ഫലസ്തീനികളെ സ്വാതന്ത്ര്യസമര സേനാനികളെന്ന് വിളിച്ച ഹാരെറ്റ്‌സ് പത്രത്തിനെതിരെ നടപടിയുമായി ഇസ്രായേല്‍
ഫലസ്തീനികളെ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പ്രസാധകര്‍ വിളിച്ചതിന് പിന്നാലെ ഹാരെറ്റ്‌സ് പത്രത്തിനെതിരെ നടപടിക്കൊരുങ്ങി ഇസ്രായേല്‍. പത്രത്തിന്റെ പബ്ലിഷറായ അമോസ് ഷോക്കന്‍ ഫലസ്തീനികളെ ലണ്ടനില്‍ വെച്ച് സ്വാതന്ത്ര്യസമര സേനാനികളെന്ന് വിളിച്ചിരുന്നു. ഇതാണ് ഇടത് നിലപാടുള്ള പത്രത്തിനെതിരായ നടപടിക്കുള്ള കാരണം. ഇസ്രായേല്‍ കമ്യൂണിക്കേഷന്‍ മന്ത്രി ശ്ലോമോ കര്‍ഹി പത്രത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ കരാറുകള്‍ നല്‍കാതിരിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്രം വിലക്കുക, നിലവിലുള്ള കരാറുകള്‍ റദ്ദാക്കുക തുടങ്ങിയ നടപടികള്‍ പത്രത്തിനെതിരെ സ്വീകരിക്കണമെന്നാണ് ഇസ്രായേല്‍ മന്ത്രിയുടെ നിര്‍ദേശം. ഹാരെറ്റ്‌സുമായി നിയമപരമായി റദ്ദാക്കാന്‍ കഴിയുന്ന മുഴുവന്‍ കരാറുകളും റദ്ദാക്കുമെന്ന് ഇസ്രായേല്‍ കമ്യൂണിക്കേഷന്‍ മന്ത്രി പറഞ്ഞു. 2023 നവംബറിലും പത്രത്തിനെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങിയിരുന്നു. ഇസ്രായേല്‍ തീവ്രവാദികളെന്ന് വിളിക്കുന്ന ഫലസ്തീന്‍ സ്വാതന്ത്ര്യ സമരസേനാനികളോട് പോരാടുമ്പോള്‍ വാസസ്ഥലങ്ങള്‍ സംരക്ഷിക്കാനുള്ള നടപടിയുണ്ടാവുന്നില്ലെന്നായിരുന്നു പത്രത്തിന്റെ പ്രസാധകനായ ആമോസ് ഷോക്കന്റെ പ്രസ്താവന. പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ചത് ഹമാസിനെയല്ലെന്നും തീവ്രവാദം ഉപയോഗിക്കാത്ത മറ്റുള്ളവരെയാണ് പിന്തുണച്ചതെന്നുമുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഫലസ്തീന്‍ രാഷ്ട്രം നിര്‍ബന്ധമായും രൂപീകരിക്കണം. ഇത് യാഥാര്‍ഥ്യമാക്കാനുള്ള ഒരേയൊരു വഴി ഇതിനെ എതിര്‍ക്കുന്ന ഇസ്രായേലിനെതിരെയും നേതാക്കള്‍ക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.