന് നമുക്ക് കാണുവാന്‍ സാധിക്കുന്നത്.
1. യുക്തിസഹമായ സമീപനം: ഹനഫി മദ്ഹബ് മറ്റു മദ്ഹബുകളെ അപേക്ഷിച്ച് യുക്തിക്കും ചിന്തയ്ക്കും കാര്യമായ ഊന്നല്‍ നല്‍കുന്നു, പ്രത്യേകിച്ച് ഖിയാസ്, ഇസ്തിഹ്‌സാന്‍ എന്നിവയുടെ പ്രയോഗവത്കരണത്തില്‍. നിയമപരമായ വിധികള്‍ പ്രായോഗികമാക്കുന്നതിന് ഇത് സഹായിക്കുമെങ്കിലും പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട വസ്തുതകളെ മറികടക്കുവാന്‍ ഈ സമീപനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
2. ഇളവുകളിലെ വര്‍ധനവ്: ഇസ്തിസ്ലാഹിന്റെയും ഉര്‍ഫിന്റെയും തത്ത്വങ്ങള്‍ സാമൂഹിക സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി ഒരു വഴക്കമുള്ള സമീപനം സ്വീകരിക്കുന്നതിന് ഈ മദ്ഹബിനെ സഹായിക്കുന്നു. തന്‍മൂലം പലപ്പോഴും ഹദീസുകളില്‍ സ്ഥിരപ്പെട്ട വസ്തുതകളില്‍ നിന്നും മദ്ഹബ് ബഹുദൂരം അകന്നുപോകുന്നതായി തോന്നും. ഇത് ഹനഫി കര്‍മശാസ്ത്രത്തെ വിവിധ സംസ്‌കാരങ്ങളോട് ഇണങ്ങിച്ചേരുന്നതിന് സഹായിക്കുമെങ്കിലും അടിസ്ഥാന പ്രമാണങ്ങളിലൂടെ പഠിപ്പിക്കപ്പെട്ട ദീനിന്റെ ഘടനയ്ക്ക് വിള്ളലുണ്ടാക്കിയേക്കാം.
3. മറ്റു മദ്ഹബുകളില്‍ നിന്നും വ്യത്യസ്തമായ ചട്ടക്കൂട്: പ്രാഥമിക സ്രോതസ്സുകളുടെ (ഖുര്‍ആനും സുന്നത്തും) അനുബന്ധ തത്ത്വങ്ങള്‍ (ഇജ്മാഅ്, ഖിയാസ്, ഇസ്തിഹ്‌സാന്‍, ഇസ്തിസ്ലാഹ്, ഉര്‍ഫ്, ഇസ്തിസ്ഹാബ്) എന്നിവയുടെ സംയോജനം നിയമപരമായ വിധികള്‍ രൂപപ്പെടുത്തുന്നതിന് ഹനഫീ മദ്ഹബിന് അതിന്റേതായ ഒരു ചട്ടക്കൂട് നിര്‍മിക്കുന്നതിന് സഹായകമാകുന്നുണ്ട്.
കുറിപ്പുകള്‍
1) സൂറ മുസ്സമ്മില്‍:20
2) മുസ്‌ലിം 395
3) ബുഖാരി 756, മുസ്‌ലിം
4) ഹാഷിയ ഇബ്‌നു ആബിദീന്‍ 1/63
5) അബൂദാവൂദ് : 748 മുതല്‍ 752 വരെ
6) അല്‍ വാളിഹ് ഫീ ഉസൂലുല്‍ ഫിഖ്ഹ് – മുഹമ്മദ് ഹുസൈന്‍ അബ്ദുല്ല
7) അല്‍ആമാദി 4/209

Back to Top