20 Wednesday
November 2024
2024 November 20
1446 Joumada I 18

വക്കം അബ്ദുല്‍ഖാദര്‍ മൗലവി നിസ്വാര്‍ഥനായ സാമൂഹിക പരിഷ്‌കര്‍ത്താവ്‌

എം കെ ശാക്കിര്‍


പതിനെട്ടാം നൂറ്റാണ്ടില്‍ തമിഴ്‌നാട്ടില്‍ നിന്നു തിരുവിതാംകൂറിലെ വര്‍ക്കലയില്‍ അയിരൂര്‍ പ്രദേശത്ത് കുടിയേറിയവരാണ് വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ പ്രപിതാക്കള്‍. 1873 ഡിസംബര്‍ 28ന് വക്കം അബ്ദുല്‍ഖാദര്‍ മൗലവി ഭൂജാതനായി. പിതാവ് മുഹമ്മദ് കുഞ്ഞി സാഹിബും മാതാവ് ആഷ് ബീവിയുമായിരുന്നു. നല്ല സാമ്പത്തികശേഷിയുള്ള കുടുംബമായിരുന്നു. പ്രഗല്‍ഭരായ പണ്ഡിതന്മാരെ വീട്ടില്‍ വിളിച്ചാണ് പിതാവ് മകന് വിദ്യാഭ്യാസം നല്‍കിയത്. ഖുര്‍ആനും സുന്നത്തിനും പുറമെ അറബി, മലയാളം, സംസ്‌കൃതം, പേര്‍ഷ്യന്‍ ഭാഷകളും വ്യാകരണം, സാഹിത്യം, ശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നിവയും ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം പഠിച്ചു.
കേരള നവോത്ഥാന ശില്പികളില്‍ പ്രമുഖനായ ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. നാണുവാശാന്‍ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. മദ്രാസില്‍ നിന്ന് അക്കാലത്ത് പുറത്തിറങ്ങിയ ദ ഹിന്ദു പത്രവും തമിഴില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്വദേശമിത്രവും ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു പഞ്ച് മാഗസിനും അദ്ദേഹം സ്ഥിരമായി വായിച്ചു. ഈജിപ്തിലെ സയ്യിദ് റശീദ് രിദയുടെ പത്രാധിപത്യത്തിലുള്ള അല്‍മനാര്‍, സുഊദിയില്‍ നിന്നുള്ള ഉമ്മുല്‍ ഖുറ, അല്‍ ബലാഗ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ മത വിജ്ഞാനത്തിനൊപ്പം ലോക വിവരവും ആര്‍ജിച്ചു.
ഈജിപ്തില്‍ പ്രത്യേകിച്ചും അറബ് ലോകത്ത് പൊതുവായും ഊര്‍ജം പകര്‍ന്ന പണ്ഡിതന്മാരായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ എന്നിവരുടെ കാഴ്ചപ്പാടുകളും ചിന്തകളും അദ്ദേഹത്തിന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. മൗലവിയിലെ അന്വേഷണ തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ റശീദ് രിദയുടെ അല്‍മനാറിന് എത്രമേല്‍ സാധിച്ചു എന്നും അദ്ദേഹവുമായി മൗലവിക്കുള്ള ബന്ധം വിളിച്ചറിയിക്കുന്നതുമായിരുന്നു റശീദ് രിദക്ക് മൗലവി എഴുതിയ കത്ത്. ഇടക്ക് വെച്ച് അല്‍മനാറിന്റെ പ്രസിദ്ധീകരണം നിലച്ച ഘട്ടത്തിലായിരുന്നു അദ്ദേഹം കത്തെഴുതിയത്. ‘അല്‍മനാര്‍ നിലച്ചു പോയതില്‍ എന്റെ ദുഃഖം അനല്‍പമാണ്. അത് കിട്ടാതായതോടുകൂടി ഞാന്‍ ഇരുട്ടില്‍ വീണവനെ പോലെ ആയിരിക്കുന്നു. യഥാര്‍ഥമായ വെളിച്ചമായിരുന്നു അല്‍മനാര്‍ എനിക്ക് നല്‍കിയത്’. ശുദ്ധ അറബിയില്‍ തയ്യാറാക്കിയ കത്ത് അല്‍മനാര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
