കാര്‍ഷികവൃത്തിയെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു
മുസ്തഫ നിലമ്പൂര്‍
ലോകാരംഭ ചരിത്രം ആരംഭിക്കുന്നത് തന്നെ സസ്യജാലങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ആദം ഹവ്വാ ദമ്പതികള്‍ക്ക് സ്വര്‍ഗ പൂന്തോപ്പ് നഷ്ടമാകുന്നത് വിലക്കപ്പെട്ട വൃക്ഷം നിമിത്തമാണ്. അവിടുത്തെ വൃക്ഷത്തിന്റെ ഇലകള്‍ ഉപയോഗിച്ചാണ് അവര്‍ നാണം മറച്ചത്. വിശ്വാസിയെ പ്രവാചകന്‍ ഈത്തപ്പന വൃക്ഷത്തോടാണ് ഉപമിച്ചത്. തൗഹീദിന്റെ വചനമായ വിശുദ്ധ വചനത്തെ ഒരു നല്ല വൃക്ഷത്തിനോടാണ് ഖുര്‍ആന്‍ ഉപമിച്ചത്. ഉയിര്‍ത്തെഴുന്നേല്പും മരണാനന്തര ജീവിതവും അനുസ്മരിപ്പിക്കുന്നതിന് ഖുര്‍ആന്‍ സസ്യജാലങ്ങളുടെ ഉദാഹരണങ്ങളെയാണ് ഉപമയാക്കിയത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവരെ കതിര്‍ക്കുലകളെ ഉദാഹരിച്ചുകൊണ്ടാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ ജീവിതലക്ഷ്യമായ സ്വര്‍ഗത്തെ അല്ലാഹു (ജന്നത്ത്) ‘സ്വര്‍ഗ പൂങ്കാവനം’ എന്നാണ് വിശേഷിപ്പിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ പരാമര്‍ശം വന്നിട്ടുണ്ട്. ചെടികളെ ഭൂമിയുടെ അലങ്കാരമെന്നാണ് (10:24) ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
ധാന്യക്കുലകളെ സമൃദ്ധിയുടെ പ്രതീകമായി(12:46,47) പരിചയപ്പെടുത്തുന്നു. മനുഷ്യന്റെ നിലനില്‍പിന് ഭക്ഷ്യസുരക്ഷ അവിഭാജ്യ ഘടകമാണ്. പണം നമുക്ക് ഭക്ഷിക്കാന്‍ കഴിയില്ല. ഭക്ഷിക്കണമെങ്കില്‍ അതിന് ഭക്ഷണം തന്നെ ഉല്പാദിപ്പിക്കണം. കൃഷിഭൂമി ഉല്പാദന ക്ഷമമാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണ്. ‘ഏറ്റവും നല്ല സമ്പാദ്യം ഒരാള്‍ തന്റെ കൈകൊണ്ട് അധ്വാനിച്ച് ഭക്ഷിക്കുന്നതാണ്’ എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.
ഇമാം നവവി(റ) പറയുന്നു: ‘സ്വയം ചെയ്യുന്ന പ്രവൃത്തികളാണ് ഏറ്റവും ഉത്തമമെന്നതാണ് ശരി. അത് കാര്‍ഷിക വൃത്തിയാണെങ്കില്‍ ഏറ്റവും നല്ലത്. കാരണം അതില്‍ സ്വയം പ്രവര്‍ത്തനവും അല്ലാഹുവിന്റെ വിധി അവലംബിക്കലുമുണ്ട്. മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും അതില്‍ പൊതുവായ ഉപകാരവുമുണ്ട്. കൃഷിവിളയില്‍ നിന്ന് വല്ലതും ഏതെങ്കിലും ജീവികള്‍ ഭക്ഷിച്ചേക്കാം. ഇതിലും കൃഷിക്ക് പ്രതിഫലമുണ്ട്. സ്വന്തമായി ചെയ്താലും തൊഴിലാളികളോ മറ്റോ ചെയ്താലും പ്രതിഫലം ലഭിക്കും. ആ നിലയിലും കൃഷി തന്നെയാണ് ഏറ്റവും ശ്രേഷ്ഠകരം’ (ശറഹുല്‍ മുഹദ്ദബ്).
