അല്ലാഹുവിന്റെ പ്രതാപം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂദര്‍ അല്‍ഗിഫാരി(റ) പറയുന്നു: അനുഗൃഹീതനും ഉന്നതനുമായ അല്ലാഹുവില്‍നിന്ന് നബി(സ) ഉദ്ധരിക്കുന്നു. അല്ലാഹു പറഞ്ഞു: എന്റെ ദാസന്മാരേ, ഞാന്‍ അക്രമത്തെ സ്വയം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാന്‍ അതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാണിക്കരുത്. എന്റെ ദാസന്മാരേ നിങ്ങളെല്ലാവരും വഴിയറിയാത്തവരാകുന്നു. ഞാന്‍ സന്മാര്‍ഗത്തിലാക്കിയവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് മാര്‍ഗദര്‍ശനം തേടുവിന്‍. ഞാന്‍ നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും വിശപ്പനുഭവിക്കുന്നവരാകുന്നു. ഞാന്‍ ഭക്ഷണം നല്‍കിയവരൊഴികെ. അതിനാല്‍ നിങ്ങളെന്നോട് ആഹാരം തേടുവിന്‍. ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും നഗ്നരാകുന്നു. ഞാന്‍ വസ്ത്രമണിയിച്ചവരൊഴികെ. അതിനാല്‍ നിങ്ങളെന്നോട് വസ്ത്രത്തെ തേടുവിന്‍. ഞാന്‍ നിങ്ങളെ വസ്ത്രം ധരിപ്പിക്കും. എന്റെ ദാസന്മാരേ, നിങ്ങള്‍ രാപ്പകലുകളില്‍ പാപങ്ങള്‍ ചെയ്യുന്നവരാണ്. ഞാന്‍ എല്ലാ പാപങ്ങളും പൊറുക്കുന്നു. അതിനാല്‍ നിങ്ങളെന്നോട് പാപമോചനം തേടുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും.
എന്റെ ദാസന്മാരേ, എന്നെ ദ്രോഹിക്കാന്‍ നിങ്ങളൊരിക്കലും പ്രാപ്തരല്ല. അതുകൊണ്ടുതന്നെ നിങ്ങളെന്ന ദ്രോഹിക്കുന്ന പ്രശ്‌നവുമില്ല. എനിക്ക് ഉപകാരം ചെയ്യാനും നിങ്ങള്‍ പ്രാപ്തരല്ല. അതുകൊണ്ടുതന്നെ നിങ്ങളെനിക്ക് ഉപകാരം ചെയ്യുന്ന പ്രശ്‌നവുമില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം തന്നെ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ള ഒരാളുടെ മനോനിലയില്‍ ആയിരുന്നാല്‍പോലും തീര്‍ച്ചയായും അതെന്റെ ആധിപത്യത്തില്‍ യാതൊരു വര്‍ധനവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളില്‍ ഏറ്റവും അധര്‍മകാരിയുടെ മാനസികാവസ്ഥയില്‍ ആയിരുന്നാല്‍പോലും അതെന്റെ അധികാരത്തില്‍ യാതൊരു കുറവും വരുത്തുകയില്ല.