സമകാലികനായിരുന്ന സഹോദരന്‍ അയ്യപ്പന്‍ സ്വസമുദായത്തെ പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുമ്പോള്‍ അദ്ദേഹം തികഞ്ഞ നാസ്തികനായിരുന്നു. എന്നാല്‍ വക്കം മൗലവി മതതത്വങ്ങളിലൂന്നിയാണ് തന്റെ സമുദായത്തില്‍ നവീകരണമുണ്ടാക്കാന്‍ ശ്രമിച്ചത്. തന്റെ സമുദായത്തിന്റെ അധഃ സ്ഥിതിക്ക് കാരണം മതത്തിന്റെ യഥാര്‍ഥ സത്തയില്‍ നിന്ന് അകന്നു പോയതാണെന്ന് മൗലവി തിരിച്ചറിയുന്നുണ്ടായിരുന്നു. സമുദായത്തിന്റെ പുരോഗതി മതത്തെ അതിന്റെ സ്രോതസ്സുകളില്‍ നിന്ന് കൃത്യമായി മനസ്സിലാക്കലാണ് എന്ന് അദ്ദേഹം സമൂഹത്തെ ബോധിപ്പിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടാന്‍ അദ്ദേഹത്തിന് ആയുധമായത് വിശുദ്ധ ഖുര്‍ആനും ആധികാരിക ഹദീസ് വചനങ്ങളുമാണെന്ന് പി ഗോവിന്ദപിള്ള നിരീക്ഷിക്കുന്നുണ്ട്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി (1856-1919) മൗലവി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മലയാളി മുസ്ലിം രൂപപ്പെടുന്നതില്‍ ഇത്തരം ബന്ധങ്ങള്‍ കൂടി പങ്കുവഹിച്ചിട്ടുണ്ട്.

ഐക്യ സംഘം
കൊടുങ്ങല്ലൂര്‍ ഭാഗത്തെ മുസ്‌ലിം കുടുംബ വഴക്കുകളില്‍ മധ്യസ്ഥത വഹിക്കുന്നതിനായിരുന്നു ‘നിക്ഷ്പക്ഷ സംഘം’ രൂപീകരിച്ചത്. ഇത് പിന്നീട് ‘കേരള മുസ്‌ലിം ഐക്യസംഘം’ എന്ന് പുനര്‍ നാമകരണം ചെയ്തു. 1923-ല്‍ നടന്ന പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് വക്കം മൗലവിയായിരുന്നു. അധ്യക്ഷ ഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ഇന്നലെകളിലെ കഥകള്‍ ഉരുവിട്ടത് കൊണ്ട് കാര്യമില്ല. അര്‍ഥഗര്‍ഭമായചരിത്രത്തിന്റെ ഭാഗമായി നാം മാറണം. അതിനൊരു ഇളക്കി പ്രതിഷ്ഠയും ചിന്താവിപ്ലവവും അനിവാര്യമാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സമുദായം അകന്നേ മതിയാവൂ.”
അന്യായത്തോടും അധര്‍മത്തോടും രാജിയാകാന്‍ സമ്മതിക്കാത്ത മനസ്സിന് ഉടമയായിരുന്നു വക്കം അബ്ദുല്‍ഖാദര്‍ മൗലവി. പോരാട്ടത്തിനുള്ള മൂര്‍ച്ചയേറിയ ആയുധമായി പത്രപ്രവര്‍ത്തനത്തെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. തിരുവിതാംകൂര്‍ അന്ന് ഭരിച്ചിരുന്നത് ശ്രീമൂലം തിരുനാള്‍ രാജാവായിരുന്നു. ഭരണാധികാരി രാജാവായിരുന്നുവെങ്കിലും ദിവാനായിരുന്നു കാര്യകര്‍ത്താവ്. ദിവാന്‍ പി രാജഗോപാലാചാരിയുടെ അധികാര ദുര്‍വിനിയോഗത്തെ അദ്ദേഹം ശക്തിയായി എതിര്‍ത്തു. 1905 ജനുവരി 19 ന് അഞ്ചുതെങ്ങില്‍ നിന്നു വാരികയായി സ്വദേശാഭിമാനി പത്രം അദ്ദേഹം ആരംഭിച്ചു. സി വി ഗോവിന്ദ പിള്ളയായിരുന്നു പത്രാധിപര്‍. ‘ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’ എന്നായിരുന്നു സ്വദേശാഭിമാനിയുടെ മുഖപേജിലെ ആദര്‍ശ വാക്യം.
