2 Thursday
January 2025
2025 January 2
1446 Rajab 2

കെ സി മുഹമ്മദ് മൗലവി പ്രതിഭാശാലിയായ പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


വിനയവും ലാളിത്യവും സമന്വയിച്ച പ്രതിഭാശാലിയായ പണ്ഡിതനായിരുന്നു സപ്തംബര്‍ 17-ന് നിര്യാതനായ കെ സി മുഹമ്മദ് മൗലവി. പ്രമേഹരോഗം മൂര്‍ച്ഛിച്ച് കാലിനു ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിവാസത്തിനിടയില്‍ 82-ാം വയസ്സിലാണ് മൗലവി വിട പറഞ്ഞത്. പിതാവ് കുവ്വപ്പുളിയില്‍ അലി മുഹമ്മദ് മുസ്ലിയാരില്‍ നിന്നു ശിക്ഷണം നേടിയ മൗലവി നവോത്ഥാന പ്രസ്ഥാനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതം അടയാളപ്പെടുത്തി.
പനമ്പാട് എ യു പി സ്‌കൂളില്‍ അറബി അധ്യാപകനായിരുന്ന കെ സി മുഹമ്മദ് മൗലവി വെളിയങ്കോട്, പുല്ലോണത്ത് അത്താണി, പള്ളപ്രം ഉള്‍പ്പെടെ കേരളത്തിലെ നിരവധി പള്ളികളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും മൗലവിയുടെ നേതൃത്വത്തില്‍ നടന്ന ക്ലാസുകള്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് നിമിത്തമായി. ഖത്തറിലും യു എ ഇയിലും മാതൃകാപരമായ ഇടപെടലുകളാല്‍ പ്രിയങ്കരനായിരുന്നു കെ സി. ഖത്തര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. പിന്നീട് ദീര്‍ഘകാലം യു എ ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിലെ മദ്‌റസാ അധ്യാപകനും മുബല്ലിഗുമായിരുന്നു. മത ദാര്‍ശനിക വിഷയങ്ങളില്‍ ആഴത്തില്‍ ജ്ഞാനം നേടിയതിനാല്‍ ആ തിളക്കം മൗലവിയുടെ എഴുത്തിലും പ്രഭാഷണങ്ങളിലും പ്രതിഫലിച്ചിരുന്നു.
ഇളംമനസ്സുകളില്‍ നിന്ന് ദൈവബോധത്തെ പറിച്ചുകളയാന്‍ വേണ്ടിയുള്ള ഒട്ടേറെ കൃതികള്‍ ശാസ്ത്രപ്രചാരണത്തിന്റെ മറവില്‍ വ്യാപകമായിരുന്ന 1990-കളില്‍ അത്തരം പ്രവണതകളെ ചെറുക്കാനോ ദൈവബോധം ബുദ്ധിയുടെയും യുക്തിയുടെയും വെളിച്ചത്തില്‍ സ്ഥാപിക്കാനോ ശ്രമിക്കുന്ന കുട്ടികള്‍ക്കുള്ള രചനകള്‍ കുറവായിരുന്നു. അക്കാലത്ത് ‘അകലെ ഒരു പൂന്തോട്ടം’ എന്ന ബാലസാഹിത്യകൃതി മൗലവി രചിച്ചു. അവതരണ രീതിയിലെ പുതുമ, സരളമായ ഭാഷ, ഹൃദ്യമായ ശൈലി എന്നിവയാല്‍ ശ്രദ്ധേയമായ ഈ കൃതി യുവത ബുക്ഹൗസാണ് പ്രസിദ്ധീകരിച്ചത്. സകാത്ത് ഒരു പഠനം, സ്ത്രീസ്വാതന്ത്ര്യം ഇസ്ലാമില്‍, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങിയവയാണ് മൗലവിയുടെ ഇതര കൃതികള്‍.
കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നിര്‍വാഹക സമിതി അംഗം, കെ എന്‍ എം സംസ്ഥാന കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരിച്ചകം സലഫി മസ്ജിദ്, നൂറുല്‍ഹുദാ മദ്‌റസ എന്നിവയുടെ പ്രസിഡന്റുമായിരുന്നു. അവസാനകാലം വരെയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യമാര്‍: നഫീസ എന്ന കുഞ്ഞിമോള്‍, ജമീല ടീച്ചര്‍. മക്കള്‍: അബ്ദുസ്സലാം, മുഹമ്മദ് നജീബ്, ബുഷ്‌റ, നസീമ, നസീബ്, നാജിയ, റസീല. കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് മൗലവിയെ ഖബറടക്കിയത്. അല്ലാഹു മൗലവിക്ക് സ്വര്‍ഗപ്രവേശം നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top