3 Tuesday
March 2026
2026 March 3
1447 Ramadân 14

പൗരോഹിത്യത്തിനെതിരായ കലഹം

സി പി ഉമര്‍ സുല്ലമി


പണ്ഡിതനും പ്രബോധകനും പ്രഭാഷകനും സംഘടനാ സാരഥിയും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന സഹപ്രവര്‍ത്തകന്‍ യു പി അബ്ദുറഹ്‌മാന്‍ മൗലവിയുടെ വേര്‍പാട് നാം വേദനയോടെ ഓര്‍ക്കുന്നു. യു പി അബ്ദുല്‍ലത്തീഫ് എന്ന ബാപ്പുട്ടി മുസ്ലിയാരുടെയും കെ കെ ഫാത്വിമയുടെയും മകനായി 1949 ല്‍ ജനിച്ച മൗലവി അഞ്ചാം തരം വരെ പഠിച്ചത് പൊന്നാനി അതളൂരിലായിരുന്നു. തുടര്‍ന്ന് കന്മനം, പറവന്നൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തി. വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു പഠിച്ച മൗലവി ദയൂബന്ദില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം, മലപ്പുറം ജില്ലയിലെ ചമ്രവട്ടം എന്നിവിടങ്ങളില്‍ മുദരിസായി ജോലി ചെയ്തു.
പ്രഗല്‍ഭനായ ഒരു കര്‍മശാസ്ത്ര പണ്ഡിതനായിരുന്നു യു പി അബ്ദുറഹ്‌മാന്‍ മൗലവി. മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നുവരും മുമ്പ് ജംഇയ്യത്തുല്‍ ഉലമ സുന്നിയ്യ എന്ന കൂട്ടായ്മക്ക് രൂപം നല്‍കി. ജുമുഅ ഖുതുബയുടെ ഭാഷയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രഗല്‍ഭരായ സമസ്ത പണ്ഡിതന്മാരുമായി പട്ടാമ്പിയില്‍ വെച്ച് അദ്ദേഹം സംവാദം നടത്തിയിട്ടുണ്ട്. ജുമുഅ പ്രസംഗം എന്ന പേരില്‍ ജുമുഅയുടെ ഹുകുമുകള്‍ വിശദീകരിക്കുന്ന ഒരു പുസ്തകവും മൗലവി രചിച്ചു. കാസര്‍കോട് ജില്ലയിലെ ശംനാട് ജോലി ചെയ്യുന്ന കാലത്താണ് കെ പി മുഹമ്മദ് മൗലവി, രണ്ടത്താണി സൈദ് മൗലവി മുതലായവരുടെ മാര്‍ഗനിര്‍ദ്ദേശനുസരണം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നത്. പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും പ്രബോധകനും ആയ അക്കാലത്ത് അദ്ദേഹവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്താനും വൈജ്ഞാനിക ചര്‍ച്ചകള്‍ നടത്താനും എനിക്കും ധാരാളം അവസരങ്ങളുണ്ടായി. ഇസ്ലാമിക കര്‍മ ശാസ്ത്ര (ഫിഖ്ഹ്) സംബന്ധമായ മസ്അലകള്‍ ഞാനും മൗലവിയും ധാരാളമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. നേരിട്ടും ഫോണ്‍ വഴിയുമുള്ള ആ ചര്‍ച്ച അവസാനം വരെ നിലനിന്നിരുന്നു. രോഗാവസ്ഥയിലും പലപ്പോഴും ഫോണ്‍ വഴിയും നേരിട്ടും ഞങ്ങള്‍ അത്തരം ചര്‍ച്ചകള്‍ തുടര്‍ന്നു പോന്നു.
പൊന്നാനി പ്രദേശത്ത് ഇന്ന് കാണുന്ന നവോത്ഥാന വളര്‍ച്ചയില്‍ യു പി അബ്ദുറഹ്‌മാന്‍ മൗലവിയുടെ തെളിഞ്ഞ കയ്യൊപ്പുണ്ട്. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും അത്യാചാരങ്ങളോടും നിരന്തരമായി കലഹിച്ചും പടപൊരുതിയും ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ച സ്ഥിരോത്സാഹിയായിരുന്നു അദ്ദേഹം. മലപ്പുറം വെസ്റ്റ് ജില്ലയില്‍ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി സേവനം ചെയ്തിട്ടുണ്ട്. ഏറെക്കാലം കെ എന്‍ എം മര്‍കസുദ്ദഅവയുടെ പണ്ഡിതസഭയായ കെ ജെ യുവിന്റെ ഉപാധ്യക്ഷനായിരുന്നു.
തിരൂരങ്ങാടി യതീംഖാനയില്‍ ഞാന്‍ മാനേജറായി സേവനം ചെയ്യുന്ന കാലത്ത് യതീംഖാനക്കുള്ള സംഭാവനകളുമായി കുടുംബസമേതം പലപ്പോഴും അദ്ദേഹം സ്ഥാപനത്തില്‍ വരാറുണ്ടായിരുന്നു. കുട്ടികളോടൊത്ത് സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയിരുന്നത്. മതരംഗത്തും പൊതുരംഗത്തും നേതൃപരമായ പങ്ക് നിര്‍വഹിച്ചും നവോത്ഥാന വഴിയില്‍ ധാരാളം പ്രവര്‍ത്തന മാതൃകകള്‍ കാണിച്ചുതന്നും പ്രിയങ്കരനായ യുപി അബ്ദുറഹ്‌മാന്‍ മൗലവി വിടവാങ്ങുമ്പോള്‍ ധന്യമായ ആ പ്രവര്‍ത്തന മാതൃക ഏറ്റെടുക്കുവാനും ഇസ്ലാഹിന്റെ വഴിയില്‍ കൂടുതല്‍ സേവനങ്ങള്‍ അര്‍പിക്കുവാനും നാം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. സര്‍വശക്തനായ റബ്ബ് അദ്ദേഹത്തിന്റെ പോരായ്മകള്‍ പൊറുത്ത് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top