എന്റെ ദാസന്മാരേ, നിങ്ങളുടെ പൂര്‍വീകരും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു പ്രദേശത്തുനിന്നുകൊണ്ട് എന്നോട് ചോദിക്കുകയും മുഴുവന്‍ മനുഷ്യര്‍ക്കും അവര്‍ ചോദിച്ചത് ഞാന്‍ നല്‍കുകയും ചെയ്താലും അതെന്റെ അടുക്കലുള്ളതില്‍ യാതൊരു കുറവും വരുത്തുകയില്ല. ഒരു സൂചി സമുദ്രത്തില്‍ മുക്കിയെടുത്താലുള്ള കുറവുപോലെയല്ലാതെ. എന്റെ ദാസന്മാരേ, നിങ്ങളുടെ കര്‍മങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ രേഖപ്പെടുത്തിവെക്കുന്നത്. പിന്നീട് അതിന്റെ പ്രതിഫലം പൂര്‍ണമായി നിങ്ങള്‍ക്ക് ഞാന്‍ നല്‍കുകയും ചെയ്യും. ആരെങ്കിലും അതിനെ ഗുണകരമായി കാണുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ. ആരെങ്കിലും അതിനെ അങ്ങനെയല്ലാതെ കാണുന്നുവെങ്കില്‍ അവന്‍ സ്വന്തത്തെയല്ലാതെ ആക്ഷേപിക്കേണ്ടതില്ല (മുസ്‌ലിം)
അല്ലാഹുവിന്റെ കാരുണ്യവും പ്രതാപവും അടയാളപ്പെടുത്തുന്ന നബിവചനമാണിത്. അല്ലഹുവില്‍ നിന്ന് നേരിട്ട് ഉദ്ധരിക്കുന്നു എന്ന നിലയ്ക്ക് ഈ തിരുവചനത്തിന്റെ മഹത്വവും സ്ഥാനവും ഉന്നതമാകുന്നു. അതിക്രമം ചെയ്യുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവില്‍ നിന്ന് ഒരിക്കലും ഒരാള്‍ക്കു നേരെയും അക്രമമുണ്ടാവുകയില്ല. ”ലോകരോട് ഒരു അനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല” (3:108) എന്ന ഖുര്‍ആന്‍ വചനം അത് വ്യക്തമാക്കുന്നു. മനുഷ്യരും പരസ്പരം ദ്രോഹിക്കാതെ ജീവിക്കണമെന്നാണ് അല്ലാഹുവിന്റെ താല്‍പര്യം.
കാരുണ്യവാനാണ് അല്ലാഹു. മാര്‍ഗഭ്രംശം സംഭവിക്കാനിടയാക്കുന്ന എല്ലാ കാര്യങ്ങളെയും ഒഴിവാക്കി ശരിയായ മാര്‍ഗത്തിലേക്ക് നമ്മെ നയിക്കുന്നു. വിശപ്പകറ്റുന്ന, വസ്ത്രമണിയിക്കുന്ന, പാപങ്ങള്‍ പൊറുക്കുന്നവനായ അല്ലാഹുവിന്റെ കാരുണ്യം അതിവിശാലമാണ്. ‘മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു (35:15) എന്ന ഖുര്‍ആന്‍ വാക്യംപോലെ നമുക്ക് എല്ലാറ്റിനും ആശ്രയിക്കാന്‍ കഴിയുന്ന അഭയകേന്ദ്രമാണവന്‍. പരാശ്രയമുക്തനായ അവനിലേക്ക് ആവശ്യങ്ങള്‍ക്കായി കൈകളുയര്‍ത്താനുള്ള പ്രേരണയാണീ തിരുവചനം.
മനുഷ്യരില്‍ വന്നുപോകുന്ന തെറ്റുകളും കുറ്റങ്ങളും പൊറുത്തുതരികയെന്നത് അല്ലാഹുവിന്റെ അതിമഹത്തായ കാരുണ്യത്തെക്കുറിക്കുന്നു. അവനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കേണ്ടവരാണ് നാം എന്ന ബാധ്യതയെ ഈ തിരുവചനം ഓര്‍മിപ്പിക്കുന്നു. അനുഗ്രഹപൂര്‍ണനായ അല്ലാഹു ആരുടെയും ഉപദ്രവമേല്‍ക്കാത്ത ആരുടെയും ഉപകാരമാവശ്യമില്ലാത്ത പ്രതാപിയും പരിശുദ്ധനുമത്രെ. ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കാന്‍ മാത്രം വിശാലമാണ് അവന്റെ കാരുണ്യം. ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കിയാലും ഒരു തരിമ്പുപോലും കുറവുവരാത്തത്ര വിശാലമാണ് അവന്റെ അനുഗ്രഹങ്ങള്‍.
നമ്മുടെ ധര്‍മനിഷ്ഠയും അധര്‍മ പ്രവര്‍ത്തനങ്ങളുമൊന്നും തന്നെ അല്ലാഹുവിന്റെ അധികാരത്തിന് യാതൊരു നേട്ടമോ കോട്ടമോ വരുത്തുകയില്ല. എല്ലാം നമ്മുടെ കര്‍മങ്ങളായി രേഖപ്പെടുത്തുകയും രക്ഷാശിക്ഷകള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നത് മാത്രമാണ് എന്ന് ഓര്‍മപ്പെടുത്തലാണീ വചനം. നന്മയുടെ ഗുണവും തിന്മയുടെ ശിക്ഷയും നമുക്ക് തന്നെയെന്നര്‍ഥം.