അദ്ദേഹം എഴുതി: ”ഞാനൊരു കച്ചവടക്കാരനല്ല, സാമൂഹ്യ സേവനവും രാജ്യസ്‌നേഹവുമാണ് ഞാന്‍ പത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. എനിക്ക് വേണ്ട പരമമായ ലാഭം പണമല്ല. എന്റെ രാജ്യത്തിന്റെ അഭിവൃദ്ധിയാണ് ഞാനിതുമൂലം ഉദ്ദേശിക്കുന്നത്.”
യൂറോപ്യന്‍ കമ്പനിയായ പിയേഴ്‌സ് ലെസ്ലി വഴി അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതിക മേന്മയുള്ള പ്രസ്സാണ് അദ്ദേഹം ഇറക്കുമതി ചെയ്തത്. വിദേശ വാര്‍ത്തകള്‍ക്കായി റോയിട്ടറുമായി ആദ്യം ബന്ധം സ്ഥാപിച്ച മലയാള പത്രവും സ്വദേശാഭിമാനിയായിരുന്നു. 100 രൂപ നല്‍കിയാല്‍ തിരുവനന്തപുരം നഗരത്തില്‍ ഒരേക്കര്‍ സ്ഥലം കിട്ടുമായിരുന്ന അക്കാലത്ത് 12,000 രൂപ മുടക്കിയാണ് പ്രസ്സ് വാങ്ങിയതെന്നറിയുമ്പോള്‍ തന്റെ നാടിനോടും സ്വസമുദായത്തോടുമുള്ള അദ്ദേഹത്തിന്റെ താല്പര്യം വിവരണാതീതമാണ്. ‘ഞങ്ങള്‍ക്കുണ്ടാകുന്ന ഒരാപത്തും ഭയന്ന് പൊതുജന സങ്കടങ്ങളെ ഞങ്ങള്‍ മറച്ചു വെക്കുന്നതല്ല. നിശ്ചയം’ എന്ന് പത്രത്തിന്റെ മുഖക്കുറിപ്പില്‍ പ്രസിദ്ധപ്പെടുത്തി. ഇതര സമുദായ പരിഷ്‌കര്‍ത്താക്കളോടും സാമൂഹിക പ്രവര്‍ത്തകരുമായി നല്ല ബന്ധത്തിലായിരുന്നു അദ്ദേഹം. ഡോ. പല്‍പ്പു, സി ശങ്കരന്‍ നായര്‍, കേരളവര്‍മ്മ ദേവന്‍, ഉള്ളൂര്‍, കെ ആര്‍ കോയിത്തമ്പുരാന്‍, തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജിയായ ഗോവിന്ദ പിള്ള തുടങ്ങിയവര്‍ സ്വദേശാഭിമാനിയില്‍ എഴുതിയിട്ടുണ്ട്.
