18 Monday
November 2024
2024 November 18
1446 Joumada I 16

ഇന്ത്യന്‍ കുടുംബങ്ങളുടെ കടം വര്‍ധിക്കുന്നു

ജൗഹര്‍ കെ അരൂര്‍


ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) കാര്യത്തില്‍ 2020-21 കാലത്തുണ്ടായ തകര്‍ച്ചയില്‍ നിന്ന് മോചനം നേടി നമ്മുടെ സമ്പദ് വ്യവസ്ഥ മുന്നേറുകയാണ്. 2030 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും 2047 ആകുമ്പോഴേക്ക് ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നുമൊക്കെ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക മേഖലയുടെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ സ്ഥിതി അത്ര ശുഭകരമായ അവസ്ഥയിലല്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ കുടുംബങ്ങളുടെ കടം വര്‍ധിക്കുകയും വരുമാനവും നീക്കിയിരിപ്പും കുറയുകയും ചെയ്യുന്നുവെന്നാണ് സാമ്പത്തിക സേവന ദാതാക്കളായ മോത്തിലാല്‍ ഓസ്വാളിന്റെ ഏറ്റവും പുതിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് മോത്തിലാല്‍ ഓസ്വാള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കുടുംബ കടം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 40% ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കുടുംബ നിക്ഷേപം ജി ഡി പിയുടെ 5% ആയി കുറയുകയും ചെയ്തു. 2023 സപ്തംബറില്‍ റിസര്‍വ് ബാങ്ക് ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച ആശങ്ക പങ്കുവെച്ചിരുന്നു. അന്ന് കുടുംബ നിക്ഷേപം ജി ഡി പി യുടെ 5.1% ആയി കുറഞ്ഞിരുന്നു. ഇത് 47 വര്‍ഷത്തെ ഏറ്റവും മോശം നിലയാണെന്ന് റിസര്‍വ് ബാങ്ക് സൂചിപ്പിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നു.
ഇതിനോട് അന്ന് ധനകാര്യ മന്ത്രാലയം പ്രതികരിച്ചത് ‘വരും വര്‍ഷങ്ങളില്‍ ജോലിയിലും വരുമാനത്തിലുമുണ്ടായേക്കാവുന്ന വളര്‍ച്ചയില്‍ ജനങ്ങള്‍ക്ക് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് കുടുംബങ്ങള്‍ വായ്പ്പയെടുത്തു വീടും വാഹനവും മറ്റു സൗകര്യങ്ങളും വാങ്ങുകയാണ്. അതുകൊണ്ടാണ് കുടുംബ നിക്ഷേപം കുറയുന്നത്’ എന്നായിരുന്നു. റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയതു പോലെ ഇന്ത്യന്‍ കുടുംബങ്ങളുടെ നിക്ഷേപം കുറയുന്നത് സാമ്പത്തിക തകര്‍ച്ചയുടെ അടയാളമായി കണക്കാക്കേണ്ടതില്ല എന്നായിരുന്നു ഗവണ്‍മെന്റ് വാദം. എന്നാല്‍ മോത്തിലാല്‍ ഓസ്വാളിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ധനകാര്യ മന്ത്രാലയത്തിന്റെ വാദം അസാധുവായിരിക്കുകയാണ്. ഇന്ത്യന്‍ കുടുംബങ്ങള്‍ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നതിന്റെ നേര്‍ ചിത്രമാണ് മോത്തിലാല്‍ ഓസ്വാളിന്റെ കണക്കുകള്‍.
കാരണങ്ങള്‍
