21 Thursday
November 2024
2024 November 21
1446 Joumada I 19

ലബനാനിന്റെ 25% ജനസംഖ്യയും ഇസ്രായേലിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഭീഷണിയില്‍


ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തുന്ന പുതിയ ആക്രമണങ്ങളില്‍ മാത്രം 45 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ ഉപരോധം തുടരുന്നതിനിടെ വീടുകള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ സ്ഫോടകവസ്തു നിറച്ച വീപ്പകള്‍ വീടിന് താഴെയായി സ്ഥാപിച്ചു. വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശം 11-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍ഫലൂജ മേഖലയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം തുടര്‍ന്നു. അതേസമയം, ലബനാന്‍ അതിര്‍ത്തിയിലെ യു എന്‍ സമാധാന സേനാംഗങ്ങള്‍ തെക്കന്‍ ലബനാനിലെ തങ്ങളുടെ പോസ്റ്റുകളില്‍ തന്നെ തുടരുമെന്ന് യു എന്‍ മിഷന്റെ മേധാവി പറഞ്ഞു. യു എന്‍ പരിവര്‍ത്തന സേനയുടെ ഔട്ട്പോസ്റ്റിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം, ലബനാന് നേരെയുള്ള ഇസ്രായേല്‍ അതിക്രമങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. വടക്കന്‍ ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ലബനാനിന്റെ 25% ജനസംഖ്യയും ഇസ്രായേലിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണം വ്യാപിപിക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലബനാനിലുടനീളം 200 ആക്രമണങ്ങള്‍ നടത്തി. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 4,00,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതായി യുനിസെഫ് പറഞ്ഞു. ജബലിയ ക്യാമ്പിലെ കെട്ടിടങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ വടക്കന്‍ ഗസ്സയിലെ കരയാക്രമണങ്ങള്‍ തുടരുകയാണ്.

Back to Top