22 Wednesday
October 2025
2025 October 22
1447 Joumada I 0

ബഹുസ്വരതക്കു മേല്‍ കത്തിവെക്കുന്നു

റബീഹ് ചാലിപ്പുറം

മനുഷ്യ മനസ്സുകളില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വെറുപ്പ് നിറച്ച്, പരസ്പരം ഭിന്നിപ്പിച്ചു അതില്‍നിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഭരണത്തിലേറിയവര്‍ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും കടക്കല്‍ കത്തിവെച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്ത്രീകളുടെയും ജീവിതം അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നമുക്ക് ഇതിന്റെ തീക്ഷ്ണത അത്ര പെട്ടെന്ന് അനുഭവപ്പെടുന്നില്ല. കേരളം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ വര്‍ഗീയതക്കും ഫാസിസത്തിനും വിഘടന വിഭജന വാദത്തിനും അത്ര വളക്കൂറുള്ള മണ്ണല്ല. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്. എന്നാല്‍ കേരളത്തില്‍ പോലും ഇന്ന് വര്‍ഗീയ രാഷ്ട്രീയത്തിന് ജനമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്ന കാര്യത്തില്‍ അവര്‍ വിജയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള സമൂഹവും ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ കോര്‍പ്പറേറ്റുകളും വര്‍ഗീയ ഫാസിസവുമായി കൈകോര്‍ത്തിരിക്കുകയാണ്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പോലും പലയിടത്തും, ഒരു മുസ്ലിം നാമധാരിക്ക് വാടകക്ക് വീട് ലഭിക്കാത്ത അവസ്ഥയുണ്ട്.
ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയും എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവരെയും ജയിലിലടക്കുന്നു. മാധ്യമ രംഗത്ത് ഇന്ന് ഭരണകൂട സ്തുതിപാഠകര്‍ മാത്രമാണുള്ളത്. മിക്ക മാധ്യമ സ്ഥാപനങ്ങളെയും കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ ഭരണകൂടം വിലക്ക് വാങ്ങിക്കഴിഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലുള്ള ഒരു രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യമിന്നു കടന്നുപോകുന്നത്. ഈ അവസ്ഥയ്ക്ക് ബോധപൂര്‍വ ശ്രമങ്ങളിലൂടെയല്ലാതെ മാറ്റം സാധ്യമല്ല. നമ്മുടെ ബന്ധങ്ങളും സന്ദര്‍ശനങ്ങളും സജീവമാക്കുകയും അതിലൂടെ സൗഹാര്‍ദം തിരിച്ചുപിടിക്കുകയും വേണ്ടതുണ്ട്.

Back to Top