21 Thursday
November 2024
2024 November 21
1446 Joumada I 19

ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെ?

അലി മദനി മൊറയൂര്‍


‘നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടാവട്ടെ. അവരത്രെ വിജയികള്‍”(3:104). അല്ലാഹുവിന്റെ ഈ കല്‍പനയുടെ താല്‍പര്യമുള്‍ക്കൊണ്ടാണ് ദീനീ സംഘടനകള്‍ രൂപീകൃതമായിരിക്കുന്നത്. പ്രസ്തുത ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഒരു സംഘടനയിലെ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. പ്രവര്‍ത്തനത്തിന്റെ സൗകര്യത്തിന് വേണ്ടി സംഘടനയില്‍ നേതാക്കളും അനുയായികളും ഉണ്ടാകുക എന്നത് ഭാഗമാണ്.
നയിക്കുന്നവര്‍ ഉള്‍ക്കൊള്ളേണ്ട സ്വഭാവ ഗുണങ്ങള്‍ ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട്. അതനുസരിച്ച് മുന്നോട്ടു പോവുമ്പോഴാണ് ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കുക. ‘നിങ്ങളില്‍ എല്ലാവരും നേതാക്കളാണ്, തന്റെ അനുയായികളെ കുറിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടും.’ എന്ന പ്രവാചക വചനം ഇവിടെ സ്മരണീയമാണ്. ”നബിയേ, അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്കു മാപ്പു കൊടുക്കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടി ആലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു” (3:159). താഴെ പറയുന്ന കാര്യങ്ങള്‍ നമുക്ക് ഈ വചനത്തില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്നതാണ്. അതനുസരിച്ച് നമ്മുടെ സ്വഭാവത്തെയും പ്രവര്‍ത്തനങ്ങളെയും ക്രമീകരിക്കുമ്പോഴാണ് സംഘടനയെയും പ്രസ്ഥാനത്തെയും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കുക.
(1). അല്ലാഹുവിന്റെ കാരുണ്യം ലഭ്യമാവുന്നതിന് നമ്മള്‍ അര്‍ഹരാകുക. അതിന് വേണ്ടി പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനും നമുക്ക് സാധിക്കണം. അഥവാ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ക്രമീകരിക്കാന്‍ നമുക്ക് കഴിയണം.
(2). ജനങ്ങളോട് പ്രത്യേകിച്ചും അനുയായികളോടും പ്രവര്‍ത്തകരോടും സൗമ്യമായി പെരുമാറുകയും സഹവസിക്കുകയും ചെയ്യുക. ഫറോവയുടെ അടുക്കലേക്ക് പറഞ്ഞയക്കുന്ന മൂസാ(അ)ക്കും ഹാറൂനും(അ) അല്ലാഹു നല്‍കിയ നിര്‍ദേശം ‘നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവര്‍ ഒരുവേള ചിന്തിച്ചു മനസ്സിലാക്കിയേക്കും. അല്ലെങ്കില്‍ ഭയപ്പെട്ടു എന്ന് വരും’ (20:44) എന്നാണ്.
(3). പരുഷ സ്വഭാവി ആവാതിരിക്കുക. വാക്കിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം മിതത്വം പാലിക്കുകയും പരുഷത ഉപേക്ഷിക്കുകയും ചെയ്യുക. വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കനുസരിച്ച് മഹിതമായ സ്വഭാവഗുണങ്ങള്‍ നേടിയെടുക്കുക.
(4). കഠിന ഹൃദയനാവാതിരിക്കുക. അഥവാ അതിരുവിട്ട കാര്‍ക്കശ്യവും വാശിയും ഒഴിവാക്കി കനിവുള്ള മനസ്സിന്റെ ഉടമയായി തീരുക. പ്രവാചകനിലുള്ളതായി വിശുദ്ധ ഖുര്‍ആന്‍ 9:128 ല്‍ പറഞ്ഞ ഗുണങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുക. ”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോടു അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം”. നേതാക്കളും അനുയായികളും തമ്മിലുള്ള ബന്ധം എത്ര ഊഷ്മളമായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ തുറന്നു കാണിക്കുന്നു.
(5). സ്വഭാവ മഹിമയും പെരുമാറ്റ മര്യാദകളും പാലിക്കാത്തവരില്‍ നിന്ന് ജനം, അനുയായികള്‍ അകന്നു പോകും. എത്ര നല്ല ആശയങ്ങള്‍ പറഞ്ഞാലും പറയുന്നവര്‍ ദു:സ്വഭാവി ആണെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ ആളെ ലഭിക്കില്ല.
(6). മാപ്പ് നല്‍കുക. വിട്ടുവീഴ്ച കാണിക്കുക. നേതാക്കള്‍ക്കും അനുയായികള്‍ക്കും ഇടയില്‍ ഉണ്ടാവേണ്ട വളരെ പ്രധാനപ്പെട്ട സ്വഭാവ ഗുണമാണിത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോവാന്‍ ഇത് അനിവാര്യമാണ്. കോപിക്കാതിരിക്കലും വിട്ടുവീഴ്ച ചെയ്യലും ധാര്‍മിക ബോധമുള്ളവരുടെ ഉന്നതഗുണമായി ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ”കോപം അടക്കി വെക്കുകയും മനുഷ്യര്‍ക്കു മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി, (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്നേഹിക്കുന്നു” (3:134)
(7). പാപമോചനത്തിന് വേണ്ടി തേടുക. നേതാക്കളും അനുയായികളും പരസ്പരം നന്മക്കുവേണ്ടിയും പാപമോചനത്തിനു വേണ്ടിയും അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിക്കുന്നവരായിരിക്കണം. പ്രത്യേകിച്ചും നേതാക്കള്‍ അണികളില്‍ നിന്ന് വന്ന് പോകുന്ന പാകപ്പിഴവുകള്‍ പൊറുത്ത് കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നവരാവണം.
