ധര്‍മനിഷ്ഠയുള്ള ജീവിതമാണ് സാമൂഹ്യ സുരക്ഷയുടെ നിദാനം
സയ്യിദ് സുല്ലമി
നിര്‍മിതബുദ്ധി ഉപയോഗിച്ച് ചൊവ്വയില്‍ പോവാന്‍ മനുഷ്യര്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്താണ് നാം ജീവിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ ലോകത്തെ അന്‍പത് ശതമാനം വിമാനങ്ങളും നിര്‍മിത ബുദ്ധി ഉപയോഗിച്ചു പറത്താനാവുമെന്ന് വിദഗ്ധര്‍ പറയുന്ന കാലം. ഇതിന്റെ മറുവശം ആലോചിച്ചുനോക്കൂ. വിശ്വാസ, ആചാര വൈകൃതങ്ങളില്‍ മുഴുകുന്ന മനുഷ്യര്‍. വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ, സാംസ്‌കാരിക, മത, ആരോഗ്യ, നീതിന്യായ രംഗത്തുള്ളവര്‍ പോലും അധാര്‍മിക വൃത്തികളില്‍ മുഴുകുന്നു. സമ്പത്തിനും ഭൗതിക നേട്ടങ്ങള്‍ക്കും മനുഷ്യര്‍ ധര്‍മബോധത്തെ അവഗണിക്കുന്നു.
സാമ്പത്തിക ഐശ്വര്യം ലഭിക്കാന്‍ മനുഷ്യമാംസം ഭക്ഷിക്കാന്‍ കൊല നടത്തിയ സംഭവം നടന്നത് കേരളത്തിലാണ്. സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചാല്‍ മതിയെന്നു വിശ്വസിപ്പിച്ചാണ് ഇലന്തൂര്‍ കൊലപാതകം നടന്നതെന്ന് പ്രതികള്‍ പോലീസിനോട് പറയുകയുണ്ടായി. മരണപ്പെട്ടയാള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ മയ്യിത്ത് മറവ് ചെയ്യാതെ മൂന്ന് മാസം സൂക്ഷിച്ചത് മലപ്പുറം ജില്ലയിലെ കൊളത്തൂരിലായിരുന്നു. ബന്ധുക്കളോടോ അയല്‍വാസികളോടോ മരണവിവരം അറിയിക്കാതെ പ്രത്യേക കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും ജപിച്ചാല്‍ മരണപ്പെട്ടയാള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുമെന്ന് അവരെ വിശ്വസിപ്പിച്ചത് കൂടോത്രം ചെയ്യുന്ന ഒരു തങ്ങളായിരുന്നുവത്രെ. സമീപ കാലത്താണ് പാര്‍ലമെന്റ് അംഗമായ ഒരു രാഷ്ട്രീയ നേതാവ് തനിക്കെതിരെ ആരോ കൂടോത്രം ചെയ്തുവെന്ന് ആരോപണമുയര്‍ത്തിയത്. സമൂഹത്തിലെ ഉന്നതര്‍ പോലും ഇത്തരം വിശ്വാസക്കാരും പ്രചാരകരുമാണെന്ന് എത്രമാത്രം അപമാനകരമാണ്.
കോഴിയുടെയോ ആടുകളുടെയോ തലയോ പൂവും തകിടുമോ നൂലും മന്ത്രവുമോ ഉപയോഗിച്ച് പിശാചിനെ പൂജിച്ചു ചെയ്യുന്ന കൂടോത്രം കൊണ്ട് യാതൊരു ഫലവും ഉണ്ടാവുകയില്ല എന്നതാണ് യാഥാര്‍ഥ്യം. പിശാചിന് പൂജക്ക് ഉത്തരം ചെയ്യാന്‍ കഴിയില്ല. പ്രാര്‍ഥനക്ക് ഉത്തരം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു ശക്തി അല്ലാഹു മാത്രമാണ്. മാരണക്കാരന്‍ എവിടെ ചെന്നാലും വിജയിക്കില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ (20:69) പഠിപ്പിക്കുന്നുണ്ട്.
