3 Tuesday
December 2024
2024 December 3
1446 Joumada II 1

ഭൂമിയിലെ നരകമാകുന്ന ഗസ്സ

അബ്ദുല്‍ ജലീല്‍

ഫലസ്തീനില്‍ യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. എണ്ണാനാവാത്തയത്രയും നഷ്ടങ്ങളാണ് ഗസ്സയില്‍ ഉണ്ടായത്. മനുഷ്യരക്തം പുഴപോലെയൊഴുകി എന്നു തന്നെ പറയാം. ഇസ്രായേലിന്റെ നരനായാട്ട് അത്രമേല്‍ ഭീകരമായിരുന്നു. ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അത് ഗസ്സയാണ് എന്ന് അന്റോണിയോ ഗുട്ടറസിനു പോലും പറയേണ്ടി വന്നിരുന്നു. ഇന്നും ജീവനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സൈനികശക്തിയുള്ള രാജ്യമായ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഫലസ്തീനിലെ സായുധ സംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നത്. തെക്കന്‍ അതിര്‍ത്തികളിലൂടെ ഇസ്രായേലിലേക്ക് പ്രവേശിച്ച ഹമാസ് സൈനികര്‍ ഏകദേശം 1200 ഓളം ഇസ്രായേലി പൗരന്മാരെ വധിക്കുകയും 250 ഓളം ആളുകളെ ബന്ധികളാക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് ഭരണകൂടം പോര്‍വിളികളുമായി ഗസ്സയിലേക്ക് പ്രവേശിക്കുകയായിരുന്നു. കൂട്ടിന് ലോക പൊലീസെന്ന് അറിയപ്പെടുന്ന അമേരിക്ക കൂടി ചേര്‍ന്നതില്‍ പിന്നെ ഗസ്സ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ദുരന്തങ്ങള്‍ക്കായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായി കണക്കാക്കുന്ന ഗസ്സയുടെമേല്‍ ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു. ആക്രമണത്തില്‍ 79000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 564 സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. ഗസ്സയില്‍ മാത്രം ഉണ്ടായത് 2.73 ലക്ഷം കോടിയുടെ നാശനഷ്ടങ്ങളാണ്. യുദ്ധം ഒരുമാസം പിന്നിട്ടപ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേന എന്നറിയപ്പെടുന്ന അധിനിവേശ സേന ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ അല്‍-ശിഫയിലും തന്റെ കിരാത പ്രവൃത്തികള്‍ ആരംഭിച്ചു. ആശുപത്രിയില്‍ ഹമാസിന്റെ ഭൂഗര്‍ഭ ആസ്ഥാനം ഉണ്ടെന്ന് ആരോപിച്ച് ഇസ്രായേല്‍ സേന നടത്തിയ ഉപരോധത്തില്‍ നവജാതശിശുക്കളടക്കം നിരവധി മനുഷ്യരാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്.
ലോകത്തില്‍ ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളിലും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗങ്ങളാണ് സ്ത്രീകളും കുട്ടികളും. ഗസ്സയിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഓരോ 15 മിനിട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നതായാണ് ‘ദി ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റനാഷണല്‍’ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് 17000 കുട്ടികള്‍ക്കാണ്. ഒരു കാലത്ത് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നിരുന്ന 85 ശതമാനം സ്‌കൂളുകളും യുദ്ധത്തില്‍ നിലംപരിശായി. 6,25,000 കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ഇപ്പോള്‍ യു എന്‍ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ചൊല്ലിക്കൊടുക്കുന്ന പാഠങ്ങളാണ് അവരുടെ ഏക ആശ്വാസം. 40,000ത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് യുദ്ധം കാരണം പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഫീദെന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആക്രമണം തുടര്‍ന്നാല്‍ ആ ജനത തന്നെ അപ്രത്യക്ഷമാകും. ആഗോള സമൂഹത്തിന്റെ കുറ്റകരമായ മൗനം ഈ ആക്രമത്തിനു വളം വെക്കുകയാണ്. മനഃസാക്ഷി മരവിച്ചു പോയ പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ ശബ്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Back to Top