മിന്നിത്തിളങ്ങുന്ന തോരണങ്ങള്‍ പ്രവാചകസ്‌നേഹമോ?
അബ്ദുല്‍അലിമദനി
വിശുദ്ധ ഖുര്‍ആനില്‍ എല്ലാ പ്രവാചകന്മാരുടെയും ജനന മരണ പശ്ചാത്തലങ്ങള്‍ വിവരിക്കുന്നില്ല. പ്രവാചകന്മാരിലും വേദഗ്രന്ഥത്തിലുമുള്ള വിശ്വാസം പൂര്‍ണമാകാന്‍ അവരുടെ ജനനവും മരണവും സംഭവിച്ച ദിവസങ്ങള്‍ അറിയണമെന്ന് മതാധ്യാപനങ്ങളിലൊന്നും പഠിപ്പിക്കുന്നുമില്ല. എന്നാല്‍ മൂസാ(അ), ഈസാ(അ) തുടങ്ങിയ ചില ദൂതന്മാരുടെ ജനനവുമായി ബന്ധപ്പെട്ടത് വിശദമാക്കുന്നുണ്ട്. വളരെയേറെ ആകര്‍ഷണീയമായും പാഠമുള്‍ക്കൊള്ളത്തക്ക വിധവുമാണതിന്റെ അവതരണം. നൂഹ്, ലൂത്ത്, ഇബ്‌റാഹീം, ഇസ്മായീല്‍, സകരിയ്യ, യഹ്യ തുടങ്ങി ഒട്ടേറെ പ്രവാചകന്മാരുടേയും ജനന ദിവസങ്ങള്‍ എവിടെയും ആരും ആഘോഷിക്കുന്നില്ല. ജൂതന്മാര്‍ ഈസാ നബിയുടെയോ ക്രിസ്ത്യാനികള്‍ മൂസാ നബിയുടെയോ ജന്മദിനങ്ങള്‍ ആഘോഷമാക്കാറില്ല. വളരെയേറെ അത്ഭുതകരമായൊരു ജന്മമായി ഖുര്‍ആന്‍ വിശദമാക്കുന്ന ജനനമാണ് ഈസാ നബിയുടേത്. എന്നിട്ടും അദ്ദേഹത്തെ ജൂതര്‍ ജാരസന്താനമായാണ് കണക്കാക്കുന്നത്.
ദാവൂദ്, സുലൈമാന്‍ എന്നീ പ്രവാചകന്മാര്‍ രാജവാഴ്ചയുണ്ടായിരുന്നവരായിട്ടും അവരാരും ജന്മദിനം കൊണ്ടാടിയിട്ടില്ല. ഖുര്‍ആനില്‍ ഹൂദ്, യൂനസ്, ഇബ്‌റാഹീം തുടങ്ങിയവരുടെ പേരുള്ള അധ്യായങ്ങള്‍ ഉണ്ടായിട്ടും ഈ ദിനാഘോഷം പറയുന്നില്ല. എന്തിനധികം നംറൂദോ, ഫിര്‍ഔന്‍ തന്നെയുമോ അവരുടെ ജന്മദിനങ്ങള്‍ ഉത്സവമാക്കിയിട്ടില്ല. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനും മുമ്പും ശേഷവും സംഭവിച്ചതാണെന്ന് ചിലര്‍ കെട്ടിച്ചമച്ചുണ്ടാക്കിയത് പ്രചരിപ്പിച്ചിട്ടും പ്രവാചകനോ ഖുലഫാഉര്‍റാശിദുകളോ സന്തത സഹചാരികളോ ജനന മരണങ്ങള്‍ ആഘോഷിച്ചിട്ടില്ല.
