തര്‍ക്കങ്ങള്‍ നിഷേധ മനോഭാവമാണ്
ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി
ജനങ്ങള്‍ക്കായി എല്ലാ തരം ഉപമകളും നാം ഈ ഖുര്‍ആനില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അധിക കാര്യങ്ങളിലും തര്‍ക്കിക്കുന്നവനാകുന്നു. (അല്‍കഹ്ഫ് 54)
മനുഷ്യര്‍ക്ക് സന്‍മാര്‍ഗം ഒരുക്കുകയാണ് ഖുര്‍ആന്റെ മുഖ്യ ദൗത്യം. ഈ ലോകത്തും അതിലേറെ പരലോകത്തും സൗഖ്യ ജീവിതത്തിന് അത് ആവശ്യവുമാണ്. സന്മാര്‍ഗ ചിന്ത ശക്തിപ്പെടുത്താന്‍ ഈമാന്‍ അധിഷ്ഠിത പഠന ഗവേഷണങ്ങളാണ് ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നത്. അല്ലാഹുവിനെ കണ്ടെത്താനും മതത്തിന്റെ അനിവാര്യത മനസ്സിലാക്കാനും കഴിയുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. ഭൗതികമായ ന്യായീകരണങ്ങള്‍ക്ക് വഴങ്ങാത്ത ജീവിതാനുഭവങ്ങള്‍ നമുക്ക് നല്‍കുന്ന ബോധ്യം അല്ലാഹുവിനോടുള്ള കടപ്പാട് തന്നെയാണ്. ഈ മാനസികാവസ്ഥയിലാണ് ഖുര്‍ആന്‍ പഠനം ഉല്‍പാദന ക്ഷമമാകുന്നത്.
എന്നാല്‍ മനുഷ്യന്‍ അവന്റെ ബുദ്ധിയിലും ചിന്തകളിലും അഹങ്കാരിയായി മാറുന്നു. തന്റെ ചിന്തകള്‍ക്കപ്പുറത്ത് ഒരു വിജ്ഞാനവുമില്ല എന്ന മൗഢ്യത്തില്‍ അവന്‍ ആനന്ദിക്കുന്നു. എക്കാലത്തും ഇത്തരം ആളുകള്‍ ഉണ്ടായിരുന്നു. ‘പ്രവാചകന്‍മാര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവര്‍ക്ക് എത്തിയപ്പോള്‍, തങ്ങളുടെ പക്കലുള്ള വിജ്ഞാനത്തില്‍ അവര്‍ സന്തോഷിക്കുകയായിരുന്നു’ (40:83) എന്ന ആയത്ത് ദൈവിക അധ്യാപനങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന പുഛഭാവമാണ് സൂചിപ്പിക്കുന്നത്. സത്യദീനിനോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ കാരണം രണ്ടു കാര്യങ്ങളാണ്, അഹങ്കാര ചിന്തയും മോശമായ തന്ത്ര പ്രയോഗങ്ങളും. ഇത്തരം തന്ത്രങ്ങള്‍ അവസാനം ചെയ്തവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (ഫാത്വിര്‍ 43)
യഥാര്‍ഥ സത്യം മനസ്സിലാക്കാന്‍ പല രീതിയിലുള്ള പഠന സമീപനങ്ങളുണ്ട്. അന്വേഷണമാണ് അതില്‍ പ്രധാനം. അതിലൂടെ കണ്ടെത്തുന്ന കാര്യങ്ങള്‍ക്ക് വേറെ തെളിവുകള്‍ വേണ്ടതില്ല. കാര്യങ്ങളെ വേര്‍തിരിച്ച് പഠിക്കാനും അപഗ്രഥിക്കാനും ഖുര്‍ആന്‍ പ്രോല്‍സാഹനം നല്‍കുന്നത് ഇതിന്റെ മറ്റൊരു ഭാഗമാണ്. വിവിധ ആശയ ധാരകള്‍ക്കിടയിലുള്ള സംവാദവും (ഹിവാര്‍) സത്യത്തിലേക്ക് എത്താനുള്ള പാലമായി ഖുര്‍ആന്‍ കാണുന്നു. ഇതിനൊന്നും വഴങ്ങാത്ത മനോഗതിയാണ് തര്‍ക്കവിതര്‍ക്കങ്ങള്‍.
ഈമാനിക ഔചിത്യ ബോധമാണ് തര്‍ക്കങ്ങളിലൂടെ സത്യത്തിലേക്കെത്താന്‍ വേണ്ടത്. അത് നഷ്ടപ്പെട്ടവരുടെ തര്‍ക്കങ്ങളും തട്ടുത്തരങ്ങളും മനോരോഗ സമാനമാണ്. വിശ്വാസമില്ലാത്തവരുടെ മനസ്സ് നിഷേധ ഭാവത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത് (നഹല്‍ 22). സത്യത്തോട് മാന്യമായി പ്രതികരിക്കാത്തവരുടെ അവലംബം കേവലം ദേഹേച്ഛ മാത്രമായിരിക്കും. അതാവട്ടെ ഗുരുതരമായ അപകടത്തിലായിരിക്കും അവസാനിക്കുന്നത്. ശാസ്ത്ര പാഠങ്ങളും ജീവിതാനുഭവങ്ങളും നിരീക്ഷിച്ചാല്‍ തന്നെ മതത്തിന്റെ സത്യധാരയിലെത്താന്‍ നമുക്ക് കഴിയും. എന്നിട്ടും മുമ്പത്തേതിനെക്കാള്‍ നിഷേധാത്മക തര്‍ക്ക സംവാദങ്ങളിലാണ് നാസ്തികര്‍. സത്യാന്വേഷണം അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്തമാണ്.
ദൈവബോധം നല്‍കുന്ന വിനയഭാവമാണ് ബൗദ്ധിക ഇടപെടലുകളെ നേര്‍ദിശയില്‍ നയിക്കുന്നത്. അതിന് മനസ്സിനെ പാകപ്പെടുത്താത്തവര്‍ക്ക് ഹിദായത്ത് ലഭിക്കാനിടയില്ല. (നഹല്‍ 104) ഖുര്‍ആന്‍ ചിന്തകള്‍ ബുദ്ധിയുമായി പൊരുത്തപ്പെടാത്തതോ ദുര്‍ഗ്രാഹ്യതയോ അല്ല ആധുനിക മനുഷ്യനെ തര്‍ക്കിക്കുന്നവനും നിഷേധിയുമാക്കുന്നത്. മറിച്ച് അവരുടെ ധാര്‍ഷ്ട്യതയും അഹങ്കാരവും മാത്രമാണ്. അതുകൊണ്ട് അവര്‍ക്ക് ഒന്നും നേടാന്‍ കഴിയില്ല എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.(40:56)