29 Friday
November 2024
2024 November 29
1446 Joumada I 27

ആഘോഷസന്ദര്‍ഭങ്ങളിലെ ഭക്ഷണവും ഇസ്്ലാമും

പി കെ മൊയ്തീന്‍ സുല്ലമി


ആഘോഷ സന്ദര്‍ഭങ്ങളില്‍ അമുസ്‌ലിംകള്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പാടുണ്ടോ എന്ന സംശയം മുസ്്ലിംകള്‍ക്കിടയില്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്. ഇസ്്ലാം പ്രധാനമായും ഉദ്ദേശിക്കുന്നത് മനുഷ്യരുടെ മുഴുവന്‍ നന്മയാണ്. മുസ്ലിംകളുടെ മാത്രം നന്മയല്ല. അല്ലാഹു പറയുന്നു: ”താങ്കളെ (നബിയെ) നാം ലോകര്‍ക്കാകമാനം കാരുണ്യവുമായിട്ടല്ലാതെ അയച്ചിട്ടില്ല” (അന്‍ബിയാഅ് 107). നബി(സ) പറയുന്നു: ”ജനങ്ങളോട് കരുണ ചെയ്യാത്തവനോട് അല്ലാഹു കരുണ ചെയ്യുന്നതല്ല” (ബുഖാരി, മുസ്്ലിം). ”ഭൂമിയിലുള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചെയ്യുക. ആകാശത്തുള്ളവന്‍ (അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും” (തിര്‍മിദി, അബൂദാവൂദ്).
അമുസ്‌ലിംകളുടെ ആഘോഷങ്ങളിലെ ഭക്ഷണം കഴിക്കല്‍ നിരുപാധികം ഹറാമാണെന്ന് പറഞ്ഞുകൂടാ. അല്ലാഹു പറയുന്നു: ”സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ചു നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്‍തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്?” (നിസാഅ് 125). ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം പിന്തുടര്‍ന്നു ജീവിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ ഒന്നിലധികം കല്‍പനകളുണ്ട്. ഇബ്‌റാഹീം നബി(അ) വളര്‍ന്നത് വിഗ്രഹങ്ങള്‍ നിര്‍മിക്കുകയും പൂജയും ക്ഷേത്രകര്‍മങ്ങളും നടത്തുന്ന പിതാവിന്റെ സംരക്ഷണത്തിലും ചെലവിലുമാണ്. അമുസ്്ലിംകളുടെ ഭക്ഷണം ഹറാമായിരുന്നെങ്കില്‍ അല്ലാഹു ഒരിക്കലും ഇങ്ങനെ ഒരു സംവിധാനത്തില്‍ അദ്ദേഹത്തെ വളര്‍ത്തുമായിരുന്നില്ല. മൂസാ നബി(അ) യുവത്വം വരെ വളര്‍ന്നത് ലോകത്ത് ഏറ്റവും വലിയ ധിക്കാരിയും നിഷേധിയുമായിരുന്ന ഫറോവയുടെ ചെലവിലും സംരക്ഷണത്തിലുമാണ്. നബി(സ) വളര്‍ന്നത് മുശ്രിക്ക് നേതാക്കളായിരുന്ന അബ്ദുല്‍ മുത്തലിബിന്റേയും അബൂത്വാലിബിന്റെയും ചെലവിലും സംരക്ഷണത്തിലുമാണ്. അതിനാല്‍ അമുസ്്ലിംകളുടെ ഭക്ഷണം നിരുപാധികം ഹറാമാണെന്ന് പറയാവുന്നതല്ല.