തുടര്‍ന്ന് അദ്ദേഹം ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസ് ഉദ്ധരിക്കുന്നു: ‘നബി (സ) പറഞ്ഞു: ഒരു വിശ്വാസി കൃഷി ചെയ്താല്‍ അതില്‍ നിന്ന് അവന്‍ ഭക്ഷിക്കുന്നത് അവന് സ്വദഖയാണ്. മോഷണം പോവുന്നതും സ്വദഖയാണ്. വല്ല വിധേനയും കുറവ് വരുന്നതും സ്വദഖ തന്നെ’ (മുസ്ലിം). ഇമാം ശൗക്കാനി(റ) തഫ്‌സീറില്‍ പറയുന്നു: ‘മണ്ണില്‍ പണിയെടുക്കുന്നതും, ആളുകളെ സമീപിക്കാന്‍ ഇടവരുത്താതെ അതില്‍ നിന്ന് ലഭിക്കുന്നതുകൊണ്ട് തൃപ്തിയടയുന്നതും അതിമഹത്തായ സദ്കര്‍മമാണ്’. (ഫത്ഹുല്‍ ഖദീര്‍). ഭക്ഷ്യ സുരക്ഷ നടപ്പാക്കാന്‍ കൃഷിഭൂമികള്‍ സംരക്ഷിക്കപ്പെടുകയും ഉല്പാദനക്ഷമമാക്കുകയും ചെയ്യല്‍ അനിവാര്യമാണ്. ഒരാള്‍ വൃക്ഷത്തൈ നടുകയും സംരക്ഷിച്ചു വളര്‍ത്തുകയും അതിന്റെ പേരിലുള്ള വിഷമതകള്‍ സഹിക്കുകയും ചെയ്തു. അങ്ങനെ അത് ഫലമുള്ളതായാല്‍ അതിന്റെ പഴങ്ങളില്‍ നിന്ന് ജീവികള്‍ ഉപയോഗപ്പെടുത്തുന്നതെല്ലാം അല്ലാഹുവിന്റെ അടുക്കല്‍ സ്വദഖയാണ് (അഹ്‌മദ്).
ജാബിറില്‍ നിന്നുദ്ധരണം: റസൂല്‍ (സ) പറഞ്ഞു: ‘ഒരു മുസ്ലിം ഒരു തൈ നട്ടാല്‍ പിന്നീട് അതില്‍ നിന്ന് ഭക്ഷിക്കപ്പെടുന്നത് അവനു ദാനമാണ്. അതില്‍ നിന്നു മോഷ്ടിക്കപ്പെടുന്നത് അവനു ദാനമാണ്. വന്യമൃഗങ്ങള്‍ അതില്‍ നിന്നു തിന്നുന്നത് അവനു ദാനമാണ്. പക്ഷികള്‍ അതില്‍ നിന്നു തിന്നുന്നത് അവനു ദാനമാണ്. അതില്‍ നിന്നു ഒരാളും ഒന്നും എടുക്കുന്നില്ല, അതവനു ദാനമായിട്ടല്ലാതെ.’ (മുസ്ലിം)
ഇമാം നവവി(റ) പറഞ്ഞു: ‘ഈ ഹദീസ് കൃഷിയുടെയും വൃക്ഷം നട്ടുപിടിപ്പിക്കുന്നതിന്റെയും മഹത്വം വ്യക്തമാക്കുന്നുണ്ട്. താന്‍ നട്ടുപിടിപ്പിച്ച വൃക്ഷവും ചെടിയും നിലനില്‍ക്കുന്നിടത്തോളം കാലം അതിന് കാരണമായ വ്യക്തിക്ക് പ്രതിഫലം ഉണ്ടായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ഏറ്റവും നല്ല സമ്പാദ്യം ഏത് വഴിയിലൂടെ ലഭിക്കുന്നതാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. കച്ചവടം, കൈതൊഴിലുകള്‍, കൃഷി എന്നിങ്ങനെ പല അഭിപ്രായങ്ങളും പറയപ്പെട്ടതില്‍ കൃഷിയാണ് ഏറ്റവും മഹത്തരമായ സമ്പാദ്യമാര്‍ഗമെന്ന അഭിപ്രായമാണ് ശരി.’ (ശര്‍ഹുന്നവവി 10/213)
ഭൂവിനിയോഗം
കൃഷിഭൂമികള്‍ അന്യാധീനപ്പെട്ടു പോകാനും അത് ഉല്പാദനക്ഷമമല്ലാതായി മാറാനും ഇടവരുത്തുന്ന കാര്യങ്ങളില്‍ നിന്നു നാം വിട്ടുനില്‍ക്കണം. ഒരാള്‍ക്ക് ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷി ചെയ്യണം, അല്ലെങ്കില്‍ അവന്‍ കൃഷിക്കായി തന്റെ സുഹൃത്തിന് അത് നല്കണം. അല്ലെങ്കില്‍ അത് അവനില്‍ നിന്നു പിടിച്ചെടുക്കണം. ശൂന്യഭൂമിയെ കൃഷിയിറക്കി ജീവിപ്പിച്ചാല്‍ അത് അവനുള്ളതാണ്. ഖൈബര്‍ മുസ്ലിംകള്‍ക്ക് ലഭിച്ചപ്പോള്‍ അവിടെ കൃഷി ചെയ്യാന്‍ അനുവദിക്കാമെന്ന് ജൂതരുമായി നബി(സ) ധാരണയിലെത്തിയിരുന്നു.