ഇന്ത്യന്‍ കുടുംബങ്ങളുടെ കടം വര്‍ധിക്കുകയും സമ്പാദ്യം കുറയുകയും ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങളായി ഓസ്വാളിന്റെതുള്‍പ്പെടെയുള്ള പഠനങ്ങള്‍ പറയുന്നതില്‍ പ്രധാനപ്പെട്ടത് രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനത്തിലെ ഉയര്‍ച്ചയില്ലായ്മ, സാമ്പത്തിക സാക്ഷരതയുടെ കുറവ് എന്നിവയൊക്കെയാണ്. ഇതിനു പുറമെ വായ്പ്പകള്‍ എളുപ്പമായി ലഭ്യമാകുന്നതും, ഈടില്ലാതെ തന്നെ ലഭ്യമാകുന്ന വായ്പ്പകളും ഇ എം ഐ പോലുള്ള സൗകര്യങ്ങളുടെ വര്‍ധനവും ക്രെഡിറ്റ് കാര്‍ഡിന്റെ അമിത ഉപയോഗവുമെല്ലാം കടം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍, നോട്ട് നിരോധനം വഴിയുണ്ടായ പ്രയാസങ്ങള്‍ എന്നിവ സാധാരണക്കാരായ ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വിലക്കയറ്റം
പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണ അധികാരം കോര്‍പറേറ്റുകള്‍ക്ക് വിട്ടു നല്‍കിയതോടു കൂടിയാണ് അവശ്യ സാധനങ്ങള്‍ക്ക് പോലും ഇന്ത്യയില്‍ വിലകയറ്റം രൂക്ഷമായത്. കോര്‍പറേറ്റുകളുടെ വില വര്‍ധനയ്‌ക്കൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നികുതി വര്‍ധിപ്പിച്ചതും അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, മരുന്ന് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയും അതിന് ആനുപാതികമായി വരുമാനം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമായും സാധാരണക്കാരായ കുടുംബങ്ങളെ കടം വാങ്ങുന്നതിലേക്കും വായ്പ്പകള്‍ എടുക്കുന്നതിലേക്കും നയിച്ചു. വായ്പാ സംവിധാനങ്ങള്‍ എളുപ്പമാക്കിയതും കുടുംബങ്ങളുടെ കടം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കുവഹിചിട്ടുണ്ട്.
തൊഴിലില്ലായ്മ
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി പുറത്തുവിട്ട കണക്ക് പ്രകാരം 2024 ജൂലൈയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.90 ശതമാനം ആയിരുന്നുവെങ്കില്‍ ഓഗസ്റ്റ് ആയപ്പോഴേക്കും 8.50 ശതമാനം ആയി വര്‍ധിച്ചു. ഒരു മാസം കൊണ്ട് തൊഴിലില്ലായ്മയില്‍ ഉണ്ടായ ഈ വര്‍ധനവ് ഇന്ത്യയിലെ ജനങ്ങളെ ഏത് രീതിയിലായിരിക്കും ബാധിച്ചിട്ടുണ്ടാവുക എന്ന് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. ഇന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങളെ മുന്‍ നിര്‍ത്തി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ തൊഴില്‍ രഹിതരില്‍ 82.9 ശതമാനവും യുവാക്കളാണ്.
ഐ ഐ ടി കളില്‍ നിന്നും ഐ ഐ എമ്മുകളില്‍ നിന്നും ഉള്‍പ്പെടെ ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പോലും കൃത്യമായി ജോലി ലഭിക്കുന്നില്ല എന്നാണ് ചില അനൗദ്യോദിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനാകട്ടെ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ല എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്കു പോലും ആളുകളെ നിയമിക്കുന്നില്ല എന്ന വസ്തുതയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടികാണിക്കുന്നത്.
ഈ കണക്കുകളെ ഇന്ത്യന്‍ കുടുംബങ്ങളുടെ കട ബാധ്യത വര്‍ധിക്കുന്നതിന്റെ കാരണങ്ങളുമായി ചേര്‍ത്തുവെക്കുമ്പോള്‍ കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥയില്‍ കടം വില്ലന്റെ വേഷത്തില്‍ എത്തുന്നതിലെ പ്രധാനപ്പെട്ട മറ്റൊരു കാരണം തൊഴിലില്ലായ്മയാണെന്ന് നമുക്ക് ബോധ്യമാവും.
സാമ്പത്തിക
സാക്ഷരത

