ജോലിയാണോ ജീവിതമാണോ ആസ്വദിക്കേണ്ടത്?
ഹബീബ്‌റഹ്‌മാന്‍ കരുവന്‍പൊയില്‍
രാവിലെ 9 മണി മുതല്‍ 5 മണി വരെ ജോലി സമയമുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് ഫഹദും റിയാസും മുനീറും. ഫഹദ് സ്ഥിരമായി 8.55 ന് ജോലിക്കെത്തുന്നു. 5.05 ന് ജോലി മതിയാക്കി പോകുന്നു. അങ്ങാടിയില്‍ നിന്ന് സാധനങ്ങളൊക്കെ വാങ്ങി വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങുന്നു. എല്ലാ ദിവസവും ഇത് തന്നെ ആവര്‍ത്തിക്കുന്നു. റിയാസാകട്ടെ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഒപ്പം ഒട്ടനവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. മറ്റുള്ളവരുടെ കാര്യത്തിനായി ഇടയ്ക്കിടെ ലീവെടുക്കുകയും അല്പം വൈകിയെത്തുകയോ നേരത്തെ പോവുകയോ ഒക്കെ ചെയ്യുന്നു. മുനീര്‍ രാവിലെ ഓഫീസിലെത്തും മുമ്പേ അല്പം വ്യായാമവും കളിയുമൊക്കെയായി ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൈകീട്ട് ജോലി കഴിഞ്ഞു ഇടക്കൊക്കെ മക്കളെയും കുടുംബത്തെയും കൂട്ടി ഷോപ്പിംഗും പിക്നിക്കും നടത്തുന്നു. ഇതിലൊന്നും പെടാത്ത സ്വഭാവക്കാരെയും ആ സ്ഥാപനത്തില്‍ കാണാം.
കഴിഞ്ഞ ജൂലൈയില്‍ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ആഗോള കോര്‍പറേറ്റ് സ്ഥാപനത്തില്‍ 27 വയസ്സുള്ള അന്ന സെബാസ്റ്റ്യന്‍ എന്ന യുവതി കുഴഞ്ഞുവീണു മരണപ്പെടുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ അന്ന അമിതജോലി ഭാരവും തന്മൂലമുള്ള മാനസിക സമ്മര്‍ദവും കാരണമാണ് മരണപ്പെട്ടതെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. അതുമായി ബന്ധപ്പെട്ട് അന്നയുടെ മാതാവ് കമ്പനി ചെയര്‍മാന് അയച്ച കത്ത് സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുന്നു. ഈ വിഷയം സ്വമേധയാ കേസെടുത്തതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
ജോലി ഭാരവും അമിത സമ്മര്‍ദവും ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. ചൈനയിലെ ഭക്ഷ്യ വിതരണക്കാരുടെ കടുത്ത ജോലി സമ്മര്‍ദം മൂലം 18 മണിക്കൂര്‍(?) തുടര്‍ച്ചയായി ജോലി ചെയ്ത് ക്ഷീണിച്ച് ബൈക്കിലിരുന്ന് ഉറങ്ങിപ്പോവുകയും കുഴഞ്ഞു വീണ് മരിക്കുകയും ചെയ്ത സംഭവവും ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ജീവിതമാണ് ജീവിക്കേണ്ടതും ആസ്വദിക്കേണ്ടതും. ജോലിയല്ല. ജോലി ജീവിക്കാനുള്ള ഒരു ഉപാധിയും ജീവിതം സുന്ദരവും ഐശ്വര്യപൂര്‍ണവുമാക്കാനുള്ള ഒരു മാധ്യമവുമാണ്. പക്ഷെ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനുഷ്യരില്‍ മഹാ ഭൂരിഭാഗവും, വിശിഷ്യാ മൂന്നാം ലോകരാജ്യങ്ങളിലെയും ദരിദ്ര രാജ്യങ്ങളിലെയും ജനങ്ങള്‍ ജീവിക്കാനുള്ള പെടാപ്പാടില്‍ ജോലി തന്നെ ജീവിതമായി തെറ്റിദ്ധരിക്കുന്നു. അങ്ങനെ ജോലി ചെയ്യാനായി ജീവിക്കുന്നു. ജോലി സമ്മര്‍ദം മൂലം മധ്യ വയസ്സാകുമ്പോള്‍ തന്നെ ജീവിതാനന്ദം നഷ്ടപ്പെട്ട് ജീവിതത്തോട് മടുപ്പ് വരുന്നു. തുടര്‍ന്ന് ആര്‍ക്കോ വേണ്ടി ജീവിതം തള്ളിനീക്കുന്നു.