കൃഷി ഭൂമികള്‍ ഉപയോഗശൂന്യമാക്കിക്കൂടാ. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നാം ബാധ്യസ്ഥരാണ്. അവ അല്ലാഹു അനുവദിച്ച മാര്‍ഗത്തിലും അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മാര്‍ഗത്തിലും ഉപയോഗപ്പെടുത്തുക എന്നത് അതിപ്രതിഫലാര്‍ഹാമായ കാര്യമാണ്. എന്നാല്‍ അത്തരം അനുഗ്രഹങ്ങളെ ഉപയോഗശൂന്യമാക്കി നശിപ്പിക്കുക എന്നത് സമൂഹത്തോടും, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോടും ചെയ്യുന്ന അനീതിയാണ്. പ്രവാചകന്റെ പല അനുചരന്മാരും കൃഷി ഇഷ്ടപ്പെട്ടവരായിരുന്നു. പ്രത്യേകിച്ചും മദീനക്കാര്‍. അവര്‍ ഇഷ്ടപ്പെട്ട ഈ സമ്പാദ്യത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരുമായിരുന്നു. ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം നേടുകയില്ല’ (3:92) എന്ന ഖുര്‍ആനിക വചനം അവതീര്‍ണമായപ്പോള്‍ അന്‍സ്വാരി സ്വഹാബിയായ അബൂത്വല്‍ഹാ(റ) മദീനാപള്ളിയുടെ പരിസരത്തെ തന്റെ പ്രിയപ്പെട്ട ‘ബൈറുഹാ’ തോട്ടം അല്ലാഹുവിനും റസൂലിനുമായി സമര്‍പ്പിച്ചു. നബി അദ്ദേഹത്തിനോട് പറഞ്ഞു. നീ നിന്റെ ബന്ധുക്കള്‍ക്ക് തന്നെ അത് നല്‍കിയേക്കുക. അങ്ങനെ അദ്ദേഹം അടുത്ത കുടുംബത്തിനും പിതൃവ്യ പുത്രര്‍ക്കുമായി അത് നല്കി.
ഖൈബറില്‍ ഗനീമത് ഓഹരിയായി തനിക്ക് ലഭിച്ച തോട്ടം ഉമര്‍(റ) വഖ്ഫ് ചെയ്തു. പല സ്വഹാബികളും തങ്ങളുടെ ഇണകള്‍ക്ക് വിവാഹമൂല്യം നല്‍കിയിരുന്നത് തോട്ടങ്ങള്‍ ആയിരുന്നു എന്നതില്‍ നിന്നു അവര്‍ കൃഷിയെ എത്രത്തോളം സ്‌നേഹിച്ചിരുന്നു എന്നത് വ്യക്തമാണ്. അനസ് ബിന്‍ മാലിക്(റ) വില്‍ നിന്നു നിവേദനം: നബി(സ) പറഞ്ഞു: ‘അന്ത്യദിനം വന്നെത്തുമ്പോള്‍ നിങ്ങളിലൊരാളുടെ കൈവശം ഒരു തൈ ഉണ്ടെങ്കില്‍, അത് സംഭവിക്കുന്നതിനു മുന്‍പായി അയാള്‍ക്കത് നടാന്‍ സാധിക്കുമെങ്കില്‍, അതയാള്‍ നടട്ടെ’ (ബുഖാരി, അദബുല്‍ മുഫ്‌റദ്)
സ്വാര്‍ഥ താല്പര്യങ്ങള്‍ മാത്രമല്ല സമൂഹ നന്മയും കാംക്ഷിച്ചുകൊണ്ടാകണം ഒരാളുടെ പ്രവര്‍ത്തനങ്ങള്‍. തനിക്കൊരിക്കലും പ്രയോജനപ്പെടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ പോലും തന്റെ കൈവശമുള്ള വിത്തൊരാള്‍ പാകണമെന്നാണ് മഹാനായ റസൂല്‍(സ) പഠിപ്പിച്ചത്.