മൗലീദ് ആഘോഷക്കാര്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഇല്ലാത്ത നിരവധി കഥകള്‍ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുമ്പു തന്നെ മുഹമ്മദ് നബിയുടെ ഒളിവാണുണ്ടാക്കിയതെന്നും പ്രസ്തുത പ്രകാശത്തിന് മുഹമ്മദ് എന്ന് നാമകരണം ചെയ്തെന്നുമുള്ള കളവ് മൗലീദുവാദികള്‍ ആദ്യം പറഞ്ഞുവെക്കുന്നു. ശേഷം ആ ഒളിവിനെ ചുറ്റിപ്പിണച്ച് ഒട്ടനേകം വ്യാജകഥകളും പാടിപ്പറയുന്നു. ആദമും ഹവ്വയും രക്ഷപ്പെട്ടതും പ്രവാചകന്മാരായ നൂഹും ഇബ്‌റാഹീമും വലിയ വിപത്തുകളില്‍ നിന്നു രക്ഷപ്പെട്ടതുമെല്ലാം ഈ പ്രകാശത്താലാണെന്ന് പറഞ്ഞൊപ്പിക്കുന്നു. ഗര്‍ഭിണിയായ ആമിനയെന്നവര്‍ ഓരോ മാസങ്ങളും കഴിഞ്ഞു പോകുമ്പോള്‍ മാലാഖമാരുടെ സംരക്ഷണ വലയത്തില്‍ പുളകിതയാവുന്നു. ആദമിന്റെ സൃഷ്ടിപ്പ് ഖുര്‍ആന്‍ വ്യക്തമാക്കുന്നതിന്റെ നേരെ വിപരീതമായിട്ടാണ് മൗലീദുകാരന്‍ തള്ളുന്നത്.
കളിമണ്ണില്‍ മുഹമ്മദ് എന്ന ഒളിവിനെ കൂട്ടിക്കുഴച്ചു കൊണ്ടാണത്രെ ആദമിനെ ഉണ്ടാക്കിയത്. ആദമിന്റെ ജന്മവും വേണമെങ്കില്‍ ആഘോഷിക്കാന്‍ മാത്രമുണ്ടാവും. റജബ് മുതല്‍ റബീഉല്‍ അവ്വല്‍ വരെ മലക്കുകള്‍ ആമിന എന്നവരുടെ അടുക്കല്‍ വരവും പോക്കുമായി ആഹ്ലാദത്തിലും സന്തോഷത്തിലുമായിരുന്നു. അല്ലാഹു തന്റെ സിംഹാസനത്തില്‍ വികാരനിര്‍ഭരിതമായി കാത്തിരിക്കുന്നു. റബീഉല്‍ അവ്വലില്‍ പ്രസവമടുക്കാനായപ്പോള്‍ ഒരു വെള്ള പക്ഷി പാറിവന്ന് ആമിനയുടെ വയറിന്റെ മുകളില്‍ വന്നിരുന്നു ചിറകിട്ടടിച്ചു. പ്രസവ വേദനയുണ്ടാവുന്നു. അന്നു രാവിലെ പ്രസവിച്ചു.
അന്ന് കൈസര്‍ കിസ്റാ ചക്രവര്‍ത്തിമാരുടെ കൊട്ടാരം വിറകൊണ്ടുവെന്നാണ്. ഉമ്മ ആമിന കുട്ടിയുടെ ദേഹപരിശോധനയില്‍ കുട്ടി ചേലാകര്‍മം ചെയ്യപ്പെട്ടവനായും കണ്ണില്‍ സുറുമയെഴുതപ്പെട്ടവനായും കാണാനിടയായി. പട്ടുവസ്ത്രത്തിലാണ് കുട്ടിയെ ചുറ്റിവെച്ചിട്ടുള്ളത്. കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നിന്ന് കസ്തൂരി മണക്കുന്നു എന്നും തട്ടിവിടുന്നു. കുട്ടിയുടെ മുതുകില്‍ അവസാന ദൈവദൂതനാണെന്ന് അറിയിക്കുന്ന മുദ്രണം ഉണ്ടായിരുന്നുവത്രെ. അന്ന് പേര്‍ഷ്യക്കാരുടെ അഗ്‌നി കെട്ടണഞ്ഞുവെന്നും കിസ്റയുടെ കൊട്ടാരം തകര്‍ന്നുവീണു എന്നും ലോകമാസകലമുള്ള ബിംബങ്ങള്‍ തലകുത്തി വീണു എന്നുമെല്ലാം ഇവര്‍ പറയുന്നു.
