21 Saturday
December 2024
2024 December 21
1446 Joumada II 19

വേദങ്ങള്‍ വഹിക്കുന്ന കഴുത

ഡോ. പി എം മുസ്തഫാ കൊച്ചിന്‍


പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയില്‍ ഇങ്ങനെയൊരു വരിയുണ്ട്:
വിദ്യകൊണ്ടറിയേണ്ട
തറിയാതെ വിദ്വാനെന്നു
നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറി
യാതെ കുങ്കുമം ചുമക്കു
മ്പോലെ ഗര്‍ദ്ദഭം (കഴുത).

ഖുര്‍ആനില്‍ അറുപത്തിരണ്ടാമധ്യായമായ ജുമുഅയിലെ അഞ്ചാം വാക്യത്തില്‍ കഴുതയുടെ ഒരു ഉപമയുണ്ട്. ഖുര്‍ആനിലെ ഈ കഴുത ഉപമയുടെ ആശയ സ്വാധീനം ഒമ്പത് നൂറ്റാണ്ടിന് ശേഷം വിരചിതമായ ദാര്‍ശനിക കാവ്യമായ ജ്ഞാനപ്പാനയുടെ (1570) കര്‍ത്താവ് പൂന്താനം നമ്പൂതിരിയില്‍ ഉണ്ടായിട്ടുണ്ടാകാം എന്ന് മേല്‍ വചനങ്ങള്‍ സൂചന നല്‍കുന്നു.
ഖുര്‍ആന്‍ പറയുന്നു: ”തൗറായുടെ നിര്‍വാഹകരാവാന്‍ ഏല്‍പിക്കപ്പെടുകയും എന്നിട്ട് ഏറ്റെടുത്ത ചുമതല നിര്‍വഹിക്കാതിരിക്കുകയും ചെയ്ത യഹൂദന്റെ ഉദാഹരണം വന്‍ ഗ്രന്ഥഭാണ്ഡങ്ങള്‍ വഹിച്ചുനടക്കുന്ന കഴുതയുടേത് മാതിരിയാകുന്നു. ദൈവം തമ്പുരാന്റെ സന്ദേശങ്ങളെ വ്യാജമാക്കി നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉദാഹരണം എത്രയോ വികൃതം, അക്രമകാരിയായിക്കൊണ്ടിരിക്കുന്ന ജനങ്ങളെ ദൈവം തമ്പുരാന്‍ നിര്‍ബന്ധപൂര്‍വം സന്മാര്‍ഗത്തിലാക്കുകയില്ല.” (62:5)
പതിനാറാം നൂറ്റാണ്ടില്‍ ഉടലെടുത്ത ആധുനിക മലയാളഭാഷാ പ്രയോഗങ്ങളിലും ഇതിന്ന് സമാനമായ ശൈലികള്‍ കാണാനാവും. കരിമ്പ് കൊണ്ടടിച്ചാല്‍ കഴുത കരിമ്പിന്‍ രുചിയറിയുമോ?, പൂട്ടുന്ന കാളയെന്തിന് വിതയ്ക്കുന്ന വിത്തറിയുന്നു?, ആടറിയുമോ അങ്ങാടിവാണിഭം?, കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം?, ചുട്ട ചട്ടിയറിയുമോ അപ്പത്തിന്റെ സ്വാദ്?, അരിവിലയറിയുമോ അളക്കുന്ന നാഴി?, തവിയറിയുമോ കറിയുടെ രസം?, മണ്‍വെട്ടി തണുപ്പറിയുമോ? എന്നീ മലയാള ശൈലികള്‍ ഈ ആശയമാണ് പ്രകടമാക്കുന്നത്.
ആംഗലേയ ഭാഷയില്‍ കഴുതയ്ക്ക് അ ൈഎന്നും ഉീിസല്യ എന്നും പറയും. അറബിയില്‍ ആണ്‍ കഴുതയ്ക്ക് ഹിമാര്‍ എന്നും പെണ്‍ കഴുതയാണെങ്കില്‍ ഹിമാറാ എന്നോ അതാന്‍ എന്നോ പറയും. ഹിമാറാ എന്നതിന്ന് ഹമാഇര്‍ എന്ന ബഹുവചനവും ഹിമാര്‍ എന്നതിന്ന് ഹമീര്‍, ഹുമുര്‍, അഹ്‌മിറാ എന്നീ മൂന്നു ബഹുവചനങ്ങളുമുണ്ട്. മുഷിപ്പന്‍ പണിചെയ്യുന്നതിന് ഉീിസല്യ ണീൃസ (കഴുതപ്പണി) എന്നും, കപ്പലിന്റെ മുകള്‍ത്തട്ടിലേക്ക് സാധനങ്ങള്‍ വലിച്ചുകയറ്റുന്ന യന്ത്രത്തിന് ഉീിസല്യ ഋിഴശില (കഴുതയന്ത്രം) എന്നും ആംഗലേയ ഭാഷയില്‍ പറയുന്നു.