ഒരു വ്യക്തിക്ക് അയാളുടെ സാമ്പത്തിക സ്ഥിതി ശരിയായി മനസ്സിലാക്കാനും അതുപ്രകാരം അയാളുടെ സാമ്പത്തിക സ്രോതസ്സുകളിലും ചെലവുകളിലും ആവശ്യമായ മാറ്റം വരുത്താനുമുള്ള കഴിവാണ് സാമ്പത്തിക സാക്ഷരതയെന്ന് നമുക്ക് ലളിതമായി പറയാം. വരവ്, ചിലവ്, കടം, പലിശ കൂട്ടുപലിശ, ക്രെഡിറ്റ് & ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ശരിയായ ഒരു ധാരണയുണ്ടാവുക എന്നതും സാമ്പത്തിക സാക്ഷരതയുടെ ഭാഗമാണ്.
എന്നാല്‍ നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും സാമ്പത്തിക സാക്ഷരതയില്ല എന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എല്‍ എല്‍ പി യുടെ(S&P financial servieces LLP) പഠനത്തില്‍ വ്യക്തമാകുന്നത്. ഇന്ത്യയുടെ മുതിര്‍ന്ന ജനസംഖ്യയുടെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് സാമ്പത്തിക സാക്ഷരതയുള്ളത് എന്നാണ് ലഭ്യമായ കണക്കുകള്‍.

സാമ്പത്തിക സാക്ഷരതയും സാമ്പത്തിക സ്ഥിരതയും പരസ്പരം പൂരകങ്ങളാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക സാക്ഷരത വളരെ കുറഞ്ഞ ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ കുടുംബങ്ങളുടെ കടം വര്‍ധിക്കുന്നത് സ്വാ ഭാവികമാണെങ്കിലും കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് ഇന്ത്യന്‍ കുടുംബങ്ങളുടെ കടം എത്തി നില്‍ക്കുന്നു എന്നത് ആശാങ്കാജനകം തന്നെയാണ്.
പരിഹാരം
ഇന്ത്യന്‍ കുടുംബങ്ങളുടെ കടം വര്‍ധിക്കുകയും സമ്പാദ്യം കുറയുകയും ചെയ്യുന്നുണ്ട് എന്ന യാഥാര്‍ഥ്യം ധനമന്ത്രാലയം ഉള്‍കൊള്ളേണ്ടത് ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ട് മുഖവിലക്കെടുത്ത് ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം, ഉപഭോഗം, കടം, ലഭ്യമാകുന്ന കടത്തിന് ഈടാക്കപ്പെടുന്ന പലിശ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന് വ്യക്തത വേണം.
രൂക്ഷമായ തൊഴിലില്ലായ്മ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഇന്ധന വില വര്‍ധന, ഭക്ഷ്യ സുരക്ഷ തുടങ്ങി സാധാരക്കാരായ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
അന്യായമായ പലിശ ഇടാക്കുന്ന ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍, ബ്ലേഡ് കമ്പനികള്‍ എന്നിവയെ നിയന്ത്രിക്കാന്‍ സാധിക്കണം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു വേണ്ടി പുതിയ പദ്ധതികള്‍ തയ്യാറാക്കുകയോ, നിലവിലുള്ള പദ്ധതികള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തുവാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതോ അനിവാര്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍, ഉത്സാഹിച്ചാല്‍ ഒരു പരിധി വരെ ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. ജി ഡി പി യിലെ വളര്‍ച്ച സാധാരണക്കാരന് കൂടി അനുഭവവേദ്യമാകുമ്പോഴേ രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുവെന്ന് ഉറച്ചു പറയാന്‍ നമുക്ക്സാധിക്കുകയുള്ളൂ.

Back to Top