ഓരോ വ്യക്തികള്‍ക്കും അവരുടെ ദീനനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ മാര്‍ഗവും നാം നിശ്ചയിച്ചു തന്നിരിക്കുന്നു” (മാഇദ 48). നബി(സ) യോട് രഞ്ജിപ്പുണ്ടാക്കാന്‍ വന്നവരോട് അല്ലാഹു പറയാന്‍ കല്‍പിച്ചത് ഇപ്രകാരമായിരുന്നു: ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതവും” (കാഫിറൂന്‍ 6). ശബരിമലക്കും മറ്റും പോകുന്നവര്‍ കറുത്ത വസ്ത്രം ധരിക്കുകയും അവരുടെ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ മുസ്്ലിം വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. ഇതൊന്നും നാം വര്‍ഗീയതയായി കാണാറുമില്ല. കാരണം അതൊക്കെ അവരവരുടെ മതപരമായ സ്വാതന്ത്ര്യത്തില്‍പെട്ടതാണ്. ബാങ്ക് കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തുന്ന യുക്തിവാദികള്‍ പോലുമുണ്ട്. അതൊക്കെ മറ്റുള്ളവരുടെ മതകര്‍മങ്ങളെ ആദരിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.
അല്ലാഹു പറയുന്നു: ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കുന്നതല്ല.” (അഹ്്സാബ് 36) അപ്പോള്‍ അല്ലാഹുവും റസൂലും ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞു കഴിഞ്ഞാല്‍ പിന്നീട് അതിന് വിരുദ്ധമായ ഒരു അഭിപ്രായത്തിനും യാതൊരു വിലയും കല്‍പിക്കേണ്ടതില്ല.
ഇസ്്ലാമില്‍ എല്ലായിടത്തും ഒരേ നിയമമല്ല. ചിലയിടങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ സ്വീകരിക്കാവുന്നതാണ്. ”നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല” (അല്‍ബഖറ 185). ”മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല” (ഹജ്ജ്് 78). വെള്ളം കിട്ടാത്തവര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്കും തയമ്മും ചെയ്തു നമസ്‌കരിക്കാം. നിന്നു നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ക്ക് ഇരുന്ന് നമസ്‌കരിക്കാം തുടങ്ങിയ ഇളവുകള്‍ അതില്‍പെട്ടതാണ്. അതുപോലെ തന്നെയാണ് ഇസ്്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവരും ദാറുല്‍ കുഫ്റില്‍ ജീവിക്കുന്നവരും. അനിസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നവരെപ്പോലെ മതപരമായ സ്വാതന്ത്ര്യം ലഭിച്ചു എന്നു വരില്ല. അതിനാല്‍ തന്നെ അവരുടെ ചില ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ദാറുല്‍ കുഫ്്റില്‍ ജീവിക്കുന്ന മുസ്ലിംകള്‍ നിര്‍ബന്ധിതരായേക്കും.
ഇബ്നു തൈമിയ്യ(റ) പറയുന്നു: ”ചില സന്ദര്‍ഭങ്ങളില്‍ ദീനിന്റെ നന്മക്കുവേണ്ടി അനിസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന മുസ്്‌ലിംകള്‍ക്ക് അമുസ്‌ലിംകളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ സുന്നത്തോ നിര്‍ബന്ധമോ ആയി വരുന്നതാണ്” (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം 1/153) അഥവാ ഈ പങ്കെടുക്കല്‍ നമ്മുടെ ദീനിന്റെ സംരക്ഷണത്തിന് വേണ്ടിയും കൂടിയാണ്. അല്ലാത്ത പക്ഷം ദീനിയായ ചര്യകള്‍ക്കു മുടക്കം തട്ടാന്‍ സാധ്യതയുണ്ട്. എല്ലാ സന്ദര്‍ഭത്തിലും ഇങ്ങനെ പങ്കെടുക്കണം എന്നല്ല അദ്ദേഹം പറഞ്ഞത്. മറിച്ച് ചിലപ്പോള്‍ (ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭം) എന്നാണ് ഇബ്നു തൈമിയ്യ രേഖപ്പെടുത്തിയത്. എന്നാല്‍ ഒരു നിലയിലും മറ്റുള്ള മതക്കാരുടെ ആരാധനകളില്‍ നാം പങ്കെടുക്കരുത്. ആഘോഷങ്ങളില്‍ പങ്കെടുക്കലും ആരാധനകളില്‍ പങ്കെടുക്കലും ഒന്നല്ല. ആഘോഷങ്ങള്‍ എന്നത് ആള്‍ക്കൂട്ട ബഹളമാണ്. ആരാധന നിശ്ചലകര്‍മവുമാണ്.