ഖുര്‍ആനും
കഴുത ഉപമകളും

മനുഷ്യരെയും കഴുതകളെയും സകല സൃഷ്ടികളെയും പടച്ചവന്‍ ഖുര്‍ആനില്‍ കഴുതയുമായി ബന്ധപ്പെട്ട മൂന്ന് ശൈലികള്‍ പറഞ്ഞിട്ടുണ്ട്. ഒന്ന്: സിംഹത്തില്‍ നിന്ന് വിരണ്ടോടുന്ന കഴുതകള്‍ മാതിരി… (മുദ്ദസിര്‍ 50), രണ്ട്: ഏറ്റവും അപരിചിതമായ ശബ്ദം കഴുതകളുടെ ശബ്ദമാണ് (31:19), മൂന്ന്: വന്‍ ഗ്രന്ഥഭാണ്ഡങ്ങള്‍ വഹിച്ചു നടക്കുന്ന കഴുതയുടേത് പോലെ… (62:5). മറ്റൊരു സന്ദര്‍ഭത്തിലാണെങ്കിലും, കഴുതയെക്കുറിച്ചു ചിന്തിച്ച് നോക്കാന്‍ (2:259) ആവശ്യപ്പെടുന്ന ഒരു രംഗം ഖുര്‍ആനിലുണ്ട്.
എന്തുകൊണ്ട്
കഴുതയുടെ ഉപമ?