മനുഷ്യരില്‍ ആഴത്തില്‍ വേരൂന്നിയ മറ്റൊരു കാന്‍സര്‍ തന്നെയാണ് ‘വംശീയവിദ്വേഷം’. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിന്റെ മാംസം കൈവശം വെച്ചുവെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടം കൂടി ഒരു സൈനികന്റെ പിതാവായ മുഹമ്മദ് അഖ്‌ലാക്ക് എന്ന വൃദ്ധന്റെ വീട്ടില്‍ കയറി അദ്ദേഹത്തെ തല്ലിക്കൊല്ലുകയായിരുന്നു. എത്ര നികൃഷ്ടമായ പ്രവൃത്തിയാണ് അത്.
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരമേധം ലോക ചരിത്രത്തില്‍ ഇല്ലാത്ത വിധം ക്രൂരമാണ്. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മേല്‍ ബോംബ് വര്‍ഷം നടത്തുകയും രക്തപ്പുഴ ഒഴുക്കി നരമേധം നടത്തുകയാണവര്‍. അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തി ഫലസ്തീന്‍ ജനതയെ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യാനായി ശ്രമം നടത്തുകയാണ്.
ഉത്തര്‍പ്രദേശിലെ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു മുസ്ലിം കുട്ടിയെ മറ്റുവിദ്യാര്‍ഥികള്‍ ഓരോരുത്തരായി അധ്യാപികയുടെ കല്‍പന പ്രകാരം മുഖത്ത് അടിച്ച സംഭവം അങ്ങേയറ്റം ഹൃദയ ഭേദകമായിരുന്നു. ഇത് പുറം ലോകം അറിഞ്ഞിട്ടും ആ അധ്യാപിക അത് ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കേരളത്തില്‍ ഒന്നൊന്നര വര്‍ഷം മുമ്പ് തെക്ക് ഭാഗത്ത് ഒരു മഹല്ല് ജനറല്‍ ബോഡി മീറ്റിങ്ങിന് അതേ മഹല്ലത്തില്‍ താമസിക്കുന്ന ബാര്‍ബര്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി പങ്കെടുത്തതിനാല്‍ അദ്ദേഹത്തിന് ആ മഹല്ല് ഭാരവാഹികള്‍ ലെറ്റര്‍ ഹെഡില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുണ്ടായി. എന്തൊരു മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്.
ഇസ്ലാം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന ധാര്‍മിക പാഠം കറുത്തവനെന്നോ വെളുത്തവനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ തൊഴിലാളിയെന്നോ മുതലാളിയെന്നോ ഭാഷയേതെന്നോ വര്‍ണമേതെന്നോ വ്യത്യാസമില്ലാതെ ആര്‍ ഏറ്റവും നല്ല ധാര്‍മിക ജീവിതം നയിക്കുന്നുവോ അവനായിരിക്കും ദൈവം തമ്പുരാന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (49:13) വര്‍ണമോ ഗോത്രത്തിന്റെ മഹിമയോ അല്ലാഹുവിങ്കല്‍ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കുകയില്ല. ധര്‍മനിഷ്ഠയുള്ളവന് മാത്രമേ അല്ലാഹുവിങ്കല്‍ സ്ഥാനമുണ്ടായിരിക്കുകയുള്ളൂ എന്ന ഉന്നതപാഠം നല്‍കുകയാണ് ഇസ്ലാം ചെയ്യുന്നത്.
വ്യാപാര രംഗങ്ങളില്‍ കള്ളത്തരം കാണിക്കുന്നവര്‍ കുറച്ചു കാലത്തേക്ക് ലാഭമുണ്ടാക്കിയേക്കാം. എന്നാല്‍ കള്ളത്തരവും അങ്ങനെയുള്ള അധാര്‍മിക മാര്‍ഗങ്ങളും സ്വീകരിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കച്ചവടം പൊളിയുകയേ ഉള്ളൂ. ധര്‍മത്തിന്റെയും ന്യായത്തിന്റെയും നേരിന്റെയും വഴിവിട്ട് നടക്കുന്നവര്‍ക്ക് നഷ്ടവും കുപ്രസിദ്ധിയും കുറ്റബോധവുമാകും പ്രതിഫലം.
