ഫലസ്തീന്‍: പ്രതിരോധത്തിന്റെ അച്ചുതണ്ട്
ഡോ. ഹിശാമുല്‍ വഹാബ്
ഫലസ്തീനിലെ അധിനിവേശവും കൂട്ടക്കുരുതിയും ലോക മനസ്സാക്ഷിക്കു മുമ്പില്‍ നിസ്സാരവത്കരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഒരേ സമയത്ത് രണ്ട് ഇടങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളോടുള്ള മാനവരാശിയുടെ മനോഭാവത്തില്‍ കാതലായ വ്യത്യാസങ്ങളുണ്ട്. ഒന്ന്, ഏഷ്യയിലെ അറബ് ജനതക്കെതിരെ നടക്കുന്ന യുദ്ധമാണെങ്കില്‍ മറ്റൊന്ന് യൂറോപ്പില്‍ യുക്രെയ്ന്‍ ജനതക്കെതിരെയാണ്. എന്നാല്‍ റഷ്യന്‍ – യുക്രെയ്ന്‍ യുദ്ധത്തിനും കൊലപാതകങ്ങള്‍ക്കും ലഭിക്കുന്ന മാധ്യമ – ഭരണകൂട ശ്രദ്ധ, ഫലസ്തീനിന്റെ ഭാവിയെക്കുറിച്ചുള്ള വിശകലനങ്ങള്‍ക്കു ലഭിക്കുന്നില്ല. എന്നത് വ്യക്തമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യ – യുക്രെയ്ന്‍ യുദ്ധ ഒത്തുതീര്‍പ്പിന് ധൃതി പിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, ഫലസ്തീനെ ലോക ഭൂപടത്തില്‍ നിന്നു തന്നെ മായ്ച്ചു കളയാന്‍ ഒരുങ്ങി നില്‍ക്കുന്ന ഇസ്രായേലിന്റെ യുദ്ധ ഭീകരതയ്ക്ക് കടിഞ്ഞാണിടാന്‍ ഐക്യ രാഷ്ട്ര സഭയ്ക്കു പോലും സാധിക്കാതെ വരുന്നത്.
‘ഗസ്സന്‍ യുദ്ധം’, ‘ഇസ്രായേല്‍- ഹമാസ് യുദ്ധം’, ‘അറബ്-ഇസ്രായേല്‍ യുദ്ധം’ എന്നിങ്ങനെ അറിയപ്പെടുന്ന ഫലസ്തീനിന്റെ പ്രതിരോധ ശ്രമത്തിന് തുച്ഛമെങ്കിലും നിലവില്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം, ഒരു വര്‍ഷം മുമ്പ് ഹമാസിന്റെ നേതൃത്വത്തില്‍ വിവിധ പ്രതിരോധ സംഘങ്ങള്‍ നടത്തിയ സായുധ മുന്നേറ്റത്തിന്റെ അലയൊലികളുടെ തുടര്‍ച്ചയാണ്. പശ്ചിമേഷ്യയിലെ ആണവ ശക്തിയും സുരക്ഷാ പ്രതിരോധ മേഖലകളിലെ അജയ്യരെന്ന് വാദിച്ചിരുന്നവരായ ഇസ്രായേലി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് 2023 ഒക്ടോബര്‍ ഏഴിന് ഈ സായുധ – തിരിച്ചടി നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായ ഗസ്സന്‍ മുനമ്പില്‍ നിന്നും പാരാഗ്ലൈഡിലൂടെ പറന്നിറങ്ങിയ പോരാളികള്‍ അധിനിവേശകര്‍ നിര്‍മിച്ച അപാര്‍തീഡ് മതിലിനെ നിഷ്പ്രഭമാക്കി. തുരങ്കങ്ങളില്‍ ഒളിച്ചു നിന്നു കൊണ്ട് ഗറില്ലാ അക്രമണങ്ങള്‍ നടത്തിയ അവര്‍ ഇസ്രായേലിന്റെ യുദ്ധ പീരങ്കികളെയും ടാങ്കുകളെയും തങ്ങളുടെ തോളത്തു നിന്ന് വിക്ഷേപിച്ച റോക്കറ്റുകളാല്‍ തകര്‍ത്തെറിഞ്ഞു. ലോക രാജ്യങ്ങളിലേക്ക് ഇസ്രായേല്‍ കയറ്റുമതി ചെയ്യുന്ന സുരക്ഷാ ഉപകരണങ്ങളെ തന്നെ വെല്ലുവിളിച്ചാണ് കാലാകാലങ്ങളായി ഭീകരമായ അധിനിവേശത്തിന്റെ ഇരകളായവര്‍ തിരിച്ചടിച്ചത്. വ്യോമ- മാര്‍ഗേണയുള്ള സായുധാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ നിര്‍മിച്ച ‘അയേണ്‍ ഡോം’ എന്ന ആകാശ കവചത്തെയും ഭേദിച്ചാണ് ഹമാസിന്റെ മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചത്.