സസ്തനികളിലുള്‍പ്പെട്ട ഇക്വിലിദീ കുലത്തില്‍ പെട്ടതാണ് കഴുത വര്‍ഗം. കുതിരയ്ക്കും വരയന്‍കുതിരയായ സീബ്രയ്ക്കും ഇടയില്‍ വരുന്നവയാണ് കഴുതകള്‍. നിവര്‍ന്ന് കുറിയ കുഞ്ചിരോമങ്ങളും പാര്‍ശ്വഭാഗങ്ങളിലെ നീണ്ട രോമങ്ങളും നീണ്ട ചെവിയും കഴുതയുടെ പ്രത്യേകതകളാണ്. സസ്യലതാദികള്‍ വിരളമായ മരുഭൂമി സദൃശമായ വരണ്ട പ്രദേശങ്ങളാണ് ഇവയ്ക്കിഷ്ടം. കുതിരകള്‍ക്ക് പറ്റാത്തയിടങ്ങളില്‍ കഠിനമായ ജോലികള്‍ ചെയ്യുന്നു.
കഠിന സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവയ്ക്ക് സഹന ശക്തി കൂടുതലാണ്. ഭാരിച്ച ജോലി വരുമ്പോള്‍ അനുസരിക്കാതിരിക്കുകയും എന്നാല്‍ കഠിന ശിക്ഷ നല്‍കിയാല്‍ അനുസരിക്കുകയും ചെയ്യുക ഇതിന്റെ സ്വഭാവമാണ്. തന്റെ പുറത്തുള്ളത് ഭാണ്ഡം എന്തിന്റേതാണെന്നോ അതിനുള്ളിലുള്ളത് എന്താണെന്നോ അതിന്റെ ആവശ്യമെന്തെന്നോ അതിന്റെ ഉപകാരമെന്തെന്നോ ഭാണ്ഡം പേറി നടക്കുന്ന കഴുതയ്ക്ക് അറിയില്ല. ഒരു കഴുതയുടെ പുറത്തു ചില മഹത്തായ തത്വങ്ങളുള്ള ഗ്രന്ഥം വെച്ചുകെട്ടിയാല്‍ ആ കഴുതക്ക് അതിനുള്ളിലുള്ള വസ്തുതകള്‍ തിരിച്ചറിയില്ല. ഏടുകള്‍ ചുമക്കുന്ന കഴുതകള്‍ എന്ന പ്രയോഗം പ്രസക്തമാകുന്നത് ഈ നിലപാട് കാരണമാണ്. ”ഞങ്ങള്‍ക്ക് രാജാവിന്റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്നു തരുന്നവന് ഒരു ആണൊട്ടകത്തിന് ചുമക്കാവുന്ന ധാന്യം നല്‍കുന്നതാണ്. അത് ഞാനേറ്റിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു” (12:72) എന്ന് യൂസുഫിന്റെ ചരിത്രസംഭവമുദ്ധരിച്ചിടത്ത് ഖുര്‍ആന്‍ ഭാരം വഹിക്കുന്ന ഒട്ടകത്തെ പരാമര്‍ശിക്കുന്നുണ്ട്. എന്നിട്ടും ഗ്രന്ഥക്കെട്ടു വഹിക്കുന്ന ഒട്ടകത്തോടോ ലാമായോടോ കുതിരയോടോ യാക്കിനോടോ റെയിന്‍ഡീരിനോടോ ഉപമിക്കാതെയാണ് ഏറ്റവും അനുയോജ്യമായ കഴുതയെ ഉപമക്കെടുത്തത്. അതിനു കാരണം കഴുതയുടെ അലക്ഷ്യാവസ്ഥയും അപാര സഹനശേഷിയുമാണ്.
ഭാരം വഹിക്കുന്ന
ജീവികള്‍

യാത്രാവാഹനമായും ചുമട് വഹിക്കാനും ഉപയോഗിക്കാവുന്ന ജീവികളെപ്പറ്റി ഖുര്‍ആന്‍ പ്രത്യേകം പറയുന്നുണ്ട്. ഒന്ന്: ”നിങ്ങള്‍ക്കായി കന്നുകാലികളെയും ദൈവം തമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്നു. അവയില്‍ നിങ്ങള്‍ക്ക് തണുപ്പകറ്റാനുള്ളതും മറ്റു ഉപകാരങ്ങളുമുണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ ആഹരിക്കുകയും ചെയ്യുന്നു. വൈകുന്നേരം ആലയിലേക്ക് നിങ്ങള്‍ തിരിച്ചു കൊണ്ടുവരുന്ന സമയത്തും നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് സൗന്ദര്യമുണ്ട്. മനഃക്ലേശത്തോടു കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് നിങ്ങളുടെ ഭാരങ്ങള്‍ പേറിക്കൊണ്ട് അവ പോകുകയും ചെയ്യുന്നു. നിങ്ങളുടെ സംരക്ഷകന്‍ ദയയുള്ളവനും കരുണാനിധിയുമാണ്. കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ കയറുവാനും അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്കറിയാത്തതും അവന്‍ സൃഷ്ടിക്കുന്നു” (16:5-8).