എന്തുതന്നെയായാലും മുഹമ്മദ് നബിയുടെ ജന്മദിനം ഉത്തമനൂറ്റാണ്ടുകള്‍ക്കു ശേഷമാണ് കെട്ടിച്ചമച്ചുണ്ടാക്കിയതെന്ന് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വിശദമാക്കുന്നുണ്ട്. അനാചാരങ്ങളെ നല്ലതാക്കി ചിത്രീകരിക്കുന്നവര്‍ അതെല്ലാം നല്ല ബിദ്്അത്തെന്നാണ് ഘോഷിക്കാറുള്ളത്. മതത്തില്‍ അനാചരങ്ങള്‍ വഴികേടും നാശവുമായാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഒട്ടനേകം ബിദ്അത്തുകള്‍ പ്രമാണവിരുദ്ധമായവ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ വ്യാജ ദുആകള്‍, കള്ള നമസ്‌കാരങ്ങള്‍, കള്ളനോമ്പുകള്‍, വ്യാജ നേര്‍ച്ചകള്‍, വ്യാജ ദിക്റുകള്‍ എല്ലാം പെടും. ഈ തേട്ടത്തിന്റെ പേരിലുണ്ടാക്കിയ ദുആകള്‍, ഖുത്ബിയ്യത്തിന്റെ നമസ്‌കാരം, മിഅ്റാജ് ബറാത്ത് നോമ്പുകള്‍, ഹക്ക് ജാഹ് ബര്‍കത്ത് തേട്ട ദുആകള്‍, തല്‍ഖീന്‍, മആശിറ വിളി, നാഗൂര്‍, അജ്മീര്‍, ഒടമല, ബീമാപള്ളി, പുത്തന്‍പള്ളി, മുനമ്പം ചന്ദനക്കുടം എല്ലാമെല്ലാം അതില്‍ പെട്ടതാണ്.
പ്രവാചകന്മാരില്‍ വിശ്വാസമില്ലാത്തവന്‍ പ്രവാചകന്മാര്‍ കദ്ദാബുകളാണെന്നും സാഹിറുകളാണെന്നും മാനസിക രോഗികളാണെന്നും ജോത്സ്യന്മാരാണെന്നും കവികളാണെന്നുമെല്ലാം പറഞ്ഞിരുന്നെങ്കില്‍ പ്രവാചകന്മാരെ അംഗീകരിക്കുന്നവര്‍ ശരീഅത്ത് വിലക്കിയ പ്രശംസാരീതികളാണ് സ്വീകരിച്ചിരിക്കുന്നത്. മദ്ഹാണ് ഞങ്ങള്‍ ചൊല്ലുന്നത് എന്നാണവര്‍ പറയുക.
ജനനവും മരണവും ഉത്സമാക്കാനുള്ളതല്ല. മഹാന്മാരുടെ മാതൃകകള്‍ ഉള്‍ക്കൊണ്ട് ജീവിതം നന്നാക്കിയെടുക്കാനാണ്. മഹാന്മാരില്‍ പലരുടേയും ജനന മരണ ദിനങ്ങള്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കാതെയും കടന്നുപോകാറുണ്ട്. ക്രിസ്തുമസും മീലാദുന്നബിയും ജന്മദിനാഘോഷങ്ങളില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ പ്രസിദ്ധി നേടിയവയാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മുസ്‌ലിംകളില്‍ അന്ധമായ അനുകരണത്തിന്റെ ഭാഗമായി കയറിക്കൂടിയതാണ്. മുസ്‌ലിംകളെപ്പറ്റി നിങ്ങള്‍ പൂര്‍വിക സമുദായങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും അനുഗമിക്കുമെന്ന് പ്രവാചകന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അവര്‍ ഉടുമ്പിന്റെ മാളത്തില്‍ കയറിയാല്‍ നിങ്ങളും അതില്‍ കയറുമെന്നും നബി(സ) പ്രഖ്യാപിച്ചു. എത്രമാത്രം ശരിയാണിതെന്ന് സത്യവിശ്വാസികള്‍ അനുഭവിച്ചറിയുന്നു.
