3 Thursday
July 2025
2025 July 3
1447 Mouharrem 7

അഖ്‌സയിലെ കുടിയേറ്റത്തിന് സാമ്പത്തിക പിന്തുണ നല്‍കി ഇസ്രായേല്‍


ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ അല്‍അഖ്‌സ മസ്ജിദിലേക്കുള്ള ജൂതകുടിയേറ്റത്തിന് ധനസഹായം നല്‍കുമെന്ന് ഔദ്യോഗിക ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപോര്‍ട്ട് ചെയ്തു. അല്‍അഖ്‌സയിലേക്കുള്ള ഗൈഡഡ് ടൂറുകള്‍ക്ക് ഇസ്രായേല്‍ ആദ്യമായി മിനിസ്റ്ററി ഓഫ് ഹെറിറ്റേജ് വഴി ധനസഹായം നല്‍കുമെന്നും റിപോര്‍ട്ടില്‍ പറഞ്ഞു. ഹെറിറ്റേജ് മന്ത്രാലയത്തിന്റെ ബജറ്റില്‍ നിന്ന് രണ്ട് ദശലക്ഷം ഷെക്കല്‍ പദ്ധതിക്കായി നീക്കിവെക്കുമെന്ന് ഹെറിറ്റേജ് മിനിസ്റ്റര്‍ അമിചെ എലിയഹു പറഞ്ഞു. കുടിയേറ്റക്കാര്‍ക്കുള്ള ഗൈഡഡ് ടൂറുകള്‍ വരും ആഴ്ചകളില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അല്‍അഖ്‌സ മസ്ജിദിലെ കുടിയേറ്റക്കാരുടെ സന്ദര്‍ശനത്തിന് പോലീസ് അനുമതി ലഭിക്കുന്നതിന് പൈതൃക മന്ത്രാലയം, നാഷനല്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ ഇറ്റാമര്‍ ബെന്‍ ഗ്വീറിന്റെ ഓഫീസുമായി ബന്ധപ്പെട്ടതായും ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, അല്‍അഖ്‌സ പള്ളി നിലനില്‍ക്കുന്നിടത്ത് ജൂത സിനഗോഗ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലി നാഷനല്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ ഇറ്റാമര്‍ ബെന്‍ ഗ്വീര്‍.

Back to Top