രണ്ട്: ”കന്നുകാലികളില്‍ നിന്ന് ഭാരം പേറുന്നവ (ഹമൂലാ) യും അറുത്ത് ഭക്ഷിക്കാവുന്നവയെയുമെല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് ദൈവം തമ്പുരാനാകുന്നു.” (6:141-142)
ഖുര്‍ആന്‍ പറയുന്നു: ”ദൈവം തമ്പുരാനാകുന്നു നിങ്ങള്‍ക്കായി കന്നുകാലികളെ സൃഷ്ടിച്ചു തന്നവന്‍. അവയില്‍ ചിലതിനെ വാഹനമാക്കുന്നു, അവയില്‍ ചിലതിനെ നിങ്ങള്‍ ഭക്ഷണമാക്കുന്നു. അവയില്‍ നിങ്ങള്‍ക്ക് പല ഉപകാരങ്ങളുമുണ്ട്. അവ മൂലം നിങ്ങളുടെ നെഞ്ചുകളിലുള്ള വല്ല ആവശ്യത്തിലും നിങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവയുടെ മുകളിലും കപ്പലിലുമായി നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു” (40:79,80).
ഖുര്‍ആന്‍ പറയുന്നു: ”എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് കയറാനുള്ള കപ്പലും കന്നുകാലികളെയും ഏര്‍പ്പെടുത്തിത്തരുകയും ചെയ്തവന്‍. അവയുടെ പുറത്ത് ഇരിപ്പുറപ്പിക്കാനും എന്നിട്ട് അവിടെ നിങ്ങള്‍ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ സംരക്ഷകന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ സ്മരിക്കാനും, ഇപ്രകാരം നിങ്ങള്‍ പറയാനും വേണ്ടി ‘ഞങ്ങള്‍ക്കുവേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍. ഞങ്ങള്‍ക്കതിനെ മെരുക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങളുടെ സംരക്ഷകനിലേക്ക് ഞങ്ങള്‍ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു”(43:12-14).
തൗറായും യഹൂദും
ദൈവത്തിന്റെ ദിവ്യവേദസന്ദേശങ്ങളെ വ്യാജമാക്കി നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ മോശമായതാണ്, തൗറായിലുള്ളത് നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ട യഹൂദ വിഭാഗം അവരുടെ ഏല്‍പിക്കപ്പെട്ട ചുമതലയില്‍ വീഴ്ച വരുത്തിയതിന്റെ ഉപമ വന്‍ ഗ്രന്ഥങ്ങള്‍ വഹിച്ച് നടക്കുന്ന കഴുതയുടേത് പോലെയാകുന്നു. യഹൂദ പുരോഹിതന്മാരെയാണ് മേല്‍ വാക്യത്തില്‍ ചുമട്ടുകഴുതയോട് ഉദാഹരിച്ചിരിക്കുന്നത്. തൗറാ പഠിക്കുകയും പരിചയപ്പെടുകയും ചെയ്ത അവരോട് ദൈവം തമ്പുരാന്‍ അതിനോട് പ്രതിബദ്ധത പുലര്‍ത്താനും അതിലെ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താനും നിര്‍ദേശിക്കുന്നു. എന്നാല്‍ ചുമത്തപ്പെട്ട ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചില്ല. അതില്‍ അവര്‍ വീഴ്ച വരുത്തി.