ജന്മദിനം എന്നാണെന്നറിഞ്ഞിരുന്നെങ്കില്‍ അതാഘോഷമാക്കാന്‍ എന്തുകൊണ്ടും യോജിച്ചതാണ് ആദമിന്റെയും ഈസാ, മൂസാ പ്രവാചകന്മാരുടേയും ജന്മങ്ങള്‍. എന്നാല്‍ മതപരമായി അതൊന്നും പുണ്യകരമെന്ന് പഠിപ്പിക്കുന്നേയില്ല. ഈസാനബി(അ)യുടെ ജന്മദിനം ക്രിസ്ത്യാനികള്‍ ആഘോഷമാക്കുന്നു. മൂസാ നബി(അ)യുടെ ജന്മം സംഭവിക്കുന്നത് ഫിര്‍ഔന്‍ രാജാവിന്റെ കിരാത വാഴ്ചക്കിടയിലാണ്. അഥവാ ഇസ്രാഈല്യരിലുള്ള ആണ്‍മക്കളെ വധിച്ചുകളയാനും സ്ത്രീകളെ വെറുതെ വിടാനും ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍. മൂസാ(അ)യുടെ മാതാവ് കുട്ടിയെ പെട്ടിയിലാക്കി ഒഴുക്കുകയും സഹോദരിയോട് വീക്ഷിച്ചുകൊണ്ട് കരയിലൂടെ അനുഗമിക്കാനും പറഞ്ഞുവിട്ടു. പിഞ്ചു പൈതലിനെയും വഹിച്ച് ഒഴുകി വരുന്ന പെട്ടിയെടുത്ത് ഫിര്‍ഔനിന്റെ കൊട്ടാരത്തിലെത്തിച്ചു. ഇതും ഇതോടനുബന്ധിച്ച സംഭവങ്ങളും ഖുര്‍ആന്‍ വിശദമാക്കിയതാണ്. എന്നാലവിടെയൊന്നും ജന്മദിനാഘോഷത്തെപ്പറ്റി വിശദീകരിച്ചിട്ടില്ല.
‘ഈ ദൃശ്യപ്രപഞ്ചമഖിലവും സൃഷ്ടിച്ചു രൂപപ്പെടുത്താന്‍ കാരണം മുഹമ്മദ് നബിയാണ്. മുഹമ്മദ് നബി ജനിച്ചില്ലെങ്കില്‍ ഈ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നില്ല. ഇത്തരമൊരു വിവരം നബിയെ അല്ലാഹു അറിയിച്ചത് ‘ലൗലാക്ക, ലൗലാക്ക, ലഖ ഖലക്തുല്‍ അഫ്്ലാക്ക്’ എന്നു പറഞ്ഞുകൊണ്ടാണ്. അഥവാ, നബിയോട് താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ പ്രപഞ്ചത്തെ തന്നെ സൃഷ്ടിക്കുമായിരുന്നില്ലെന്ന് അല്ലാഹു നബിയെ അറിയിച്ചിട്ടുണ്ട’ -മുഹമ്മദ് നബി(സ)യെക്കുറിച്ച് യാഥാസ്ഥിതികര്‍ പ്രചരിപ്പിക്കുന്നതാണിത്. ഇതൊന്നും പ്രവാചകന്‍ പറഞ്ഞതോ പഠിപ്പിച്ചതോ അവിടുത്തെ സന്തതസഹചാരികള്‍ ഉള്‍ക്കൊണ്ടതോ അല്ല.