2023 ഒക്ടോബര്‍ ഏഴു മുതല്‍ പൂര്‍വാധികം ഭീകരതയോടു കൂടി ഇസ്രായേല്‍ തങ്ങളുടെ അധിനിവേശം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഹമാസ് തുരങ്കങ്ങളുണ്ടെന്ന് ആരോപിച്ച് ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളും സ്‌കൂളുകളും തര്‍ത്തുകൊണ്ടേയിരിക്കുകയാണ്. ആരാധനാലയങ്ങളും ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ഏജന്‍സിയായ യു എന്‍ ആര്‍ ഡബ്ല്യു എ യുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ദിനേന ഇസ്രായേല്‍ മിസൈലുകള്‍ പതിക്കുന്നത്. ഗസ്സയിലെ കൂട്ടക്കുരുതിക്കൊപ്പം തന്നെ വെസ്റ്റ് ബാങ്കില്‍ തദ്ദേശീയരെ ഒഴിപ്പിച്ചു കൊണ്ട് ജൂത- കോളനികള്‍ വിപുലീകരിക്കുവാനാണ് ഇസ്രായേലിന്റെ പദ്ധതി. ഗാസ സിറ്റിയുടെ സമ്പൂര്‍ണ തകര്‍ച്ച ഉറപ്പുവരുത്തിയ ഇസ്രായേല്‍, ഈജിപ്തുമായുള്ള ഏക കവാടമായ റഫ അതിര്‍ത്തിയില്‍ പോലും നരഹത്യ നടത്തി.
‘ഭൂമിയില്ലാത്ത ജനത, ജനതയില്ലാത്ത ഭൂമി’ എന്നു വാദിച്ച് ഫലസ്തീനിലേക്ക് കുടിയേറ്റം നടത്തിയ ജൂതര്‍ ഇപ്പോള്‍ തദ്ദേശീയരെ പൂര്‍ണമായും വംശഹത്യ നടത്തിയിട്ട് അവരുടെ ഭൂമി കൈക്കലാക്കാനാണ് ശ്രമിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തോളം യൂറോപ്പിലാകമാനം അടിച്ചമര്‍ത്തപ്പെട്ട, ‘ആന്റി സെമിറ്റിസ’ത്തിന് ഇരയാക്കപ്പെട്ട ഒരു ജനത, ബ്രിട്ടന്റെയും പിന്നീട് അമേരിക്കയുടെയും പിന്തുണയോടെ മറ്റൊരു ജനതയെ ഉന്മൂലനം ചെയ്യുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അറബ്- വിരുദ്ധതയും ‘ഇസ്്ലാമോഫോബിയയും’ ഒരുപോലെ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ ഇരവാദത്തിന്റെ തുടര്‍ച്ചയിലാണ് ഇസ്രായേല്‍ നിലനില്‍ക്കുന്നത്. മേഖലയിലെ ഏക ജനാധിപത്യം രാജ്യമെന്ന് ഉദ്ഘോഷിക്കുന്ന ഈ രാഷ്ട്രത്തിലാണ്, ജൂതര്‍ക്ക് ഒരു കോളനിയും വഴിയും അറബികള്‍ക്ക് മറ്റൊരു കോളനിയും വഴിയും നിര്‍മിച്ചു കൊണ്ട് വംശീയ- വിവേചനത്തിന്റെ സമകാലിക ദൃശ്യങ്ങളുള്ളത്.