ആദ്യം പറഞ്ഞ മൂന്നാളുകളെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. ഫഹദിനെ സംബന്ധിച്ചേടത്തോളം അവന്‍ ഒരു സ്ഥാപനത്തിലെ മാത്രം കേവലമൊരു സജീവ ജോലിക്കാരനായി ജീവിതം അവസാനിപ്പിക്കുന്നു. ജീവിതാവസാനത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്റെ മാനസികാവസ്ഥ എന്തായിരിക്കും? മുനീര്‍ ആവട്ടെ ജോലിക്കിടയിലും സ്വന്തം ആരോഗ്യം ശ്രദ്ധിക്കുകയും കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇനി നിങ്ങള്‍ റിയാസിനെക്കുറിച്ചൊന്നാലോചിച്ചു നോക്കൂ. അവന്‍ ജോലിയില്‍ നിന്ന് വിരമിച്ചാലും സജീവനായിരിക്കും. ജീവിതാവസാനം തിരിഞ്ഞു നോക്കുമ്പോള്‍ ധാരാളം ബന്ധങ്ങളും തികഞ്ഞ സംതൃപ്തിയും അവനെ തേടി വരും. ഇതില്‍ വിജയിച്ചവരാരാണെന്നാണ് നിങ്ങളുടെ അഭിപ്രായം? അല്ലെങ്കില്‍ ലോകര്‍ക്കും ലോകത്തിനും ഉപകാരപ്രദമായവര്‍ നിങ്ങളുടെ വീക്ഷണത്തില്‍ ആരായിരിക്കും?
ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും നടത്തിയ ഒരു പഠനമനുസരിച്ച് ദൈര്‍ഘ്യമേറിയ ജോലി സമയം, വര്‍ധിച്ച മാനസിക-സാമൂഹിക തൊഴില്‍ സമ്മര്‍ദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2016-ല്‍ മാത്രം 7,45,000 തൊഴിലാളികള്‍ ഇസ്‌കെമിക് ഹൃദ്രോഗവും സ്ട്രോക്ക് സംഭവങ്ങളും മൂലം മരണമടഞ്ഞതായി കണക്കാക്കുന്നു. പുതിയ ലോക കോര്‍പ്പറേറ്റ് തൊഴില്‍ സംസ്‌കാരം മനുഷ്യരുടെ സ്വകാര്യ ജീവിതവും കുടുംബ ജീവിതവുമടക്കം സ്വസ്ഥതയും ശാന്തിയുമൊക്കെ ഇല്ലാതാക്കുകയാണ്. ജീവിതവും ജോലിയുമൊക്കെ ആസ്വദിക്കേണ്ടതിന് പകരം സമ്മര്‍ദ്ദ മത്സരമായി മാറുന്നു.
തൊഴില്‍ ദാതാക്കളില്‍ നിന്നും മുതലാളിമാരില്‍ നിന്നും മാനേജ്മെന്റുകളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നുമൊക്കെ പല രീതിയിലുമുള്ള സമ്മര്‍ദങ്ങളാണ് തൊഴിലാളികളും കീഴ് ജീവനക്കാരും നേരിടേണ്ടി വരുന്നത്.