കേരളത്തില്‍ പലതവണ ചെയിന്‍ ബിസിനസ്സുകളുടെയും നിക്ഷേപ തട്ടിപ്പുകളുടെയും സംഭവങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതില്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും ഇരകളാകുന്നു. സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തിയാണ് വഴിവിട്ട ഇത്തരം മാര്‍ഗങ്ങള്‍ അവരെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു ലക്ഷത്തിന് പ്രതിമാസം പതിനായിരം രൂപ ലാഭ വിഹിതം കിട്ടും എന്ന വാക്കില്‍ വീണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചു കൊണ്ട് അവസാനം എല്ലാം നഷ്ടപ്പെട്ട അവസ്ഥ കൈവന്നവര്‍.. അങ്ങനെ എത്രയെത്ര. ഒരിക്കല്‍ നബി (സ) പറയുകയുണ്ടായി. കള്ള സത്യം ചെയ്തു കൊണ്ട് ഒരു മുസ്ലിമിന്റെ അവകാശം ആരെങ്കിലും എടുത്താല്‍ തീര്‍ച്ചയായും അവന് നരകം അല്ലാഹു നിര്‍ബന്ധമാക്കുകയും സ്വര്‍ഗം നിഷിദ്ധമാക്കുകയും ചെയ്യും. അപ്പോള്‍ ഒരാള്‍ ചോദിച്ചു : പ്രവാചകരേ, അത് ഒരു ലളിതമായ സംഗതിയാണങ്കിലോ?. അവിടുന്ന് പറഞ്ഞു : ദന്തശുചീകരണത്തിന് ഉപയോഗിക്കുന്ന അറാക്ക് എന്ന കമ്പ് ആണെങ്കിലും ശരി. (മുസ്ലിം : 137)
ഇത് ഡേറ്റിങ്, ലിവിങ് ടുഗദര്‍, സ്വതന്ത്ര ലൈംഗികത തുടങ്ങിയവക്ക് മുറവിളി കൂട്ടുന്ന കാലമാണല്ലോ. സെക്‌സ് ടൂറിസം വരുമാന മാര്‍ഗമായി കാണുന്ന ഗവണ്മെന്റിന്റെ നയങ്ങള്‍, സെക്‌സ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ ഡെസ്റ്റിനേഷനുകള്‍ ഒക്കെ രൂപപ്പെടുത്തപ്പെടുകയാണ്. ‘മൈ ബോഡി മൈ ചോയ്‌സ്’ എന്നൊക്കെയുള്ള തത്വങ്ങള്‍ എത്ര പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തു കളഞ്ഞു. ഉദാര ലൈംഗികതക്ക് വേണ്ടിയുള്ള ആദ്യ പടിയാണ് ലിംഗ നിക്ഷ്പക്ഷത അഥവാ ജന്‍ട്രല്‍ ന്യുട്രാലിറ്റി.
വ്യഭിചാരത്തോടുള്ള ഇസ്ലാമിന്റെ കര്‍ശനമായ കാഴ്ചപ്പാട് വിശുദ്ധമായ ജീവിതം നയിക്കാന്‍ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ”നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുക പോലും ചെയ്യരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു”(17:32). ഇസ്ലാമിക ശരീഅത്ത് നിലവില്‍ ഉള്ള രാജ്യത്ത് അവിവാഹിതനായ ഒരാള്‍ വ്യഭിചരിച്ചു എന്ന് ഉറപ്പായാല്‍ അവിടുത്തെ ഭരണാധികാരി അവര്‍ക്ക് നല്‍കേണ്ട ശിക്ഷയെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ”വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ” (24:2). ഇങ്ങനെയുള്ള ശക്തമായ നിയമങ്ങള്‍ മുഖം നോക്കാതെ നടപ്പാക്കിയാലേ സ്വസ്ഥപൂര്‍ണമായ സാമൂഹിക സാഹചര്യം കൈവരികയുള്ളൂ. പക്ഷെ മനുഷ്യ മനസാക്ഷി മരവിക്കുന്ന വിധത്തില്‍ നാലു വയസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ച് ക്രൂരമായി കൊന്ന് തള്ളിയ പ്രതികള്‍ക്ക് പോലും അര്‍ഹമായ ശിക്ഷ ലഭിക്കുന്നുണ്ടോ?.
ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം സ്‌കൂള്‍ കുട്ടികളില്‍ പോലും വര്‍ധിച്ച തോതില്‍ ഉണ്ട് എന്നത് ഭീതിതമാണ്. പെണ്‍കുട്ടികള്‍ പോലും അതില്‍ നിന്ന് ഭിന്നരല്ല. ടൂര്‍ പോയ കുട്ടികള്‍ കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടിക്ക് അന്വേഷിച്ചു വര്‍ക് ഷോപ്പ് ആണെന്ന് കരുതി എത്തിയത് എക്‌സൈസ് ഓഫീസില്‍ എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്.