ഫലസ്തീന്‍ ജനതയുടെ വംശഹത്യയും നാടുകടത്തലും തുടരുന്നതോടൊപ്പം അവരുടെ നേതൃനിരയെ ഇല്ലാതാക്കുവാനുള്ള ശ്രമവും ഇസ്രായേല്‍ നടത്തുന്നുണ്ട്. യാസിര്‍ അറഫാത്ത്, അഹ്‌മദ് യാസീന്‍, അബ്ദുല്‍അസീസ് റന്‍തീസി തുടങ്ങിയ നേതാക്കളെ വകവരുത്തിയതിനു ശേഷം ഇപ്പോള്‍ ഹമാസ് രാഷ്ട്രീയ ബ്യൂറോയുടെ തലവനും ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മായില്‍ ഹനിയ്യയെയും വധിച്ചിരിക്കുകയാണ്. എന്നാല്‍ രക്ത സാക്ഷികളാല്‍ സമ്പന്നമായ ഫലസ്തീന്‍ മണ്ണില്‍ നേതൃത്വം പുതിയ കരങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഹമാസ് തങ്ങളുടെ നായകനായി തിരഞ്ഞെടുത്ത യഹ്യ സിന്‍വര്‍ തന്നെയാണ് ഒക്ടോബര്‍ ഏഴിന് നടത്തിയ സായുധ മുന്നേറ്റത്തിന്റെ ബുദ്ധി കേന്ദ്രം.
നിലവിലെ കണക്കുകള്‍ പ്രകാരം ഫലസ്തീനില്‍ നാല്‍പത്തി ഒന്നായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരത്തില്‍ പരം കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ പതിനായിരത്തിലധികം കുട്ടികളെ കാണാതായിട്ടുണ്ട്. ഇതില്‍ തന്നെ തൊണ്ണൂറ് ശതമാനത്തിനപ്പുറം നാശനഷ്ടങ്ങളും സംഭവിച്ചിരിക്കുന്നത് ഹമാസ് ശക്തി കേന്ദ്രമായ ഗസ്സയിലാണ്. ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളും ഇസ്രായേല്‍ നിയന്ത്രിതമാണ്. ‘മാനുഷിക പരിഗണന’യുടെ അടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തെക്കുറിച്ചുള്ള രാഷ്ട്രീയ ഇടപെടലുകളും സജീവമാക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഗസ്സന്‍ സായുധ മുന്നേറ്റത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതൊരു മേഖലാ തലത്തിലുള്ള യുദ്ധമായി രൂപാന്തരണം ചെയ്യപ്പെട്ടിരിക്കുന്നു. ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്നറിയപ്പെടുന്ന അമേരിക്കന്‍ ഇസ്രായേല്‍ വിരുദ്ധ മുന്നണി ശക്തിയാര്‍ജിച്ചു വരികയാണ്. ഇറാന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ സമയത്തു തന്നെ ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയെ വധിച്ച ഇസ്രായേലിന്റെ ധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ചാണ് ഈ മുന്നണി നിലവില്‍ സജ്ജരായിരിക്കുന്നത്.
ആഴ്ചകളോളം നീണ്ടുനിന്ന ലബനാനിലെ പേജര്‍ ആക്രമണത്തിന് ശേഷം, ഹിസ്ബുല്ലയുടെ നേതാവായ ഹസന്‍ നസറുല്ലയെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചത് ഫലസ്തീന്‍ വിമോചന പോരാട്ടത്തിലെ ഒരു വഴിത്തിരിവാണ്. 1992 മുതല്‍ ദീര്‍ഘ കാലം ഹിസ്ബുല്ലയെ രാഷ്ട്രീയമായും നയതന്ത്രപരമായും മേഖലയിലെ ശക്തരാക്കിയ നസറുല്ലയുടെ കൊലപാതകം തീക്കളിയായാണ് മാധ്യമലോകം വിലയിരുത്തുന്നത്. ഇറാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ പ്രതികരണം ലോകം ഉറ്റുനോക്കുകയാണ്.