(8). പരസ്പരം കൂടിയാലോചിക്കണം. വിശുദ്ധ ഖുര്‍ആനിലെ 42-ാം അധ്യായത്തിലെ 37, 38 വചനങ്ങള്‍ ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. ‘മഹാ പാപങ്ങളും നീച പ്രവൃത്തികളും വര്‍ജിക്കുന്നവരും, കോപം വന്നാല്‍ പൊറുക്കുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ അന്യോന്യം കൂടിയാലോചനയിലൂടെ തീരുമാനിക്കുന്നവരും, അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കും”.
(9). അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. കൂടിയാലോചനകളിലൂടെ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ തുടര്‍ന്ന് പ്രവര്‍ത്തന മേഖലകളില്‍ അല്ലാഹുവിന്റെ തൗഫീഖ് അനിവാര്യമാണ്. അതിന് റബ്ബിനോട് പ്രാര്‍ഥിക്കുകയും അവനില്‍ തവക്കുലാക്കുകയും ചെയ്യുക. ഇത് മനസ്സിന് ഏറെ സ്വസ്ഥതയും സമാധാനവും നല്‍കുന്നതാണ്.
(10). അമിതമായ ആത്മവിശ്വാസം പാടില്ല. അമിതമായ ആത്മവിശ്വാസം ചിലപ്പോള്‍ നമ്മുടെ ലക്ഷ്യങ്ങളെ കീഴ്മേല്‍ മറിക്കാന്‍ കാരണമായി തീരും. അതുകൊണ്ട് തന്നെ അഹങ്കാരമോ അമിതാവേശമോ നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടരുത്. ഹുനൈന്‍ യുദ്ധപശ്ചാത്തലം വിശദീകരിക്കുന്നേടത്ത് ഖുര്‍ആന്‍ ഇത് എടുത്ത് പറഞ്ഞിട്ടുണ്ട്. ”തീര്‍ച്ചയായും ധാരാളം സ്ഥലങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ യുദ്ധ ദിവസത്തിലും അവന്‍ നിങ്ങളെ സഹായിച്ചു. അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും, എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം” (9:25).
(11). ലക്ഷ്യം സ്വര്‍ഗം നേടലാവണം. നമ്മുടെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം സ്വര്‍ഗം നേടിയെടുക്കുക എന്നതായിരിക്കണം. ഭൗതിക താല്‍പര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാവരുത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഒരു സംഘത്തിലെ ഏതാനും പ്രവര്‍ത്തകരുടെ ഭൗതികതാല്‍പര്യങ്ങള്‍ ചിലപ്പോള്‍ ആ സംഘത്തിന്റെ മുഴുവന്‍ പരാജയത്തിനും കാരണമായിത്തീര്‍ന്നേക്കാം. ഉഹ്ദ് യുദ്ധത്തിന്റെ പരാജയകാരണങ്ങളില്‍ ഒന്ന് ഇതായിരുന്നുവെന്ന് ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രവര്‍ത്തന മേഖലയിലുള്ള ഭീരുത്വവും, അന്യോന്യമുള്ള തര്‍ക്കങ്ങളും പിണക്കങ്ങളും അനുസരണക്കേടും പാടെ വെടിയേണ്ടതാണെന്നും ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. ”എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യ നിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ക്കിഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്കു കാണിച്ചു തന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്ക് എതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്, പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്” (3:152).
(12). അറിവും യുക്തിദീക്ഷയും സദുദ്ദേശവും താന്‍ ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും വിശ്വാസത്തെയും കുറിച്ച്് പ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള കൃത്യമായ അറിവും അത് വളരെ യുക്തിഭദ്രമായി സമൂഹത്തിലേക്ക് കൈമാറാനുള്ള കഴിവും, അതിന് വേണ്ടി സദുപദേശത്തെ ഉപയോഗപ്പെടുത്താനുള്ള ആത്മാര്‍ഥതയും പ്രവര്‍ത്തകര്‍ ആര്‍ജിച്ചിരിക്കണം. ”യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചു കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക” (16:125).
(13). വിപുലമായ ജ്ഞാനവും പ്രായോഗിക ബുദ്ധിയും ശാരീരിക ക്ഷമതയും. ത്വാലൂതിനെ രാജാവായി തിരഞ്ഞെടുക്കാന്‍ കാരണമായി ഖുര്‍ആന്‍ സൂചിപ്പിച്ച പ്രധാനപ്പെട്ട ഗുണങ്ങളാണിവ. ”അല്ലാഹു അദ്ദേഹത്തെ നിങ്ങളേക്കാള്‍ ഉല്‍കൃഷ്ടനായി തിരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശാരീരിക ശക്തിയും നല്‍കിയിരിക്കുന്നു” (2:247).
(14). അല്ലാഹുവിന്റെ മൂന്ന് വചനങ്ങളെ സൂക്ഷിക്കുക. ”നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും സ്വന്തം കാര്യത്തില്‍ (അത്) മറന്നു കളയുകയുമാണോ” (2:44). ”നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായി കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല” (11:88). ”സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തത് എന്തിന് പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നത്, അല്ലാഹുവിന്റെ അടുക്കല്‍ വലിയ കോപത്തിന് കാരണമായിരിക്കുന്നു.” (6:23)

Back to Top