പ്രവാചക ശിഷ്യന്മാരില്‍ പ്രസിദ്ധനായ അബുദ്ദര്‍ദാഅ്(റ) തന്റെ അവസാന കാലം ഡമസ്‌കസ്സില്‍ ഒരു വൃക്ഷം നടുകയായിരുന്നു. അപ്പോള്‍ അരികിലൂടെ ഒരാള്‍ കടന്നുപോയി. അയാള്‍ ചോദിച്ചു: നിങ്ങള്‍ ഇതെന്തിനാണ് നടുന്നത്! നിങ്ങള്‍ പടുവൃദ്ധനാണല്ലോ? കുറെ കൊല്ലങ്ങള്‍ക്ക് ശേഷമല്ലാതെ ഇതെന്തായാലും ഫലം തരില്ല. അപ്പോള്‍ അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: ഞാനല്ലാത്ത മറ്റുള്ളവര്‍ ഇതിന്റെ ഫലത്തില്‍ നിന്ന് ഭക്ഷിക്കുകയും എനിക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ എന്താണ് ഞാന്‍ ചെയ്യുന്നതിന് തടസ്സം?
അനസുബ്നു മാലിക് പറയുന്നു. റസൂല്‍ (സ) പറഞ്ഞു: ‘ഏതൊരു മുസ്ലിമും ഒരു തൈ നടുകയോ ഒരു കൃഷിയിറക്കുകയോ ചെയ്ത ശേഷം അതില്‍ നിന്ന് ഒരു പക്ഷിയോ മനുഷ്യനോ മൃഗമോ വല്ലതും തിന്നുകയാണെങ്കില്‍ അതവന് ഒരു ദാനമായിത്തീരാതിരിക്കുകയില്ല.’ (ബുഖാരി മുസ്ലിം)
ഉമറുബ്‌നുല്‍ ഖത്താബ്(റ)വിന്റെ കൃഷിയോടുള്ള സമീപനം, ഉമാറബ്ന്‍ ഖുസൈമ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ‘ഉമറുബ്‌നുല്‍ ഖത്താബ് (റ) എന്റെ പിതാവിനോട് പറയുന്നതായി ഞാന്‍ കേട്ടു: താങ്കള്‍ എന്തായാലും താങ്കളുടെ ഭൂമി കൃഷി ചെയ്യണമെന്നത് ഞാന്‍ തീരുമാനമെടുത്തിരിക്കുന്നു. അപ്പോള്‍ എന്റെ പിതാവ് പറഞ്ഞു: ഞാന്‍ വളരെ പ്രായാധിക്യം ചെന്ന, നാളെ മരിക്കാനിരിക്കുന്ന ഒരാളാണ്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: എങ്കിലും അങ്ങത് കൃഷി ചെയ്യണം എന്ന് തന്നെ ഞാന്‍ തറപ്പിച്ച് പറയുന്നു. അങ്ങനെ എന്റെ പിതാവിനോടൊപ്പം ഉമറുബ്‌നുല്‍ ഖത്താബ്(റ) അവ നടുന്നത് ഞാന്‍ കണ്ടു.(സില്‍സിലതുല്‍ അഹാദീസുസ്വഹീഹ)
മഴയായും ഒഴുകുന്ന രൂപത്തിലും അല്ലാഹു വെള്ളത്തെ ഭൂമിയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ജലം കൊണ്ടും മണ്ണിന്റെ ഫലഭൂയിഷ്ഠത കൊണ്ടും ഭൂമിയില്‍ ധാരാളം വൃക്ഷങ്ങളെയും ചെടികളെയും അല്ലാഹു വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്തുകൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്തു വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും, പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു). അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്.’ (6:99) ‘എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കട്ടെ. നാം ശക്തിയായി മഴവെള്ളം ചൊരിഞ്ഞു കൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും.’ (80:2428)
‘ജീവിതകാലത്ത് പ്രതിഫലം ലഭിക്കുന്നത് പോലെ മരണശേഷവും പ്രതിഫലം ലഭിക്കുന്ന ആറു കാര്യങ്ങളുണ്ട്: നിലനില്‍ക്കുന്ന ദാനം, ഉപകാരപ്രദമായ അറിവ്, പ്രാര്‍ഥിക്കുന്ന സന്താനങ്ങള്‍, വൃക്ഷം നടല്‍, കൃഷി, സുരക്ഷക്കായി കാവല്‍ നില്‍ക്കല്‍ എന്നിവയാണവ.’ ബറാഉബ്നു ആസിബി(റ)ന്റെ ഒട്ടകം ഒരു തോട്ടത്തില്‍ കടന്നു നാശമുണ്ടാക്കിയ പ്രശ്നം നബി(സ) യുടെ അടുത്തെത്തിയപ്പോള്‍ പകല്‍ തോട്ടത്തിന് സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് തോട്ടയുടമകളുടെയും, രാത്രി കാലികളെ സംരക്ഷിക്കേണ്ടത് കാലിയുടമകളുടെയും ഉത്തരവാദിത്തമാണെന്ന് പറഞ്ഞു.