തൂഫാനുല്‍ അഖ്‌സയുടെ ഒന്നാം വര്‍ഷികത്തിന് മുമ്പുതന്നെ അതിന്റെ സുപ്രധാന കക്ഷികളുടെ നേതാക്കളെ വധിച്ച ഇസ്രയേലിന്റെ നീക്കം, സമാധാനം പുനഃസ്ഥാപിക്കാനോ വെടിനിര്‍ത്തല്‍ കരാറിനോ ഉള്ള സര്‍വ ശ്രമങ്ങളും തള്ളിക്കളയുന്നതിന് തുല്യമാണ്. നസ്‌റുല്ലയെ വധിക്കുന്നതിനുവേണ്ടി ദാഹിയയിലെ ജനവാസകേന്ദ്രം ബോംബിട്ട് തകര്‍ക്കാന്‍ നെതന്യാഹു അനുമതി നല്‍കിയത് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തു നിന്നാണെന്നത് ആഗോള ശാക്തിക രാഷ്ട്രീയത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. 2006-ല്‍ ഇസ്രയേലിനെ ദക്ഷിണ ലബനാനില്‍ പരാജയപ്പെടുത്തിയ ഹിസ്ബുല്ലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ലബനാനിലെ ഹിസ്ബുല്ലയുടെ ചീഫ് ഹസന്‍ നസ്‌റുല്ല, കമാന്റര്‍മാരായ ഫുആദ് ശുക്ര്‍, ഇബ്‌റാഹീം ആഖില്‍ എന്നിവരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ മേഖലയില്‍ ഒറ്റപ്പെടുകയാണ്. ഇറാന്റെയും ഹിസ്ബുല്ലയുടെയും സഖ്യകക്ഷികളായ യമനിലെ ഹൂഥികളും മിസൈല്‍ ആക്രമണവും ഇസ്രായേലിലേക്കുള്ള കപ്പലുകളെ തടയലും സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും പൂര്‍ണ പിന്തുണ മാത്രമാണ് ഇസ്രായേലിന്റെ ശക്തി. പക്ഷെ, തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നു അത്തരമൊരു വന്‍ സഖ്യത്തെ വെല്ലുവിളിക്കുന്ന ഈ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ ആണ് പുതിയ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നത്. ഇസ്രായേലിന്റെ ആകാശ കവചത്തെ നിരന്തരമായി ഭേദിച്ചുകൊണ്ട് തെല്‍ അവീവില്‍ പോലും പതിക്കുന്ന മിസൈലുകള്‍ കാരണം പലപ്പോഴും വിമാനത്താവളങ്ങള്‍ പോലും അടച്ചിടേണ്ടി വരുന്നു. അതോടൊപ്പം രണ്ടു രാജ്യങ്ങളില്‍ പൗരത്വമുള്ള ഇസ്രായേലി പൗരന്മാരെല്ലാം അവിടം ഉപേക്ഷിച്ചുകൊണ്ട് തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങുകയാണ്. ഫലസ്തീന്‍ ജനതയുടെ ദേശവും സുരക്ഷയും സമാധാനവും തകര്‍ത്തെറിഞ്ഞവര്‍ക്കു മേല്‍ ഭീതിയുടെ നാളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ടുകള്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെയുണ്ടെങ്കിലും അവരതിനെ ഇതുവരെ വിലവെച്ചിട്ടില്ല. യുദ്ധകുറ്റങ്ങളും മാനവ രാശിക്കെതിരെയുള്ള അക്രമണങ്ങളുമാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.
എന്നാല്‍ മറ്റു ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളെ പോലെ തന്നെ ഇത്തരം താക്കീതുകളും ഇസ്രായേല്‍ ഇതുവരെ ഗൗനിച്ചിട്ടില്ല. ഇതേ നെതന്യാഹുവിനെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയില്‍ ആനയിച്ച്, സല്‍ക്കരിച്ചത്. ഒരേ സമയം വേട്ടക്കാരോടൊപ്പം കുതിക്കുകയും ഇരയോടൊപ്പം കിതയ്ക്കുകയുമാണ് മുഖ്യധാരാ-രാഷ്ട്രങ്ങളും ഭരണകൂട സഖ്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്. ഫലസ്തീന്റെ രാഷ്ട്രീയ പരിഹാരം ചര്‍ച്ചക്കെടുക്കാതെയും ഇസ്രായേലിനെ നിലക്ക് നിര്‍ത്താതെയുമുള്ള കേവല- വാചാടോപങ്ങള്‍ അര്‍ഥശൂന്യമാണെന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.