അനാവശ്യവും അനവസരത്തിലുള്ളതുമായ ട്രാന്‍സ്ഫറുകള്‍, അമിത ജോലി ഭാരം, ഇഷ്ടമില്ലാത്ത ജോലി ചെയ്യിക്കല്‍, അസുഖവും പ്രായവും സാഹചര്യവും മാനസികാവസ്ഥയും പരിഗണിക്കാതെയുള്ള സമീപനങ്ങള്‍, ആവശ്യത്തിനു പോലുമുള്ള ലീവ് നിഷേധം തുടങ്ങി അനാവശ്യമായ കുറ്റപ്പെടുത്തലുകളും ചീത്ത വിളികളുമൊക്കെ ജോലിയെയും ജോലി സ്ഥലത്തെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അതോടൊപ്പം സഹപ്രവര്‍ത്തകരുടെയും സഹ ജീവനക്കാരുടെയും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും തൊഴിലാളികളുടെ ആത്മ വീര്യം കെടുത്തും. ഇതിനൊക്കെ പുറമെ മാനസികവും ശാരീരികവും സാമ്പത്തികവും കുടുംബപരവുമായ വ്യക്തിഗത പ്രശ്‌നങ്ങളും ജോലി സ്ഥലത്തെ സമ്മര്‍ദത്തിന് കാരണമാവും.
ജീവിതം ആസ്വദിക്കാനുള്ളതാണെന്നും കേവലമായ ഒരു തൊഴിലില്‍ കെട്ടിയിടപ്പെട്ട് ഹോമിക്കപ്പെടേണ്ടതല്ല എന്നുമുള്ള തിരിച്ചറിവ് ഓരോ തൊഴിലാളിക്കും ഉണ്ടാവണം. നമ്മുടെ പാഷന്‍ മനസ്സിലാക്കിയുള്ള ജോലിയില്‍ ഏര്‍പ്പെടുകയോ അല്ലെങ്കില്‍ കിട്ടുന്ന ജോലി പാഷന്‍ ആക്കി മാറ്റുകയോ ചെയ്തില്ലെങ്കില്‍ നമ്മുടെ ജീവിതം വരണ്ടുണങ്ങിപ്പോകും. ജോലി ‘ചെയ്യുക’യല്ല ജോലി ആസ്വദിക്കുകയാണ് വേണ്ടത്. നടേ പറഞ്ഞ പോലെ ജീവിതം ആസ്വദിക്കാനും സാമ്പത്തിക സുസ്ഥിതിക്കുമുള്ള ഒരുപാധി മാത്രമാണ് ജോലി. അത് ഭംഗിയായും ആസ്വദിച്ചും ചെയ്യുന്നതോടൊപ്പം സ്വജീവിതവും കുടുംബവും ബന്ധങ്ങളും നമുക്ക് സന്തോഷവും സംതൃപ്തിയും പകരുന്ന പ്രവര്‍ത്തനങ്ങളുമൊന്നും നാം വിസ്മരിക്കാന്‍ പാടില്ല. ഒരേ ജോലിയില്‍ ഒരേ സ്ഥലത്ത് തുടരുന്നതൊക്കെ മടുപ്പും അലസതയുമുണ്ടാക്കും. ഉദാഹരണത്തിന് നാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കോ ഒരു ജോലിയില്‍ നിന്ന് മറ്റൊന്നിലേക്കോ മാറിയാല്‍ പുതിയ ബന്ധങ്ങളും പുതിയ സ്ഥലങ്ങളും പുതിയ രീതികളും സ്വായത്തമാക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ അത് നമുക്ക് കൂടുതല്‍ സന്തോഷവും ഉന്മേഷവും പ്രദാനം ചെയ്യും. അതുപോലെ തൊഴിലില്‍ വരുന്ന പുത്തന്‍ പ്രവണതകളും പുതിയ പുതിയ ഉപകരണങ്ങളുടെ ഉപയോഗവും പഠിക്കാനും സ്വാംശീകരിക്കാനും തൊഴിലാളികള്‍ സന്നദ്ധരാകേണ്ടതുണ്ട്.
തൊഴിലാളികളെ പ്രയാസപ്പെടുത്താതിരിക്കാനും അവരോട് മാന്യമായും സഹകരിച്ചും പെരുമാറാനും തൊഴില്‍ ദാതാക്കളും ചെയ്യുന്ന ജോലി ആത്മാര്‍ഥമായും ആസ്വദിച്ചും ചെയ്യാന്‍ തൊഴിലാളികളും സന്നദ്ധരായാല്‍ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെടും.