22 Sunday
December 2024
2024 December 22
1446 Joumada II 20

ധര്‍മത്തിന്റെ വഴികള്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂദര്‍റ് അല്‍ഗിഫാരി(റ) പറയുന്നു: സ്വഹാബികളില്‍ ചിലര്‍ നബി(സ)യോട് പറഞ്ഞു: ദൈവദൂതരേ, പ്രതിഫലങ്ങളെല്ലാം ധനികര്‍ കരസ്ഥമാക്കിയിരിക്കുന്നു. ഞങ്ങള്‍ നമസ്‌കരിക്കുന്നതുപോലെ അവരും നമസ്‌കരിക്കുന്നു. ഞങ്ങള്‍ നോമ്പെടുക്കുന്നതുപോലെ അവരും നോമ്പെടുക്കുന്നു. അവരുടെ സമ്പത്തുകൊണ്ട് അവര്‍ ദാനധര്‍മവും ചെയ്യുന്നു. നബി(സ) പറഞ്ഞു: ദാനം ചെയ്യാന്‍ അല്ലാഹു നിങ്ങള്‍ക്കും നല്‍കിയിട്ടില്ലേ? എല്ലാ സ്തോത്രവും (തസ്ബീഹ്) ധര്‍മമാകുന്നു. എല്ലാ സ്തുതിയും (തഹ്‌മീദ്) ധര്‍മമാകുന്നു. എല്ലാ മഹത്വപ്പെടുത്തലും (തക്ബീര്‍) ധര്‍മമാകുന്നു. എല്ലാ ഏകത്വ പ്രഖ്യാപനവും (തഹ്‌ലീല്‍) ധര്‍മമാകുന്നു. നിങ്ങളുടെ ശാരീരികവേഴ്ചകളില്‍ വരെ ധര്‍മമുണ്ട്. അവര്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങളിലൊരാള്‍ തന്റെ ലൈംഗികമായ ദാഹം ശമിപ്പിക്കുന്നതിനും പ്രതിഫലമോ? നബി(സ) പറഞ്ഞു: അയാള്‍ അത് ശമിപ്പിക്കുന്നത് നിഷിദ്ധമായ രീതിയിലാണെങ്കില്‍ അത് അവന്റെ മേല്‍ പാപമാവുകയില്ലേ? അതുപോലെ അത് അനുവദനീയമായ മാര്‍ഗത്തിലായാല്‍ അവന് അതിന് പ്രതിഫലവും ലഭിക്കുന്നതാണ്. (മുസ്‌ലിം)

ഏത് മാര്‍ഗത്തിലൂടെയും പുണ്യം കരസ്ഥമാക്കുകയും സ്വര്‍ഗപ്രവേശം നേടുകയും ചെയ്യാനുള്ള പ്രേരണയാണ് ഈ തിരുവചനം. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ദാനധര്‍മങ്ങളിലൂടെയും സാമ്പത്തിക വിനിമയങ്ങളിലൂടെയും മറ്റുമായി ലഭിക്കുന്ന പുണ്യം കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലല്ലോ എന്ന സാധുജനങ്ങളുടെ ആവലാതിക്ക് ആശ്വാസമായി പ്രവാചക തിരുമേനി പുണ്യം നേടാനുള്ള മറ്റു മാര്‍ഗങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. ധര്‍മം സമ്പത്തുകൊണ്ട് മാത്രമല്ല സല്‍പ്രവര്‍ത്തനങ്ങളിലൂടെയും ധര്‍മം സാധ്യമാണെന്ന് ഈ തിരുവചനം സന്ദേശം നല്‍കുന്നു.
നിസ്സാരമെന്ന് നമുക്ക് തോന്നാവുന്ന അത്യധ്വാനമില്ലാതെ നിര്‍വഹിക്കാന്‍ കഴിയുന്ന പല മാര്‍ഗങ്ങളും പുണ്യം കരസ്ഥമാക്കാന്‍ ഉതകുന്നതാണ് എന്നത്രെ തിരുമേനി പഠിപ്പിക്കുന്നത്. അതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഉദ്ദേശ്യശുദ്ധിയോടെ നാം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പുണ്യകരമാകുമെന്നത്രെ ഈ വചനത്തിന്റെ പൊരുള്‍. നിഷിദ്ധമാര്‍ഗത്തിലെ സഞ്ചാരം പാപമാകുന്നതുപോലെ അനുവദനീയമായ ജീവിതാസ്വാദനം വിശ്വാസികള്‍ക്ക് പ്രതിഫലം ലഭിക്കുന്ന പുണ്യമായി ഗണിക്കപ്പെടുമെന്നുള്ള വിവരണം പുണ്യങ്ങള്‍ അധികരിപ്പിക്കുന്നതിനും നിഷിദ്ധങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുമുള്ള പ്രേരണ കൂടിയാണ്.

Back to Top