പൗരോഹിത്യ
ആചാരങ്ങള്‍
മതത്തില്‍ ‘റഹ്ബാനിയ്യത്ത്്’ (പൗരോഹിത്യം) ഉണ്ടാക്കിയത് ക്രിസ്ത്യാനികളാണെന്ന് ഖുര്‍ആന്‍ (57:27) വ്യക്തമാക്കുന്നുണ്ട്. അവരില്‍ നിന്നാണ് മുസ്‌ലിംകളിലേക്ക് പൗരോഹിത്യം പകര്‍ന്നത്. പുരോഹിത കാഴ്ചപ്പാടുകളില്‍ രണ്ടു വിഭാഗവും വലിയ വ്യത്യാസമൊന്നുമില്ല. ഇതെല്ലാം അനിവാര്യമാണെന്ന് സാധാരണക്കാരെ അംഗീകരിപ്പിക്കാന്‍ വേണ്ടി കൃത്രിമ ഭക്തിയുടെ മായാലോകം സൃഷ്ടിക്കുകയാണ് പതിവ്. മാലകള്‍, തോരണങ്ങള്‍, ചീരണികള്‍, മൗലിദ് പാരായണങ്ങള്‍, കൈമടക്കു നല്‍കല്‍ എന്നിവ ഇതിലെ സ്ഥിരം പരിപാടികളാണ്. മൗലിദ് പാരായണ ശേഷം പുരോഹിതന്മാര്‍ കൂലി വാങ്ങാതെ സ്ഥലം വിട്ടൊഴിയില്ല. അല്ലാഹുവിലേക്കടുക്കാനുള്ള കുറുക്കുവഴിയാണിതെന്ന് പാമര ജനത്തെ പറഞ്ഞു ഫലിപ്പിച്ചിരിക്കയാണവര്‍.
ഈ ലോകത്തെ സൃഷ്ടിക്കാന്‍ പ്രപഞ്ചനാഥന്‍ തീരുമാനിച്ചത് മുഹമ്മദ് നബി നിമിത്തമാണെന്നു പറയുന്നതും ദൈവം മനുഷ്യ രൂപത്തില്‍ മര്‍യമിന്റെ ഗര്‍ഭാശയത്തിലൂടെ മനുഷ്യരുടെ പാപം പേറാന്‍ ഭൂമിയില്‍ അവതരിച്ചതാണ് യേശുവെന്നു പറയുന്നതും തമ്മില്‍ ചെറിയ വ്യത്യാസം തോന്നാമെങ്കിലും കെട്ടച്ചമച്ചുണ്ടാക്കിയതെന്ന നിലയില്‍ രണ്ടും ഒന്നു തന്നെയാണ്. യഥാര്‍ഥത്തില്‍ മുഹമ്മദ് നബിയെ മറ്റൊരു അവതാര പുരുഷനാക്കുകയാണിതിലൂടെ സംഭവിക്കുന്നത്. മുഹമ്മദ് നബി(സ)യോട് അല്ലാഹു താങ്കളെ നാം സര്‍വ ലോകത്തിനും കാരുണ്യമായാണ് നിയോഗിച്ചയക്കുന്നതെന്നാണ് അറിയിച്ചത്. അഥവാ ഈ ലോകം നബിക്കുവേണ്ടി ഉണ്ടാക്കിയതല്ലെന്നും ലോകര്‍ക്കു വഴികാട്ടിയായി, ദൂതനായി നബിയെ നിശ്ചയച്ചതാണെന്നുമുള്ള ഈ പരമസത്യത്തെ അട്ടിമറിക്കുകയാണ് മതപുരോഹിതന്മാര്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് നബിയെ വാനോളം പുകഴ്ത്തുകയും മറുഭാഗത്ത് തരം താഴ്ത്തി അനിസ്്ലാമികതകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
മൗലിദുകാരന്‍ തുടരുന്നു: മേല്‍പറഞ്ഞ പ്രകാശത്തെ ആദം നബി(അ)യെ സൃഷ്ടിക്കുന്നതിന് രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പായി രൂപപ്പെടുത്തിയിരുന്നെന്നും പിന്നീട് പ്രസ്തുത പ്രകാശത്തെ ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ അല്ലാഹു കൂട്ടിക്കലര്‍ത്തിയെന്നും അങ്ങനെ ആദമിന്റെ മുതുകിലൂടെ, നൂഹ് നബി(അ)യുടെ കപ്പലില്‍ അദ്ദേഹത്തിന്റെ മുതുകിലൂടെ, അഗ്‌നിയിലെറിയപ്പെട്ട ഇബ്‌റാഹീം നബി(അ)യുടെ മുതുകിലൂടെയൊക്കെയായി പരിശുദ്ധന്മാരുടെ മുതുകുകളിലൂടെ താണ്ടിക്കടന്ന് ഭൂമിയില്‍ അവതാരമായി പരിശുദ്ധയായ ആമിനയുടെ ഗര്‍ഭാശയത്തിലൂടെ മനുഷ്യക്കുട്ടിയായി പിറന്ന ദിവ്യപ്രകാശമാണ് മുഹമ്മദ് നബിയെന്നതാണവരുടെ ജല്പനം.