നിഷിദ്ധമാക്കിയ
ഭക്ഷണങ്ങള്‍

മുസ്്ലിംകള്‍ക്ക് നിഷിദ്ധമാക്കിയ ചില ഭക്ഷണമുണ്ട്. അല്ലാഹു പറയുന്നു: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് തുടങ്ങിയ ഇനം വസ്തുക്കള്‍ ഭക്ഷിക്കല്‍ മുസ്‌ലിംകള്‍ക്ക് ഹറാമാണെന്ന്” സൂറത്തുല്‍ മാഇദ 3-ാം വചനത്തില്‍ അല്ലാഹു അരുളിയിട്ടുണ്ട്. അതുപോലെ കോംപല്ലുള്ള (മാംസം കടിച്ചു കീറി ഭക്ഷിക്കുന്ന) ജീവികളെയും നഖം ഉപയോഗിച്ച് വേട്ടയാടിപ്പിടിക്കുന്ന പക്ഷികളെയും ഭക്ഷിക്കല്‍ ഹറാമാണെന്ന് സഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. മലം മാത്രം ഭക്ഷിച്ചു ജീവിക്കുന്ന (ജല്ലാലത്ത്) ജീവികളെയും ഭക്ഷിക്കല്‍ ഹറാമാണ്.
മനുഷ്യബന്ധങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഇസ്‌ലാമിനുണ്ട്. അയല്‍വാസി അത് മുസ്്ലിമാണെങ്കിലും അമുസ്‌ലിമാണെങ്കിലും അവരോട് നല്ല നിലയില്‍ പെരുമാറുകയും അവരെ ആദരിക്കുകയും വേണം. അല്ലാഹു നല്ല നിലയില്‍ വര്‍ത്തിക്കാന്‍ പറഞ്ഞവരില്‍ ഒരു വിഭാഗം അയല്‍വാസികളാണ്.
അല്ലാഹു പറയുന്നു: ”കുടുംബ ബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക.” (നിസാഅ് 36) നബി(സ) പറഞ്ഞു: ”നീ മുഅ്മിനായിത്തീരണമെങ്കില്‍ അയല്‍വാസിക്ക് നന്മ ചെയ്യുക” (തിര്‍മിദി). ഇബ്നു ഉമറില്‍(റ) നിന്നു ഉദ്ധരിക്കുന്നു: ‘അദ്ദേഹത്തിനുവേണ്ടി (വീട്ടില്‍) ആടിനെ അറുത്താല്‍ അദ്ദേഹം ചോദിക്കും: നമ്മുടെ അയല്‍വാസിയായ യഹൂദിക്ക് മാംസം കൊടുത്തോ?”(ഇബ്നു അബീശൈബ). ”അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ മുഅ്മിനല്ല” എന്ന് നബി(സ) പറഞ്ഞത് മുസ്ലിമായ അയല്‍വാസിയെ സംബന്ധിച്ചല്ല മറിച്ച് മൊത്തം അയല്‍വാസികളെ സംബന്ധിച്ചാണ്.
എന്തു തന്നെയായാലും അന്യമതക്കാരുടെ ആരാധനയുമായി ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ നമുക്ക് അനുവദനീയമല്ല. ഉദാഹരണമായി, ശബരിമലയില്‍ നിന്നു പൂജിച്ചു കൊണ്ടുവരുന്ന പായസവും അപ്പവും പോലുള്ളവ. അതേയവസരത്തില്‍ നമ്മുടെ അയല്‍പക്കത്തോ സ്‌കൂളിലോ യാതൊരു ആരാധനകളുമില്ലാതെ നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ സൗഹാര്‍ദം എന്ന നിലയില്‍ നമുക്ക് പങ്കെടുക്കാവുന്നതാണ്. അമുസ്്ലിംകളുടെ എല്ലാ ഭക്ഷണവും നാം ത്യജിക്കേണ്ടതില്ല.