ലഹരി വസ്തുക്കള്‍ ആയി ഉപയോഗിക്കുന്നത് മെത്തലീന്‍ ഡയോക്‌സി മെത് ആംഫീറ്റമിന്‍ എം ഡി എം എ പോലെ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്നവയാണ്. കേരളത്തിന്റെ നഗര പ്രദേശങ്ങളില്‍ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതില്‍ സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരുണ്ട്. ഡിജെ പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാര്‍ട്ടി ഡ്രഗ് എന്ന പേര് വന്നത്. ഒമ്പത് വര്‍ഷം മുമ്പ് 29 ബാറുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 801 ആയി വര്‍ധിച്ചിരിക്കുന്നു. മദ്യം വരുമാന മാര്‍ഗമായി കാണുന്ന ഗവണ്മെന്റിന്റെ നയം എത്ര വികൃതമാണ്. അപകട മരണങ്ങള്‍, കുടുംബ കലഹങ്ങള്‍…. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന വേദനകളും കണ്ണീരും വെച്ച് നോക്കുമ്പോള്‍ മദ്യം വഴി നഷ്ടമാണ്. ലാഭമല്ല. ‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം’ (5:90).
സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഇരുപത്തിയാറു വയസ്സുള്ള ഡോ. ഷഹനയുടെ സംഭവം ജനങ്ങള്‍ മറന്നിട്ടുണ്ടാവില്ല. കൈക്കൂലിയും അഴിമതിയും നിത്യ സംഭവംങ്ങള്‍. ഖൈബര്‍ യുദ്ധം കഴിഞ്ഞു ജനങ്ങള്‍ മദീനയിലേക്ക് വരുമ്പോള്‍ ഇന്ന വ്യക്തി ഷഹീദ് ആണ്, മറ്റെയാള്‍ ഷഹീദ് ആണ് എന്നിങ്ങനെ അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു, അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു : ‘അങ്ങനെയല്ല, നിശ്ചയം ഒരു പുതപ്പ് മോഷ്ടിച്ച കാരണം ഞാന്‍ അദ്ദേഹത്തെ നരകത്തില്‍ കണ്ടു’ (സ്വഹീഹ് മുസ്ലിം : 114).
അധാര്‍മികതകള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരണമെങ്കില്‍ ഞാന്‍ ആരാണ്? എവിടെനിന്നാണ് ഞാന്‍ വന്നത്? എന്റെ അന്ത്യം എങ്ങനെയായിരിക്കും? പരലോക ജീവിതത്തില്‍ എന്റെ അവസ്ഥയെന്താകും?. എന്നെല്ലാം ചിന്തിക്കുകയും കര്‍ശനമായ ആ വിചാരണ നാളില്‍ തന്റെ ചെറുതും വലുതുമായ മുഴുവന്‍ പ്രവൃത്തികളും ഒന്നൊഴിയാതെ വിചാരണ ചെയ്യപ്പെടുകയും ശിക്ഷകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുമെന്നുമുള്ള അടിയുറച്ച വിശ്വാസം അനിവാര്യമാണ്. ”അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി”(36: 65). ”തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു”(82:10-12).
‘കര്‍മങ്ങളുടെ രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: ഹോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ!”(18: 49). വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ മനസ്സുകളില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ അന്ധകാരത്തില്‍ നിന്ന് മുക്തമായ ധര്‍മ നിഷ്ഠരായ ഒരു പുതിയ സമൂഹം രൂപം കൊണ്ടത് ചരിത്ര സത്യമാണ്. തികഞ്ഞ പരലോക വിശ്വാസം ഉള്ള സമൂഹത്തില്‍ മാത്രമേ സ്വസ്ഥവും സമാധാനവും നിറഞ്ഞ സുരക്ഷിതവും നിര്‍ഭയത്വവുമുള്ള ഒരു ജീവിതം സാധ്യമാകൂ. അതിനാല്‍ മത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മിക ജീവിതം കാലത്തിന്റെ ആവശ്യമാണ്.