ഖുര്‍ആന്‍ ആയത്തുകളെ അനുകരിച്ച് തുടക്കം കുറിച്ച മന്‍കൂസ് മൗലിദുകാരന്‍ മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ട പ്രകാശം ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ കൂട്ടിക്കുഴച്ചുവെന്നും അത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെന്നും പറയുന്നു. പുണ്യവാന്മാരുടെ മുതുകിലൂടെയാണ് ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ സന്നിവേശിപ്പിച്ച പ്രകാരം ഭൂമിയിലെത്തുന്നത്. ആമിന ഗര്‍ഭം ധരിച്ച ശേഷം പ്രസവം വരെ കാണാനിടയായ സ്വപ്നങ്ങള്‍, മാലാഖമാരുടെ വരവും പോക്കും ആഹ്ലാദ പ്രകടനങ്ങളും അവതാരത്തിന് പൊലിമ ചാര്‍ത്തുന്നു.
ഖുര്‍ആനില്‍ മൂസാ(അ) യുടെയും ഈസാ(അ)യുടെയും ജനനങ്ങള്‍ സംഭവിച്ചപ്പോഴുള്ള പശ്ചാത്തലം വിവരിക്കുന്നതുപോലെയൊന്നും മുഹമ്മദ് നബി(സ)യുടെ ജന്മം പരാമര്‍ശിക്കുന്നേയില്ല. നബി(സ)യുടെ ഇരുപത് ഉപ്പാപ്പമാര്‍ ആരും പുണ്യവാന്മാരുടെ പട്ടികയില്‍ നേരത്തെ പരിഗണിക്കപ്പെട്ടവരുമല്ല. എന്നിട്ടും പരിശുദ്ധവാന്മാരിലൂടെയാണ് നബിയാകുന്ന പ്രകാശം ഇവിടെയിറങ്ങിയതെന്നും പറഞ്ഞു നടക്കുന്നവര്‍ സത്യവും അസത്യവും കൂടി കൂട്ടിക്കുഴക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് എന്ന നാമകരണം ചെയ്തത് പിതാമഹനായിരുന്നെന്ന് പറയുന്നവര്‍ തന്നെയാണ് അല്ലാഹുവാണ് മുഹമ്മദ് എന്ന് നാമകരണം ചെയ്തതെന്നും പറയുന്നത്.