”അമുസ്്ലിംകളുടെ ഭക്ഷണത്തെക്കുറിച്ച് ആയിശ(റ)യോട് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: അവരുടെ ഉത്സവ സ്ഥലങ്ങളില്‍ അറുക്കപ്പെട്ട മാംസം നിങ്ങള്‍ ഭക്ഷിക്കരുത്, നിങ്ങള്‍ക്ക് ദാനമായി നല്‍കപ്പെടുന്ന (ആരാധനകളില്‍ പെടാത്ത) പഴങ്ങള്‍ പോലുള്ളവ നിങ്ങള്‍ ഭക്ഷിക്കുക” (ഇബ്നു അബീ ശൈബ).
ഉത്സവങ്ങളില്‍ അറുക്കപ്പെടുന്നത് വിഗ്രഹങ്ങളുടെ പ്രീതി കാംക്ഷിച്ചുകൊണ്ടായിരിക്കും. ഇബ്നു തൈമിയ്യ(റ) പറയുന്നു: ”ഇതര മതസ്ഥര്‍ നല്‍കുന്ന ലഹരി പാനീയം, അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കുവേണ്ടി അറുക്കപ്പെട്ടത്, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി നേര്‍ച്ചയാക്കപ്പെട്ടത് എന്നിവ ഒഴിച്ച് മറ്റു ഭക്ഷ്യ പദാര്‍ഥങ്ങള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. മേല്‍ പറഞ്ഞത് മുഴുവന്‍ ഹറാമാകുന്നു.” (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം 1/54)
ഇതര മതക്കാരുടെ ഭക്ഷണം മാത്രമല്ല അവരുടെ മറ്റു സഹായങ്ങളും സ്വീകരിക്കാം. ഈ വിഷയത്തില്‍ വന്ന നബിചര്യകള്‍ ശ്രദ്ധിക്കുക: ”നബി(സ)യും സ്വഹാബികളും ബഹുദൈവ വിശ്വാസിനിയായ ഒരു സ്ത്രീയുടെ തോല്‍പാത്രത്തില്‍ നിന്നു വുദുവെടുത്തു.” (ബുഖാരി, മുസ്‌ലിം). ‘നബി(സ)യും അബൂബക്കറും(റ) മദീനാ ഹിജ്റയില്‍ വഴികാട്ടിയായി സ്വീകരിച്ചത് അബ്ദുല്ലാഹിബ്നു അരീഖത്ത് എന്ന അവിശ്വാസിയെയായിരുന്നു’ (ഇബ്നു കസീര്‍; അല്‍ബിദായത്തു വന്നിഹായ 3:223)
ക്രിസ്ത്യാനികളുടെ ഭക്ഷണവും നമുക്ക് അനുവദനീയമാണ്. അവര്‍ വേദഗ്രന്ഥത്തിന്റെ വക്താക്കളാണ്. അല്ലാഹു അരുളി: ”വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അുവദനീയമാണ്”(മാഇദ 5). അതിന് വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണം ‘അവര്‍ ബലിയറുത്തത്’ എന്നാണ്. ഈ ബലികര്‍മം ഈസാ(അ) യുടെയോ മര്‍യം(അ)യുടെയോ കുരിശിന്റെയോ പൊരുത്തം ആഗ്രഹിച്ചുകൊണ്ടുള്ളതാണെങ്കില്‍ അവ ഭക്ഷിക്കല്‍ ഹറാം തന്നെയാണ്.
ചുരുക്കത്തില്‍ അമുസ്്ലിംകളുടെ ആരാധനാപരമല്ലാത്ത സദ്യയില്‍ പങ്കെടുക്കല്‍ മുസ്ലിംകള്‍ക്ക് നിരോധിക്കപ്പെട്ടതല്ല. പ്രത്യേകിച്ചും മുസ്‌ലിംകളോട് വിരോധം വെച്ചുപുലര്‍ത്താത്തവരുടെ സദ്യയാണെങ്കില്‍. അല്ലാഹു പറയുന്നു: ”മതകാര്യങ്ങളില്‍ യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”(മുംതഹന 8)

Back to Top