ധ്രുവീകരണത്തിന്റെ കാഫിര്‍ മോഡല്‍
വടകരയിലെ കാഫിര്‍ പ്രയോഗം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു രാഷ്ട്രീയവിഷയമാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചൂടേറിയ മത്സരം നടന്ന മണ്ഡലമാണ് വടകര. വടകരയിലെ പോരാട്ടം അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നേടിയിട്ടുണ്ട്. ‘ഇന്‍ഡ്യ’ മുന്നണിയിലെ രണ്ട് പാര്‍ട്ടികള്‍ തമ്മിലാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ആരു ജയിച്ചാലും അത് ബി ജെ പിക്കെതിരായ പിന്തുണയായി കേന്ദ്രത്തില്‍ മാറുമെന്ന് ഉറപ്പായിരുന്നു. വടകരയുടെ രാഷ്ട്രീയ ചരിത്രമനുസരിച്ച് യു ഡി എഫ് പല തവണ ജയിച്ചിട്ടുണ്ടെങ്കിലും എല്‍ ഡി എഫിന് വേരുള്ള മണ്ണായാണ് മണ്ഡലം നിരീക്ഷിക്കപ്പെടുന്നത്. ഉറച്ച വോട്ടുകളുണ്ടെന്ന് ഇടതുപക്ഷം കരുതുന്ന വടകര ലോകസഭ മണ്ഡലത്തില്‍ പാര്‍ട്ടിയിലെ പല പ്രമുഖരും തോല്‍വിയറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചേടത്തോളം അഭിമാന പ്രശ്‌നമായി മാറി. ഈ പരിതസ്ഥിതിയിലേക്കാണ് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ എന്ന ക്രൗഡ്പുള്ളര്‍ വന്നിറങ്ങുന്നത്. ഇടതുപക്ഷമാകാട്ടെ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ ഉയര്‍ത്തിക്കാണിച്ച കെ കെ ശൈലജ ടീച്ചറെയാണ് രംഗത്തിറക്കിയത്.
വാശിയേറിയ മത്സരം ആയതുകൊണ്ട് തന്നെ, ഒരുപാട് ആരോപണ പ്രത്യാരോപണങ്ങള്‍ സ്വാഭാവികമാണ്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ നിറഞ്ഞുനിന്നു. എന്നാല്‍ വോട്ടെടുപ്പിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ടാണ് വിവാദത്തിന്റെ ഗതി തിരിച്ചുവിട്ടത്. ഒരു നാടിനെ ഒന്നാകെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് തള്ളിവിടാന്‍ ശേഷിയുള്ള പ്രചാരണായുധമായാണ് സ്‌ക്രീന്‍ഷോട്ട് പുറത്തിറങ്ങിയത്. വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കാഫിര്‍ ആണെന്നും യു ഡി എഫ് സ്ഥാനാര്‍ഥി അഞ്ചുനേരം നിസ്‌കരിക്കുന്ന മുസ്‌ലിം ആണെന്നുമാണ് സ്‌ക്രീന്‍ഷോട്ടിലൂടെ നടന്ന പ്രചാരണം. വര്‍ഗീയ സംഘര്‍ഷങ്ങളുടെ ചരിത്രമുള്ള ഒരു പ്രദേശമെന്ന നിലയില്‍ ഈ പ്രചാരണം രണ്ട് സമുദായങ്ങളെ പരസ്പരം അകറ്റുന്നതിന് പര്യാപ്തമാണ്. യു ഡി എഫ് ക്യാമ്പുകള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണം എന്ന പേരിലാണ് സ്‌ക്രീന്‍ഷോട്ട് പുറത്ത് വന്നത്. എന്നാല്‍ തൊട്ടുടനെ തന്നെ യു ഡി എഫ് കേന്ദ്രങ്ങള്‍ അത് നിഷേധിച്ചു. പക്ഷെ, വോട്ടെടുപ്പിന് മുമ്പ് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള സമയം ഉണ്ടായിരുന്നില്ല. എന്നാല്‍, വോട്ടര്‍മാര്‍ മതനിരപേക്ഷമായി തന്നെ ചിന്തിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തുവെന്നതാണ് പിന്നീടുള്ള ചരിത്രം.
