21 Saturday
December 2024
2024 December 21
1446 Joumada II 19

ഫലസ്തീനികളുടെ പ്രശ്നം ഞങ്ങളുടേതു കൂടിയാണ്: അല്‍ജീരിയന്‍ പ്രസിഡന്റ്‌


ഫലസ്തീനികളുടെ പ്രശ്‌നം അവരുടേതു മാത്രമല്ല, ഞങ്ങളുടേതു കൂടിയാണെന്ന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയുടെ പ്രസിഡന്റ് മജീദ് തിബൂന്‍ പറഞ്ഞു. ഈജിപ്തുമായുള്ള ഫലസ്തീന്‍ അതിര്‍ത്തി വീണ്ടും തുറന്നാല്‍ 20 ദിവസത്തിനുള്ളില്‍ തങ്ങള്‍ ഗസ്സയില്‍ മൂന്ന് ആശുപത്രികള്‍ നിര്‍മിക്കുമെന്നും ഇതിനായി തങ്ങളുടെ സൈന്യം ഗസ്സയില്‍ പ്രവേശിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന ഫലസ്തീന്‍ മുനമ്പിലേക്ക് ഡോക്ടര്‍മാരെ അയക്കുമെന്നും അവ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. സപ്തംബര്‍ 7ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം ടേമിലേക്ക് മത്സരിക്കുന്ന തിബൂന്‍ കോണ്‍സ്റ്റന്റൈന്‍ നഗരത്തിലെ റാലിയില്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു. ഗസ്സാ മുനമ്പുമായുള്ള ഈജിപ്തിന്റെ അതിര്‍ത്തിയായ റഫ ക്രോസിങ് മെയ് മാസം മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഉപരോധിക്കപ്പെട്ടതും തകര്‍ന്നടിഞ്ഞതുമായ മുനമ്പിലേക്ക് അടിയന്തര സഹായമെത്തിക്കുന്നത് തടസ്സപ്പെട്ടു. അതിര്‍ത്തി അടച്ചത് 1000 ഫലസ്തീനികളുടെ മരണത്തിന് കാരണമായതായി ഗസ്സയിലെ പ്രാദേശിക അധികൃതര്‍ പറഞ്ഞു. നിലവില്‍ പരിക്കേറ്റ 25,000 ഫലസ്തീനികള്‍ അടിയന്തര ചികിത്സക്കായി ഗസ്സക്കു പുറത്തേക്ക് പോകേണ്ടതുണ്ടെന്ന് ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു. ഗസ്സയിലെ മിക്ക ആശുപത്രികളും ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. ഗസ്സയില്‍ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ഉടനടി നിര്‍മിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Back to Top