ഈസാ നബിയെ അവതാരമായി ക്രിസ്തീയര്‍ അവതരിപ്പിക്കുന്നതു പോലെ തന്നെ മുഹമ്മദ് നബിയെയും അവതാരമായി ചിത്രീകരിക്കുകയാണ് ജന്മദിനാഘോഷത്തിന്റെ മറവില്‍ ഇത്തരക്കാര്‍ ചെയ്യുന്നത്. പ്രവാചകനായ ഈസാ(അ)യെ ക്രിസ്ത്യാനികള്‍ പുകഴ്ത്തിപ്പറയും പോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുതെന്ന് നബി(സ) ഗൗരവപൂര്‍വം ഉണര്‍ത്തിയത് ഇവിടെ നാം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഒരു മനുഷ്യക്കുട്ടിയായി ഭൂമിയില്‍ കൊണ്ടുവന്നു കുറ്റവാളിയെപ്പോലെ കുരിശില്‍ തറക്കുംവരെയുള്ള സര്‍വ നുണപ്രചാരണങ്ങളും ഈസാ(അ)യെ ചുറ്റിപ്പറ്റി ക്രിസ്ത്യാനികള്‍ അന്നും ഇന്നും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആഘോഷിച്ചു ആഹ്ലാദിച്ചു മതിമറന്നാടുകയാണ്. ഇത് ശരിയല്ലെന്ന് പറയുന്ന ഖുര്‍ആന്‍ കയ്യില്‍ പിടിച്ച് മുസ്‌ലിംകള്‍ മുഹമ്മദ് നബിയെ തന്നെ അവതാരമാക്കാന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുന്നു. മാനസിക രോഗികളിലൂടെ അമാനുഷിക സംഭവങ്ങളുടെ പട്ടിക നിരത്തുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ ഖുര്‍ആന്‍ ആയത്തോതുന്നു.
വിരോധാഭാസമെന്നല്ലാതെ എന്തുപറയാന്‍! ഭക്തി നടിച്ച്, മെഴുകുതിരി കത്തിച്ച്, മദ്യപിച്ച്, കേക്കുമുറിച്ച് തിന്ന് കോലം കെട്ടി റോഡിലൂടെ നടക്കുന്നതിന് സമാനമായി നമസ്‌കരിക്കാതെ, നോമ്പെടുക്കാതെ, സക്കാത്ത് നല്‍കാതെ ഇസ്‌ലാമികാചാരങ്ങളും ആരാധനകളും കാത്തു സൂക്ഷിക്കാതെ തോന്നിയ പോലെ നടക്കുന്നവര്‍ നബിദിനത്തില്‍ ഭക്തി നടിച്ച് തൊപ്പി ധരിച്ച് ജാഥയായി തെരുവുകളിലൂടെ കൊട്ടിപ്പാടി ഉണ്ണി മുഹമ്മദായി നടക്കലാണ് മുഹമ്മദ് നബിയുടെ രിസാലത്തിന്റേയും നുബുവ്വത്തിന്റേയും അന്തസ്സുയര്‍ത്തിപ്പിടിക്കാനുള്ള വഴിയെന്ന് മുസ്്ലിം നാമധാരികളും കരുതുന്നു. ഇരുവിഭാഗവും വഴിത്താരകളിലെ മണല്‍ത്തരികളെ കോരിത്തരിപ്പിച്ച് മന്ദം മന്ദം അടിവെച്ചടിവെച്ചാണ് കടന്നുവരാറുള്ളതും ആശീര്‍വാദങ്ങള്‍ ചോദിച്ചു വാങ്ങാറുള്ളതും.
ഇസ്്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നും നിര്‍ദേശിച്ചിട്ടില്ലാത്ത ഇത്തരം നൂതന അനാചാരങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനത്തിന്റെ പഴുതന്വേഷിക്കുന്ന പുരോഹിതന്മാരും ചിന്താശേഷി നഷ്ടപ്പെട്ട സാധാരണക്കാരുമാണ് ഇത് പ്രചരിപ്പിക്കുന്നത്. ദൈവദൂതനായ പ്രവാചകനെ ‘മനുഷ്യ മാലാഖ’യാക്കി അവര്‍ ചിത്രീകരിക്കുന്നു. നബിയോ സ്വഹാബത്തോ ഉത്തമരായ മഹാന്മാരോ കൊണ്ടാടിയിട്ടില്ലാത്ത ഈ ജന്മദിനാഘോഷം അനാചാരങ്ങളിലെ ഏറ്റവും ഗുരുതരമായതു തന്നെയാണ്.