തൗറായെ തത്വചിന്താപരമായ ആശയം എന്ന നിലപാടോടെയാണ് അവര്‍ സമീപിച്ചത്. അത് അവരുടെ ബുദ്ധിയിലും സിദ്ധാന്തങ്ങളിലും യുക്തിചിന്തകളിലും കേവലം ആശയം മാത്രമായൊതുക്കിയ അവര്‍ പ്രായോഗിക ജീവിതത്തില്‍ നിന്ന് അതിനെ അകറ്റിനിറുത്തി. തൗറായുടെ പ്രകാശം അവരുടെ കര്‍മപഥത്തില്‍ എവിടെയും പ്രതിഫലിച്ചില്ല. വസ്തുതകള്‍ യഥാവിധി പഠിച്ചു മനസിലാക്കാതെ തോന്നുന്ന മാതിരി പറയുകയും മാനവരെ അതിന്നായി പ്രേരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതരും ഈ ഉപമയുടെ പരിധിയില്‍ വരും.
തൗറാത്തില്‍ മുഹമ്മദ് നബി(സ)യെ സംബന്ധിച്ച പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെ തൗറാത്തില്‍ പോലും അവ കാണാം. എന്നാല്‍ മുഹമ്മദ് നബിയെ യഹൂദ് കളവാക്കിയതിനാല്‍ അവരുടെ ഉപമ വേദഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ പോലെയായി. വേദഗ്രന്ഥം പ്രമാണമാക്കി ജീവിക്കുന്നതിന്ന് പകരം പുരോഹിതരെ അന്ധമായി അനുകരിക്കുകയാണ് അവര്‍ ചെയ്തത്. അക്ഷരവായനക്കാരായ എല്ലാവരെയും ഇതിന്റെ പരിധിയില്‍ പെടുത്താം.
തോറാ എന്ന വേദഗ്രന്ഥത്തിന്റെ ആള്‍ക്കാരായ യഹൂദിന് മാത്രമായിട്ടല്ല ഖുര്‍ആന്‍ ഈ കഴുത ഉദാഹരണം ഉപമിച്ചിരിക്കുന്നത്. ഖുര്‍ആനിന്റെ അനുയായികളെന്ന് ഊറ്റംകൊള്ളുകയും ഖുര്‍ആനിക ഇതിവൃത്തങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താതിരിക്കുകയും ചെയ്യുന്ന ഖുര്‍ആനിന്റെ അനുചരന്മാര്‍ക്കും ബാധകമാണ് ഈ കഴുതയുടെ ഉദാഹരണം. ഖുര്‍ആനുമായി യാതൊരുവിധ ബന്ധവുമില്ലാത്ത വസ്തുതകള്‍ ഖുര്‍ആനുമായി ബന്ധിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ ഉപമ ബാധകമാണ്.
ഇനിയൊരു ദിവ്യവേദം അവതരിക്കാനില്ല, അവതരിക്കുമായിരുന്നെങ്കില്‍ ഖുര്‍ആനിന്റെ അനുയായികളെപ്പറ്റി സര്‍വേശ്വരന്‍ എന്ത് ഉപമ പറയുമായിരിക്കും? ആലോചിക്കുക.
മനുഷ്യന്‍ മാലാഖമാരെപ്പോലെയല്ല. മനുഷ്യന്റെ പ്രത്യേകത അവന്റെ സ്വതന്ത്ര ഇച്ഛാശക്തിയാണ്. ത്യാജ്യ ഗ്രാഹ്യശേഷിയും സത്യാസത്യവിവേചന നൈപുണിയും അവന്ന് ദൈവം നല്‍കിയിട്ടുണ്ട്. അക്രമിയാകാന്‍ കൊതിക്കുന്ന ജനങ്ങളെ അവന്‍ നിര്‍ബന്ധിച്ചു നേര്‍വഴിയിലാക്കുകയില്ല. മര്യാദ സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് സംഗതികള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് അവരെ സഹായിക്കും. ഇഷ്ടമില്ലാത്ത മനുഷ്യരെ നിര്‍ബന്ധിച്ച് സന്മാര്‍ഗത്തിലാക്കുന്ന ഏര്‍പ്പാട് ഇല്ല.
എല്ലാ കഴുതയ്ക്കും
ഒരു ദിനമുണ്ട് !

2019 മുതല്‍ എല്ലാ വര്‍ഷവും മെയ് അഞ്ചാം തിയതി, കഴുതയുടെ പ്രാധാന്യം അംഗീകരിക്കുന്നതിനും ക്ഷേമത്തിനുമായി ലോക കഴുതദിനമായി ആചരിച്ചു വരുന്നു. 2018 ല്‍ ഡോ. അബ്ദുര്‍റാസിഖ് കാകര്‍ (അല്‍ ഐന്‍, യു എ ഇ) എന്ന മരുഭൂജീവികളെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞന്‍ ഈ ദിനം നിര്‍ദേശിക്കുകയും അത് 2019ല്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

Back to Top