വടകരയിലെ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പിന് ശേഷവും വാര്‍ത്തകളില്‍ ഇടം പിടിച്ചു. കുറ്റാരോപിതനായ മുഹമ്മദ് ഖാസിം എന്ന വ്യക്തി ഈ മെസേജിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരമായി നിയമപോരാട്ടം നടത്തി. സാധാരണ ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കായി മാത്രം അവശേഷിച്ച് പോകുമായിരുന്ന ഒരു വ്യാജ പ്രചാരണത്തെ ഉപേക്ഷിക്കാന്‍ കുറ്റാരോപിതന്‍ തയ്യാറായിരുന്നില്ല. പോലീസ് അന്വേഷണം മുന്നോട്ട് പോയപ്പോള്‍ മെസേജിന്റെ ഉറവിടം സംബന്ധിച്ച് വോട്ടര്‍മാരുടെ മതേതര നിലപാട് തെറ്റിയിട്ടില്ല എന്നതാണ് വെളിപ്പെടുന്നത്. ഇടതുപക്ഷത്തിലെ തന്നെ സൈബര്‍ പോരാളികളാണ് ഈ കാഫിര്‍ പ്രയോഗത്തിന്റെ ഉപജ്ഞാതാക്കള്‍. സാധാരണ ഗതിയില്‍ ബി ജെ പിയാണ് ഭൂരിപക്ഷ മതത്തിന്റെ വോട്ടുകള്‍ ഏകീകരിക്കാന്‍ വേണ്ടി കുതന്ത്രങ്ങള്‍ മെനയുക. എന്നാല്‍, അതിനെ കടത്തിവെട്ടും വിധം ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇടതുപക്ഷം കണ്ടെത്തിയ വഴിയാണ് കാഫിര്‍ പ്രയോഗം. ഇടത് യുവജന സംഘടനയുടെ മേഖലാ ഭാരവാഹിയിലാണ് ഇപ്പോള്‍ അന്വേഷണം എത്തിനില്‍ക്കുന്നത്. ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യമായി സോഷ്യല്‍ മീഡിയയില്‍ എത്തിച്ച പ്രൊഫൈലുകളെല്ലാം ഇടതുപക്ഷത്തിന്റേതാണ്.
ദൂരവ്യാപകമായ ധ്രുവീകരണ തന്ത്രങ്ങളാണ് കാഫിര്‍ പ്രയോഗത്തിലൂടെ സംഭവിക്കുക. വടകരയിലെ യു ഡി എഫ് വോട്ടര്‍മാരെ മുഴുവന്‍ മതഭ്രാന്തന്മരായി ചിത്രീകരിക്കുക. കോണ്‍ഗ്രസിനുള്ളിലെ മുസ്‌ലിം പേരുള്ളവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വര്‍ഗീയ ചുവയുള്ളതാക്കി മാറ്റുക. ഇസ്‌ലാമോഫോബിയയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി, മുസ്‌ലിംകളുടെ മതേതര രാഷ്ട്രീയ പ്രവര്‍ത്തനത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുക. നിരന്തരം മതേതരത്വം തെളിയിക്കാനുള്ള ബാഹ്യസമ്മര്‍ദം അവരിലുണ്ടാക്കുക. അതിലെല്ലാം ഉപരി, വടകരയിലെ രണ്ട് സമുദായങ്ങളെ പരസ്പരം സംശയിക്കുന്നവരാക്കി മാറ്റുക എന്നതും ഈ സ്‌ക്രീന്‍ഷോട്ടിന്റെ നേര്‍ക്കുനേരെയുള്ള ലക്ഷ്യങ്ങളിലൊന്നാണ്. ധ്രുവീകരണത്തിന്റെ കാഫിര്‍ തന്ത്രങ്ങളെ പ്രാഥമികമായി ചെറുക്കാന്‍ വടകരക്ക് സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥി തന്നെ ഔദ്യോഗികമായി അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇത്തരം വ്യാജപ്രചാരണങ്ങളുമായി വരുന്ന സ്ഥിതി ഇനിയുണ്ടാവരുത്. അതിന് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.