1906-ല്‍ പത്രം വക്കത്തേക്ക് മാറ്റി സ്ഥാപിച്ചു. പത്രാധിപര്‍ ഗോവിന്ദ പിള്ളക്ക് പകരം യുവാവും കര്‍മകുശലനുമായ പി രാമകൃഷ്ണ പിള്ളയെ പത്രാധിപരായി നിയമിക്കുന്നത് അക്കാലത്താണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വഴി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ പത്രത്തിന് സാധിച്ചു. 1907-ല്‍ പത്രവും പ്രസ്സും വക്കത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ചു. വാരികയായി പ്രസിദ്ധീകരിച്ചിരുന്ന പത്രം 1908 നവംബറിലാണ് കേരളത്തിലെ ആദ്യത്തെ പ്രതിദിന വൃത്താന്ത പത്രമായി പ്രസിദ്ധീകരിക്കുന്നത്. ഭരണകൂടത്തിന് അപ്രിയമായ സത്യങ്ങളും ഭരണകൂട വിമര്‍ശനങ്ങളെയും മുന്‍നിറുത്തി 1910 സപ്തംബര്‍ 26-ന് പത്രം നിരോധിക്കുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തു. ഒരു പത്രം നിരോധിക്കുകയും പത്രാധിപര്‍ നാടുകടത്തപ്പെടുകയും ചെയ്തിട്ട് അക്കാലത്ത് പത്രലോകത്ത് കാര്യമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല എന്നത് സഹജീവികളായ മറ്റു പത്രങ്ങള്‍ എത്രമേല്‍ ഭരണകൂടത്തിന് അടിപ്പെട്ടിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ്. സജീവമായി അന്ന് രംഗത്തുണ്ടായ മനോരമയും, നസ്രാണി ദീപികയും (ദീപിക) സ്വദേശാഭിമാനിയെ വിമര്‍ശിച്ച് ഭരണകൂട ഭക്തരായി മത്സരിക്കുകയായിരുന്നു. ഹിന്ദു, മദ്രാസ് സ്റ്റാന്‍ഡേര്‍ഡ്, മലബാരി എന്നിങ്ങനെ ചുരുക്കം ചില പത്രങ്ങളാണ് ഭരണകൂടത്തിന്റെ അതിക്രമത്തെ വിമര്‍ശിക്കാന്‍ തയ്യാറായത്.
കണ്ടുകെട്ടിയ പ്രസ് വിട്ടുകിട്ടാന്‍ മൗലവി മാപ്പെഴുതി നല്‍കിയാല്‍ മതിയായ ഒരു ഘട്ടത്തില്‍ തന്റെ പത്രാധിപരില്ലാതെ തനിക്ക് പത്രമാവശ്യമില്ലെന്ന് പറഞ്ഞ് ആ ഒത്തുതീര്‍പ്പിനെ അവഗണിക്കുകയായിരുന്നു വക്കം മൗലവി, രാമകൃഷ്ണ പിള്ളയെ കൂടുതലായി കേള്‍ക്കുമ്പോഴും പത്രമുടമയായ വക്കം മൗലവിയെ ചരിത്ര പുസ്തകങ്ങള്‍ തീണ്ടാപ്പാടകലെ നിര്‍ത്താന്‍ എന്നും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്.
സമുദായ സൗഹാര്‍ദം
ഇതര സമുദായങ്ങളും അതിലെ പരിഷ്‌കര്‍ത്താക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരു, കുമാരനാശാന്‍, ഡോ. പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.
മുസ്ലിം വിമര്‍ശനം ഉയര്‍ത്തിയ കുമാരനാശാന്റെ ‘ദുരവസ്ഥ’യിലെ വിമര്‍ശനത്തെ അദ്ദേഹത്തെ നേരില്‍ കണ്ട് തിരുത്തിക്കാനും വള്ളത്തോള്‍ ഒരു പ്രഭാഷണ മധ്യേ മുസ്ലിംകള്‍ പൂര്‍വകാലത്ത് വിഗ്രഹാരാധകരായിരുന്നുവെന്നും അതിന്റെ ഭാഗമാണ് കഅ്ബയിലെ കറുത്ത കല്ല് എന്നുമൊക്കെ പറയാനിടയായതില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെപ്പറ്റി കൃത്യമായി ബോധിപ്പിക്കാനും മൗലവിക്ക് സാധിക്കുന്നുണ്ട്. 1932 ഒക്ടോബര്‍ 31 ന് നിഷ്‌കാമിയായ ആ പരിഷ്‌കര്‍ത്താവ്ദിവംഗതനായി.

Back to Top